പ്രാര്‍ഥനയുടെ പ്രവാചക മാതൃകകള്‍
കെ എം ജാബിര്‍
ദൈവദൂതന്‍മാരും സാധാരണ മനുഷ്യരും തമ്മിലുള്ള വ്യത്യാസം മനുഷ്യപ്രകൃതിയിലെ വ്യത്യാസമല്ല. ദൈവദൂതന്‍മാരും പച്ചമനുഷ്യര്‍ തന്നെയാണ്. ദൈവദൂതന്‍മാര്‍ക്ക് ദിവ്യസന്ദേശം ലഭിക്കുന്നു എന്ന വ്യത്യാസം മാത്രവുമല്ല. ആ വ്യത്യാസം വരുന്നതോടെ, അഥവാ പ്രവാചക ദൗത്യം ഏല്‍പിക്കപ്പെടുന്നതോടെ, ജീവിതത്തിന്റെ നാനാമേഖലകളിലൂടെ കടന്നുപോകുമ്പോള്‍ പച്ചയായ അവരുടെ ജീവിതം പരിപൂര്‍ണമായും നിയമാനുസൃതമായിത്തീരുന്നു എന്നുള്ളതും അതുതന്നെ ഏറ്റവും മികച്ച മാതൃകയായിത്തീരുന്നു എന്നുള്ളതുമാണ് ദൈവദൂതന്‍മാരുടെ എടുത്തുപറയേണ്ട സവിശേഷത.
പരിപൂര്‍ണമായും നിയമാനുസൃതമായിരിക്കും എന്നു പറഞ്ഞത്, വിശ്വാസ-അനുഷ്ഠാന-സ്വഭാവ-പെരുമാറ്റ നിയമങ്ങളായി എന്തെല്ലാം ദിവ്യസന്ദേശത്തിലൂടെ അവര്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ ആ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും അവരുടെ ജീവിതം എന്ന ഉദ്ദേശ്യത്തിലാണ്.
ആദര്‍ശ പ്രഖ്യാപനവും പ്രബോധനവും, അതു മുറുകെപ്പിടിച്ചു ജീവിക്കുന്നതിലെ നിശ്ചയദാര്‍ഢ്യം, സാമൂഹിക ജീവിതത്തിലെ വിശുദ്ധിയും ലാളിത്യവും, കഠിന പരീക്ഷണങ്ങളിലെ സഹനതയും ധീരതയും, ബദ്ധവൈരികളോടുള്ള ഗുണകാംക്ഷാനിര്‍ഭരമായ വര്‍ത്തനങ്ങള്‍ എന്നു തുടങ്ങി ജീവിതത്തിന്റെ ഏതു മേഖലയിലെയും മികവുറ്റ അനുകരണീയ മാതൃകകളായിരുന്നു ദൈവദൂതന്‍മാര്‍. അതുകൊണ്ടാണ് പ്രവാചകനോടും(സ) ആ ദൂതന്‍മാരുടെ സന്‍മാര്‍ഗം താങ്കള്‍ പിന്തുടരുക(6:90) എന്നു കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഇബ്‌റാഹീം നബി(അ)
”ഇബ്‌റാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം: ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു” (6:74).
”അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (21:66,67).
ഭീഷണികള്‍ക്കു മുമ്പില്‍ തെല്ലും കൂസാതെ, ആദര്‍ശം അവ്യക്തതകളില്ലാതെ വെട്ടിത്തുറന്ന് പ്രഖ്യാപിക്കുന്ന പ്രവാചകന്റെ ധീരതയും നിശ്ചയദാര്‍ഢ്യവും മാതൃകയായി അല്ലാഹു എടുത്തുകാണിക്കുകയാണ് തുടര്‍ച്ചയായ വചനങ്ങളിലൂടെ.
ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളില്‍ ചിലത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: ”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ എനിക്ക് പുത്രനായി പ്രദാനം ചെയ്യേണമേ” (37:100). സ്വകാര്യ ജീവിതത്തില്‍, തന്റെ അതേ ആദര്‍ശത്തിലും നിഷ്ഠയിലും സൂക്ഷ്മത പാലിക്കുന്ന പിന്‍ഗാമിയായ സന്താനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു അത്. ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു.
”വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്” (14:39). ആ സന്താനത്തിന്റെയും പിന്നീടുണ്ടായ സന്താനത്തിന്റെയും ആദര്‍ശവും ജീവിതനിഷ്ഠകളും രക്ഷിതാവിന്റെ ഇഷ്ടത്തിന് അനുസൃതമാക്കാന്‍ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതിനും ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ തന്നിട്ടുണ്ട്.
”ഇബ്‌റാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (ഇസ്‌ലാം) ഉപദേശിക്കുക കൂടി ചെയ്തു: എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തിരഞ്ഞെടുത്തു തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവിനു കീഴ്‌പ്പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്.’ (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)” (2:132).
വിശുദ്ധ ഭവനത്തിന്റെ നിര്‍മാണത്തിന് തന്നെപ്പോലെ തന്റെ സന്താനത്തെയും പങ്കാളിയാക്കി തന്റെ സദുദ്ദേശ്യവും സത്കര്‍മവും സ്വീകരിക്കാന്‍ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്ന പ്രവാചകന്‍ അവിടെയും ഉയര്‍ന്ന മാതൃകയാണ് കാണിച്ചത്.
”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഇതു സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരുകയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു” (2:127129).
ഇങ്ങനെ ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകളില്‍ സ്വന്തം ആദര്‍ശത്തില്‍ നിന്നും ആരാധനാനിഷ്ഠകളില്‍ നിന്നും വ്യതിചലിച്ചുപോകാതെ തന്നെയും മക്കളെയും ശേഷം വരുന്ന സന്തതികളെയും കാത്തുരക്ഷിക്കണമെന്ന പ്രാര്‍ഥനയുമുണ്ട്. ഒരു വ്യക്തിയുടെ ഒറ്റ ജീവിതം കൊണ്ട് ഒരു സമൂഹത്തിന് ഒറ്റക്കെട്ടായി ചെയ്യാവുന്ന കാര്യം ഗംഭീരമായി നിര്‍വഹിച്ചു പൂര്‍ത്തിയാക്കിയ ഇബ്‌റാഹീം(അ), ‘ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ’ എന്നു വിനയാന്വിതനായി പ്രാര്‍ഥിച്ചതും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.