പ്രതിഫലാര്‍ഹമായ കര്‍മങ്ങള്‍
കണിയാപുരം നാസറുദ്ദീന്‍
കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും പ്രവര്‍ത്തനനിരതരുമാണ് മനുഷ്യര്‍. മറ്റുള്ളവരെ സഹായിച്ചും പരസ്പര സഹകരണത്തോടും കൂടിയാണ് നമ്മുടെ ജീവിതം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും രാഷ്ട്രനിര്‍മാണ പ്രക്രിയകളിലും ഏര്‍പ്പെട്ടും സാമൂഹിക ജീവിതം നയിക്കുന്നവരാണ് മനുഷ്യരിലേറെയും. വിശ്വാസികള്‍ ഇത്തരം കര്മങ്ങളിലേര്പ്പെടുന്നത് പരലോക വിജയം ലഭിക്കാന്‍ വേണ്ടിയാണ്. മനുഷ്യര്‍ നിര്‍വഹിക്കുന്ന കര്‍മങ്ങളുടെ ഉദ്ദേശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത്. ‘നബിയേ, അല്ലാഹുവിലും (അവന്റെ മതത്തിലും) വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ ലഭിക്കാനുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക.’ (വി.ഖു 2:25)
എന്തിനാണ് എന്നതും എന്താണ് എന്നതു പോലെ പ്രധാനമാണ്. എന്താണ് എന്നതിനെയാണ് അനുഷ്ഠാനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്തിനാണ് എന്നതാണ് വിശ്വാസകാര്യങ്ങള്‍ കൊണ്ട് വിവക്ഷിക്കുന്നത്. രണ്ടും ഒരുപോലെ ശുദ്ധമായിരിക്കണം. ഒരാളുടെ ജീവിതത്തില്‍ പുണ്യങ്ങള്‍ ഇല്ലെങ്കില്‍ അവന്റെ വിശ്വാസം നാവുകൊണ്ടുള്ള വ്യായാമം മാത്രമായിരിക്കുമെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കാത്ത കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരെ അല്ലാഹു പരിഗണിക്കുകയില്ല. ‘ഗ്രാമീണ അറബികള്‍ പറഞ്ഞു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (മുഅ്മിനുകള് ആയിരിക്കുന്നു). (പ്രവാചകരേ) പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. ഞങ്ങള്‍ കീഴ്പെട്ടിരിക്കുന്നു (മുസ്ലിംകള് ആയിരിക്കുന്നു) എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല’. (വി.ഖു. 49:12). വിശ്വാസവും കര്‍മങ്ങളും ഒത്തുചേര്‍ന്നാല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് മേല്‍ വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിനു വേണ്ടി പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം സ്വീകരിപ്പെടും. (വി.ഖു. 17:35). ഈ വചനം പ്രകാരം കര്‍മങ്ങള്‍ സ്വീകരിക്കാന്‍ മൂന്ന് നിബന്ധനകള്‍ പറയുന്നു. ഒന്ന്, പരലോകത്തെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. രണ്ട്, കര്‍മങ്ങള്‍ പ്രവാചകചര്യയ്ക്ക് അനുയോജ്യമായതാകണം. മൂന്ന്, വിശ്വാസി ആയിരിക്കണം.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ജീവിക്കുന്നവര്‍ പുണ്യമെന്ന് ധരിച്ച് ചെയ്തുകൂട്ടുന്ന കര്‍മങ്ങളും ആചാരങ്ങളും ഈ മാനദണ്ഡമനുസരിച്ച് അല്ലാഹു സ്വീകരിക്കുകയില്ല. രോഗങ്ങളോ ദുരിതങ്ങളോ വരുമ്പോള്‍ അല്ലാഹുവിനെ മറന്ന് കുറുക്കുവഴികളിലൂടെ രക്ഷപ്പെടാമെന്ന വ്യാമോഹത്തോടുകൂടി പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും ഏര്‍പ്പെടുന്ന ആളുകളുടെ കര്‍മങ്ങള്‍ അല്ലാഹു എങ്ങനെയാണ് സ്വീകരിക്കുക? നമുക്കുണ്ടാവുന്ന വിപത്തുകളും സന്തോഷങ്ങളും അല്ലാഹുവിങ്കല്‍ നിന്നാണെന്ന വിധിയിലുള്ള വിശ്വാസം പൂര്‍ത്തിയാകാതെ എങ്ങനെയാണ് അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുക? ‘ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.’ (വി.ഖു 18:104). ‘തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് മുറിഞ്ഞുപോവാത്ത പ്രതിഫലമുള്ളത്’ (വി.ഖു 41:08).
‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം.’ (വി.ഖു 85:11). ആരുടെയും കര്‍മങ്ങളുടെ പ്രതിഫലം സ്രഷ്ടാവായ അല്ലാഹു പാഴാക്കി കളയുകയില്ല. ‘ ..അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല’ (വി.ഖു. 3:.195).