11 Saturday
May 2024
2024 May 11
1445 Dhoul-Qida 3

പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ മഹത്തായ ആദര്‍ശ പാഠങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌


പ്രവാചകന്മാര്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്. പാപസുരക്ഷിതരും സ്വര്‍ഗം ഉറപ്പിക്കാവുന്ന ജീവിത പശ്ചാത്തലമുള്ളവരുമാണ്. എന്നിട്ടും സങ്കടവേളകളിലും സന്തോഷസന്ദര്‍ഭങ്ങളിലും പ്രവാചകന്മാര്‍ ധാരാളമായി പ്രാര്‍ഥിച്ചു. അവരുടെ പ്രാര്‍ഥനകളില്‍ ഐഹിക കാര്യങ്ങളും പാരത്രിക കാര്യങ്ങളും വിഷയീഭവിച്ചു. പ്രാര്‍ഥനകളെല്ലാം ഏകനായ അല്ലാഹുവിനോട് മാത്രം. ഒരു ഘട്ടത്തിലും പ്രവാചകന്മാരാരും തനിക്കു മുമ്പേ കടന്നുപോയ പ്രവാചക മഹാത്മാക്കളോട് സഹായം തേടിയില്ല. പ്രവാചകന്മാരുടെ പ്രാര്‍ഥനകളോരോന്നും സത്യവിശ്വാസികളുടെ ജീവിതത്തില്‍ വഴിവിളക്കാകേണ്ട ആദര്‍ശ പാഠങ്ങളാണ്.
ആദമിനെയും ഇണയായി ഹവ്വയെയും സൃഷ്ടിച്ച് അല്ലാഹു സ്വര്‍ഗത്തില്‍ പാര്‍പ്പിച്ചു. സ്വര്‍ഗത്തില്‍ ഒരു നിശ്ചിത വൃക്ഷത്തിലെ കനി തിന്നരുതെന്ന ഒരേയൊരു വിലക്കേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പിശാച് ആദം-ഹവ്വ ദമ്പതികളുടെ മനസ്സില്‍ ദുര്‍ബോധനം നടത്തി. അതിന്റെ ഫലമായി അവര്‍ വിലക്കപ്പെട്ട മരത്തിലെ പഴം തിന്നു. വിലക്കു ലംഘിച്ച ആദമും ഹവ്വയും സ്വര്‍ഗത്തില്‍ നിന്ന് പുറത്തായി. കൂട്ടത്തില്‍ പിശാചും. മൂവരും ഭൂമിയിലേക്ക്. സ്വര്‍ഗത്തിലെ സുഖം ഭൂമിയിലില്ല എന്ന് ആദം-ഹവ്വമാര്‍ക്ക് ബോധ്യപ്പെട്ടു. അവരിരുവരും പടച്ചവനോട് ഇങ്ങനെ പ്രാര്‍ഥിച്ചു: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം ചെയ്തുപോയിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടുപോകും.” (അഅ്‌റാഫ് 23)
അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിച്ചു. പരലോകത്ത് ആദം വീണ്ടും സ്വര്‍ഗത്തിലെത്തും. ഈ പ്രാര്‍ഥനയിലെ പാഠങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ദൈവിക കല്‍പന പാലിക്കല്‍ പ്രവാചകന്മാര്‍ക്കും ബാധകം. പ്രവാചകന്മാരും മനുഷ്യരാണ്. അബദ്ധങ്ങള്‍ സംഭവിക്കാം. അബദ്ധങ്ങള്‍ സംഭവിച്ചാല്‍ അതില്‍ കുറ്റബോധമുണ്ടാകണം, പശ്ചാത്തപിക്കണം. ഗുണകാംക്ഷയുടെ രൂപത്തില്‍ ഉപദേശം തന്ന് കൂടെയുള്ളവര്‍ തന്നെ ചിലപ്പോള്‍ അബദ്ധത്തില്‍ ചാടിക്കും.
ഭൂതകാല സങ്കടങ്ങള്‍
മറക്കുക

മികച്ച കുടുംബ സാഹചര്യത്തില്‍ വളര്‍ന്ന പ്രവാചകനാണ് യൂസുഫ്(അ). പിതാവ് യഅ്ഖൂബ്(അ), പ്രപിതാവ് ഇസ്ഹാഖ്(അ) എന്നിങ്ങനെ പ്രവാചകന്മാരുടെ പാരമ്പര്യമുള്ള കുടുംബം. എന്നിട്ടും യൂസുഫിനു(അ) കുട്ടിക്കാലം മുതല്‍ വലിയൊരു ഭാഗം ഒറ്റപ്പെടലും അവഗണനയും. ആദ്യം ജ്യേഷ്ഠ സഹോദരന്മാരുടെ ക്രൂരത, പിന്നീട് അടിമച്ചന്തയില്‍ വില്‍പനയ്ക്കു വെക്കപ്പെടുന്ന അവസ്ഥ, പിന്നീട് യജമാനത്തിയില്‍ നിന്നുള്ള മാനസിക പീഡനം, തുടര്‍ന്ന് ദീര്‍ഘകാലം ജയില്‍വാസം.
ഒന്നിനു പിറകെ ഒന്നായി പരീക്ഷണങ്ങള്‍ താണ്ടിക്കടക്കാന്‍ വിധിക്കപ്പെട്ട യൂസുഫ് നബി ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് പ്രശസ്തിയുടെയും ഭരണാധികാരി എന്ന പദവിയുടെയും ആശ്വാസം നിറഞ്ഞ ജീവിതത്തിലെത്തിയത്. കുറേ ഇരുട്ടുകള്‍ക്കു ശേഷം കടന്നുവന്ന ഈ വെളിച്ചത്തില്‍ യൂസുഫ് നബി(അ) നടത്തുന്ന ഒരു പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം ഉദ്ധരിക്കുന്നുണ്ട്. ”നാഥാ, നീ എനിക്ക് ആധിപത്യത്തില്‍ നിന്ന് അല്‍പം നല്‍കുകയും നീ എനിക്ക് സ്വപ്‌നവ്യാഖ്യാനം പഠിപ്പിച്ചുതരുകയും ചെയ്തിരിക്കുന്നു. ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷിതാവ്. എന്നെ നീ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (യൂസുഫ് 101).
ഈ പ്രാര്‍ഥനയില്‍ ഒട്ടേറെ പാഠങ്ങളുണ്ട്. അവയില്‍ ചിലത്: പ്രയാസങ്ങള്‍ നീങ്ങി സുസ്ഥിതി കൈവന്നാല്‍ അതില്‍ സന്തോഷിക്കുകയും അല്ലാഹുവിനോട് നന്ദി പറയുകയും ചെയ്യണം. പ്രയാസങ്ങളെയും പ്രയാസപ്പെടുത്തിയവരെയും ഓര്‍ത്തെടുത്ത് സന്തോഷ സന്ദര്‍ഭങ്ങളെ വീണ്ടും സന്താപപങ്കിലമാക്കരുത്. അല്ലാഹു ഒരുപാട് നമ്മെ കഷ്ടപ്പെടുത്തി എന്നു പരാതിപ്പെടുന്നതിനു പകരം അല്ലാഹു പിന്നീട് നല്‍കിയ അനുഗ്രഹങ്ങളില്‍ സന്തോഷിക്കുകയും അല്ലാഹു പ്രത്യേകമായി നല്‍കിയ അനുഗ്രഹങ്ങളെ എടുത്തുപറയുകയും ചെയ്യുക. ജീവിതത്തില്‍ അനുഭവപ്പെടുന്ന നന്മകളെ കാണാതിരുന്നാല്‍ നന്മയുടെ സന്തോഷവും സൗരഭ്യവും അനുഭവിക്കാന്‍ കഴിയാതെപോവും.
സങ്കടം കേള്‍ക്കാന്‍ ഒരാളുണ്ട്
അതിസങ്കീര്‍ണമായ മനോദുഃഖത്തിലൂടെ കടന്നുപോവുകയും നമ്മുടെ ഏറ്റവും അടുത്തവര്‍ പോലും നമ്മെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന ദുരവസ്ഥ ദുഃഖത്തെ തീവ്രമാക്കുകയും ചെയ്യുമ്പോള്‍ തന്നെ, കേള്‍ക്കാന്‍ ഒരാളുണ്ട് എന്ന അവസ്ഥ അനുഭവപ്പെടുകയും ആ ആളോട് (സാക്ഷാല്‍ പ്രപഞ്ചനാഥനോട്) സങ്കടങ്ങള്‍ പറയാന്‍ കഴിയുകയും ചെയ്യുക എന്നതാണ് ഒരു സത്യവിശ്വാസി ജീവിതത്തില്‍ അനുഭവിക്കുന്ന വലിയ സൗഭാഗ്യങ്ങളിലൊന്ന്. പ്രാര്‍ഥനയിലൂടെയാണ് വിശ്വാസി ഈ സൗഭാഗ്യതീരത്ത് അണയുന്നത്. യഅ്ഖൂബ് നബി(അ)യുടെ ഒരു പ്രാര്‍ഥന ഇത്തരമൊരു സാഹചര്യത്തോട് ചേര്‍ത്തുവെക്കാവുന്നതാണ്. ”എന്റെ വേവലാതിയും സങ്കടവും ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ബോധിപ്പിക്കുന്നത്” (യൂസുഫ് 86).
എന്റെ സങ്കടം കേള്‍ക്കാന്‍ നിങ്ങളാരുമില്ലെങ്കിലും എന്നെ കേള്‍ക്കാന്‍ എനിക്കെന്റെ അല്ലാഹു ഉണ്ടെന്നാണ് ഈ പ്രാര്‍ഥനയിലെ ആദര്‍ശഭാഷ്യം. ഖുര്‍ആന്‍ ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: ”അദ്ദേഹം (പിതാവായ യഅ്ഖൂബ് മക്കളോട്) പറഞ്ഞു: നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോ ഭംഗിയായി തോന്നിപ്പിച്ചുതന്നിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുകയാണ് ഞാന്‍. അവരെയെല്ലാവരെയും അല്ലാഹു എന്റെയടുത്ത് കൊണ്ടുവന്നുതന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അവരില്‍ നിന്ന് തിരിഞ്ഞുകളഞ്ഞ് അദ്ദേഹം ആത്മഗതം ചെയ്തു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരു കണ്ണുകളും വെളുത്തുപോയി. അങ്ങനെ അദ്ദേഹം ദുഃഖം ഉള്ളിലൊതുക്കി കഴിയുകയാണ്. അപ്പോള്‍ അവര്‍ (മക്കള്‍) പറഞ്ഞു: അല്ലാഹുവിനെത്തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാവുകയോ അല്ലെങ്കില്‍ മരിച്ചുപോവുകയോ ചെയ്യുന്നതുവരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തുകൊണ്ടേയിരിക്കും! അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവിനോട് മാത്രമായി ബോധിപ്പിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നു നിങ്ങള്‍ അറിയാത്ത ചിലത് ഞാന്‍ അറിയുന്നു. എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും അന്വേഷിക്കൂ. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. സത്യനിഷേധികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച” (യൂസുഫ് 83-87).
യഅ്ഖൂബ് നബിയുടെ രണ്ടു മക്കള്‍ രണ്ടു സന്ദര്‍ഭങ്ങളിലായി ദുരൂഹ സാഹചര്യത്തില്‍ താല്‍ക്കാലികമായാണെങ്കിലും നഷ്ടപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ പിതാവ് എന്ന നിലയ്ക്ക് അദ്ദേഹം അനുഭവിച്ച മനോവ്യഥയുടെ ആഴവും പരപ്പും എത്ര വലുതാണെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. മക്കള്‍ പോലും തന്റെ ദുഃഖത്തിന്റെ വിലയറിയുന്നില്ലല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ തീവ്രദുഃഖം. പക്ഷേ ക്ഷമ, പ്രാര്‍ഥന, ശുഭപ്രതീക്ഷ എന്നിവയിലൂടെ അദ്ദേഹം തന്റെ ദുഃഖത്തെ നിയന്ത്രിച്ചുനിര്‍ത്തി. ‘എന്റെ സങ്കടങ്ങളെല്ലാം ഞാന്‍ അല്ലാഹുവിനോട് പറഞ്ഞിട്ടുണ്ട്. എന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എനിക്ക് അല്ലാഹു ഉണ്ട്’ എന്നതാണ് ഇത്തരം ജീവിത സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒരു വിശ്വാസി തിരിച്ചറിയേണ്ട ആദര്‍ശപാഠം. യഅ്ഖൂബ് നബിയുടെ ഈ പ്രാര്‍ഥനയിലെ ഉള്‍സാര സന്ദേശവും മറ്റൊന്നല്ല.
മക്കളെ ചേര്‍ത്തുപിടിക്കുക
ഒരു പ്രവാചകന്‍ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും അധികം പ്രാര്‍ഥനകള്‍ ഉദ്ധരിക്കപ്പെട്ടത് ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകളാണ്- ഏതാണ്ട് 14 പ്രാര്‍ഥനകള്‍. ഇബ്‌റാഹീം, അല്‍ബഖറ, ശുഅറാഅ്, സ്വാഫ്ഫാത്ത് എന്നീ സൂറത്തുകളിലാണ് ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍ ഉള്ളത്. ഈ പ്രാര്‍ഥനകളില്‍ മൂന്നോ നാലോ പ്രാര്‍ഥനകള്‍ നമ്മുടെ ജീവിതത്തില്‍ ബാധകമല്ലാത്തതായി ഉണ്ടാകാമെങ്കിലും മിക്ക പ്രാര്‍ഥനകളും നമുക്കും ബാധകവും പ്രാര്‍ഥിക്കേണ്ടതുമാണ്.
ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥന ഇപ്രകാരമാണ്: ”എന്റെ രക്ഷിതാവേ, എന്നെയും എന്റെ മക്കളെയും നമസ്‌കാരം നിലനിര്‍ത്തുന്നവരില്‍ നീ ആക്കേണമേ, ഞങ്ങളുടെ നാഥാ, നീ പ്രാര്‍ഥന സ്വീകരിക്കേണമേ” (ഇബ്‌റാഹീം 40).
ഈ പ്രാര്‍ഥനയിലെ സന്ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: മാതാപിതാക്കള്‍ മക്കളുടെ ഭൗതിക കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. അവരുടെ ആത്മീയ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളും ഒരുക്കിക്കൊടുക്കണം. മാതാപിതാക്കള്‍ നല്ലവരായതുകൊണ്ട് മാത്രം മക്കള്‍ നല്ലവരാകണമെന്നില്ല. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. ധാര്‍മിക ജീവിതവും ചിട്ടകളും പാലിച്ചു ജീവിക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം. ആ സൗഭാഗ്യത്തിനായി വിശ്വാസികള്‍ നിരന്തരം അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. മക്കളെ നന്മയിലും ധാര്‍മികതയിലും മതചിട്ടയിലും ചേര്‍ത്തു നിര്‍ത്തണം.
അഞ്ചു കാര്യങ്ങളില്‍ നന്മ
”അല്ലാഹുവേ, എന്റെ മതം നീ എനിക്ക് നന്നാക്കിത്തരേണമേ, അതിലാണ് എന്റെ കാര്യത്തിന്റെ സംരക്ഷണം. എന്റെ ദുനിയാവും നീ എനിക്ക് നന്നാക്കിത്തരേണമേ, അതിലാണെന്റെ ജീവിതം. എന്റെ പരലോകവും നീ എനിക്ക് നന്നാക്കിത്തരേണമേ, അവിടേക്കാണെന്റെ മടക്കം. ജീവിതത്തെ നീ എനിക്ക് നന്മയിലുള്ള വര്‍ധനവാക്കേണമേ. മരണത്തെ നീ എനിക്ക് എല്ലാ തിന്മയില്‍ നിന്നുമുള്ള ആശ്വാസമാക്കേണമേ” (മുസ്ലിം).
ദീന്‍, ദുന്‍യാവ്, ആഖിറം, ജീവിതം, മരണം എന്നീ അഞ്ച് കാര്യങ്ങളില്‍ നന്മ വരുത്താന്‍ അല്ലാഹുവിനോട് ചോദിക്കുന്ന ഈ പ്രാര്‍ഥന സത്യവിശ്വാസിയുടെ നിത്യപ്രാര്‍ഥനകളില്‍ ഇടംപിടിക്കേണ്ട ഒന്നാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x