2 Monday
December 2024
2024 December 2
1446 Joumada II 0

പ്രവാചകനിന്ദ ഉന്മൂലനത്തിന്റെ പ്രത്യയശാസ്ത്രം

ഡോ. ജാബിര്‍ അമാനി


മനുഷ്യന്റെ സ്വാഭാവികമായ പ്രകൃതമാണ് ഒരു കാര്യത്തെക്കുറിച്ച വിശ്വാസവും വിമര്‍ശനവും. വസ്തുതാപരവും സത്യാന്വേഷണത്തിന്റെ ഭാഗവുമാണെങ്കില്‍ ഇസ്‌ലാം വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ഒരു ആശയസംഹിതയെന്ന നിലയില്‍ വിമര്‍ശനാതീതവും നിരുപാധികവും അന്ധവുമായ അംഗീകാരം ഓരോരുത്തരിലും ഉണ്ടാവണമെന്ന ശാഠ്യം ഖുര്‍ആന്‍ പ്രസ്താവിക്കുന്നില്ല.1 ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ2 ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഒരുവേള സത്യാസത്യങ്ങളെ മാറ്റുരച്ചുനോക്കാനുള്ള വെല്ലുവിളി പോലും ദൈവിക വേദം നിര്‍വഹിക്കുന്നുണ്ട്.3 വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലതിനെ സ്വീകരിക്കുകയും ചെയ്യുകയാണ് മനുഷ്യന്റെ സൃഷ്ടിധര്‍മമായി മതം കാണുന്നത്.4
വിമര്‍ശനങ്ങള്‍, ഒരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന നിലയിലും നൈതിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മാന്യമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ജനാധിപത്യ ബഹുസ്വരതയിലുള്ള വിശ്വാസമായും മതം കാണുന്നു. അതുകൊണ്ടുതന്നെ ഇത്തരമൊരു ആശയപരിസരത്തിരുന്നുകൊണ്ട് പ്രവാചകനിന്ദയും വിമര്‍ശനവും അസഹിഷ്ണുതയോടെ ഇസ്‌ലാം വിലയിരുത്തുന്നില്ല. മൗലികാര്‍ഥത്തില്‍ വിമര്‍ശന സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രവാചക വിമര്‍ശനത്തെ ഒരവിശ്വാസിയുടെ അപരാധമായി പ്രഖ്യാപിക്കുന്നില്ല. എന്നാല്‍ വിമര്‍ശനങ്ങളുടെ വിശകലനത്തില്‍ വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ പഴയ തിന്മകളില്‍ തന്നെ ശഠിച്ചുനില്‍ക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്ധമായ വിരോധത്തിന്റെയും വെറുപ്പിന്റെയും പേരില്‍ അകാരണമായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളെയും സദാചാരസീമകളെ തകര്‍ത്തെറിയുന്ന നിന്ദകളെയും ഗൗരവത്തോടെയാണ് മതം പരിഗണിക്കുന്നത്.
പ്രവാചകനിന്ദയുടെ ഭാഗമായുള്ള ശരിതെറ്റുകളുടെ സംവാദലോകത്ത് ഖുര്‍ആന്‍ സ്വീകരിക്കുന്ന മാനദണ്ഡമാണിത്. രക്തം ചിന്തുന്നതിനേക്കാള്‍ മാരകമാണ് ഒരു വ്യക്തിയുടെ ആത്മാഭിമാനത്തിനു മുറിവേല്‍ക്കുന്നത്. അതൃപ്തിയുടെ വാക്കുകള്‍ ഉപയോഗിക്കുന്നതും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കൊണ്ട് വ്യക്തിത്വത്തിന് ക്ഷതം വരുത്തുന്നതും തികഞ്ഞ അപരാധമായി കാണുന്നുണ്ട്. വിമര്‍ശനവും നിന്ദയും രണ്ടായിത്തന്നെ വിലയിരുത്തുന്നുണ്ട്.
അടിസ്ഥാനരഹിതമായതും അസത്യ-അര്‍ധസത്യങ്ങള്‍ ചേര്‍ന്നതുമായ വിമര്‍ശനങ്ങള്‍ കേവലം വിരോധത്തിന്റെയും വെറുപ്പിന്റെയും സൃഷ്ടിയാണ്. കപടമായ ആവിഷ്‌കാരവാദവും അന്ധമായ അപരവിദ്വേഷവുമാണ് അതിന്റെ മുഖ്യകാരണം. അത്തരം ഘട്ടങ്ങളില്‍ മാന്യമായ വിയോജിപ്പും അസത്യവാദികളെ അവഗണിക്കുകയുമാണ് ഖുര്‍ആന്‍ കല്‍പിക്കുന്ന പ്രതികരണത്തിന്റെ രീതിശാസ്ത്രം. തങ്ങള്‍ സത്യത്തിന്റെ വഴിയിലാണെന്ന ദൃഢബോധ്യത്തോടെ കാര്യങ്ങളുടെ പര്യവസാനം ദൈവത്തില്‍ അര്‍പ്പിച്ച് ദൗത്യനിര്‍വഹണം സമവായമില്ലാതെ തുടരാനാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. വിമര്‍ശനങ്ങളും പരിഹാസവും മനസ്സിനെ ഉലച്ചുകളയുമ്പോഴും അവധാനതയുടെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നതത്രേ മൗലികമായി മതം പഠിപ്പിക്കുന്നത് (ഹിജ്ര്‍ 94-99).
”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. അല്ലാഹുവോടൊപ്പം മറ്റു ദൈവത്തെ സ്ഥാപിക്കുന്നവരായ പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അവര്‍ പിന്നീട് അറിഞ്ഞുകൊള്ളും. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുെണ്ടന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. മരണം നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.” (വി.ഖു 15:94-99)
നബിവിമര്‍ശനവും നിന്ദയും പുതിയതല്ല, നബിചരിത്രത്തോളം പഴക്കമുള്ളതാണ്. ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍ ജീവിച്ചു മരിച്ച ഒരു പ്രവാചകന്‍, ലോകം ബഹുമാനാദരവോടെ കാത്തുസൂക്ഷിച്ച അന്തിമാചാര്യന്‍, അദ്ദേഹം ജീവിച്ചിട്ടുതന്നെയില്ലെന്നും എട്ടാം നൂറ്റാണ്ടിലെ ഒരു മിത്ത് മാത്രമാണെന്നുവരെയുള്ള വിമര്‍ശനങ്ങള്‍ നിലവിലുണ്ട്.5 നബി(സ)യുടെ ചരിത്രവും ദൗത്യവും സ്ഥിരീകരിക്കപ്പെട്ടതാണെങ്കിലും യേശുക്രിസ്തുവിന്റെ കാര്യത്തില്‍ ഒരു തെളിവും സത്യസന്ധമായി ചരിത്രത്തില്‍ ലഭ്യമല്ലെന്നു വാദിച്ചവരുമുണ്ട്.6 പ്രവാചക വിമര്‍ശനങ്ങള്‍ കേവലം അധരവ്യായാമവും രാഷ്ട്രീയപ്രേരിതവും വെറുപ്പിന്റെ സൃഷ്ടിയുമാവുന്ന ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമാണ്. വസ്തുതാപഗ്രഥനത്തേക്കാള്‍ കേവലം നിന്ദയും പരിഹാസവുമാണ് ലക്ഷ്യം. ദൈവിക മതത്തെയും മതസമൂഹത്തെയും നൃശംസിക്കുകയും അപരവത്കരിക്കുകയും ചെയ്യുകയെന്ന പൊളിറ്റിക്കല്‍ എക്‌സര്‍സൈസ് മാത്രമാണ് വര്‍ത്തമാനകാല ഇന്ത്യയില്‍ രൂപപ്പെട്ട പ്രവാചക നിന്ദയുടെ പിറകിലുള്ളത്. ഒരു സമൂഹത്തിന്റെ ഉന്മൂലനം ആസൂത്രിതമായി ലക്ഷ്യം വെച്ചുള്ള നബിനിന്ദയും അതിന് അധികാരവും ഔദ്യോഗിക ഭരണസംവിധാനങ്ങളും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന സംഭവം ചരിത്രത്തില്‍ അപൂര്‍വമാണ്.
ഇത്രമേല്‍ വെറുപ്പ് ഒരു പ്രത്യേക ജനവിഭാഗത്തിനു മേല്‍ വെച്ചുപുലര്‍ത്തുന്നത് വംശഹത്യയുടെ ഭാഗമാണ്. ഇപ്പോള്‍ നൂപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രകടിപ്പിച്ചിട്ടുള്ള പ്രവാചകനിന്ദയുടെ ഉള്ളടക്കം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആശയമാണ്. കൃത്യവും വ്യക്തവുമായ വിശകലനങ്ങളിലൂടെ വസ്തുതകള്‍ ചരിത്രത്തില്‍ അപഗ്രഥിച്ചതുമാണ്. ഓറിയന്റലിസ്റ്റ്, യുക്തിവാദി വിമര്‍ശനങ്ങളില്‍ പോലും ആവനാഴിയിലെ അമ്പുകള്‍ തീരുന്ന മുറയ്ക്ക് പൊടിതട്ടിയെടുക്കുന്ന ആരോപണങ്ങള്‍ മാത്രമാണിതെല്ലാം. എന്നാല്‍ ഭരണകൂടം വിദ്വേഷ രാഷ്ട്രീയം ആളിക്കത്തിക്കുന്നതിനും മതവൈരവും സ്പര്‍ധയും സൃഷ്ടിച്ച് ഫാസിസത്തിന് ഉറഞ്ഞുതുള്ളാനുള്ള കളമൊരുക്കുകയുമാണ് പ്രവാചകനിന്ദയെ ഉപയോഗിച്ച് ചെയ്തതെന്നത് ഗൗരവശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ പ്രവാചകനിന്ദയുടെ ചരിത്രത്തിലൊന്നും ഇത്തരമൊരു വംശീയ ഉന്മൂലന അജണ്ട ഇതുവരേക്കും രൂപപ്പെട്ടിരുന്നില്ല. മാത്രവുമല്ല, പ്രവാചകനിന്ദയുടെ ശക്തമായ അവതരണം നിര്‍വഹിച്ച സല്‍മാന്‍ റുശ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ 1988ല്‍ ഇന്ത്യയില്‍ നിരോധിച്ചതുപോലും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്നത് വിസ്മരിക്കാവതല്ല.

മതവിശ്വാസികളെയും മതേതര സമൂഹത്തെയും വൈകാരികോന്മത്തരാക്കി തങ്ങളുടെ ഫാസിസ്റ്റ് താല്‍പര്യങ്ങള്‍ ആസൂത്രിതമായി നടപ്പാക്കാനുള്ള കുടില തന്ത്രമാണ് സമകാലിക പ്രവാചകനിന്ദാ ശ്രമങ്ങളുടെ പിന്നില്‍ ഇന്ത്യയില്‍ കാണുന്നത്. അതിനാല്‍ ഫാസിസത്തിന്റെ അജണ്ടയെ തിരിച്ചറിയാതെയുള്ള പ്രതിഷേധങ്ങള്‍ മുഴുവന്‍ അണയാന്‍ വേണ്ടി ഊതിയത് ആളിക്കത്തുന്നതിനു കാരണമായി മാറാം. വിമര്‍ശന സ്വാതന്ത്ര്യത്തിന്റെ മറുപുറമാണ് പ്രതിരോധ സ്വാതന്ത്ര്യം എന്നു വിചാരിക്കരുത്. വിമര്‍ശകര്‍ക്ക് നഷ്ടപ്പെടാനും നേടാനുമുള്ളതല്ല പ്രതിരോധ ശ്രമങ്ങളിലൂടെ ലഭ്യമാവുന്നതും ഇല്ലാതാവുന്നതും. ലാഭചേതങ്ങള്‍ കൂട്ടിക്കിഴിച്ചു നടത്തേണ്ടതല്ല പ്രവാചകനിന്ദയുടെ പ്രതിഷേധ പ്രതിരോധങ്ങള്‍ എന്നത് ശരിയാണ്. എന്നാല്‍ ശക്തമായ ഇസ്‌ലാം വിരുദ്ധ അജണ്ടയിലൂടെ ഇന്ത്യയുടെ ജനാധിപത്യ-മതേതര പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഗളഛേദം ചെയ്യാനുള്ള അജണ്ടകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നത് വിസ്മരിക്കരുത്.
പ്രവാചകനിന്ദയുടെ ചരിത്രവും രാഷ്ട്രീയവും
അവിശ്വാസികളുടെ പരിഹാസവും നിന്ദയും ഏറ്റുവാങ്ങാത്ത ഒരാളെയും പ്രവാചകന്മാരുടെ ചരിത്രത്തില്‍ കാണാവതല്ല. രൂപവും ശൈലിയും വ്യത്യസ്തമാണെങ്കിലും പ്രബോധിത സമൂഹത്തില്‍ നിന്ന് സര്‍വസ്വീകാര്യത ലഭിച്ചവരല്ല പ്രവാചകന്മാര്‍. വിമര്‍ശനങ്ങളില്ലാതെ പ്രവാചകന്മാര്‍ക്ക് ദൗത്യം നിര്‍വഹിക്കാനാകില്ല. ”തീര്‍ച്ചയായും നിനക്കു മുമ്പ് പൂര്‍വികരിലെ പല കക്ഷികളിലേക്കും നാം ദൂതന്മാരെ അയച്ചിട്ടുണ്ട്. ഏതൊരു ദൂതന്‍ അവരുടെ അടുത്തു ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല” (15:10, 11). പ്രത്യേകിച്ച് പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ നേരിടേണ്ടിവന്ന നൃശംസകള്‍ക്ക് ഗൗരവസ്വഭാവം കുറയുകയും വിമര്‍ശകരില്‍ വലിയൊരു ശതമാനം പ്രവാചകരില്‍ വിശ്വസിക്കുകയും ചെയ്തിട്ടുമുണ്ട്. ഈ യാഥാര്‍ഥ്യം സമകാലിക പ്രവാചകനിന്ദകളിലും ആവര്‍ത്തിക്കുമെന്ന് ചരിത്രത്തെ സാക്ഷിനിര്‍ത്തി നമുക്ക് വിലയിരുത്താനാവുന്നതാണ്. പ്രവാചകനിന്ദകള്‍ക്ക് കാലം തന്നെ കണക്കു തീര്‍ത്തുകൊടുത്തിട്ടുണ്ട് എന്നര്‍ഥം.
മക്കയിലെ പ്രമുഖ പ്രഭാഷകനായിരുന്ന സുഹൈലുബ്‌നു അംറ് ഒരു ദശാബ്ദത്തിലധികം കാലം തന്റെ പ്രഭാഷണചാരുതയിലൂടെ പ്രവാചക വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മക്കയിലും മദീനയിലും നേതൃത്വം നല്‍കി. ബദ്ര്‍ യുദ്ധത്തില്‍ അമ്പത് ബന്ദികളില്‍ ഒരാളായി സുഹൈല്‍ പിടിക്കപ്പെട്ടു. പക്ഷേ, പ്രവാചകന്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കി വിടുകയാണ് ചെയ്തത്. തനിക്കെതിരില്‍ ശക്തമായ പരിഹാസം തുടരാനുള്ള സാധ്യതയുണ്ടെന്ന് സഹാബികളില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടെങ്കിലും മുഹമ്മദ് നബി(സ) വിട്ടുവീഴ്ചയും മാപ്പും നല്‍കി മാതൃക കാണിക്കുകയാണ് ചെയ്തത്. ഈ സമീപനം സുഹൈലുബ്‌നു അംറില്‍ മാനസാന്തരത്തിനു വഴിയൊരുക്കി. പിന്നീട് മക്കാ വിജയസന്ദര്‍ഭത്തില്‍ അദ്ദേഹം മുസ്‌ലിമാവുകയും ശേഷം യര്‍മൂക്ക് യുദ്ധത്തില്‍ ശഹാദത്ത് വരിക്കുകയും ചെയ്തു.
മുഹമ്മദ് നബി(സ)യുടെ ജനനത്തോളം പഴക്കമുള്ളതാണ് നബിനിന്ദയുടെ ചരിത്രവും. പ്രവാചകന്റെ ആദ്യത്തെ പ്രബോധനദൗത്യം പ്രഖ്യാപിച്ച് മക്കയില്‍ തുടക്കം കുറിക്കുമ്പോള്‍, പ്രവാചകനെ(സ) ശകാരിച്ചും ശപിച്ചും രംഗത്തുവന്നത് പിതൃവ്യനായ അബൂലഹബായിരുന്നു. മക്കയിലെ സ്വഫാ കുന്നിന്‍ചരുവില്‍ നടന്ന ഈ സംഭവമാണ് നബിനിന്ദാ ചരിത്രത്തിലെ സംഘടിതമായ ആദ്യത്തെ ശ്രമം. നേരത്തേ ഒരു പ്രവാചകന്റെ ആഗമനം പ്രതീക്ഷിച്ചു കഴിയുന്ന ജൂത-ക്രൈസ്തവ സമൂഹം ന്യായപ്രമാണത്തെ നിവര്‍ത്തിപ്പാനായി കടന്നുവന്ന മോശെയെപ്പോലെയുള്ള പ്രവാചകന്‍ മുഹമ്മദ് നബിയെ തിരസ്‌കരിക്കുക മാത്രമല്ല അവഹേളിക്കുക കൂടി ചെയ്തിട്ടുണ്ട്. ‘വിശ്വസ്തന്‍’ (അല്‍അമീന്‍) എന്ന അപരനാമത്തില്‍ സമകാലികര്‍ പരിചയപ്പെട്ട മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ വൈദികമായി തന്നെ പിന്തുണക്കേണ്ട വേദക്കാര്‍, ഖുറൈശികളോടൊപ്പം ചേര്‍ന്ന് നബിവിമര്‍ശനത്തില്‍ സജീവമാവുകയാണ് ചെയ്തത്.
പ്രവാചകന്റെ വിയോഗാനന്തരം ക്രി. 634-ല്‍ റോമാ സാമ്രാജ്യവും ഇസ്‌ലാമിക രാഷ്ട്രവും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. അക്കാലഘട്ടത്തില്‍ റോമിലെ ജൂതന്മാരെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനായി എഴുതപ്പെട്ട ‘ഡോക്ട്രിന ജാക്കോബി’ എന്ന പ്രാചീന ഗ്രീക്ക് ക്രൈസ്തവ രേഖയില്‍ നബിനിന്ദ നിര്‍വഹിച്ച ഒരു ക്രൈസ്തവ പണ്ഡിതനെക്കുറിച്ച പരാമര്‍ശം കാണാം.7 കള്ളപ്രവാചകനും ഭിന്നതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവനുമായി നബി(സ)യെ പരിചയപ്പെടുത്തുകയായിരുന്നു പ്രസ്തുത ക്രൈസ്തവ പണ്ഡിതന്റെ രീതി. വേദക്കാരുടെ പ്രവാചകനിന്ദയെക്കുറിച്ച് ഖുര്‍ആന്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്: ”എനിക്കു ശേഷം വരുന്ന അഹ്മദ് എന്നു പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.” (വി.ഖു 61:6)
ജൂത-ക്രൈസ്തവ വിഭാഗങ്ങളും ബഹുദൈവ വിശ്വാസികളും പ്രവാചകന്റെ പ്രബോധന കാലഘട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് ഖുര്‍ആന്‍ സംക്ഷിപ്തമായി പരാമര്‍ശിക്കുന്നുണ്ട്. അവ കേവലം പരിഹാസങ്ങളും വിദ്വേഷപ്രചാരണവും മാത്രമായിരുന്നുവെന്ന വസ്തുത ആരോപകര്‍ തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.8 ജൂത-ക്രൈസ്തവ മേഖലകളില്‍ നിന്നാണ് പ്രവാചകന്റെ വിയോഗാനന്തരമുള്ള തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ശക്തമായ പരിഹാസവും വിമര്‍ശനങ്ങളും രൂപപ്പെട്ടുവന്നത്. നിരന്തരമായ അസത്യ ആരോപണങ്ങളിലൂടെ നബിവിരുദ്ധ പൊതുബോധവും കാലാവസ്ഥയും സൃഷ്ടിക്കുകയെന്ന തന്ത്രമാണ് തല്‍പരകക്ഷികള്‍ ലക്ഷ്യംവെച്ചത്. കുരിശുയുദ്ധ കാലഘട്ടത്തില്‍ പ്രവാചകനെ അപനിര്‍മിക്കേണ്ടത് അവര്‍ക്ക് അത്യാവശ്യമായിരുന്നു. മുസ്‌ലിം ഉന്മൂലനത്തിനും സംസ്‌കാരങ്ങളെയും പൈതൃകത്തെയും തച്ചുതകര്‍ക്കുന്നതിനും ഹീനമായ അധികാര വിളയാട്ടം നിര്‍വഹിക്കുന്നതിനും നരമേധത്തെ വിശുദ്ധവത്കരിക്കുന്നതിനും പ്രത്യയശാസ്ത്ര പരിസരമൊരുക്കേണ്ടത് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ആശയസംവാദങ്ങള്‍ക്കപ്പുറത്ത് പരിഹാസങ്ങളിലൂടെയും നിന്ദയിലൂടെയും മാത്രമേ സത്യക്രിസ്ത്യാനികളില്‍ ഇസ്‌ലാം വിരുദ്ധത സൃഷ്ടിക്കാനാവൂവെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.
ഇസ്‌ലാമിനെ സത്യസന്ധമായി വിലയിരുത്തിയവരും പ്രവാചക ജീവിതത്തെ കൃത്യമായി ഗ്രഹിച്ചവരും ഈ വാദങ്ങളുടെ നിജസ്ഥിതികള്‍ മനസ്സിലാക്കി. മുസ്‌ലിംകളില്‍ നിന്നുള്ള ആശയപരവും പ്രതിരോധപരവുമായ സമീപനങ്ങള്‍ക്കു മുമ്പില്‍ കുരിശുയുദ്ധവും അനുയായികളും പിന്‍വാങ്ങേണ്ടിവന്നു. പക്ഷേ, കുരിശുയുദ്ധത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയെടുത്ത ഇസ്‌ലാം- പ്രവാചകവിരുദ്ധതയുടെ അനുരണനങ്ങള്‍ ഒരു കനലുപോലെ പാശ്ചാത്യ നാടുകളില്‍ അവശേഷിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ഈ വെറുപ്പിന്റെ കനലുകള്‍ ഊതിക്കത്തിക്കുന്നതിനാണ് എല്ലാ കാലത്തും തല്‍പരകക്ഷികള്‍ ശ്രമിച്ചത്.
മധ്യകാല ക്രൈസ്തവ സമൂഹത്തിനിടയില്‍ ‘പിശാചിന്റെ അവതാരം’ എന്നര്‍ഥം വരുന്ന ‘മഹൗണ്ട്’ (Mahount/ Mahound) എന്ന പദം ങൗവമാാലറ (വാഴ്ത്തപ്പെട്ടവന്‍, സ്തുതിക്കപ്പെട്ടവന്‍) എന്ന പദത്തിനു പകരമായി ബോധപൂര്‍വം ഉപയോഗിക്കാന്‍ വരെ ക്രൈസ്തവലോബികള്‍ തയ്യാറായിരുന്നു. തത്വചിന്ത, കവിത എന്നീ രംഗത്ത് യൂറോപ്യന്‍ സാഹിത്യത്തില്‍ സുപ്രസിദ്ധിയുള്ള ഡാന്റെയുടെ (1265-1321) ഉശ്ശില രീാലറ്യ ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങളില്‍ വരെ പ്രവാചകന്റെ പേരിലെ ഈ കള്ളത്തരം കാണാം.9 ജോണ്‍ വൈക്ലിഫ്, മാര്‍ട്ടിന്‍ ലൂഥര്‍, ബാര്‍തല്‍മി ദെല്‍ബലോട്ട്, ഹംഫ്രി പ്രിദു, വോള്‍ട്ടയര്‍, വാര്‍ട്ടര്‍ സ്‌കോട്ടിന്‍ തുടങ്ങിയ പടിഞ്ഞാറന്‍ തത്വചിന്തകരുടെയും സാഹിത്യകാരന്‍മാരുടെയും രചനകളില്‍ പോലും പ്രവാചകനിന്ദയുടെ ക്രൈസ്തവ പ്രതിപാദനങ്ങളുടെ സ്വാധീനം കാണാം.10
വ്യാജമായ ചരിത്രങ്ങളും കള്ളമായ ആശയാവിഷ്‌കാരങ്ങളും നടത്തി വിഷലിപ്തമായ പരാമര്‍ശങ്ങളും പ്രവാചകനെ ഒരു യുദ്ധക്കൊതിയനായി ചിത്രീകരിച്ച് മുസ്‌ലിംകളെ ശത്രുപക്ഷത്തു നിര്‍ത്തുന്ന മാനസികാവസ്ഥ അവരുടെ വിശ്വാസികളില്‍ ഉണ്ടാക്കാനുള്ള പരിശ്രമവുമാണ് ആസൂത്രിതമായി നടന്നത്. തങ്ങള്‍ എല്ലാവരും ക്രിസ്തുമതാഭിമുഖ്യവും പ്രതിബദ്ധതയും ഉള്ളവരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള തീവ്ര ക്രൈസ്തവ വലതുപക്ഷത്തിന്റെ കേവല ശ്രമങ്ങളായിരുന്നു ഈ അപരവത്കരണവും പ്രവാചക വിമര്‍ശനങ്ങളുമെങ്കിലും യൂറോപ്പില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്താന്‍ ഇത് കാരണമായിട്ടുണ്ടെന്ന് നിഷ്പക്ഷ ചരിത്രപഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.
റഫറന്‍സ്
1. വിശുദ്ധ ഖുര്‍ആന്‍ 2:260, 6:25, 7:179, 22:46
2. വിശുദ്ധ ഖുര്‍ആന്‍ 18:29
3. വിശുദ്ധ ഖുര്‍ആന്‍ 2:23
4. വിശുദ്ധ ഖുര്‍ആന്‍ 39:18, 17:36
5. വിശദ വായനക്ക്: എം എം അക്ബര്‍, മുഹമ്മദ് നബി ചരിത്രസ്രോതസ്സുകളും ചരിത്രപരതയും, ദഅ്‌വ ബുക്‌സ്, കൊച്ചി, 2012.
6. Ernest Renan (1823-1892) ആണ് ഈ വാദം ഉന്നയിക്കുന്നത്. The Life of Jesus, New York, 1991
7. നബിനിന്ദ: ചരിത്രം പ്രത്യയശാസ്ത്രം പ്രതിരോധം, മുസ്തഫ തന്‍വീര്‍, ദഅ്‌വ ബുക്‌സ്, കൊച്ചി, പേജ് 14
8. വിശുദ്ധ ഖുര്‍ആന്‍ 25:41, 44:41, 37:36, 15:6, 25:58
9. Divine Comedy, Dante Alighieri, (Chapter) The Song of Rolandല്‍ ഇക്കാര്യം കാണാം.
10. (i) മാര്‍ട്ടിന്‍ ലൂഥറുടെ Adevil and the First born of Satan എന്ന പരാമര്‍ശം.
(ii) ബാല്‍തല്‍മിയുടെ Bibliothic Orientate എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
(iii) ഹംഫ്രി പ്രിദുവിന്റെ കൃതിയുടെ Mahomet എന്ന തലവാചകം.

Back to Top