പ്രവാചക ജീവിതത്തിന്റെ ചരിത്രപരത
ഡോ. ജാബിര്‍ അമാനി
വിമോചന-പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരും വിമര്‍ശനങ്ങള്‍ നേരിടാതെ കടന്നുപോയിട്ടില്ല. ജനനം മുതല്‍ മരണം വരെ പൂര്‍ണമായും ചരിത്രം കൃത്യമായി രേഖപ്പെടുത്തിയതാണ് മുഹമ്മദ് നബി(സ)യുടെ ജീവിതവും ദൗത്യവും. ചരിത്രസാക്ഷാത്കാരത്തിന്റെ സവിശേഷമായ ഒരു അസ്തിത്വം ലഭ്യമായിട്ടും പ്രവാചകന്‍, പരിഷ്‌കര്‍ത്താവ് തുടങ്ങി പല രംഗത്തും തല്‍പരകക്ഷികള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാചക വിമര്‍ശനങ്ങളുടെ ഊന്നലുകള്‍ മുഴുവന്‍ വ്യക്തിതലത്തിലല്ല, മറിച്ച്, പ്രവാചകത്വവുമായി ബന്ധപ്പെട്ടാണുള്ളത് എന്നതുതന്നെ തന്റെ വ്യക്തിത്വത്തിന്റെ മഹനീയത മാനവസമൂഹത്തെ ബോധ്യപ്പെടുത്തുന്നു.
മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വിശകലനവിധേയമാക്കുന്ന പാശ്ചാത്യ പഠനങ്ങള്‍ ഇങ്ങനെയാണ് വിലയിരുത്തിയത്: ”അദ്ദേഹത്തിന്റെ ആഗമനം മനുഷ്യ ചരിത്രത്തിന്റെ ദിശ തന്നെ മാറ്റിക്കളഞ്ഞു” (Man and his God by Homer W Smith, 389). ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍ തന്നെയാണ് മുഹമ്മദ് നബി(സ)യുടെ ജീവിതമെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വം, ചരിത്രപരത എന്നിവ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്.
പ്രവാചകനും പ്രവാചകത്വവും എന്നത് ഒരു മിത്താണെന്ന് അഭിപ്രായപ്പെട്ട ഓസ്ട്രിയന്‍ ഓറിയന്റലിസ്റ്റ് അലോയ്‌സ് സ്‌പ്രൈന്‍ഗര്‍ (1813-1993), ക്രൈസ്തവ മിഷനറി പ്രവര്‍ത്തകനായ സര്‍ വില്യം മൂര്‍, ഭൗതികവാദിയായ ഇബ്‌നു വര്‍റാഖ് (The Quest for the Histori cal Muhammed, New York, 2000) എന്നിവര്‍ ആധുനികരായ ചിലര്‍ മാത്രം. പ്രവാചക വിമര്‍ശന ചരിത്രം തന്നെ പഠനവിധേയമാക്കിയാല്‍ മാത്രം മതി, വിമര്‍ശനങ്ങള്‍ ഒന്നും വസ്തുതാപരമല്ലെന്നും കേവലം ചില അധരവ്യായാമങ്ങള്‍ മാത്രമാണെന്നും മനസ്സിലാകാന്‍. ഉദാഹരണമായി ക്രൈസ്തവ ദര്‍ശനങ്ങളെ പഠനവിധേയമാക്കിയ ഏണസ്റ്റ് റെനാന്‍ (1823- 1892) യേശുക്രിസ്തുവിന്റെ ചരിത്രപരത ചോദ്യം ചെയ്യുകയും മുഹമ്മദ് നബി(സ)യെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. (Ernst Renan, Muhammed and the Origins of Islam, New York).
പൂര്‍വ വേദങ്ങളുടെ മൗലിക സാരാംശങ്ങളും ക്രൈസ്തവ പണ്ഡിതരുടെ സന്ദേശങ്ങളും ചേര്‍ത്തുവെച്ച് പകര്‍ത്തെഴുത്ത് നടത്തിയതാണ് ഖുര്‍ആന്‍ എന്നത് പൊതുവായ ഒരു വെല്ലുവിളിയാണ്. താന്‍ പ്രവാചകനാണെന്ന് സമര്‍ഥിക്കുന്നതിനു വേണ്ടി കൃത്രിമമായി സൃഷ്ടിച്ചതാണ് പ്രവാചകത്വവാദം, മുഹമ്മദ് നബി(സ)യുടെ പ്രവാചക സന്ദേശങ്ങളെല്ലാം ബൈബിളിന്റെ വെളിപാടുകളുടെ ആവര്‍ത്തനം മാത്രമാണ് തുടങ്ങിയ ബാലിശ വാദങ്ങളാണ് വിമര്‍ശകര്‍ ഉന്നയിക്കാറുള്ളതെന്ന് പ്രാഥമിക വിശകലനത്തില്‍ നിന്നുതന്നെ ബോധ്യമാവും.
പ്രതീക്ഷിക്കപ്പെട്ട പ്രവാചകത്വം
പൂര്‍വ പ്രവാചകരുടെയും വേദഗ്രന്ഥങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഒരു അന്തിമ ദൂതന്റെ വരവിനെ ലോകം പ്രതീക്ഷിച്ചിരുന്നുവെന്ന് ഗ്രഹിക്കാന്‍ കഴിയും. ബൈബിളിലെ വചനങ്ങളിലും ഈ ആശയം സുവ്യക്തമാണ്. അബ്രഹാം പ്രവാചകന്റെ ദൗത്യകാലം മുതല്‍ ഇക്കാര്യം നമുക്ക് കാണാം. മോശെ പ്രവാചകന്‍ വന്ന സന്ദര്‍ഭത്തില്‍ പ്രബോധിതര്‍, ‘അദ്ദേഹമാണ് പ്രതീക്ഷിക്കുന്ന അന്തിമ ദൂതന്‍’ എന്നു സംശയിച്ചിട്ടുണ്ടെന്ന് വേദചരിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
”നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്റെ വചനങ്ങളെ അവന്റെ നാക്കിന്‍മേലാക്കും” എന്ന (ആവര്‍ത്തനം 18:18) പ്രഖ്യാപനത്തിന് സമാനമായ വചനങ്ങള്‍ പഴയ നിയമപുസ്തകത്തില്‍ കാണാം. മോശെ (മൂസാ നബി) പ്രവാചകനുശേഷം ഈസാ നബി വരെയുള്ള ഓരോ ദൂതനോടും തന്റെ അനുയായികള്‍ ‘നിങ്ങള്‍ മോശെയെപ്പോലുള്ള പ്രവാചകനാണോ’ എന്ന് അന്വേഷിച്ചിട്ടുണ്ടായിരുന്നു. ശേഷം ഈസാ നബി പോലും, താന്‍ ആ പ്രവാചകനല്ലെന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മറ്റൊരു പ്രവാചകനെ ലോകം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല, യേശുക്രിസ്തു തന്നെ തനിക്കു ശേഷം ഒരു സത്യാത്മാവ് വരാനുണ്ടെന്ന് സുവിശേഷം അറിയിക്കുക കൂടി ചെയ്തിട്ടുണ്ട്.
”ഇനിയും വളരെ നിങ്ങളോട് പറവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ അവ വഹിപ്പാന്‍ കഴിയില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും” (യോഹന്നാന്‍ 16:7,8).
യഹ്‌യാ (യോഹന്നാന്‍) പ്രവാചകനോട് ‘നിങ്ങള്‍ ആ പ്രവാചകനോ ഏലിയാസോ’ എന്ന് അന്വേഷിച്ചിരുന്നു. ചുരുക്കത്തില്‍ ഇസ്‌റാഈലി പ്രവാചകരോടും അല്ലാത്ത ദൈവദൂതരോടും അക്കാലഘട്ടത്തിലെ മനുഷ്യസമൂഹം പ്രതീക്ഷിക്കപ്പെടുന്ന ഒരു പ്രവാചകന്റെ സാന്നിധ്യം ശക്തമായി തേടിയിരുന്നുവെന്നത് മുഹമ്മദ് നബി(സ)യുടെ ചരിത്രപരതയ്ക്ക് സുവ്യക്തമായ തെളിവു കൂടിയാണ്. ലോകം ഒരു പ്രവാചകനെ പ്രതീക്ഷിക്കുകയാണ്. മുഹമ്മദ് നബി(സ) സ്വയം ഒരു പ്രവാചകനായി അവരോധിക്കപ്പെടുകയല്ല.
പാര്‍സികളുടെ വേദഗ്രന്ഥമായി പരിഗണിക്കുന്ന പഹ്‌ലവി ഭാഷയിലെ ‘ദസാത്തീര്‍’, ‘സെന്റ് അവസ്ത’, പുരാണമായ ‘ജപ്പാസി’ എന്നിവയിലും അറേബ്യയില്‍ വരാനിരിക്കുന്ന മുഹമ്മദ് നബിയുടെ ആഗമനത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട് (ദസാത്തീര്‍, അധ്യായം 14).
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ ആദ്യ ദിനം ക്രൈസ്തവ പണ്ഡിതനായിരുന്ന വറഖതുബ്‌നു നൗഫലിനോട് ഖദീജ(റ) വിവരം ധരിപ്പിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ തന്നെ അദ്ദേഹം മുഹമ്മദ് നബിയുടെ പ്രവാചകത്വം വസ്തുതാപരവും ചരിത്രയാഥാര്‍ഥ്യവുമാണെന്നു പ്രഖ്യാപിക്കുന്നത്, പൂര്‍വ വേദഗ്രന്ഥങ്ങളില്‍ കാണുന്ന അന്തിമ ദൂതനെക്കുറിച്ച സുവിശേഷ സന്ദേശങ്ങള്‍ കാരണമാണ്.
ഞാന്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍ മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കുമെന്ന് വറഖത്ത് പ്രഖ്യാപിച്ചുവെങ്കിലും ഉടനെ മരണപ്പെടുകയാണുണ്ടായത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം സത്യസന്ധമാണെന്ന് വറഖത്ത് അംഗീകരിക്കുന്നു. എന്നാല്‍ വറഖത്തുബ്‌നു നൗഫലില്‍ നിന്ന് പകര്‍ത്തെഴുതിയതാണ് ഖുര്‍ആന്‍ എന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് വിമര്‍ശകരും പ്രഖ്യാപിക്കുന്നു. യുക്തിപരവും വസ്തുതാപരവുമായി ഏതു പ്രസ്താവനയായിരിക്കും സത്യസന്ധമായിട്ടുള്ളത്?
ഖുര്‍ആന്‍ ഈ വസ്തുതകളെ അനാവരണം ചെയ്തിട്ടുണ്ട്. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥനകളില്‍ ഒന്ന് ഒരു പ്രവാചകന്റെ നിയോഗത്തിനുള്ള താല്‍പര്യമായിരുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍, പൂര്‍വ വേദഗ്രന്ഥങ്ങള്‍ സുവിശേഷം അറിയിച്ച പ്രവാചകനാണ് അദ്ദേഹം എന്നും രേഖപ്പെടുത്തിയത്, ലോകം പ്രതീക്ഷിച്ചിരുന്ന ഒരു പ്രവാചകത്വമാണ് മുഹമ്മദ് നബി(സ)യുടേതെന്നതിന് ചരിത്രപരമായി അടിവരയിടുന്നുണ്ട്.
”ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (ഖുര്‍ആന്‍ 2:129, 61:6).
”നബിയേ, താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിനു മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രേ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചത് അനുസരിച്ച് വിധി കല്‍പിക്കുക…” (5:48).
പൂര്‍വ വേദങ്ങള്‍ മൗനം
പാലിക്കുന്ന സന്ദേശങ്ങള്‍
ഒരു ഗ്രന്ഥത്തെ പൂര്‍ണമായി പകര്‍ത്തിയെഴുതിയാല്‍ ആവര്‍ത്തനം മാത്രമായിരിക്കും കാണാനാവുക. എന്നാല്‍ ഖുര്‍ആന്‍ പൂര്‍ണമായ പകര്‍പ്പെഴുത്തല്ലെന്നും ഭാഗികമായി മാത്രം പൂര്‍വ വേദഗ്രന്ഥങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും ഉന്നയിക്കുന്നതുതന്നെ പരമാബദ്ധമാണ്. കാരണം, കേവലം എണ്ണിയെടുക്കാവുന്ന മൗലിക സത്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ പൂര്‍വ വേദഗ്രന്ഥസ്വാധീനം കണ്ടെത്താനാവില്ല. മാത്രവുമല്ല, പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ലോകം ഒരു നിലയ്ക്കും കണ്ടെത്തിയിട്ടില്ലാത്തതും പില്‍ക്കാലത്ത് ശാസ്ത്രലോകം കണ്ടെത്തിയതുമായ ചില ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളും പ്രവചനങ്ങളും ധാര്‍മിക ജീവിതത്തിനുള്ള സന്ദേശങ്ങളും കാലാതിവര്‍ത്തിയായ ആദര്‍ശങ്ങളും ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം ലോകം ദര്‍ശിച്ച ശാസ്ത്രീയ പരാമര്‍ശങ്ങള്‍ എവിടെ നിന്നാണ് നിരക്ഷരനായ ഒരു പ്രവാചകന് ലഭ്യമാവുക? നൂറ്റാണ്ടുകളും നാഗരികതകളും ഇളകിമറിഞ്ഞിട്ടും ശബളിമ വറ്റാതെ നിലനില്‍ക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ അധാര്‍മികതയുടെ അപ്പോസ്തലന്മാരാല്‍ നയിക്കപ്പെട്ട ഒരു സമൂഹത്തിലെ ഏത് പ്രമുഖനില്‍ നിന്നാണ് ഒളിച്ചുകടത്തിയിട്ടുണ്ടാവുക? (ഖുര്‍ആന്‍ 25:53, 24:40, 21:31, 10:61, 36:38, 21:36, 51:47, 21:30, 39:6-23, 67:13, 53:45, 39:5, 25:61, 16:69, 27:17-18…).
ഒരു വ്യക്തിയുടെ സന്ദേശങ്ങളോ ഒരു ഗ്രന്ഥത്തിലെ ആശയങ്ങളോ പകര്‍ത്തിയെടുത്ത് തന്റെ സന്ദേശമായി ഒരു ഗ്രന്ഥം ഒരാള്‍ അവതരിപ്പിക്കുമ്പോള്‍, സ്വാഭാവികമായും തന്നെക്കുറിച്ച വ്യക്തിവിമര്‍ശനങ്ങളും സമീപനങ്ങളിലെ വീഴ്ചകളും എങ്ങനെയാണ് ദീര്‍ഘവീക്ഷണമുള്ള ഒരാള്‍ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുക? വിശുദ്ധ ഖുര്‍ആനിലെ പ്രവാചകന്‍ മുഹമ്മദ് നബിയെ തിരുത്തുന്നതും സമീപന വീഴ്ചകളെ തിരുത്തുന്നതുമായ വചനങ്ങള്‍ നടേ സൂചിപ്പിച്ച കാര്യങ്ങളില്‍ നമുക്ക് ഉള്‍ക്കാഴ്ച പകരുന്നു. ഓരോ പ്രവാചക വിമര്‍ശനവചനവും പകര്‍ത്തെഴുത്തെന്ന വാദമുഖത്തെ നിഷ്‌കാസനം ചെയ്യുന്നവയാണ് (ഉദാ: 4:105, 9:43, 3:128, 9:84, 80:110…).
പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ക്രൈസ്തവ-ജൂതപണ്ഡിതരില്‍ നിന്നോ പൂര്‍വ വേദഗ്രന്ഥങ്ങളില്‍ നിന്നോ പകര്‍ത്തിയെഴുതിയതോ പഠിച്ചെടുത്ത് അവതരിപ്പിച്ചതോ ആണ് മുഹമ്മദ് നബിയുടെ സന്ദേശമെങ്കില്‍
1) അത്തരം വേദഗ്രന്ഥങ്ങളിലെ ചരിത്ര പരാമര്‍ശങ്ങളില്‍ പലതിന്റെയും വിരുദ്ധ കാര്യമോ വ്യത്യസ്ത പരാമര്‍ശങ്ങളോ വന്നത് എങ്ങനെയാണ്?
2) പ്രസ്തുത വേദഗ്രന്ഥങ്ങളില്‍ സൂക്ഷ്മമായി പോലും പ്രതിപാദിക്കാത്ത ചരിത്രം, ധര്‍മം, ആചാര സമീപനങ്ങള്‍, വിശ്വാസ-കര്‍മകാര്യങ്ങള്‍ എങ്ങനെയാണ് ഖുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും വന്നുചേര്‍ന്നത്?
3) ധാരാളം ക്രൈസ്തവ-ജൂത പണ്ഡിതന്മാര്‍ പ്രവാചകനെ പിന്‍പറ്റി മുസ്‌ലിമായിട്ടുണ്ട്. സ്വന്തം വേദഗ്രന്ഥങ്ങള്‍ കോപ്പിയടിച്ച ഒരു വ്യക്തിയെ സ്വാഭാവികമായും സല്‍സ്വഭാവിയായി കാണാനോ അദ്ദേഹത്തെ പിന്‍പറ്റി ജീവിതം ക്രമീകരിക്കാനോ സാമാന്യബോധമുള്ളവര്‍ തയ്യാറാകുമോ?
4) മുന്‍ വേദഗ്രന്ഥങ്ങളില്‍ കടത്തിക്കൂട്ടിയ വിശ്വാസ-അനുഷ്ഠാന മേഖലകളിലെ പൗരോഹിത്യ വചനങ്ങളെയും ആദര്‍ശത്തെയും (ത്രിത്വം) ശക്തമായ ഭാഷയില്‍ പ്രവാചകന്‍ ചോദ്യം ചെയ്യുന്നു. നരകവഴിയായി പ്രഖ്യാപിക്കുന്നു. കോപ്പിയടിക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ അസ്തിത്വം തന്നെ ഒരാള്‍ ചോദ്യം ചെയ്യുന്നത് എങ്ങനെ?
5) പ്രവാചകന്‍ പൂര്‍വ വേദഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതിയതാണെന്ന് അദ്ദേഹത്തിന്റെ സമകാലത്ത് പ്രമുഖരായ ജൂത-ക്രൈസ്തവരാരും ഒരു ആരോപണമായി ഉന്നയിക്കാത്തത് എന്തുകൊണ്ട്?
6) പ്രവാചകന്‍ ചെയ്ത കാര്യങ്ങള്‍ എന്താണെന്ന് സുവ്യക്തമായി തെളിയിക്കാനോ ഇന്നയിന്ന ഭാഗങ്ങളാണ് പകര്‍ത്തിയെഴുതിയതെന്ന് പറയാനോ ഇന്നേവരെ ആര്‍ക്കും സാധ്യമായിട്ടുമില്ല.
നടേ സൂചിപ്പിച്ച പോലുള്ള ഒട്ടേറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആരോപകരുടെ മുമ്പിലുണ്ട്. വിമര്‍ശനങ്ങള്‍ കേവലം സങ്കുചിത താല്‍പര്യങ്ങളുടെ ഭാഗമായി രൂപപ്പെട്ടതാണെന്ന് ബോധ്യപ്പെടാന്‍ വിമര്‍ശകരുടെ നിസ്സഹായാവസ്ഥ തന്നെ ധാരാളമാണ്.
മുഹമ്മദ് നബി(സ)യുടെ ജീവിതവും സന്ദേശവും ലോകത്ത് സ്വീകാര്യത നേടുകയും മാനവതയുടെ പ്രതിസന്ധികള്‍ക്ക് ആത്യന്തിക പരിഹാരമായി ഇസ്‌ലാമിക ജീവിതദര്‍ശനത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ അനിവാര്യത ലോകം ഓരോ കാലഘട്ടത്തിലും വ്യക്തമായി കാണുകയും ചെയ്യുകയാണ്. ഒരു ദൈവിക ദര്‍ശനമെന്ന നിലയ്ക്കുള്ള സ്വീകാര്യതയും സവിശേഷതയും കൊണ്ട് രൂപപ്പെടുന്ന അപ്രസക്തമായ ആരോപണങ്ങള്‍ മാത്രമാണ് നബിനിന്ദയുടെ ചരിത്രത്തിലും വര്‍ത്തമാനങ്ങളിലും നാം കാണുന്നത്. കാരണം, പ്രവാചകന്‍ പ്രവാചകത്വം ആഗ്രഹിച്ച് സ്വയം പ്രഖ്യാപിച്ചതല്ല. ”നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് നീ ആഗ്രഹിച്ചിരുന്നില്ല. നിന്റെ രക്ഷിതാവില്‍ നിന്നുള്ള കാരുണ്യത്താല്‍ അത് നിനക്ക് ലഭിച്ചുവെന്നു മാത്രം” (ഖുര്‍ആന്‍ 28:86).
ദൈവികമായി ലഭിച്ചതാണ് ഖുര്‍ആനും പ്രവാചകത്വവും. അതിനാല്‍ അവയുടെ സംരക്ഷണവും നിലനില്‍പും ഏത് പ്രതിസന്ധികളെയും തരണം ചെയ്തു മുന്നോട്ടുപോകാനുള്ള അനുഗ്രഹാവസ്ഥയും സ്രഷ്ടാവ് നല്‍കുന്നതായിരിക്കും.
”അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പുര്‍ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും” (ഖുര്‍ആന്‍ 9:32).