പ്രവാചക ജീവിതത്തിലെ മധ്യസ്ഥ ചര്‍ച്ചകളും ഇസ്‌ലാമിക പാരമ്പര്യവും
നദീര്‍ കടവത്തൂര്‍
ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സമാധാനപൂര്‍ണമായ ജീവിതമാണ്. അതിനു വേണ്ടി മനുഷ്യന്റെ വൈയക്തികവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തിലെല്ലാം വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും നീതിയുടെയും പാഠങ്ങള്‍ക്ക് ഇസ്‌ലാം ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ തമ്മില്‍ ഉണ്ടാവുന്ന പിണക്കങ്ങളിലും പ്രശ്‌നങ്ങളിലും സമൂഹത്തിലെ വിഭാഗങ്ങള്‍ തമ്മിലുണ്ടാവുന്ന ഭിന്നിപ്പുകളിലും ശത്രുക്കളുമായുള്ള വിഷയങ്ങളിലും രമ്യമായ പരിഹാരം കാണാനും അവിടെയെല്ലാം നീതിമൂല്യത്തെയും മാനുഷികബോധത്തെയും മുറുകെപ്പിടിക്കാനും ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്.
മുഹമ്മദ് നബി(സ) പ്രബോധന ജീവിതം ആരംഭിച്ചതു മുതല്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമെല്ലാം ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഈ എതിര്‍സ്വരങ്ങള്‍ പിന്നീട് ജീവനെടുക്കുന്ന അക്രമമായി പരിണമിച്ചപ്പോഴും, തിരിച്ചടിയുടെയും അക്രമത്തിന്റെയും പാത തെരഞ്ഞെടുക്കാതെ സമാധാന ഉടമ്പടികള്‍ ഉണ്ടാക്കാനും സന്ധികളില്‍ ഏര്‍പ്പെടാനുമുള്ള ശ്രമങ്ങള്‍ക്ക് പ്രവാചകന്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. ദുര്‍ബലതയുടെയും ആള്‍ബലമില്ലാത്തതിന്റെയും പോരായ്മയില്‍ രക്ഷപ്പെടാനുള്ള കേവല തന്ത്രമായിരുന്നില്ല പ്രവാചകന്റെ കരാറുകളും സന്ധികളുമൊന്നും. അധികാരത്തിന്റെയും സൈനികബലത്തിന്റെയും ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴും മുഴുവന്‍ ജനങ്ങളുടെയും സമാധാനപൂര്‍ണമായ ജീവിതം ലക്ഷ്യം കണ്ട് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രവാചകന്‍ പ്രാധാന്യം നല്‍കി. പ്രവാചക ജീവിതത്തിലെ അത്തരം ചില ഇടപെടലുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ഒന്നാം അഖബ ഉടമ്പടി
നബി(സ)ക്ക് നുബുവ്വത്ത് ലഭിച്ച് പത്തു വര്‍ഷത്തോളമായ സമയത്ത് മിനായുടെ അടുത്തുള്ള അഖബ എന്ന പ്രദേശത്തു നടന്ന ഉടമ്പടിയാണിത്. ഹജ്ജിന്റെ സമയമായിരുന്നു അത്. നബി(സ) മദീനയില്‍ നിന്ന് ഹജ്ജിനു വന്ന ഖസ്‌റജ് ഗോത്രത്തില്‍ പെട്ട ആറു പേരെ കാണാനിടയായി. പ്രവാചകന്‍ അവരോട് സംസാരിക്കുകയും അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അവര്‍ മദീനയിലേക്ക് തിരിച്ചുപോയി. അങ്ങനെ അവിടെ ഇസ്‌ലാമിക പ്രബോധനത്തില്‍ ഏര്‍പ്പെട്ടു.
അടുത്ത വര്‍ഷം മദീനയില്‍ നിന്ന് 12 പേര്‍ ഹജ്ജിനായി മക്കയിലെത്തുകയും പ്രവാചകനെ നേരിട്ടു കണ്ട് സംസാരിക്കുകയും ചെയ്തു. അതില്‍ അഞ്ചു പേര്‍ കഴിഞ്ഞ വര്‍ഷം അഖബയില്‍ വെച്ച് ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു. മക്കയിലേക്കു വന്ന 12 പേരില്‍ പത്തു പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നും രണ്ടു പേര്‍ ഔസ് ഗോത്രത്തില്‍ നിന്നുമുള്ളവരായിരുന്നു. അഖബയില്‍ വെച്ച് നബി അവരോട് സംസാരിക്കുകയും അവരുമായി സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു.
സന്തോഷഘട്ടങ്ങളിലും പ്രയാസങ്ങളിലും ഞെരുക്കസന്ദര്‍ഭത്തിലും ആശ്വാസത്തിന്റെ സന്ദര്‍ഭത്തിലും നബിയെ അനുസരിക്കാനും കേള്‍ക്കാനും തയ്യാറാണ്, നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ഒരുക്കമാണ്, സത്യം പറയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടുകയില്ല, മദീനയില്‍ വന്നാല്‍ നബിയെ സഹായിക്കുകയും നബിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യും, സ്വന്തം മക്കളെയും കുടുംബത്തെയും ശരീരത്തെയും എന്തില്‍ നിന്നെല്ലാം സംരക്ഷിക്കുമോ അതില്‍ നിന്നെല്ലാം മുഹമ്മദ് നബിയെയും സംരക്ഷിക്കും- ഇതായിരുന്നു ഒന്നാം അഖബ ഉടമ്പടിയിലെ കരാര്‍.
രണ്ടാം അഖബ ഉടമ്പടി
ഒന്നാം അഖബ കഴിഞ്ഞു പോവുന്ന സമയത്ത് മദീനക്കാരുടെ കൂടെ പ്രവാചകന്‍ മിസ്അബുബ്‌നു ഉമൈറിനെയും അയച്ചിരുന്നു. അദ്ദേഹം മദീനയിലെ ആളുകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൂടെ ഒന്നാം അഖബ ഉടമ്പടിയിലൂടെ ഇസ്‌ലാം സ്വീകരിച്ചവരും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇതോടെ മദീനയിലെ എല്ലാ മുക്കുമൂലകളിലും ഇസ്‌ലാമിന്റെ സന്ദേശം എത്തി. ധാരാളം പേര്‍ ഇസ്‌ലാം പുല്‍കുകയും ചെയ്തു.
പ്രവാചകത്വത്തിന്റെ 13ാം വര്‍ഷം മദീനയില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിനു വന്ന സംഘത്തില്‍ മുസ്‌ലിംകളായ 73 പേരും ഉണ്ടായിരുന്നു. പ്രവാചകനെ നേരിട്ടു കണ്ട് മദീനയിലെ വിവരങ്ങള്‍ അറിയിക്കലും നബിയെ മദീനയിലേക്ക് ക്ഷണിക്കലുമായിരുന്നു അവരുടെ ഉദ്ദേശ്യം.
കൂടെ വന്നവര്‍ അറിയാതെ ഇസ്‌ലാം സ്വീകരിച്ച ഈ സംഘം പ്രവാചകനെ കാണാന്‍ വേണ്ടി മിനായുടെ അടുത്ത് അഖബയില്‍ രാത്രി കാത്തുനിന്നു. നബി രഹസ്യമായി അവരുടെ അടുക്കലേക്ക് പോയി. അവരുമായി സംസാരിച്ചു. മദീനയില്‍ വന്നാല്‍ പ്രവാചകനെ സംരക്ഷിക്കുമെന്ന് ഉടമ്പടി ചെയ്തു. ഈ ഉടമ്പടി സംഭാഷണത്തിന് മധ്യസ്ഥനെന്നോണം സംസാരം ആരംഭിച്ചത് പ്രവാചകന്റെ പിതൃസഹോദരന്‍ അബ്ബാസുബ്നു അബ്ദില്‍ മുത്തലിബായിരുന്നു. അദ്ദേഹം അപ്പോഴും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലായിരുന്നു എന്നത് ഏറെ പ്രസക്തമാണ്.
മദീനയിലെ
ജൂതന്മാരുമായുള്ള
കരാര്‍
പ്രവാചകന്‍ ഹിജ്‌റ ചെയ്ത് മദീനയിലെത്തുന്ന സമയത്ത് മദീന മുഴുവന്‍ എന്നു പറയാവുന്ന രീതിയില്‍ ഇസ്‌ലാം സ്വീകരിക്കുകയും പ്രവാചകനെ അംഗീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പ്രവാചകനെ ഭരണാധികാരിയായി കൂടി അവര്‍ കണ്ടു. ആ സമയത്ത് മദീനയില്‍ തന്നെ ബനൂനജ്ജാര്‍, ബനൂഹാരിസ, ബനൂസാഅദ എന്നീ ഗോത്രങ്ങളിലെ ജൂതന്മാര്‍ താമസിക്കുന്നുണ്ടായിരുന്നു. ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ പ്രവാചകന്‍ പ്രഥമമായി ചെയ്ത കാര്യങ്ങളിലൊന്ന് ഇവരുമായി കരാറിലേര്‍പ്പെടുക എന്നതായിരുന്നു. ഭരണം ലഭിച്ചുവെന്നതിന്റെ പേരില്‍ അവരെ ആട്ടിപ്പുറത്താക്കാനോ ഭൂരിപക്ഷ ഭീകരത കാണിക്കാനോ ഉള്ള മാതൃകയല്ല പ്രവാചകന്‍ അനുയായികള്‍ക്ക് പകര്‍ന്നുനല്‍കിയത്.
പരസ്പരം മതത്തെ ആദരിക്കുക, ഒരാളും എതിര്‍വിഭാഗത്തിലെ ആളുകളെ നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യരുത്, ഇരുവിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷ നല്‍കണം, മദീനയ്ക്കു പുറത്തുനിന്നുള്ള ആക്രമണങ്ങളെ ഒന്നിച്ചു നിന്നു ചെറുക്കണം, ഇതിനു വേണ്ടുന്ന സാമ്പത്തിക ചെലവുകള്‍ പരസ്പരം പങ്കിടണം എന്നു തുടങ്ങുന്നവയായിരുന്നു ഈ കരാറിലെ പ്രധാന ഭാഗങ്ങള്‍.
ഹുദൈബിയ്യ
പ്രവാചക ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട സംഭവമാണ് ഹിജ്‌റ ആറാം വര്‍ഷം നടന്ന ഹുദൈബിയ്യ സന്ധി. ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തില്‍ പ്രവാചകനും 1500ഓളം വരുന്ന സഹാബികളും ഉംറ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തില്‍ മക്കയിലേക്ക് യാത്ര പുറപ്പെട്ടു. മുസ്ലിംകള്‍ മക്കയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ ഖുറൈശികള്‍ യുദ്ധത്തിനാണെന്നു കരുതി ഏറ്റുമുട്ടലിനു വേണ്ടി തയ്യാറായി. ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു കുതിരപ്പട വരുന്നുണ്ടെന്നു മനസ്സിലാക്കിയ പ്രവാചകന്‍ പ്രധാന വഴിയില്‍ നിന്ന് മാറി സഞ്ചരിച്ച് ഹുദൈബിയ്യ എന്ന സ്ഥലത്ത് തമ്പടിച്ചു.
യുദ്ധമുണ്ടാക്കുന്ന നാശനഷ്ടങ്ങളോര്‍ത്ത് ഖുറൈശികള്‍ പ്രവാചകന്റെ അടുക്കലേക്ക് പല പ്രാവശ്യം ദൂതന്മാരെ അയച്ചു. കഅ്ബ സന്ദര്‍ശനം മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിനു വന്നതല്ലെന്നും മുസ്‌ലിംകള്‍ അറിയിച്ചെങ്കിലും ഖുറൈശികള്‍ക്ക് വിശ്വാസമായില്ല.
തങ്ങള്‍ വരുന്നത് കഅ്ബ സന്ദര്‍ശനം ലക്ഷ്യമാക്കിയാണെന്ന് അറിയിക്കാന്‍ മുഹമ്മദ് നബി ഉസ്മാനെ(റ) ദൂതനായി മക്കയിലേക്ക് പറഞ്ഞയച്ചു. ഉസ്മാന്‍ മക്കയിലെ പ്രമുഖരെ കണ്ട് വിവരമറിയിച്ചെങ്കിലും പ്രവാചകനെ ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഖുറൈശികള്‍ പ്രതികരിച്ചു.
ഇതിനിടെ ദൂതനായി മക്കയിലേക്ക് പറഞ്ഞയച്ച ഉസ്മാനെ ഖുറൈശികള്‍ വധിച്ചെന്ന ഒരു വാര്‍ത്ത മുസ്‌ലിംകള്‍ക്കിടയില്‍ പരന്നു. ഇത് പ്രവാചകരെയും സഹാബികളെയും രോഷാകുലരാക്കി. ഉസ്മാന്റെ രക്തത്തിന് പകരം ചോദിക്കാതെ തിരിച്ചുപോവില്ലെന്നു പറഞ്ഞ് സഹാബിമാര്‍ പ്രവാചകന്റെ കൈ പിടിച്ച് ബൈഅത്ത് ചെയ്തു. ഇതാണ് ചരിത്രപ്രസിദ്ധമായ ബൈഅത്തുരിദ്‌വാന്‍.
സന്ധിയാണ് പരിഹാരം എന്നു മനസ്സിലാക്കിയ ഖുറൈശികള്‍ ചര്‍ച്ചകള്‍ക്കായി സുഹൈലുബ്‌നു അംറിനെ ചുമതലപ്പെടുത്തി. അങ്ങനെ സുഹൈല്‍ പ്രവാചകന്റെ അടുക്കല്‍ വരുകയും ഏറെ നേരം സന്ധിസംഭാഷണം നടത്തുകയും ചെയ്തു. കരാറിലെ പല തീരുമാനങ്ങളും പ്രത്യക്ഷത്തില്‍ തന്നെ മുസ്‌ലിംകളെ അപമാനിക്കുന്നതും ഏകപക്ഷീയവുമായിട്ടു കൂടി നബി കരാര്‍ അംഗീകരിച്ചു. സത്യം വിശ്വസിച്ചതിന്റെ പേരില്‍ എന്തിനിങ്ങനെ താഴ്ന്നുകൊടുക്കണമെന്ന് സഹാബിമാരില്‍ നിന്നടക്കം ഉമറിനെ പോലെയുള്ളവര്‍ പ്രതികരിച്ചെങ്കിലും അത് സ്വീകരിക്കുകയല്ല പ്രവാചകന്‍ ചെയ്തത്. കരാറിലെ പ്രധാന തീരുമാനങ്ങള്‍:
1. ഈ വര്‍ഷം മുഹമ്മദും അനുചരരും ഉംറ നിര്‍വഹിക്കാതെ തിരിച്ചുപോവണം. അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കാം.
2. വരുമ്പോള്‍ കൈയില്‍ വാളല്ലാതെ മറ്റൊന്നും ഉണ്ടാവാന്‍ പാടില്ല. ഖുറൈശികള്‍ മുസ്‌ലിംകള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കരുത്.
3. പത്തു വര്‍ഷത്തോളം ഇരുവിഭാഗവും തമ്മില്‍ യുദ്ധമോ യാതൊരുവിധ ഏറ്റുമുട്ടലുകളോ ഉണ്ടാവരുത്. ജനങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം.
4. ഇരുവര്‍ക്കും അവര്‍ ഉദ്ദേശിക്കുന്ന ഗോത്രവുമായി സഖ്യത്തില്‍ ഏര്‍പ്പെടാവുന്നതാണ്. സഖ്യകക്ഷികളെ ആക്രമിക്കല്‍ പരസ്പരം ആക്രമിക്കുന്നതിന് തുല്യമാണ്.
5. മുഹമ്മദിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്ക് പോയാല്‍ അവനെ അവിടെ കഴിയാന്‍ അനുവദിക്കണം.
6. ഖുറൈശികളുടെ ഭാഗത്തു നിന്ന് ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്ക് പോയാല്‍ അവനെ തിരിച്ചയക്കണം.
പ്രത്യക്ഷത്തില്‍ ഏകപക്ഷീയമായ കരാറുകളായിരുന്നുവെങ്കിലും ഇസ്‌ലാം വളര്‍ന്നു പന്തലിക്കുന്നതില്‍ ഹുദൈബിയ്യ വരുത്തിയ സ്വാധീനം ചെറുതല്ലായിരുന്നു. സന്ധിയിലൂടെ നാട്ടില്‍ നിലവില്‍ വന്ന സമാധാന സാഹചര്യം പരസ്പരം ബന്ധപ്പെടാനും മനസ്സിലാക്കാനുമുള്ള സാഹചര്യമൊരുക്കി. ധാരാളം ആളുകള്‍ ഇസ്‌ലാം പുല്‍കുകയും ചെയ്തു.
നജ്‌റാനിലെ
ക്രിസ്ത്യാനികളുമായുള്ള കരാര്‍
യമനിലെ നജ്‌റാനിലുള്ള ക്രിസ്ത്യന്‍ വിശ്വാസികളുമായി ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ ഉണ്ടായ കരാറാണിത്. നജ്‌റാനില്‍ നിന്നുള്ള ഒരു സംഘം ക്രിസ്ത്യാനികള്‍ പ്രവാചകനെ കാണാന്‍ മദീനയിലെത്തി. നബി(സ) അവര്‍ക്ക് ആതിഥ്യമരുളി. അവര്‍ അവരുടെയും പ്രവാചകന്‍ ഇസ്‌ലാമിന്റെയും വിശ്വാസ-ആചാരങ്ങളെക്കുറിച്ച് പരസ്പരം സംവദിച്ചു. ശേഷം അവരെ സംരക്ഷിക്കുമെന്നും ബുദ്ധിമുട്ടുകളില്ലാതെ അവരുടെ വിശ്വാസവുമായി ജീവിക്കുന്നതിന് യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്നും ജിസ്‌യ നല്‍കുന്നതില്‍ അവര്‍ക്ക് ഇളവ് അനുവദിച്ചും നബി അവരുമായി ധാരണയിലെത്തി.
രാജ്യത്ത് സമാധാനം പുലരാനും മറ്റു സമുദായങ്ങളുമായി സമാധാനപരമായ ബന്ധം കാത്തുസൂക്ഷിക്കാനുമുള്ള പ്രവാചകന്റെ താല്‍പര്യത്തെ പ്രകടമാക്കുന്നതായിരുന്നു നജ്‌റാന്‍ ഉടമ്പടി. പരസ്പര ബഹുമാനത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും പാഠങ്ങള്‍ക്ക് ഉദാഹരണമായി നജ്റാന്‍ ഇന്നും ചരിത്രത്തില്‍ നാഴികക്കല്ലായി നിലനില്‍ക്കുന്നു.
മാനുഷിക മൂല്യങ്ങളും
പ്രവാചകന്റെ
കരാറുകളും
മേല്‍ സൂചിപ്പിച്ച പ്രവാചകന്റെ കരാറുകളെല്ലാം പരിശോധിക്കുമ്പോള്‍ പ്രത്യക്ഷമായിത്തന്നെ അവ സമാധാന സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തവയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതിലുപരിയായി മാനുഷിക മൂല്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയും നബി ഇത്തരം കരാറുകളിലൂടെ പരിശ്രമിച്ചു. ആരാധനാ സ്വാതന്ത്ര്യം, നിര്‍ഭയത്വം, സുരക്ഷ, നീതി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവയായിരുന്നു വിവിധ സമയങ്ങളിലെ കരാറുകളിലെ നിബന്ധനകള്‍. റോം ചക്രവര്‍ത്തി ഖൈസര്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖിസ്‌റ, എത്യോപ്യന്‍ രാജാവ് നജ്ജാശി, ഈജിപ്ത്യന്‍ രാജാവ് മുഖൗഖിസ് തുടങ്ങി പ്രവാചകനുമായി നേരിട്ട് ഇടപെടുന്നതല്ലാത്ത സമൂഹങ്ങളിലേക്കും ഇത്തരം മൂല്യങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നബി കത്തുകള്‍ അയച്ചിട്ടുണ്ട്.
കേവലം ഭൗതികമായ സമാധാന സംരക്ഷണമോ സുരക്ഷയോ എന്നതിലുപരിയായി ബഹുസ്വര സമൂഹത്തില്‍ ഇതര സമുദായങ്ങളുമായുള്ള ഇടപാടുകളുടെ ഇസ്‌ലാമിക നിലപാടായാണ് പ്രവാചകന്റെ കരാറുകളെ വായിക്കേണ്ടത്.