പരാജയം പ്രതിപക്ഷത്തിന് പാഠമാകണം
ആളും ആരവവും നിറഞ്ഞ പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ നടന്ന പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. ഒപ്പം പശ്ചിമബംഗാള്‍ അടക്കമുള്ള മറ്റു നാലു സംസ്ഥാനങ്ങളിലേയും. കേരളപ്പിറവിക്കു ശേഷം ആദ്യമായി ഒരു മുന്നണിക്ക് അധികാരത്തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടാണ് ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്. അതും ഭരണവിരുദ്ധ തരംഗം സാമാന്യം നല്ല രീതിയില്‍ പ്രതിഫലിക്കാറുള്ള കേരള രാഷ്ട്രീയത്തില്‍ നിലവിലുള്ളതിനേക്കാള്‍ മികച്ച ഭൂരിപക്ഷവുമായി ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്ന പ്രത്യേകതയോടെ. ഇടതുപക്ഷത്തിനും മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിനും അഭിമാനിക്കാവുന്ന ജനവിധി തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം. അതേസമയം തന്നെ മാറിമാറി അധികാരത്തില്‍ വരുന്ന കീഴ്‌വഴക്കം എന്തുകൊണ്ട് ഇത്തവണ അട്ടിമറിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് ആത്മപരിശോധന നടത്താനും ഈ ജനവിധി അവസരം ഒരുക്കുന്നുണ്ട്.
അഴിമതി ആരോപണങ്ങളുടെയും സ്വജന പക്ഷപാതത്തിന്റെയും സുനാമിയാണ് അവസാന മാസങ്ങളില്‍ ഇടതു സര്‍ക്കാറിന് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനെയെല്ലാം അതിജയിക്കുന്ന ഫലം ജനവിധിയിലൂടെ പുറത്തുവന്നതില്‍ ഇടതുപക്ഷം നടപ്പാക്കിയ സാമൂഹ്യ പ്രതിബദ്ധതയുള്ള ചില ഭരണ നടപടികള്‍ക്ക് നല്ല രീതിയില്‍ പങ്കുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, പ്രളയ, കോവിഡ് കാലങ്ങളിലെ സൗജന്യ ഭക്ഷ്യകിറ്റ് എന്നിവ ഉദാഹരണം. രാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാത്ത കേരളത്തിലെ സാമാന്യ ജനങ്ങളെയും വീട്ടമ്മമാരേയും സ്വാധീനിക്കാന്‍ ഈ നീക്കങ്ങള്‍ക്ക് കഴിഞ്ഞുവെന്നു വേണം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി നേടിയ വിജയത്തെ കാണാന്‍. എന്നാല്‍ കിറ്റില്‍ മാത്രം ചാരി ഇടതുമുന്നണിയുടെ വിജയത്തെ ന്യായീകരിക്കാന്‍ യു ഡി എഫിനു കഴിയില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിലുണ്ടായ ദൗര്‍ബല്യവും ഈ തോല്‍വിയില്‍ വലിയ ഘടകമാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിനു ശേഷമാണ് രണ്ടു വര്‍ഷത്തിനിടെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതിന്റെ കാര്യകാരണങ്ങളെ ഇഴകീറി പരിശോധിച്ചെങ്കില്‍ മാത്രമേ ഇനി മലയാളിയുടെ മനസ്സിലെ അവശേഷിക്കുന്ന തുരുത്തിലെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയൂ. കോണ്‍ഗ്രസ് മുക്ത കേരളം എന്ന സംഘ്പരിവാര്‍ ലക്ഷ്യത്തിന് ഈ തെരഞ്ഞെടുപ്പ് ഫലം നേരിട്ടോ അല്ലാതെയോ ഗതിവേഗം പകരാന്‍ ഇടയുണ്ട്. അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസിനൊപ്പം മുസ്‌ലിംലീഗ് അടക്കമുള്ള സഖ്യ കക്ഷികള്‍ക്കും ഈ ജനവിധിയില്‍ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. 18 ല്‍ നിന്ന് 15 ആയാണ് മുസ്‌ലിംലീഗിന്റെ അംഗബലം കുറഞ്ഞത്. അഞ്ചു വര്‍ഷ ഇടവേളയില്‍ കോണ്‍ഗ്രസ് അടങ്ങുന്ന യു ഡി എഫ് സഖ്യത്തിന്റെ ഭാഗമായി അധികാരത്തില്‍ എത്താറുള്ള മുസ്‌ലിംലീഗ്, എത്രയൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും രാഷ്ട്രീയ, ഭരണ തലങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കുന്നതില്‍ നിര്‍ണായക ഘടകമാണ്. തുടര്‍ച്ചയായ പത്തുവര്‍ഷം മുസ്‌ലിം ലീഗ് അധികാരത്തിനു പുറത്തിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം പ്രാതിനിധ്യം കൂടിയാണ്. അഞ്ചാം മന്ത്രിയുടെ പേരില്‍ വാളെടുത്തവര്‍ ഈ കുറവ് നികത്താനുള്ള ആര്‍ജ്ജവം കൂടി കാട്ടേണ്ടിയിരിക്കുന്നു.
സര്‍വ തന്ത്രങ്ങളും പയറ്റിയിട്ടും പശ്ചിമബംഗാള്‍ ബി ജെ പിയുടെ ചൊല്‍പ്പിടിയില്‍ ഒതുങ്ങിയില്ല എന്നതും തമിഴ്‌നാട്ടിലെ ഡി എം കെ സഖ്യത്തിന്റെ വിജയവും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. മൂന്നരപ്പതിറ്റാണ്ടിലെ ഇടതു ഭരണം സമ്മാനിച്ച ബംഗാള്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയില്‍ മമതയുടെ ഭരണവും ഒരു മാറ്റവും വരുത്തിയിട്ടില്ല. എങ്കിലും ബി ജെ പിയുടെയത്ര ശക്തമായ ന്യൂനപക്ഷ വിരുദ്ധതയിലേക്ക് ബംഗാള്‍ എടുത്തെറിയപ്പെടില്ലെന്ന് മാത്രം ആശ്വസിക്കാം. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച മുസ്്‌ലിം ലീഗിന് 2016ല്‍ ആകെ ലഭിച്ച കടയനല്ലൂര്‍ സീറ്റു കൂടെ ഇത്തവണ നഷ്ടമായിരിക്കുകയാണ്. എങ്കിലും മുസ്‌ലിം ന്യൂനപക്ഷങ്ങളോട് എല്ലാ കാലത്തും സഹൃദയ മനോഭാവം പുലര്‍ത്തുന്ന ഡി എം കെയുടെ വരവ് നല്‍കുന്ന ആശ്വാസം ചെറുതല്ല. അസമില്‍ ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എ ഐ യു ഡി എഫിനെ കൂട്ടുപിടിച്ചിട്ടും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല എന്നത് ആ പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യങ്ങള്‍ വിളിച്ചോതുന്നതാണ്. എങ്കിലും കേന്ദ്ര ഭരണത്തിന്റെ സര്‍വ സ്വാധീനങ്ങളും ഉപയോഗപ്പെടുത്തി പ്രചാരണം നടത്തിയിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും ലക്ഷ്യം വെച്ച മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല എന്നത് രാജ്യത്തിന് മതേതര മനസ്സ് പൂര്‍ണമായി കൈമോശം വന്നിട്ടില്ല എന്നതിന്റെ തെളിവ് കൂടിയാണ്.