26 Friday
July 2024
2024 July 26
1446 Mouharrem 19

പ്രാര്‍ഥനയെന്ന രക്ഷാകവചം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറഞ്ഞു: നബി(സ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, എന്റെ എല്ലാ കാര്യങ്ങളുടെയും അവലംബമായ എന്റെ മതത്തെ നീയെനിക്ക് നന്നാക്കിത്തരേണമേ. എന്റെ ഉപജീവനമാര്‍ഗമായ ഇഹലോകത്തെ നീ എനിക്ക് നന്നാക്കിത്തരേണമേ. എന്റെ മടക്കസ്ഥാനമായ പരലോകത്തെ നീയെനിക്ക് നന്നാക്കിത്തരേണമേ. എന്റെ ജീവിതത്തെ എല്ലാ തരത്തിലുള്ള നന്മകളും വര്‍ധിപ്പിക്കുന്നതാക്കി മാറ്റേണമേ. എന്റെ മരണത്തെ എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും ആശ്വാസം നല്‍കുന്നതാക്കിത്തീര്‍ക്കേണമേ. (മുസ്‌ലിം)

പ്രാര്‍ഥനയ്ക്ക് മനുഷ്യജീവിതത്തില്‍ അതിമഹത്തായ സ്ഥാനമാണുള്ളത്. ജീവിതത്തിന്റെ ദിശനിര്‍ണയിക്കുന്നത് പ്രാര്‍ഥനയാണ്. വിശ്വാസിയുടെ രക്ഷാകവചവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രതിസന്ധികളില്‍ അഭയവുമാണ് പ്രാര്‍ഥന. ഒരാള്‍ തന്റെ സ്രഷ്ടാവായ അല്ലാഹുവുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നത് പ്രാര്‍ഥനയിലൂടെയാണ്. ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷയോടെ സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രമുണ്ടാവുകയെന്നത് എത്രമാത്രം ആശ്വാസകരമാണ്!
ജീവിതത്തെ ആമൂലാഗ്രം ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ഥനയാണ് ഈ വചനത്തിലൂടെ നബി(സ) പഠിപ്പിക്കുന്നത്. അതിലേറ്റവും മുന്‍ഗണന നല്‍കിയത് മതത്തിനു തന്നെയാണ്. അത് ഒരു മനുഷ്യന്റെ ജീവിതരേഖയാണ്. ജീവിതം പങ്കുവെക്കുന്ന ദുന്‍യാവിനെക്കാള്‍ ദീനിന് മുന്‍ഗണന നല്‍കിയതില്‍ നിന്നുതന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. കാരണം ജീവിതത്തിന്റെ അവലംബമാണ് മതവും അതിന്റെ ധാര്‍മിക മൂല്യങ്ങളും. എല്ലാ കാര്യങ്ങളും അതിന്റെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത്. പാപസുരക്ഷിതത്വവും ശിക്ഷയില്‍ നിന്നുള്ള മോചനവും അതുവഴി ലഭിക്കുന്നു. ഒരാളുടെ ഇഹപര നന്മയ്ക്ക് അടിസ്ഥാനപരമായ മത-ധാര്‍മിക മൂല്യങ്ങളിലെ ഉയര്‍ച്ചയും വളര്‍ച്ചയും അധികരിക്കുവാനുള്ള പ്രാര്‍ഥനയും പ്രേരണയുമാണീ വചനം.
ഐഹികജീവിതം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഈ ദുന്‍യാവ് എല്ലാ തരത്തിലുള്ള തിന്മകളും നിറഞ്ഞുനില്‍ക്കുന്നതാണ്. അതിലെ ആഡംബരത്തിലും പളപളപ്പിലും മുങ്ങി ലക്ഷ്യം മറക്കുകയും ജീവിതംതന്നെ നഷ്ടത്തിലാവുകയും ചെയ്യുന്നതില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുകയാണ് നബി(സ). വിശിഷ്ടമായ ഭക്ഷണവും വിശുദ്ധമായ ജീവിതവുമെല്ലാം പരലോകത്തേക്കുള്ള പാഥേയമാണ്. അതിന്റെ നന്മയിലൂടെയാവുമ്പോള്‍ ലക്ഷ്യപൂര്‍ത്തീകരണത്തിലേക്കെത്തുന്നു. അതിനുവേണ്ടിയുള്ള തേട്ടം അനിവാര്യമെന്നത്രേ ഈ വചനത്തിന്റെ സന്ദേശങ്ങളില്‍ രണ്ടാമത്തേത്. ജീവിതമാകുന്ന യാത്രയുടെ അവസാന ഭാഗമായ പരലോകം നന്നാക്കുവാനുള്ള പ്രാര്‍ഥനയും പ്രവര്‍ത്തനവും നടക്കേണ്ടത് ഈ ദുന്‍യാവില്‍ തന്നെയാണ്. പരലോകരക്ഷയാണ് വിശ്വാസികള്‍ക്ക് പ്രധാനം. ഐഹികവും പാരത്രികവുമായ നന്മയാണ് ധാരാളമായി നബി(സ) അല്ലാഹുവോട് ചോദിച്ചിരുന്നത്.
ആയുര്‍ദൈര്‍ഘ്യം നന്മയോടൊപ്പമായിരിക്കണം. നന്മകളില്ലാത്ത ആയുര്‍ദൈര്‍ഘ്യം പാപങ്ങളുടെ വര്‍ധനവിനേ ഉപകരിക്കൂ. ജീവിതത്തില്‍ നന്മകളില്‍ മുന്നേറാനുള്ള പ്രേരണയും പ്രചോദനവുമാണീ പ്രാര്‍ഥന. വിശ്വാസിയുടെ ജീവിതലക്ഷ്യം പരലോക വിജയമാണ്. പരലോക ജീവിതത്തിലേക്കുള്ള കവാടമായ മരണം ആശ്വാസകരമാവേണ്ടത് അനിവാര്യമാണ്. ഒട്ടേറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മരണവേളയില്‍ അല്ലാഹുവില്‍ കാവല്‍ കണ്ടെത്തേണ്ടവനാണ് വിശ്വാസി എന്ന് ഈ പ്രാര്‍ഥന നമ്മെ ബോധ്യപ്പെടുത്തുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x