ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധി ഇസ്‌റാഈല്‍ അധിനിവേശമാണെന്ന് ഖത്തര്‍

ലോകത്തെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധികളിലൊന്ന് ഇസ്‌റാഈല്‍ ഫലസ്തീന് മേല്‍ നടത്തുന്ന അധിനിവേശമാണെന്ന് ഖത്തര്‍. യു എന്നിന്റെ 49-ാമത് മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവേ ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍താനിയാണ് ഇക്കാര്യം പറഞ്ഞത്. ഫലസ്തീനിലെയും അറബ് നാടുകളിലെയും ഇസ്‌റാഈല്‍ അധിനിവേശം ചരിത്രം മറികടന്ന കൊളോണിയല്‍ അധിനിവേശത്തിന്റെ മാതൃകയെയാണ് പ്രതിനിധീകരിക്കുന്നത്. ഫലസ്തീനികളുടെ ഭൂമിയും അവകാശങ്ങളും പിടിച്ചെടുക്കുകയും, ലംഘിക്കുകയും ചെയ്യുന്ന ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന് ഫലസ്തീനികളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കല്‍, അനധികൃത സെറ്റില്‍മെന്റുകളുടെ നിര്‍നാണം തുടങ്ങി അവര്‍ നടത്തിയ ലംഘനങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപ്തി കണക്കിലെടുത്താല്‍ മനസ്സിലാകും. ഫലസ്തീന്‍ ഭൂമിയിലെ ഇസ്‌റാഈല്‍ അധിനിവേശം മേഖലയില്‍ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സാധ്യതകളെ നശിപ്പിക്കുകയാണെന്നും അല്‍താനി പറഞ്ഞു. ഫലസ്തീനികള്‍ക്ക് നിയമാനുസൃതമായ എല്ലാ അവകാശങ്ങളും നേടുന്നതിന് നടപടികള്‍ കൈക്കൊള്ളാനും നടപടിയെടുക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
