27 Saturday
July 2024
2024 July 27
1446 Mouharrem 20

പ്രാര്‍ഥനക്ക് അര്‍ഹന്‍ അല്ലാഹു മാത്രം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂദര്‍റ്(റ) പറയുന്നു: അല്ലാഹുവില്‍ നിന്നും പ്രവാചകന്‍ ഉദ്ധരിക്കുന്നു: അല്ലാഹു പറഞ്ഞു: എന്റെ ദാസന്മാരേ, ഞാന്‍ അക്രമത്തെ സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും അതിനെ ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ പരസ്പരം അക്രമിക്കരുത്. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാകുന്നു; ഞാന്‍ സന്മാര്‍ഗത്തിലാക്കിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് മാര്‍ഗദര്‍ശനം തേടുവീന്‍; ഞാന്‍ നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വിശപ്പനുഭവിക്കുന്നവരാകുന്നു; ഞാന്‍ ഭക്ഷിപ്പിച്ചവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് ഭക്ഷണം തേടുവീന്‍, ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും നഗ്നരാകുന്നു; ഞാന്‍ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതുകൊണ്ട് എന്നോട് വസ്ത്രം തേടുക. ഞാന്‍ നിങ്ങളെ വസ്ത്രമണിയിക്കും. എന്റെ ദാസന്മാരേ, നിങ്ങല്‍ രാപ്പകലുകളില്‍ പാപം ചെയ്യുന്നവരാണ്. ഞാന്‍ എല്ലാ പാപങ്ങളും പൊറുക്കും. അതുകൊണ്ട് നിങ്ങളെന്നോട് പാപമോചനം തേടുവീന്‍, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. എന്റെ ദാസന്മാരേ, എന്നെ ദ്രോഹിക്കാന്‍ നിങ്ങളൊരിക്കലും പ്രാപ്തരാവുകയില്ല. അതുകൊണ്ടുതന്നെ നിങ്ങളെന്നെ ദ്രോഹിക്കുന്ന പ്രശ്‌നവുമില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും നിങ്ങളില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനോനിലയില്‍ ആയിരുന്നാല്‍പോലും തീര്‍ച്ചയായും അതെന്റെ ആധിപത്യത്തില്‍ ഒന്നും വര്‍ധിപ്പിക്കുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍വൃത്തനായ ഒരാളുടെ മാനസികാവസ്ഥയിലായിരുന്നാല്‍പോലും അതെന്റെ ആധിപത്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ പൂര്‍വികരും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു പ്രദേശത്തുനിന്നുകൊണ്ട് എന്നോട് ചോദിക്കുകയും മുഴുവന്‍ മനുഷ്യര്‍ക്കും അവര്‍ ചോദിച്ചത് ഞാന്‍ നല്‍കുകയും ചെയ്താലും അത് തന്റെ അടുക്കലുള്ളതിന് ഒട്ടും കുറവ് വരുത്തുകയില്ല. സൂചി സമുദ്രത്തില്‍ മുക്കിയെടുത്താലുണ്ടാവുന്ന കുറവുപോലെയല്ലാതെ. എന്റെ ദാസന്മാരേ, നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കൃത്യമായി രേഖപ്പെടുത്തിവെക്കുന്നത്. പിന്നീട് അതിന് ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണ പ്രതിഫലം നല്‍കുകയും ചെയ്യും. ആരെങ്കിലും പുണ്യം കണ്ടെത്തുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനെ സ്തൂതിക്കട്ടെ. ആരെങ്കിലും ഇനി മറിച്ചാണ് കാണുന്നതെങ്കില്‍ അവര്‍ സ്വന്തത്തെയല്ലാതെ ആക്ഷേപിക്കേണ്ടതില്ല (മുസ്‌ലിം, ഇബ്‌നുമാജ, തിര്‍മിദി, അഹ്മദ്)

ആരാധ്യനും പ്രാര്‍ഥിക്കപ്പെടേണ്ടവനും അല്ലാഹു മാത്രമാണെന്ന് ധാരാളം കാര്യങ്ങളിലൂടെ വ്യക്തമാക്കുന്ന ഒരു നബിവചനമാണിത്. ആരുടെയും ആശ്രയം ആവശ്യമില്ലാത്തവിധം എല്ലാവരും ആശ്രയിക്കേണ്ടിവരുന്ന അജയ്യനും നിത്യശക്തനുമായ യജമാനന്‍ എല്ലാ ഉല്‍കൃഷ്ട ഗുണങ്ങളുമടങ്ങിയ സമ്പൂര്‍ണനത്രെ. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന, ഉപജീവനത്തിന് സംവിധാനമൊരുക്കിയ, വസ്ത്രം ധരിപ്പിക്കുന്ന, പാപങ്ങള്‍ പൊറുക്കുന്നവനായ അല്ലാഹു മാത്രമാണ് പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍ എന്നതിന് ഇതില്‍പരം തെളിവുകളാവശ്യമില്ല. ഈ പ്രപഞ്ചത്തിലുള്ള സകലരും ചോദിക്കുന്ന കാര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവാന്‍ പ്രാപ്തനായ സര്‍വവിധ അധികാരത്തിന്റെയും സമ്പൂര്‍ണമായ മഹത്വത്തിന്റെയും ഉടമയായ സ്രഷ്ടാവിനെ മാത്രം ആരാധ്യനായി സ്വീകരിക്കുക എന്നതത്രെ മനുഷ്യര്‍ക്ക് അവനോടുള്ള ബാധ്യത. അത് നിറവേറ്റുന്നത് അവരുടെ തന്നെ ജീവിതലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണുതാനും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x