24 Friday
May 2024
2024 May 24
1445 Dhoul-Qida 16

പ്രവാചക സ്‌നേഹത്തെ കളങ്കപ്പെടുത്തുന്ന ബിദ്അത്തുകള്‍

മുസ്തഫ നിലമ്പൂര്‍


പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഇസ്‌ലാം. മാനവകുലത്തിന്റെ ഹൃദയാന്തരങ്ങളില്‍ പ്രകാശദീപമേകിയ ദൈവിക സന്ദേശങ്ങള്‍ മനുഷ്യ മനസ്സിനെ വിജ്രംഭനങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുകയും ജീവിതം ലക്ഷ്യസമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ജഗന്നിയന്താവായ അല്ലാഹുവിനെ അറിഞ്ഞ് അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാല്‍ ആ മഹോന്നതന്റെ മഹത്വത്തെ വാഴ്ത്തുകയും അവന്റെ ഏകത്വവും സമ്പൂര്‍ണതയും അംഗീകരിച്ച് പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവനായി മാറുകയും അവനോടുള്ള പ്രതിബദ്ധതയാല്‍ ശുക്‌റോടുകൂടി അവനെ അതിരറ്റ് സ്‌നേഹിക്കുകയും ചെയ്യുന്നു.
അല്ലാഹുവിനെ തൃപ്തിപ്പെടുന്നതിലൂടെ അവന്‍ തൃപ്തിപ്പെട്ടവരോടും അവനെ തൃപ്തിപ്പെട്ടവരോടും അവന്റെ തൃപ്തിയിലേക്ക് എത്തിക്കുന്നവയോടും സ്‌നേഹമുള്ളവരായി മാറുന്നു. ജീവദാതാവും അന്നദാതാവുമായ അല്ലാഹുവിനെ ശരിയായ വിധം മനസ്സിലാക്കാന്‍ ആ സ്‌നേഹം നിമിത്തമാകുന്നു. അവനെ അറിഞ്ഞ് അവന്റെ ഏകത്വത്തെ പ്രഖ്യാപിക്കുന്നതും അവന്‍ നിര്‍ദേശിച്ചതുമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കലാണ് ഇസ്‌ലാമിന്റെ മൗലിക താല്‍പര്യം. അതിന് പാകപ്പെടുംവിധം മനസ്സിനെ സംസ്‌കരിക്കാന്‍ വിശ്വാസം പ്രാപ്തമാക്കുന്നു.
ഇസ്‌ലാമിന്റെ മൗലിക സ്തംഭങ്ങളില്‍ പ്രഥമമായത് ശഹാദത്ത് കലിമ ഉള്‍ക്കൊണ്ട് ദൃഢബോധ്യത്തോടെ പ്രഖ്യാപിക്കലാണ്. കേവലം വാചികമല്ല. ജീവിതവിശുദ്ധി കൊണ്ട് അതിന് സാക്ഷിയായി വര്‍ത്തിക്കലാണത്.
ശഹാദത്ത് കലിമക്ക് രണ്ടു വശങ്ങളുണ്ട്. രണ്ടും മറ്റേതിനോട് പൂരകമാകുമ്പോള്‍ മാത്രമേ അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടൂ. ഒന്നാമത്തേത് പ്രപഞ്ചനാഥനും സംരക്ഷകനുമായ അല്ലാഹുവിന്റെ ഏകത്വത്തിന്റെ പ്രഖ്യാപനം സ്വജീവിതം കൊണ്ട് സാക്ഷിയാക്കുകയാണെങ്കില്‍, അതിന്റെ രണ്ടാം ഭാഗം മുഹമ്മദ് നബി(സ) അല്ലാഹുവിനാല്‍ നിയുക്തനായ പ്രവാചകനാണെന്ന പ്രഖ്യാപനവും ജീവിതസാക്ഷ്യവുമാണ്. മുഹമ്മദ് നബി അന്ത്യപ്രവാചകനും സത്യസന്ധനും ദൗത്യത്തില്‍ വഞ്ചന കാണിക്കാത്ത, ദൗത്യപൂര്‍ത്തീകരണം നിര്‍വഹിച്ച പ്രവാചകനുമാണെന്ന് സാക്ഷ്യപ്പെടുത്തുകയും നമ്മുടെ ജീവിതമോക്ഷത്തിന് ആസ്പദമായ ദൈവിക സന്ദേശങ്ങള്‍ നമുക്ക് എത്തിച്ചുതന്നിരിക്കുന്നുവെന്ന് ദൃഢബോധ്യം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ശഹാദത്ത് കലിമ സമ്പൂര്‍ണമാകുന്നത്. സര്‍വതിനേക്കാളും അല്ലാഹുവിനെ സ്‌നേഹിക്കുന്ന വിശ്വാസി അവനെ സ്‌നേഹിച്ചവരെ സ്‌നേഹിക്കുന്നു. അവന്‍ സ്‌നേഹിക്കാന്‍ കല്‍പിച്ചവരെ സ്‌നേഹിക്കുന്നു. അവന്റെ സ്‌നേഹത്തിലേക്ക് എത്തിക്കുന്ന സര്‍വതിനെയും സ്‌നേഹിക്കുന്നു.
”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രേ” (3:31).
നീ അല്ലാഹുവിനെ സ്‌നേഹിക്കുകയും അവന്റെ സ്‌നേഹം നിങ്ങളില്‍ കൊതിക്കുകയും ചെയ്യുന്നുവെങ്കില്‍ പ്രവാചകനെ മാതൃകയായി പിന്‍പറ്റണം എന്നാണ് മേല്‍ വചനം വ്യക്തമാക്കുന്നത്. പ്രവാചകനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു (4:80) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കി. അതായത് പ്രവാചകനെ പിന്‍പറ്റലാണ് പ്രവാചകനോടുള്ള സ്‌നേഹം. ആ സ്‌നേഹം അല്ലാഹുവിനെ സ്‌നേഹിക്കലും അവനെ അനുസരിക്കലുമാണ്. നബി പറഞ്ഞു: ”ആര് എന്റെ ചര്യയെ ജീവിപ്പിച്ചോ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ സ്‌നേഹിച്ചവനാരോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലുമാണ്” (അബൂനഈം ഹില്‍യത് 8:42).
പ്രവാചകന്റെ കല്‍പനകള്‍ അനുസരിക്കുക മാത്രമല്ല, ആ നിര്‍ദേശങ്ങളില്‍ സന്ദേഹമോ അതൃപ്തിയോ പോലും നമ്മുടെ മനസ്സില്‍ പാടില്ല (4:65, 33:36, 24:51). വിശ്വാസിയുടെ താല്‍പര്യങ്ങളും ഇച്ഛകളും അല്ലാഹുവിന്റെ റസൂലിനെ പിന്‍പറ്റുകയെന്നതില്‍ ലയിച്ചുചേര്‍ന്നിരിക്കണം. നബി പറഞ്ഞു: ”ഞാന്‍ കൊണ്ടുവരുന്നതിനെ പിന്‍പറ്റല്‍ തന്റെ ഇച്ഛയായിത്തീരുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല” (ഇബ്‌നു റജബ്, ജാമിഉല്‍ ഉലൂം വല്‍ ഹികം 2:393).
ഏറെ പരിക്കു പറ്റിയ ഉഹ്ദ് യുദ്ധത്തിന്റെ പിറ്റേ ദിവസം തന്നെ ഹംറാഉല്‍ അസദിലേക്ക് യുദ്ധത്തിന് പുറപ്പെടാന്‍ നബിയുടെ കല്‍പന വന്നപ്പോള്‍ വൈമനസ്യം ഒട്ടും കൂടാതെ പുറപ്പെട്ട സഹാബിമാരെ അതിനായി പ്രേരിപ്പിച്ചത് അവരുടെ ഇച്ഛ പ്രവാചകനെ അനുസരിക്കല്‍ ആയിരുന്നതിനാലാണ്. പ്രവാചകന്‍ ഊരിയെറിഞ്ഞ സ്വര്‍ണമോതിരം തിരിച്ചെടുക്കാതിരിക്കാന്‍ പ്രേരിപ്പിച്ചതും ഇതേ താല്‍പര്യം തന്നെ.
സത്യവിശ്വാസികള്‍ക്ക് സ്വദേശങ്ങളെക്കാളും സര്‍വതിനെക്കാളും പ്രിയങ്കരനായത് നബിയാകുന്നു (33:6). അദ്ദേഹത്തെ ജീവിതമാതൃകയായി നാം പിന്‍പറ്റേണ്ടതാണ് (33:21). അദ്ദേഹം കൊണ്ടുവന്നത് സ്വീകരിക്കുകയും വിലക്കിയതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട് (59:7).
നബിയെ ആദരിക്കുകയും അദ്ദേഹത്തോട് സൗമ്യതയോടെ വര്‍ത്തിക്കുകയും ചെയ്യുക എന്നത് ഈമാനിന്റെ ഭാഗമാണ് (48: 8, 9). അദ്ദേഹത്തിനോടുള്ള ആദരവിനാല്‍, തലയിലെ പക്ഷി പാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതു പോലെയായിരുന്നു ആ സദസ്സില്‍ സഹാബിമാര്‍ ഇരുന്നത്. ശബ്ദം താഴ്ത്തി സൗമ്യമായി മാത്രം സംസാരിക്കുമായിരുന്നു അവര്‍ (49: 1, 2).
ബാഹ്യമായ സൗമ്യത മാത്രമല്ല, സംതൃപ്തിയോടെ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്തു അവര്‍. അതുകൊണ്ട് അവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും വര്‍ഷിച്ചു (3:132). നബി നല്‍കിയ ഇളവുകള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ചവരോട് അദ്ദേഹം പറഞ്ഞു: ”ആരെങ്കിലും എന്റെ ചര്യയോട് വിരക്തി കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല” (ബുഖാരി 5063, മുസ്‌ലിം 2487).
നബി നല്‍കിയ ഇളവുകള്‍ സ്വീകരിക്കുന്നതും അദ്ദേഹം ദീനില്‍ നിര്‍ദേശിക്കാത്തത് ചെയ്യാതിരിക്കലും അദ്ദേഹത്തോടുള്ള അനുസരണവും സ്‌നേഹവുമാണ്. അദ്ദേഹം പഠിപ്പിക്കാത്ത കാര്യങ്ങളിലൂടെ പുണ്യം കാംക്ഷിക്കുന്നവര്‍ കനത്ത നാശത്തിനു വിധേയരാകും (28:103, 88:14, 6:159) പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത കാര്യങ്ങള്‍ ദീനില്‍ ജല്‍പിക്കുന്നവര്‍, പ്രവാചകന്‍ ദൗത്യപൂര്‍ത്തീകരണത്തില്‍ വഞ്ചന കാണിച്ചു എന്നാണ് അതിലൂടെ ജല്‍പിക്കുന്നത്. ഇസ്‌ലാം സമ്പൂര്‍ണമാണ്(5:3).
അല്ലാഹുവിന്റെ നിര്‍ദേശത്തോടുകൂടി മാത്രമാണ് പ്രവാചകന്‍ പോലും മതം അനുഷ്ഠിക്കുകയും പ്രബോധനം നടത്തുകയും ചെയ്തത്. പ്രവാചകന്മാര്‍ പോലും സ്വന്തം ഇഷ്ടപ്രകാരം നന്മകള്‍ പഠിപ്പിച്ചിട്ടില്ല (53:3, 5:67, 21:73, 33:2, 69:44-47).
അല്ലാഹു നല്‍കിയ സന്ദേശത്തില്‍ നബി ഉപേക്ഷ വരുത്തിയിട്ടില്ല. നബിയെ ഗുണദോഷിച്ചതും കുടുംബവുമായി ബന്ധപ്പെട്ടവ പോലും അദ്ദേഹം നമുക്ക് പഠിപ്പിച്ചു. നബി പറഞ്ഞു: ”ജനങ്ങളേ, നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കാതിരുന്നിട്ടില്ല. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്നതും സ്വര്‍ഗത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു കാര്യവും ഞാന്‍ നിങ്ങളോട് വിരോധിക്കാതിരുന്നിട്ടുമില്ല…” (ഹാകിം 2136, ഇബ്‌നു അബീശൈബ 35473).
നബി കര്‍ശനമായി നിരോധിച്ച കാര്യമാണ് അദ്ദേഹം പഠിപ്പിക്കാത്തത് മതത്തിന്റെ പേരില്‍ നിര്‍മിക്കുക എന്നത്. ”നമ്മുടെ ഈ കാര്യത്തില്‍ അതിലില്ലാത്തത് ആരെങ്കിലും പുതുതായി നിര്‍മിച്ചാല്‍ അത് തള്ളിക്കളയേണ്ടതാണ്” (ബുഖാരി 2697, മുസ്‌ലിം 1718). പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ മൗലിദ് ആഘോഷിക്കുകയും പുത്തന്‍ നിര്‍മിതികള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ പ്രവാചകനെ ധിക്കരിക്കുന്നവരാണ്. കാരണം അങ്ങനെ നിര്‍മിതികള്‍ ഉണ്ടാക്കരുത് എന്ന് അദ്ദേഹം കര്‍ശനമായി വിലക്കിയിട്ടുണ്ട്.
63 വയസ്സിനിടയില്‍ 23 വര്‍ഷക്കാലം പ്രവാചകനായി ജീവിച്ചു. തന്റെ ജന്മദിനമോ പൂര്‍വികരായ ഏതെങ്കിലും പ്രവാചകന്റെ ജന്മദിനമോ അദ്ദേഹം ആഘോഷിച്ചിട്ടില്ല. ആഘോഷിക്കാന്‍ കല്‍പിച്ചിട്ടുമില്ല. ജന്മമല്ല കര്‍മമാണ് കാതല്‍ എന്ന് പഠിപ്പിച്ചു. ജന്മ ദിനത്തിന് ഒരു വിശേഷതയും പൂര്‍വികര്‍ കല്‍പിച്ചിട്ടില്ല.
പ്രവാചക പത്‌നിമാര്‍ ആരും നബിയുടെയോ മറ്റോ ജന്മദിനം ആഘോഷിച്ചിട്ടില്ല. സഹാബിമാരോ താബിഉകളോ ഉത്തമ നൂറ്റാണ്ടില്‍ ആരെങ്കിലുമോ മൗലിദാഘോഷം നിര്‍വഹിച്ചിട്ടില്ല. നബിക്കു ശേഷം 48 വര്‍ഷം ജീവിച്ച ആഇശ(റ), 49 വര്‍ഷം ജീവിച്ച ഉമ്മുസലമ(റ), സച്ചരിതരായ ഖലീഫമാര്‍ ആരും ജന്മദിനം ആഘോഷിച്ചിട്ടില്ല. നാല് ഇമാമുമാരില്‍ ആരും ആഘോഷിച്ചിട്ടില്ല. ഹദീസ് ഗ്രന്ഥങ്ങളിലോ ഇസ് ലാമിക പ്രമാണങ്ങളിലോ റബീഉല്‍ അവ്വലിന്റെ ശ്രേഷ്ഠത വിവരിക്കുന്നില്ല. ജന്മദിനം ആഘോഷിക്കല്‍ പുണ്യമായിരുന്നുവെങ്കില്‍ നമുക്കു മുമ്പേ ഉത്തമ നൂറ്റാണ്ടുകാര്‍ ആ കാര്യത്തില്‍ താല്‍പര്യമെടുക്കുമായിരുന്നു. അങ്ങനെ ഒരു സൂചന പോലും നമുക്ക് ലഭിച്ചിട്ടില്ല.
മൗലിദ് ആരംഭം
മൗലിദ് എന്നാണ് ആരംഭിച്ചതെന്നതു സംബന്ധിച്ച് ഭിന്നവീക്ഷണങ്ങളുണ്ട്. ഹിജ്‌റ നാലാം നൂറ്റാണ്ടിനു ശേഷമാണെന്നും ആറാം നൂറ്റാണ്ടിനു ശേഷമാണെന്നും അഭിപ്രായങ്ങളുണ്ട്. ഏതിലായാലും ഉത്തമ നൂറ്റാണ്ടിനു ശേഷമാണ്.
ഇമാം സുയൂത്വി മാലിക് മദ്ഹബുകാരനായ ഇമാം ഫാകിഹാനിയുടെ ഉദ്ധരണി രേഖപ്പെടുത്തുന്നു: ”വിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ ഈ മൗലിദ് ആഘോഷത്തിന് ഒരടിസ്ഥാനവും ഞാന്‍ അറിഞ്ഞിട്ടില്ല. പൂര്‍വികരുടെ ചര്യകള്‍ മുറുകെപ്പിടിച്ചിരുന്ന ഈ ഉമ്മത്തിലെ മാതൃകായോഗ്യരായ ഒരു പണ്ഡിതനില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുമില്ല എന്നാല്‍ അത് ബിദ്അത്താകുന്നു. അത് ഉണ്ടാക്കിയത് നിരര്‍ഥകവാദികളായ തോന്നിവാസികളാണ്. തീറ്റപ്രിയര്‍ അതിനെ ഏറ്റെടുത്തു” (അല്‍ഹാവീലില്‍ ഫതാവാ 1:190).
ഇമാം സുയൂത്വി തന്നെ ഇബ്‌നു ഹജറിന്റെ ഫത്‌വ രേഖപ്പെടുത്തുന്നു: ”മൗലിദ് ആഘോഷത്തിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ഉത്തമ നൂറ്റാണ്ടിലെ സച്ചരിതരായ മുന്‍ഗാമികളില്‍ ഒരാളില്‍ നിന്നുപോലും ഇത് ഉദ്ധരിച്ചു വന്നിട്ടില്ല” (അല്‍ഹാവീ ലില്‍ ഫതാവാ 1:196). രാജാക്കന്മാരില്‍ നിന്ന് ഇത് ആദ്യമായി ആഘോഷമാക്കിയത് ഇറാഖിനു വടക്ക് സ്ഥിതി ചെയ്യുന്ന ഇര്‍ബല്‍ ഭരണാധികാരിയായ മുളഫ്ഫര്‍ അബൂസഈദ് (ഹിജ്‌റ 550-630) ആയിരുന്നു. ഈ സമ്പ്രദായം പ്രചരിപ്പിച്ചത് ശീഇകളാണ്.
ഫാത്തിമിയ്യാ ഭരണകാലത്ത് പ്രചരിതമായ ഈ അനാചാരമാണ് സുന്നത്ത് ജമാഅത്തിന്റെ ലേബലില്‍ ഇവിടെ നടത്തുന്നത്. ഇത് നബിയുടെ ചര്യയില്‍ മായം കലര്‍ത്തലാണ്. അവര്‍ പ്രവാചകനോട് ധിക്കാരം പ്രവര്‍ത്തിക്കുന്നവരുമാണ്. ഇഹലോകത്തും പരലോകത്തും ശിക്ഷക്ക് കാരണമാകുന്നതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x