8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പ്രതിസന്ധികളാണ് എന്നെ പ്രചോദിപ്പിച്ചത്‌

മുഹമ്മദ് അലി ശിഹാബ് ഐ എ എസ് / ഡാനിഷ് കെ ഇസെഡ്‌


നാഗാലാന്റില്‍ ഐ ടി, ഇലക്‌ട്രോണിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അലി ശിഹാബ് ഐ എ എസ് തന്റെ കരിയര്‍ അനുഭവങ്ങള്‍ ശബാബുമായി പങ്കുവെക്കുന്നു. കാല്‍ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ വിരലറ്റം പുസ്തകത്തിന്റെ രചയിതാവാണ്.

? താങ്കള്‍, ഇപ്പോള്‍ വഹിക്കുന്ന ഉദ്യോഗപദവി? ഇതിലേക്ക് എത്തിയ നാള്‍വഴികള്‍ ഒന്ന് സംക്ഷിപ്തമായി വിവരിക്കാമോ.
29-ാമത്തെ വയസ്സിലാണ് (2009ല്‍) ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. 2011ലാണ് ഐഎഎസില്‍ പ്രവേശിച്ചത്. നാഗാലാന്റിലെ ദിമാപൂര്‍ ജില്ലയുടെ അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായാണ് സര്‍വീസ് ആരംഭിച്ചത്. പിറ്റേ വര്‍ഷം കൊഹിമ ജില്ലയിലെ സുബ്‌സ സബ് ഡിവിഷന്റെ സബ് കലക്ടറായി ചുമതലയേറ്റു. അഡീഷണല്‍ കലക്ടര്‍, ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി, IFAD (International Fund for Agricultural Development) പ്രൊജക്ട് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2017 നവംബര്‍ 23നാണ് ആദ്യമായി ഒരു ജില്ലയുടെ കലക്ടര്‍ ആയത്. അയല്‍ രാജ്യമായ മ്യാന്മറിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കിഫിരെ (ഗശുവശൃശ) ജില്ലയുടെ ചുമതലയാണ് ആദ്യമായി ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന 120 ജില്ലകളില്‍ ഒന്നായിരുന്നു കിഫിരെ. പിന്നീട് നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമ, തുവന്‍സാങ് എന്നീ ജില്ലകളുടെ കലക്ടറായും ചുമതലയേറ്റു. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഐ ടി, ഇകണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.

? നാഗാലാന്റ് കേഡറാണല്ലോ താങ്കള്‍ക്ക് ലഭിച്ചത്. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി നാഗാലാന്‍ഡില്‍ ഒരു ഐഎഎസ് ഓഫീസറുടെ വെല്ലുവിളികളും സാധ്യതകളും എത്രത്തോളമാണ്.
നാഗാലാന്റിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ചുമതലകള്‍ പൊതുവേ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. കേരളത്തെപ്പോലെ നിഖില മേഖലകളിലും വികസനം കൈവരിച്ച ഒരു സംസ്ഥാനമല്ല നാഗാലാന്റ്. നാഗാലാന്റ് എന്നത് നിരവധി ഗോത്രങ്ങളുടെയും ഉപഗോത്രങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമസ്ഥാനമാണ്. ഗോത്രങ്ങള്‍ക്കിടയിലെ ഭിന്നതയും പ്രശ്‌നങ്ങളുമാണ് നാഗാലാന്റ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലൊന്ന്. 18-ഓളം ഗോത്രങ്ങള്‍ സംസ്ഥാനത്ത് അധിവസിക്കുന്നുണ്ട്.
ഈ ഗോത്രങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അനുനയത്തിലൂടെ പരിഹരിച്ച് ക്രമസമാധാനം നിലനിര്‍ത്തുകയെന്നതാണ് സംസ്ഥാനത്തെ കലക്ടര്‍മാരുടെ പ്രധാന ഉത്തരവാദിത്തം. നാഗാലാന്റിലെ പല പ്രദേശങ്ങളും മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നതാണ്. പല ഗ്രാമങ്ങളും വിദൂരവും ഒറ്റപ്പെട്ടു നില്‍ക്കുന്നവയുമാണ്. കൂടാതെ നാഗാ വിഭജനവാദം പോലെയുള്ള പ്രാദേശിക വാദങ്ങള്‍ നാഗാലാന്റിനെ വികസനകാര്യത്തില്‍ കൂടുതല്‍ പിന്നോട്ടടിപ്പിച്ചു.
ഈ കാരണങ്ങള്‍ കൊണ്ടെല്ലാം ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളാണ് നാഗാലാന്റിലെ ഭൂരിഭാഗവും, വിശിഷ്യാ ഗ്രാമങ്ങള്‍. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന നാഗാ ജനതയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമാണെങ്കിലും ആ ദൗത്യം തന്നെയാണ് ഏറ്റവും വലിയ ജനസേവനം. ഒരുപക്ഷേ കേരളത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ സേവനങ്ങള്‍ നമുക്ക് നാഗാലാന്റില്‍ ചെയ്യാന്‍ സാധിക്കും.

? നാഗാലാന്റുകാരുടെ ഭാഷ ഏതാണ്.
നാഗാലാന്റ് വലുതും ചെറുതുമായ നിരവധി ഗോത്രങ്ങളുടെ നാടാണ്. ഓരോ ഗോത്രക്കാര്‍ക്കും അവരുടേതായ ലോക്കല്‍ ഭാഷയുണ്ട്. ഓരോ ഗോത്രങ്ങള്‍ക്കും പ്രത്യേകമായ ഭാഷയുണ്ടെങ്കിലും അവ ഓരോന്നിനും വ്യത്യസ്തമായ വാമൊഴികളുണ്ട്. എന്നാലും വ്യത്യസ്ത ഗോത്രങ്ങളിലുള്ളവര്‍ ആശയകൈമാറ്റത്തിനു വേണ്ടി ഇംഗ്ലീഷ്, നാഗാമീസ് ഭാഷകള്‍ ഉപയോഗിച്ചുവരുന്നു. ഇംഗ്ലീഷ് നാഗാലാന്റിന്റെ ഔദ്യോഗിക ഭാഷ കൂടിയാണ്. അസമീസ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളുടെ മിശ്രിതമാണ് നാഗാമീസ്. അതിനു പ്രത്യേക ലിപിയൊന്നുമില്ല. ഇംഗ്ലീഷ് ലിപിയാണ് നാഗാമീസ് ഭാഷയില്‍ ഉപയോഗിക്കുന്നത്.

? താങ്കളുടെ ആത്മകഥയായ ‘വിരലറ്റം’ ഏറെ ജനശ്രദ്ധനേടി. ഒരുപാട് യുവമനസ്സുകള്‍ക്ക് പ്രചോദനമേകാന്‍ സാധിച്ചു. എന്ത് തോന്നുന്നു.
‘വിരലറ്റം’ പ്രസിദ്ധീകരിച്ചിട്ട് ഏകദേശം അഞ്ചു വര്‍ഷമായി. ഇതിനോടകം 12 എഡിഷനുകളിലായി 25,000 ഓളം കോപ്പികള്‍ പുറത്തിറങ്ങി. ഫാറൂഖ് കോളജിലെ ബിരുദം മൂന്നാം സെമസ്റ്റര്‍ മലയാളം പാഠപുസ്തകത്തില്‍ ‘വിരലറ്റ’ ത്തിലെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ അനുഭവങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്.
മനസ്സില്‍ പല ലക്ഷ്യങ്ങളോടു കൂടിയായിരുന്നു ‘വിരലറ്റം’ എഴുതാന്‍ ആരംഭിച്ചത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം പ്രതീക്ഷക്ക് വകയില്ലാത്തവര്‍ക്കും പ്രതീക്ഷ നല്‍കുക എന്നതായിരുന്നു. ജീവിതം മുറിഞ്ഞുപോയവര്‍, അനാഥര്‍, അഗതികള്‍, നിരാലംബര്‍ തുടങ്ങിയ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്കും ആഗ്രഹിച്ചത് നേടിയെടുക്കാവുന്നതേയുള്ളൂ എന്ന സ്ഥൈര്യവും ഊര്‍ജവും നല്‍കാന്‍ ഈ പുസ്തകത്തിനു സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നാടും പുഴയും വയലുകളും ജീവജാലങ്ങളും ഇടപഴകിയ മനുഷ്യരും മറ്റു ജീവിത ചുറ്റുപാടുകളും തുടങ്ങി ജീവിതത്തിലെ ജൈവികത ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. പ്രകൃതിയോട് ഇണങ്ങിയാവണം നമ്മുടെ ജീവിതം എന്ന ആശയം ഈ കൃതിയിലൂടെ മുന്നോട്ടുവെക്കുന്നു.

? മുഹമ്മദലി ശിഹാബ് എന്ന അതിസാധാരണ ചെറുപ്പക്കാരന്‍ ഐ എ എസുകാരന്‍ ആയതില്‍ ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് എത്രത്തോളം സ്ഥാനമുണ്ട്.
നിരവധി കയറ്റിറക്കങ്ങള്‍ നിറഞ്ഞതാണ് എന്റെ ജീവിതം. കഴിഞ്ഞ 43 വര്‍ഷത്തെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഒരിക്കലും ചേരാന്‍ സാധ്യതയില്ലാത്ത പല കണ്ണികളും ഇഴചേര്‍ന്നതായി കാണാം. അത് ദൈവത്തിന്റെ അപാരമായ കാരുണ്യമാണ്. 11-ാം വയസ്സ് വരെ പഠനത്തോടോ ജീവിതത്തോടോ യാതൊരു ഗൗരവവും കാണിക്കാത്ത എന്റെ ജീവിതത്തിലേക്ക് ഉപ്പയുടെ അപ്രതീക്ഷിതമായ മരണമെന്ന ദൈവിക വിധി കടന്നുവന്നു. ദാരിദ്ര്യവും ബാല്യത്തിലെ തന്നെ പിതാവിന്റെ വിയോഗവും തുടര്‍ജീവിതം യത്തീംഖാനയിലേക്ക് പറിച്ചുനട്ടതും ദൈവത്തിന്റെ വിധി തന്നെ.
എന്നാല്‍ നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന ഇത്തരം ദൈവിക വിധികളിലും അതിലെ അനന്തര ഫലങ്ങളിലും ദൈവത്തിന്റെ അനുഗ്രഹങ്ങളുണ്ടാകുന്നതായി കാണാം. പ്രതിസന്ധി കളെ തരണം ചെയ്തു മുന്നോട്ടു പോയപ്പോള്‍ നിരവധി അനുഗ്രഹങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായി.
ഇരുപതോളം പിഎസ്‌സി നിയമന ഉത്തരവുകള്‍ ലഭിച്ചതും, അവസാനം സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം നേടിയെടുത്തതുമെല്ലാം ഇവയില്‍ ചിലത്. ”നിങ്ങള്‍ ദോഷമാണെന്ന് കരുതുന്നത് യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം എന്റെ ജീവിതത്തില്‍ പുലര്‍ന്നപോലെ.

? ചുരുങ്ങിയ ലീവിനു നാട്ടില്‍ വരുമ്പോഴും നാട്ടിലെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും ഇളംതലമുറയെ പ്രചോദിപ്പിക്കാനും സമയം കണ്ടെത്തുന്നു. മടുപ്പ് തോന്നാറില്ലേ.
ABC of the Success is Awareness, Belief & Commitment. നമ്മുടെ നാട്ടില്‍ സിവില്‍ സര്‍വീസ് പരീക്ഷയെപ്പറ്റിയുള്ള അവബോധം (Awareness) പൊതുവെ കുറവാണ്. മാത്രമല്ല, സിവില്‍ സര്‍വീസ് പോലുള്ള ഉയര്‍ന്ന തസ്തികകളില്‍ എത്തിയ ആളുകള്‍ നമ്മുടെ പ്രദേശത്ത് കുറവായതുകൊണ്ടു തന്നെ ഈ അവബോധം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം ഞാന്‍ അടക്കമുള്ള ആളുകള്‍ക്കുണ്ട്. ഇത് ഞാന്‍ ചെയ്യുന്ന ഒരു ഔദാര്യമല്ല, മറിച്ച്, എന്നില്‍ അര്‍പ്പിതമായ സാമൂഹിക ബാധ്യതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ യാതൊരു മടുപ്പുമില്ല.
ഞാന്‍ സിവില്‍ സര്‍വീസിനു പരിശ്രമിക്കുന്ന കാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നു എന്നത് ഒരുപാട് സന്തോഷം നല്‍കുന്നു. ഭാവിയില്‍ നമ്മുടെ നാട്ടില്‍ നിന്ന് കൂടുതല്‍ പേര്‍ ഉയര്‍ന്ന സര്‍വീസില്‍ എത്തുമ്പോള്‍ ഇപ്പോഴുള്ള ഞങ്ങളുടെ തിരക്കുകള്‍ കുറയുമെന്ന് വിചാരിക്കുന്നു.

? ഇതര ജോലികളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതം 24 മണിക്കൂറാണല്ലോ. വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ.
നമ്മുടെ ജോലിയും കുടുംബജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ സാധിക്കുമ്പോഴേ ജീവിതം വിജയകരമാവൂ. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് ജോലിഭാരമുണ്ട്. എന്നുവെച്ച് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്നര്‍ഥമില്ല. ജോലിത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ബോധപൂര്‍വം പരിശ്രമിക്കേണ്ടതുണ്ട്. 12 വര്‍ഷമായുള്ള എന്റെ സര്‍വീസ് ജീവിതത്തിന്റെ തുടക്കത്തില്‍ ഭാരിച്ച തിരക്കുകള്‍ക്കിടയില്‍ പല പ്രയാസങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. അക്കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഒഴിവുസമയം കൂടുതല്‍ കിട്ടാറുണ്ട്.
? സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന യുവതലമുറയോട് എന്താണ് പറയാനുള്ളത്.
സിവില്‍ സര്‍വീസ് എന്നത് ഒരു ജോലി മാത്രമല്ല, സാമൂഹിക സേവനം എന്ന നിലയില്‍ കൂടി കാണേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഈ കരിയറിലേക്ക് വരുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധത കൂടി ആവശ്യമാണ്. മുന്‍ തലമുറയിലുള്ളവര്‍ കൂടുതലായും സമൂഹവുമായി ഇണങ്ങുന്ന ജീവിതശൈലിയാണ് പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടുതന്നെ അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാന്‍ അവരുടെ അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു.
എന്നാല്‍ ഇന്നത്തെ തലമുറ അങ്ങനെയല്ല. സമൂഹവുമായുള്ള അവരുടെ ഇടപെടല്‍ വളരെ കുറവാണ്. ജീവിതത്തിന്റെ സിംഹഭാഗവും അവര്‍ ചെലവഴിക്കുന്നത് ഡിജിറ്റല്‍ ലോകത്തോ സോഷ്യല്‍ മീഡിയയിലോ ആണ്. അതുകൊണ്ടുതന്നെ ജീവിതാനുഭവങ്ങളില്‍ നിന്ന് മാനുഷിക മൂല്യങ്ങള്‍ പഠിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നില്ല. ഈ വിടവ് നികത്തേണ്ടതുണ്ട്.
ധാര്‍മികതയുടെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ അവരും പഠിക്കേണ്ടതുണ്ട്. അതിനു സാഹചര്യങ്ങളും അവസരങ്ങളും സമൂഹം സൃഷ്ടിക്കേണ്ടതുണ്ട്. ജീവിതത്തില്‍ ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലാക്കി വലിയ ഉയരങ്ങളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ യുവതലമുറയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x