2 Monday
December 2024
2024 December 2
1446 Joumada II 0

പ്രപഞ്ചത്തെ വായിക്കാം

കണിയാപുരം നാസിറുദ്ദീന്‍


സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒരു കഥയില്‍ കഥാപാത്രം ഇങ്ങനെ ചോദിക്കുന്നുണ്ട്: ”നീ മോര്‍ച്ചറിയില്‍ കയറിയിട്ടുണ്ടോ? അതിന്റെ അകം കണ്ടിട്ടുണ്ടോ? എന്നാല്‍ അതൊന്ന് കയറി കാണണം. ലോകത്തെ ഏറ്റവും വലിയ സര്‍വകലാശാലയില്‍ നിന്നു കിട്ടാത്ത അറിവ് കാഴ്ചയിലൂടെയും അനുഭവത്തിലൂടെയും അവിടെ നിന്നു കിട്ടും.”
അറിവ് നേടാനാണല്ലോ നാം വായിക്കുന്നത്. പുസ്തകങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കുമപ്പുറത്തെ ചില വായനകളുണ്ട്. മനുഷ്യനു മോര്‍ച്ചറിയില്‍ നിന്നു കുറേയേറെ കാര്യങ്ങള്‍ പഠിക്കാനുെണ്ടന്ന് ഈ കഥയില്‍ കഥാകൃത്ത് കൃത്യമായി പറഞ്ഞുതരുന്നു. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ എന്ന കൃതിയിലൂടെ മകളോട് ഓരോ പ്രദേശത്തുമുള്ള പ്രത്യേകതകള്‍ പഠനവിധേയമാക്കാനും ചിന്തിക്കാനും ആവശ്യപ്പെടുന്നു. അവിടത്തെ മണ്ണിന്റെ പ്രത്യേകതകള്‍, മലയിടുക്കുകള്‍, കയറ്റവും ഇറക്കവും തുടങ്ങി ഭൂപ്രദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെടുന്നു. ആദികാലങ്ങളില്‍ കല്ലുകളിലും മറ്റും എഴുതിയിരുന്നു എന്നും ഇന്നത്തെ രീതിയായിരുന്നില്ല അന്നെന്നും ആ പുസ്തകത്തിലൂടെ നെഹ്‌റു പറയുന്നു. ഈ പ്രപഞ്ചം നിറയെ അറിവും വിജ്ഞാനങ്ങളും ദൃഷ്ടാന്തങ്ങളുമാണ്. ”ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളുടെ ശരീരങ്ങളില്‍ തന്നെയും ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (ഖുര്‍ആന്‍ 51:20,21).
ഓരോ വായനയും യാത്രയാണെന്നും യാത്ര വായനയാണെന്നും സാധാരണ പറയാറുണ്ട്. ഓരോ യാത്രകളും ആ പ്രദേശങ്ങളെക്കുറിച്ചും അവിടെ കഴിഞ്ഞുപോയ സമൂഹങ്ങളുടെ ചരിത്രാന്വേഷണങ്ങളുമാണ്. ”അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് അവര്‍ക്കു നോക്കിക്കാണാമായിരുന്നു” (ഖുര്‍ആന്‍ 47:10). ”വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ ഭ്രൂണത്തില്‍ നിന്നു സൃഷ്ടിച്ചു. നീ വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു” (ഖുര്‍ആന്‍ 96:1,2).
ഇവിടെ ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും അറിഞ്ഞും പഠിച്ചും അതിനു പിന്നിലുള്ള സ്രഷ്ടാവിനെ കണ്ടെത്തുക എന്നതാകണം അവന്റെ നാമത്തിലുള്ള വായന. പ്രപഞ്ചവും അതിലുള്ള ഓരോ വസ്തുക്കളും മനുഷ്യനു വേണ്ടി തന്നെയാണ് സൃഷ്ടിച്ചത്. ”ഭൂമിയെ മനുഷ്യര്‍ക്കായി നിര്‍മിച്ചിരിക്കുന്നു” (55:10). ”അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചുതന്നത്” (2:29). ഭൂമിയും അതിലുള്ള മുഴുവന്‍ വസ്തുക്കളും സംവിധാനിച്ചിരിക്കുന്നത് മനുഷ്യര്‍ക്ക് സുഖമായി ജീവിക്കാന്‍ മാത്രമല്ല, അതില്‍ നിന്ന് കുറേ പാഠങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും കൂടിയാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
”മനുഷ്യരേ, നിങ്ങളുടെ നാഥനെ ആരാധിക്കുവിന്‍. അവന്‍ നിങ്ങളെയും നിങ്ങളുടെ മുമ്പുള്ളവരെയും സൃഷ്ടിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് ദോഷബാധയില്‍ നിന്ന് അകന്നു ജീവിതം നയിക്കാന്‍ കഴിയും. അവന്‍ തന്നെയാണ് ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പാക്കി വിതാനിച്ചുതന്നത്. അവന്‍ നിങ്ങള്‍ക്ക് ആകാശത്തെ സംരക്ഷിത കവചവുമാക്കി. ആകാശത്തു നിന്നു മഴ വര്‍ഷിപ്പിക്കുകയും ആ മഴയില്‍ നിന്നു പഴങ്ങള്‍ ഉല്‍പാദിപ്പിച്ചു തരുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞുകൊണ്ട് അല്ലാഹുവില്‍ പങ്കുചേര്‍ക്കരുതേ” (2:21). അറിഞ്ഞുകൊണ്ട് പങ്കുചേര്‍ക്കരുതേയെന്നുള്ള വാക്യം അറിവും വിജ്ഞാനവും ആര്‍ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ”ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (47:19).
വെള്ളം അത്ഭുതം
ഈ പ്രപഞ്ചത്തിന്റെ ജൈവാവസ്ഥയെയും ആവാസവ്യവസ്ഥയെയും താറുമാറാകാതെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതില്‍ വെള്ളത്തിനുള്ള പങ്ക് പറയേണ്ടതില്ല. അല്ലാഹു മഴ വര്‍ഷിപ്പിക്കുന്നതിനെക്കുറിച്ച് വന്നിട്ടുള്ള വചനങ്ങള്‍ മാത്രം പഠിച്ചാല്‍ സ്രഷ്ടാവിനു മുന്നില്‍ വിനയാന്വിതനായിത്തീരും. ഒരേ തരത്തിലുള്ള വെള്ളം കൊണ്ട് രുചിയിലും നിറത്തിലും വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങള്‍, ഇലകള്‍, പൂക്കള്‍, പുല്ലുകള്‍ ഒക്കെയും ദൃഷ്ടാന്തങ്ങളും മനുഷ്യന്‍ പഠിക്കാന്‍ ശ്രമിക്കേണ്ട പാഠങ്ങള്‍ തന്നെയാകുന്നു. ”അവനാണ് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേയ്ക്കാനുള്ള ചെടികളുമുണ്ടാകുന്നത്” (16:10). മനുഷ്യര്‍ക്ക് കുടിക്കാനും മൃഗങ്ങളടക്കം വിവിധ ജീവജാലങ്ങളെ നിലനിര്‍ത്താന്‍ വെള്ളം അനിവാര്യമാണെന്നും അതില്‍ നിന്നു പലതും പഠിക്കേണ്ടതുണ്ടെന്നും ഈ വചനങ്ങള്‍ പഠിപ്പിച്ചുതരുന്നു.
വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന നമ്മള്‍ അതിനു പിന്നിലെ പ്രക്രിയകളെ പഠനവിധേയമാക്കണമെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: ”എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കട്ടെ. നാമാണ് ശക്തമായി വെള്ളം ചൊരിഞ്ഞുകൊടുത്തതെന്ന്. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു… മുന്തിരിയും പച്ചക്കറികളും…” (80:24,25,26). പലതരം ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ട് തങ്ങളുടെ ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. കൃഷി, കച്ചവടം, മറ്റു ജോലികള്‍ എന്നിവ ചെയ്തു കുടുംബത്തെ സന്തോഷിപ്പിച്ചും ആനന്ദം അനുഭവിച്ചും ജീവിക്കല്‍ ഒരിക്കലും ഇസ്‌ലാം എതിര്‍ക്കുന്നില്ല. വെറുതെ ജീവിതം കഴിച്ചുകൂട്ടുക എന്നതിനപ്പുറം മനുഷ്യമനസ്സുകള്‍ സന്തോഷിക്കണം. ”കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്) തിരിച്ചുകൊണ്ടുവരുന്ന സമയത്തും നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൗതുകമുണ്ട്” (16:5,6).
വെറും ലാഭനഷ്ടക്കണക്കിനപ്പുറം മനുഷ്യന് സന്തോഷവും കൗതുകവും ഉണ്ടാക്കുന്ന ഒരു കാര്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണീ വചനങ്ങളിലൂടെ. പ്രപഞ്ചം ഒട്ടേറെ പാഠങ്ങള്‍ നിറഞ്ഞ വലിയൊരു പുസ്തകം കണക്കെ മനുഷ്യനു മുന്നില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ലോകത്തെ അത്ഭുതപ്പെടുത്തിയ സകല വിജ്ഞാനീയങ്ങളും ഉദ്ഭൂതമായത് ഈ മഹാ ഗ്രന്ഥത്തില്‍ നിന്നാണല്ലോ. ഇനിയും പലതും ഉണ്ടാകേണ്ടതും ഇതില്‍ നിന്നാണ്. കണ്ണുകള്‍ പായിച്ചുനോക്കൂ. ഇനിയും അനേകം പാഠങ്ങള്‍ നമുക്ക് നല്‍കും, തീര്‍ച്ച. കേവല വായനയല്ലല്ലോ ഖുര്‍ആന്‍ പഠന-മനന പാരായണങ്ങള്‍. ആശയതലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവിതരീതിയാണ് വായന. വിശ്വാസിയുടെ പ്രബോധനവും പ്രവര്‍ത്തനവും ഒക്കെ വായനയില്‍ അധിഷ്ഠിതമാണ്. അവന്റെ വായന വരികള്‍ക്കിടയില്‍ നിന്ന് ആത്മാവ് കണ്ടെത്താനാവണം.

Back to Top