9 Saturday
November 2024
2024 November 9
1446 Joumada I 7

പ്രവാചക ശേഷിപ്പുകള്‍ കൊണ്ട് ബര്‍കത്തെടുക്കാമെന്നത് പ്രമാണ വിരുദ്ധം

പി കെ മൊയ്തീന്‍ സുല്ലമി


സമൂഹം തന്നെ കൈയൊഴിഞ്ഞ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുതിയ വേദികള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. യാഥാസ്ഥിതികതയുടെ ഭാണ്ഡങ്ങള്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്കും ചിലപ്പോഴൊക്കെ കടന്നുവരുന്നതായി കാണുന്നുണ്ട്. നബിയുടെ തിരുശേഷിപ്പുകള്‍ക്ക് ബര്‍കത്ത് പ്രദാനം ചെയ്യാനാവും എന്ന വാദം പുതിയ നിലയങ്ങളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണിപ്പോള്‍.
അതിന് അവരുടെപക്കല്‍ ഖുര്‍ആനോ സുന്നത്തോ മറ്റു വിശ്വാസയോഗ്യമായ പ്രമാണങ്ങളോ ഒന്നും തന്നെയില്ല. മറിച്ച്, അവരുടെ പക്കലുള്ളത് ചില പണ്ഡിതന്മാരുടെ ലേഖനങ്ങളിലെയും പ്രസംഗങ്ങളിലെയും ചില സ്ഖലിതങ്ങളും നാക്കുപിഴകളും മാത്രം. അതിനു പുറമെ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധങ്ങളായ ചില പണ്ഡിത പരാമര്‍ശങ്ങളും അവര്‍ പ്രമാണമാക്കാറുണ്ട്.
എന്താണ്
ബര്‍കത്തെടുക്കല്‍?

ബര്‍കത്ത് എന്ന പദത്തിന് ഭാഷാപരമായി അനുഗ്രഹം, വളര്‍ച്ച, സൗഭാഗ്യം എന്നൊക്കെയാണ് അര്‍ഥം. എന്നാല്‍ ഖുര്‍ആനിലും സുന്നത്തിലും സാങ്കേതികമായി ബര്‍കത്തെടുക്കുക എന്നു പറഞ്ഞാല്‍ ‘ഒരു വസ്തുവില്‍ നിന്നോ ശക്തിയില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഖൈറ് നേടിയെടുക്കുക’എന്നതാണ്. അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും പ്രദാനം ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. അഥവാ ബര്‍കത്തിന്റെ ഉടമസ്ഥന്‍ അല്ലാഹു മാത്രമാണ്. അത് ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ഏതാനും ചില ഉദാഹരണങ്ങള്‍ കാണുക: ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് നിശായാത്ര ചെയ്യിപ്പിച്ചവന്‍ എത്രയോ പരിശുദ്ധന്‍. അതിന്റെ പരിസരത്തിന് നാം ബര്‍കത്ത് നല്‍കിയിരിക്കുന്നു” (ഇസ്‌റാഅ് 1).
മറ്റൊരു വചനം: ”തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയിലുള്ളതത്രേ. അത് ബര്‍കത്ത് നല്‍കപ്പെട്ടതാകുന്നു” (ആലുഇംറാന്‍ 96). കഅ്ബാലയത്തിന് ബര്‍കത്ത് നല്‍കിയത് അല്ലാഹുവാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുന്നതല്ല. വേറൊരു വചനം: ”തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു ബര്‍കത്താക്കപ്പെട്ട രാവില്‍ അവതരിപ്പിച്ചിരിക്കുന്നു” (ദുഖാന്‍ 3). അഥവാ ഖുര്‍ആന്‍ ഇറങ്ങിയ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആ രാവിന് ബര്‍കത്ത് നല്‍കിയത് അല്ലാഹുവാണ് എന്നര്‍ഥം.
ഹദീസുകള്‍ പരിശോധിച്ചാലും ബര്‍കത്തിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണെന്നു കണ്ടെത്താന്‍ സാധിക്കും. ഒന്ന്: നാം അത്തഹിയ്യാത്തില്‍ നബി(സ)ക്കും കുടുംബത്തിനും ബര്‍കത്തിനു വേണ്ടി പ്രാര്‍ഥിക്കാറുള്ളത് അല്ലാഹുവോടാണ്. അത് ശ്രദ്ധിക്കുക: ”അല്ലാഹുവേ, ഇബ്‌റാഹീം നബി(അ)ക്കും കുടുംബത്തിനും നീ ബര്‍കത്ത് നല്‍കിയതുപോലെ നബി(സ)ക്കും കുടുംബത്തിനും ബര്‍കത്ത് നല്‍കേണമേ” (അഹ്മദ്, മുസ്‌ലിം).
രണ്ട്: വിവാഹബന്ധം നടന്നതിനു ശേഷം വധൂവരന്മാര്‍ക്ക് ബര്‍കത്തിനു വേണ്ടി നാം പ്രാര്‍ഥിക്കാറുണ്ട്. അത് അല്ലാഹുവോടാണ്. അത് പല രൂപത്തിലും വന്നിട്ടുണ്ട്. ഒരു രൂപം ഇപ്രകാരമാണ്: ”അല്ലാഹു നിങ്ങളില്‍ ബര്‍കത്ത് നല്‍കട്ടെ. അവന്‍ നിങ്ങളുടെ മേല്‍ ബര്‍കത്ത് നല്‍കുമാറാകട്ടെ” (നസാഈ). നബി(സ)ക്ക് മുഅ്ജിസത്ത് എന്ന നിലയില്‍ നല്‍കിയ കഴിവുകള്‍ നബി(സ)യുടെ ബര്‍കത്തായി ചിത്രീകരിക്കുകയെന്നതാണ് യാഥാസ്ഥിതികര്‍ ചെയ്തുവരാറുള്ളത്. അതുതന്നെയാണ് നവയാഥാസ്ഥിതികരും ചെയ്തുകൊണ്ടിരിക്കുന്നത്. മുഅ്ജിസത്ത് എന്നത് അല്ലാഹുവിന്റെ ബര്‍കത്തിലും കഴിവിലും പെട്ട കാര്യമാണ്. സഅ്ദുദ്ദീനുത്തഫ്ത്താസാനി(റ) മുഅ്ജിസത്തിനെ വിശദീകരിച്ചത് നോക്കുക: ”ശത്രുക്കള്‍ വെല്ലുവിളിക്കുന്ന സന്ദര്‍ഭത്തില്‍ പ്രവാചകത്വം വാദിക്കുന്ന വ്യക്തിയുടെ കൈകളിലുടെ അസാധാരണമായ നിലയില്‍ അല്ലാഹു വെളിപ്പെടുത്തുന്ന സംഗതികള്‍ക്കാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്” (ശറഹുല്‍ അഖാഇദ, പേജ് 134).
എല്ലാ പ്രവാചകന്മാരും പ്രസ്താവിച്ചതും അപ്രകാരം തന്നെ. ”അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും (മുഅ്ജിസത്തും) കൊണ്ടുവന്നു തരാന്‍ ഞങ്ങളാല്‍ സാധ്യമല്ല” (ഇബ്‌റാഹീം 11).
അപ്പോള്‍ മുഅ്ജിസത്തുകള്‍ മുഖേന വല്ല അനുഗ്രഹങ്ങളും സമൂഹത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം അല്ലാഹുവിങ്കല്‍ നിന്നു ലഭിക്കുന്ന ബര്‍കത്തുകളാകുന്നു. നബി(സ)ക്ക് അതില്‍ കാര്യമായ പങ്കൊന്നുമില്ല. ഇനി ബര്‍കത്ത് എടുക്കുകയെന്ന പേരില്‍ നടക്കുന്ന ചില കാട്ടിക്കൂട്ടലുകളെ നബി(സ) അംഗീകരിച്ചിരുന്നില്ല. ഒരു സംഭവം ശ്രദ്ധിക്കുക: ”ഒരിക്കല്‍ നബി(സ) വുളു ചെയ്തിരുന്ന ബാക്കി വെള്ളം (ബര്‍കത്തിനു വേണ്ടി) ചില സഹാബിമാര്‍ ശരീരത്തില്‍ തടവാന്‍ തുടങ്ങി. നബി(സ) അവരോട് ആരാഞ്ഞു: നിങ്ങളെ ഇപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ച കാര്യം എന്താണ്? അവര്‍ പറഞ്ഞു: അല്ലാഹുവോടും റസൂലിനോടുമുള്ള സ്‌നേഹം തന്നെ. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹുവെയും റസൂലിനെയും വല്ലവനും സ്‌നേഹിക്കുന്നപക്ഷം അല്ലെങ്കില്‍ അല്ലാഹുവും റസൂലും തന്നെ സ്‌നേഹിക്കണമെന്ന് വല്ലവനും ആഗ്രഹിക്കുന്നപക്ഷം (ഇതല്ല വേണ്ടത്), അവന്‍ സംസാരത്തില്‍ സത്യം പുലര്‍ത്തണം. അവനെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ ഉടമസ്ഥന് തിരിച്ചുനല്‍കണം. അയല്‍വാസിക്ക് നന്മ ചെയ്യണം” (ത്വബ്‌റാനി). ഈ ഹദീസ് അല്‍ബാനി തന്റെ സില്‍സിലയില്‍ 2999-ാം നമ്പറായി സ്വഹീഹായി അംഗീകരിച്ചിട്ടുമുണ്ട്.
ബര്‍കത്തെടുക്കലുകളില്‍ ചിലത് ബഹുദൈവാരാധനയില്‍ ഉള്‍പ്പെടുന്നതാണ്. ഹുനൈന്‍ യുദ്ധസന്ദര്‍ഭത്തില്‍ ചില ചെറുപ്പക്കാര്‍ നബി(സ)യോട് പറയുകയുണ്ടായി: ”അല്ലാഹുവിന്റെ ദൂതരേ, അവര്‍ക്ക് (മുശ്‌രികുകള്‍ക്ക്) ആയുധം കൊളുത്തി എടുക്കുവാന്‍ മരമുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു മരം നിശ്ചയിച്ചുതരണം. നബി(സ) പറഞ്ഞു: അല്ലാഹുവാണ് ഏറ്റവും മഹാന്‍. നിങ്ങള്‍ എന്നോട് ചോദിച്ച ഈ കാര്യം ‘അവര്‍ക്ക് കുറെ ദൈവങ്ങളുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നിശ്ചയിച്ചുതരണം’ എന്ന് (ബനൂഇസ്‌റാഈല്യര്‍) മൂസാ നബി(അ)യോട് പറഞ്ഞതുപോലെ തന്നെയാണ്. തീര്‍ച്ചയായും നിങ്ങള്‍ മുന്‍ഗാമികളെ പിന്‍തുടരുക തന്നെ ചെയ്യും” (തിര്‍മിദി).
അഥവാ മുശ്‌രിക്കുകളുടെ വിശ്വാസം ഒരു പ്രത്യേക തരം ഇലന്തവൃക്ഷത്തിന്മേല്‍ ആയുധം കൊളുത്തി എടുത്താല്‍ ആ മരത്തിന്റെ ബര്‍കത്തു കൊണ്ട് യുദ്ധത്തില്‍ വിജയം ലഭിക്കും എന്നായിരുന്നു. അത്തരം വിശ്വാസം ശിര്‍ക്കാണെന്ന് നബി(സ) സഹാബികളെ പഠിപ്പിക്കുകയാണ്. ‘നബി(സ) നമസ്‌കരിച്ച പള്ളിയില്‍ സുബ്ഹ് നമസ്‌കരിക്കുന്ന പക്ഷം ബര്‍കത്ത് ലഭിക്കും’ എന്ന ചിലരുടെ വാദത്തെ എതിര്‍ത്തുകൊണ്ട് ഉമര്‍(റ) പറയുകയുണ്ടായി: ”മുന്‍ഗാമികള്‍ നശിച്ചുപോയത് ഇതുപോലുള്ള പ്രവാചകന്മാരുടെ തിരുശേഷിപ്പുകള്‍ പിന്തുടര്‍ന്ന് തേടിപ്പിടിച്ച് നടന്നതുകൊണ്ടായിരുന്നു” (അബ്ദുര്‍റസാഖ്, ഫത്ഹുല്‍ബാരി 1:569).
‘നബി(സ) സഹാബിമാരോട് ബൈഅത്ത് (ഉടമ്പടി) ചെയ്ത മരത്തിന്റെ ചുവട്ടില്‍ ആ മരത്തിന് ബര്‍കത്തുണ്ട് എന്ന വിശ്വാസത്തില്‍ ചിലര്‍ നമസ്‌കരിക്കാനും പ്രാര്‍ഥിക്കാനും തുടങ്ങി. ഫിത്‌ന ഭയപ്പെട്ടതുകൊണ്ട് ഉമര്‍(റ) ആ മരം തന്നെ മുറിച്ചുകളയാന്‍ കല്‍പിച്ചു” (ശാത്വിബി, അല്‍ഇഅ്തിസ്വാം 1:449).
ഈ സംഭവം വിശദീകരിച്ചുകൊണ്ട് ഇമാം ശാത്വിബി ഇപ്രകാരം രേഖപ്പെടുത്തി: ‘ഇത്തരം ബര്‍കത്തെടുക്കലുകളാണ് വിഗ്രഹാരാധനയുടെ അടിസ്ഥാനം’ (ഇഅ്തിസ്വാം 1:483). ഇനി മുഅ്ജിസത്തും ഇസ്മത്തും നുബുവ്വത്തും രിസാലത്തുമുള്ള നബി(സ)ക്ക് സ്വന്തം ശരീരത്തിനു പോലും ബര്‍കത്ത് നല്‍കാന്‍ കഴിഞ്ഞില്ല, കഴിയുന്നതുമല്ല എന്നത് ഒരു വസ്തുതയാണ്.
അല്ലാഹു അരുളി: ”നബിയേ, പറയുക. എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല” (അഅ്‌റാഫ് 188). ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ കഴുത്തില്‍ ചാര്‍ത്തപ്പെട്ട നബി(സ) നിസ്സഹായനായി (ബുഖാരി). ഉഹ്ദ് രണാങ്കണത്തില്‍ വെച്ച് മുന്‍പല്ല് നഷ്ടമായി പടത്തൊപ്പിയുടെ ആണി മുഖത്ത് തറച്ചു. നിസ്സഹായനായി ശത്രുക്കള്‍ കുഴിച്ച ചതിക്കുഴിയില്‍ വീണു (അല്‍ബിദായത്തു വന്നിഹായ 3:157). ത്വാഇഫില്‍ നിന്ന് ഏറു കൊണ്ട് രക്തം ധാരധാരയായി ഒഴുകി (അല്‍ബിദാത്തു വന്നിഹായ 4:29). അല്ലാഹു എല്ലാവിധ സ്ഥാനവും കഴിവും കൊടുത്ത പ്രവാചകന് സ്വന്തം ശരീരത്തിന് ബര്‍കത്ത് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നിര്‍ജീവ വസ്തുക്കളും മുടിയും നഖവും വിയര്‍പ്പും അന്യര്‍ക്ക് ബര്‍കത്ത് നല്‍കുക?
നിര്‍ജീവ വസ്തുക്കളായ നബി(സ)യുടെ മുടി, വിയര്‍പ്പ് എന്നിവക്ക് ബര്‍കത്ത് നല്‍കാന്‍ കഴിയുമെന്ന വിശ്വാസം വിഗ്രഹാരാധനയ്ക്ക് തുല്യമായിട്ടേ പരിഗണിക്കാന്‍ സാധിക്കൂ. കാരണം വിഗ്രഹാരാധന ശിര്‍ക്കായിത്തീരാനുള്ള ഒരു കാരണം നിര്‍ജീവ വസ്തു ഉപകാരം ചെയ്യും, ഉപദ്രവം നീക്കും എന്ന അന്ധവിശ്വാസം അതിലുണ്ട് എന്നതുകൊണ്ടാണ്. അതേ അന്ധവിശ്വാസം തന്നെയല്ലേ മുടിയും വിയര്‍പ്പും ബര്‍കത്തിന്റെ സ്രോതസ്സാണെന്ന് വിശ്വസിക്കുന്നതിലുമുള്ളത്?
നബി(സ)യുടെ നിര്‍ജീവമായ മുടിയെക്കാളും വിയര്‍പ്പിനെക്കാളും പവിത്രതയുള്ള വസ്തുവല്ലേ ഹജറുല്‍ അസ്‌വദ്? അതിനെ ചുംബിച്ചുകൊണ്ട് ഉമര്‍(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: ”നീ ഒരു കല്ല് മാത്രമാണ്. നിനക്ക് ഉപദ്രവമോ ഉപകാരമോ വരുത്താന്‍ സാധ്യമല്ല എന്ന് എനിക്കറിയാം. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല” (മുസ്‌ലിം). മുടി, വിയര്‍പ്പ് പോലുള്ള നിര്‍ജീവ വസ്തുക്കള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധ്യമല്ലെന്നതിന് മേല്‍ ഹദീസ് തെളിവാണ്. പിന്നെ എന്തിനാണ് നബി(സ) മുടി വിതരണം ചെയ്യാന്‍ കല്‍പിച്ചതും വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും? അതും ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുണ്ട്. അത് ശ്രദ്ധിക്കുക: ‘നബി(സ) മുടി വിതരണം ചെയ്യാന്‍ കല്‍പിച്ചതില്‍ മനുഷ്യരുടെ മുടി ശുദ്ധമാണ് എന്നതിന് തെളിവുണ്ട്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അതേ അഭിപ്രായക്കാരാണ്. നമ്മുടെ പക്കല്‍ സ്വീകാരയോഗ്യമായ അഭിപ്രായവും അപ്രകാരം തന്നെ” (ഫത്ഹുല്‍ബാരി 1:511).
നബി(സ)യുടെ മുടിക്ക് മാത്രം പ്രത്യേകതയില്ല എന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. അത് ശ്രദ്ധിക്കുക: ‘നബി(സ)യുടെ മുടിക്ക് പ്രത്യേകതയുണ്ട് എന്ന വാദത്തെ ഇബ്‌നുല്‍ മുന്‍ദിര്‍, ഇമാം ഖത്താബി(റ) എന്നിവര്‍ എതിര്‍ത്തിരിക്കുന്നു. അവരല്ലാത്ത മറ്റു ചിലരും അതിനെ എതിര്‍ത്തിട്ടുണ്ട്. കാരണം, അങ്ങനെ പ്രമാണം കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല’ (ഫത്ഹുല്‍ബാരി 1:508).
ഇനി മറ്റൊരു ഹദീസ്: ഉമ്മുസുലൈം(റ) നബി(സ)യുടെ വിയര്‍പ്പ് എടുത്തിരുന്നു. അത് ബര്‍കത്തിന് (വര്‍ധനവ്) വേണ്ടിയായിരുന്നുവെന്നാണ്. ഇവിടെ ബര്‍കത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സെന്റിന്റെ (സുഗന്ധത്തിന്റെ) വര്‍ധനവ് എന്നാണ്. നബി(സ) ശരീരത്തില്‍ സുഗന്ധം പൂശാറുണ്ടായിരുന്നു. അതിനാല്‍ അവിടത്തെ വിയര്‍പ്പിനു പോലും സുഗന്ധമുണ്ടായിരുന്നു. ഉമ്മുസുലൈമി(റ)ന്റെ പ്രസ്താവന ഇപ്രകാരമാണ്: ‘നബി(സ)യുടെ വിയര്‍പ്പ് ഞങ്ങള്‍ ഞങ്ങളുടെ സുഗന്ധത്തില്‍ ചേര്‍ക്കും. അത് ഏറ്റവും നല്ല സുഗന്ധമായിരുന്നു’ (ഫത്ഹുല്‍ബാരി 14:110). ഇനി വിയര്‍പ്പെടുക്കാന്‍ നബി(സ) അനുവദിച്ചതിന്റെ കാരണം ഇബ്‌നു ഹജര്‍ (റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘മനുഷ്യരുടെ വിയര്‍പ്പും മുടിയും ശുദ്ധമാണ് എന്നതിന് ഹദീസില്‍ തെളിവുണ്ട്’ (ഫത്ഹുല്‍ബാരി 14:111).
നബി(സ)യുടെ ശേഷിപ്പുകള്‍ക്ക് പ്രത്യേക ബര്‍കത്തില്ല. നബി(സ)യുടെ ഏറ്റവും വലിയ ശത്രുവും കപടവിശ്വാസികളുടെ നേതാവുമായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ ജനാസ പൊതിഞ്ഞത് നബി(സ)യുടെ ഷര്‍ട്ടിലാണ്. ഇത് ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് പരലോകത്ത് കപടന്മാരുടെ നേതാവിന് വല്ല ബര്‍കത്തും ലഭിക്കുമോ? നബി(സ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എന്റെ ഷര്‍ട്ട് അദ്ദേഹത്തിന് യാതൊരുവിധ പ്രയോജനവും ചെയ്യുന്നതല്ല. ഞാന്‍ ഷര്‍ട്ട് നല്‍കിയത് ആയിരക്കണക്കിനു കപടവിശ്വാസികള്‍ യഥാര്‍ഥ വിശ്വാസികള്‍ ആയിത്തീരാന്‍ ആഗ്രഹിച്ചതുകൊണ്ടാണ്” (ഫത്ഹുല്‍ബാരി 10:282).
നബി(സ)യുടെ ശേഷിപ്പുകള്‍ കൊണ്ട് ബര്‍കത്ത് എടുക്കല്‍ ഹറാമാണെന്ന് താഴെ വരുന്ന പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ശാത്വിബി (അല്‍ഇഅ്തിസാം 1:482), സ്വാലിഹുബ്‌നു ഫൗസാന്‍ (അഖീദത്തുത്തൗഹീദി, പേജ് 194, 195), അശ്ശൈഖ് റബീഉബുനുല്‍ ഹാദി (ബറാഅത്തുസ്സ്വഹാബത്തി വല്‍ അഖ്‌യാരി മിനത്തബര്‍റുകി ബില്‍ അമാകിനി വല്‍ ആസാരി, പേജ് 36). നബി(സ) അവശേഷിപ്പിച്ചത് ഖുര്‍ആനും സുന്നത്തുമാണ് (മാലിക്, മുവത്വ).

Back to Top