പ്രാര്‍ഥന എന്ന പ്രചോദനം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറയുന്നു: നിശ്ചയം അല്ലാഹു പരിശുദ്ധനാണ്. ശുദ്ധമായത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ. ദൂതന്‍മാരോട് കല്പിച്ചതു തന്നെ വിശ്വാസികളോടും അല്ലാഹു കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു: അല്ലയോ ദൈവദൂതന്മാരേ, വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുക (മുഅ്മിനൂന്‍ 51). അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക (അല്‍ബഖറ 172). തുടര്‍ന്ന് നബി(സ) ദീര്‍ഘയാത്രികനായ ഒരാളെക്കുറിച്ചു പറഞ്ഞു: ജഡ കുത്തിയ മുടിയും പൊടിപുരണ്ട വസ്ത്രവുമായി അവന്‍ ആകാശത്തേക്ക് കൈകളുയര്‍ത്തി എന്റെ റബ്ബേ! എന്റെ റബ്ബേ! എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നു. അവന്റെ ഭക്ഷണമാകട്ടെ നിഷിദ്ധമായ മാര്‍ഗത്തിലാണ്. പാനീയവും വസ്ത്രവും നിഷിദ്ധമാണ്. പിന്നെ എങ്ങനെ അവന് ഉത്തരം നല്‍കപ്പെടും? (മുസ്‌ലിം)
മനുഷ്യനും അവന്റെ രക്ഷിതാവും തമ്മില്‍ ബന്ധം ചേര്‍ക്കാനുള്ള മാര്‍ഗമാണ് പ്രാര്‍ഥന. മനസ്സിന് ഉല്ലാസവും ഉന്മേഷവും വര്‍ധിപ്പിക്കുകയും മുന്നോട്ട് നീങ്ങാനുള്ള പ്രേരണ നല്‍കുകയും ചെയ്യുന്ന അത്രയും മഹത്തരമായ ഒരു ആരാധനയത്രെ പ്രാര്‍ഥന. റബ്ബിന്റെ കാരുണ്യം പ്രതീക്ഷിക്കാനും തന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കാനും ഉപദ്രവങ്ങള്‍ തടുക്കാന്‍ ആവശ്യപ്പെടാനുമുള്ള മാര്‍ഗമാണ് പ്രാര്‍ഥന. മനസ്സിന്റെ വേദനകള്‍ പങ്കുവെക്കുന്നതും പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ പ്രതീക്ഷയോടെ സമീപിക്കുന്നതും ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ പ്രേരണ നല്‍കുന്നതും റബ്ബിനോടുള്ള ബന്ധം ചേര്‍ക്കുന്നതിലൂടെയാണ്. അത്രയും മഹത്വമുള്ള സ്ഥാനം നല്‍കപ്പെട്ട പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ മനുഷ്യസമൂഹത്തെ പഠിപ്പിക്കുകയാണ് ഈ തിരുവചനം.
എല്ലാതരം ന്യൂതനകളില്‍നിന്നും പരിശുദ്ധനായ അല്ലാഹു മനുഷ്യനില്‍ നിന്ന് നിഷ്‌കളങ്കവും നിഷ്‌കപടവുമായ പ്രവര്‍ത്തനങ്ങളാണ് താല്പര്യപ്പെടുന്നത്. പ്രവര്‍ത്തനങ്ങളെപ്പോലെ തന്നെ പ്രധാനമാണ് നമ്മുടെ സമ്പാദ്യവും. അവ നിഷിദ്ധങ്ങളില്‍നിന്ന് മു ക്തമാവുക എന്നത് ഏറെ ശ്രദ്ധ ചെലുത്തേണ്ട കാര്യമത്രെ. അന്യായമായ മാര്‍ഗത്തില്‍ പണം സമ്പാദിക്കാനുള്ള ധാരാളം മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്ന ഈ ലോകത്ത് സമ്പാദ്യത്തില്‍ നേരും നെറിയും കാത്തുസൂക്ഷിക്കുന്നവരാണ് വിശ്വാസികള്‍ എന്നാണ് ഈ തിരുവചനത്തിന്റെ പാഠം. പലിശ, ചൂതാട്ടം, കരിഞ്ചന്ത, പൂഴ്്ത്തിവെപ്പ്, ലോട്ടറി, കൈക്കൂലി, അഴിമതി തുടങ്ങി അന്യായമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നതത്രയും നിഷിദ്ധമാണ്. അതുപോലെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ മനപ്പൂര്‍വം കാണിക്കുന്ന അലസതയും അലംഭാവവും തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിഷിദ്ധത്തിന്റെ ഗണത്തില്‍ പെടാന്‍ കാരണമാവുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെ നേടി ഭക്ഷണപാനീയങ്ങളും വസ്ത്രവും മറ്റു സമ്പാദ്യങ്ങളുമെല്ലാം മേല്‍പോട്ടുയര്‍ത്തുന്ന കൈകളെ വൃഥാവിലാക്കുന്നു എന്നത്രെ പ്രസ്തുത തിരുവചനത്തിന്റെ സന്ദേശം.