25 Wednesday
June 2025
2025 June 25
1446 Dhoul-Hijja 29

പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കുമ്പോള്‍

പി കെ മൊയ്തീന്‍ സുല്ലമി


കേരളത്തില്‍ സുന്നീ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന സംഘടന രൂപീകരിക്കുന്നത് 1925-ലാണ്. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിക്കപ്പെട്ടത് 1924-ലും. ഈ സംഘടനയെ എതിര്‍ക്കുകയെന്നതായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രധാന ലക്ഷ്യം. കാരണം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ദര്‍ശനങ്ങള്‍ ജനങ്ങളില്‍ നിലനിന്നുപോരുന്ന പക്ഷം പരമ്പരാഗത വിശ്വാസ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും.
”സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു.” (തൗബ 34). പൗരോഹിത്യം പിടിമുറുക്കുമ്പോള്‍ മതാധ്യാപനങ്ങള്‍ക്ക് അപചയം സംഭവിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിശ്വാസ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് ഇത് കാരണമാകുന്നു. ഖുര്‍ആനും സുന്നത്തും പിഠിപ്പിക്കുന്ന വിശ്വാസ ആരാധനാ ആചാരങ്ങള്‍ ലളിതവും ചൂഷണത്തിന് ഇടം നല്‍കാത്തതുമാണ്.
ഇവരൊക്കെ അവകാശപ്പെടാറുള്ളത് ഞങ്ങള്‍ ശാഫിഈയുടെ(റ) മദ്ഹബുകാരാണ് എന്നാണ്. എന്നാല്‍ ഇവര്‍ക്ക് ഈ മദ്ഹബുമായി യാതൊരു ബന്ധവുമില്ല. അതിന് ഒരു ഉദാഹരണമാണ് സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുകയെന്നത്. സ്ത്രീകളും കുട്ടികളും പ്രതിബന്ധമുള്ള ബന്ധനസ്ഥരും അടിമകളും ജുമുഅയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇമാം ശാഫിഈ(റ) പറയുന്നു: ”മേല്‍ പറഞ്ഞ എല്ലാവര്‍ക്കും ജുമുഅയില്‍ പങ്കെടുക്കലാണ് ഉത്തമം.” (അല്‍ഉമ്മ് 1:168)
മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ”ജുമുഅക്ക് വരുന്ന സ്ത്രീകള്‍ സുഗന്ധം ഉപയോഗിക്കല്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇനി സുഗന്ധം പൂശി ഒരു സ്ത്രീ ജുമുഅക്ക് വന്നാല്‍ തന്നെ (അത് സാധുവാണ്) അവള്‍ മടക്കി നമസ്‌കാരം നിര്‍വഹിക്കേണ്ടതില്ല.” (അല്‍ഉമ്മ് 1:197)
എന്നാല്‍ സമസ്തക്കാര്‍ പറയുന്നത് സ്ത്രീകള്‍ ജുമുഅക്ക് പോകല്‍ ഹറാമാണെന്നാണ്. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാരുടെ ഫതാവാ മുഹ് യിസ്സുന്ന പേജ് 205 മുതല്‍ 228 വരെ നോക്കുക. ഇമാം ശാഫിഈ(റ)ക്ക് സുന്നത്തായ കാര്യം സമസ്തക്കാര്‍ക്ക് ഹറാമാണ്.
കറാമത്തിന്റെ പേരിലുള്ള കെട്ടുകഥകള്‍ പൗരോഹിത്യത്തിന്റെ ഭീകരരൂപം വ്യക്തമാക്കുന്നു. ജീവിച്ചിരിക്കുന്ന ഒരു പ്രമുഖനെപ്പറ്റിയുള്ള കറാമത്ത് പ്രഖ്യാപനം ഇങ്ങനെയാണ്: ”ഈ അടുത്ത കാലത്ത് ലോകത്ത് മരണപ്പെട്ടവരെല്ലാം കാന്തപുരം മുസ്‌ല്യാരുടെ അറിവോടും അനുവാദത്തോടും കൂടിയുമാണ് മരണപ്പെട്ടത്.”
സി എം മടവൂരിന്റെ കറാമത്തായി പറയുന്നു: ”ഉദുഹിയ്യത്ത് അറുക്കാന്‍ കൊണ്ടുവന്ന പോത്ത് അതിന് വഴങ്ങാതെ ഇടഞ്ഞു നിന്നപ്പോള്‍ അറവുകാര്‍ സി എം മടവൂരിനെ സമീപിക്കുകയുണ്ടായി. അപ്പോള്‍ സി എം മടവൂര്‍ അവരോടിപ്രകാരം പറഞ്ഞു: പോത്തിന്റെ ചെവിയില്‍ ഞാന്‍ വഴങ്ങാന്‍ പറഞ്ഞിരിക്കുന്നു എന്ന് പറയണം. അങ്ങനെ അവര്‍ പറയുകയും പോത്ത് വഴങ്ങുകയും ചെയ്തു.”
സമസ്തക്കാര്‍ക്ക് കാര്യമായ പ്രമാണങ്ങളൊന്നുമില്ല. പൂര്‍വികരെ വിശ്വാസപരമായും കര്‍മപരമായും അന്ധമായി അനുകരിച്ചു പോരുന്നത് ഇവരുടെ രീതിയാണ്. പ്രവാചകന്മാരെ എതിര്‍ത്തിരുന്ന സകല ജനവിഭാഗങ്ങളും പ്രമാണമായി അംഗീകരിച്ചു പോന്നത് പൂര്‍വീകരെയാണ്. അല്ലാഹു പറയുന്നു: അല്ലാഹു ഇറക്കിയതിലേക്കും (ഖുര്‍ആനിലേക്ക്) റസൂലിലേക്കും (നബിചര്യയിലേക്ക്) വരുവീന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതുതന്നെ മതി ഞങ്ങള്‍ക്ക് എന്നായിരിക്കും അവര്‍ പറയുക. അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും സന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അവരുടെ വാദം അതു തന്നെ).” (മാഇദ 104)
പ്രവാചകന്മാരെ ധിക്കരിച്ച എല്ലാ ജനവിഭാഗങ്ങളും വാദിച്ചത് ഇപ്രകാരം തന്നെയായിരുന്നു. അല്ലാഹു പറയുന്നു: ”അതുപോലെ തന്നെ താങ്കള്‍ക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം മുന്നറിയിപ്പുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലക്കൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല.” (സുഖ്‌റുഫ് 23)
മറ്റു സമുദായങ്ങളുടെ വിശ്വാസാചാരങ്ങളെ പിന്തുടരുന്നതും സമസ്തക്കാരുടെ രീതിയാണ്. അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍, ചാവടിയന്തിരം തുടങ്ങിയ അനാചാരങ്ങള്‍ ഹൈന്ദവ ദര്‍ശനങ്ങളില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ ഒരിക്കലും മുശ്‌രിക്കുകളില്‍ പെട്ടു പോകരുത്.” (അന്‍ആം 14).
നബി(സ) പറഞ്ഞു: ”നിങ്ങള്‍ മുശ്‌രിക്കുകളോട് വിരുദ്ധം പ്രവര്‍ത്തിക്കുക.” (ബുഖാരി). ”വല്ലവനും (വിശ്വാസാചാരങ്ങളില്‍) മറ്റു സമുദായങ്ങളോട് സാദൃശ്യപ്പെടുന്ന പക്ഷം അവന്‍ അവരില്‍ പെട്ടവനത്രെ.” (അബൂദാവൂദ്)
ഇവര്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാറുള്ളത്, പ്രാര്‍ഥിക്കപ്പെടുന്ന മഹത്തുക്കള്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്ത് കാര്യങ്ങള്‍ നേടിക്കൊടുക്കും എന്ന വിശ്വാസത്തോടു കൂടിയാണ്. മക്കയിലെ മുശ്‌രിക്കുകള്‍ ലാത്തയോടും ഉസ്സയോടും ഇബ്‌റാഹീമിനോടും(അ) ഇസ്മാഈലിനോടും (അ) പ്രാര്‍ഥിച്ചിരുന്നു.
കഅ്ബാലയത്തിനുള്ളിലെ ഏറ്റവും വലിയ വിഗ്രഹങ്ങള്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടേതുമായിരുന്നു. മക്കാ വിജയ ദിവസമാണ് അവയെ പുറത്തേക്കെറിയാന്‍ നബി(സ) കല്പിക്കുന്നത്. ഇക്കാര്യം ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. മുശ്‌രിക്കുകള്‍ മേല്‍പറഞ്ഞ പ്രവാചകന്മാരോടും ലാത്തയോടും ഉസ്സയോടും പ്രാര്‍ഥിച്ചിരുന്നത് അവരൊക്കെ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്ത് കാര്യങ്ങള്‍ നേടിക്കൊടുക്കും എന്ന അന്ധവിശ്വാസത്തിലായിരുന്നു. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.” (യൂനുസ് 18).
എന്നാല്‍ സമസ്തക്കാര്‍ പ്രാര്‍ഥിക്കുന്നതും നേര്‍ച്ച വഴിപാടുകള്‍ ചെയ്യുന്നതും ഇബ്‌റാഹീം നബി(അ)യെക്കാള്‍ താഴ്ന്ന പദവികളിലുള്ള മുഹ്‌യുദ്ദീന്‍ ശൈഖിനോടും രിഫാഈ ശൈഖിനോടുമാണെന്നു മാത്രം. രണ്ട് കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ വിശ്വാസത്തിലധിഷ്ഠിതമായ ആചാരങ്ങള്‍ തന്നെയാണ്.
സമസ്തക്കാര്‍ പിന്തുടരുന്ന മറ്റൊരു അനാചാരമാണ് ചാവടിയന്തിരം. അത് ബിദ്അത്താണെന്ന് ഇമാം ശാഫിഈയുടെ(റ) അല്‍ഉമ്മ്, നൂറുല്‍ അബ്‌സ്വാര്‍ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. നൂറുല്‍ അബ്‌സ്വാറില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”മരണ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കലും അത് ഭക്ഷിക്കാന്‍ വേണ്ടി ആളുകളെ ഒരുമിച്ചു കൂട്ടലും മോശപ്പെട്ട ബിദ്അത്താണ്.” (പേജ് 74)
മറ്റു സമുദായങ്ങളുടെ ആചാരങ്ങള്‍ സ്വീകരിക്കുന്നതിലും ഭൂരിപക്ഷ സമൂഹ നേതൃത്വത്തിന്റെ ഈ സമീപനം കാരണമായിട്ടുണ്ട്. അല്ലാഹു ചോദിക്കുന്നു: ”തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും (സത്യവിശ്വാസികള്‍ക്ക്) സമയമായിട്ടില്ലേ?” (ഹദീദ് 16)
നബി(സ) പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരുടെ ചര്യ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അവരെ പിന്തുടരും. സ്വഹാബികള്‍ ചോദിച്ചു: അങ്ങ് ഉദ്ദേശിക്കുന്നത് യഹൂദികളെയും നസ്വാറാക്കളെയുമാണോ? നബി(സ) പറഞ്ഞു: പിന്നെ ആരെയാണ്.” (ബുഖാരി)
ഖബ്‌റുകള്‍ കെട്ടിപ്പൊക്കി വ്യത്യസ്തമായ ആരാധനകള്‍ നടത്തല്‍ യഹൂദി സമ്പ്രദായമാണ്. നബി(സ) പറയുന്നു: ”യഹൂദികളെയും നസ്വാറാക്കളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്‌റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവരുടെ പ്രവര്‍ത്തനങ്ങളെ അനുകരിക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു.” (ബുഖാരി, മുസ്‌ലിം)
”ഖബ്‌റുകള്‍ കുമ്മായമിടല്‍, അതിന്മേല്‍ ഇരിക്കല്‍, അതിന്മേല്‍ കെട്ടിടം നിര്‍മിക്കല്‍ എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.” (മുസ്്‌ലിം)
ഇമാം ഗസ്സാലി(റ) പറയുന്നു: ”ഖബ്‌റുകള്‍ തൊട്ടു വന്ദിക്കലും ചുംബിക്കലും യഹൂദി നസ്വാറാക്കളുടെ ചര്യയാണ്.” (ഇഹ്‌യാ ഉലൂമുദ്ദീന്‍ 1:278). ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി പറയുന്നു: ”വല്ലവനും ഖബ്ര്‍ സന്ദര്‍ശിക്കുന്ന പക്ഷം അവന്‍ ഖബ്‌റിനെ തൊട്ടുവന്ദിക്കുകയോ ചുംബിക്കുകയോ ചെയ്യരുത്. അതെല്ലാം യഹൂദി സമ്പ്രദായങ്ങളില്‍ പെട്ടതാണ്.” (അല്‍ഗുന്‍യാ 1:39)
സമസ്തക്കാര്‍ നബി (സ)യുടെ ജന്മദിനം ആഘോഷിക്കുന്നത് ക്രിസ്തുമസ്സിനോട് താരതമ്യം ചെയ്തു കൊണ്ടാണ്. ക്രിസ്തുമസ് ആഘോഷിക്കലും പുണ്യ കര്‍മമത്രെ. സമസ്ത നേതാവ് മുസ്തഫ ഫൈസി രേഖപ്പെടുത്തുന്നു: ”ഈസാ നബിയുടെ ജന്മദിനത്തില്‍ ഈത്തപ്പഴം നല്‍കിയെങ്കില്‍ നബിയുടെ ജന്മദിനത്തില്‍ ആപ്പിളും ചക്കയും നല്‍കാമല്ലോ.” (മൗലീദാഘോഷം, പേജ് 76,77)
അതേയവസരത്തില്‍ മൗലിദാഘോഷം ബിദ്അത്താണെന്ന് സമസ്തക്കാരും നിരവധി തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സമസ്ത എ പി വിഭാഗം രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്.” (സുന്നിവോയ്‌സ് 2000 ജൂലായ്)
ഇ കെ വിഭാഗം സമസ്തക്കാര്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നുറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്.” (തെളിച്ചം മാസിക, 2011 ഫെബ്രുവരി).
സമസ്തക്കാര്‍ നിരവധി അനാചാരങ്ങളാണ് വര്‍ഷാവര്‍ഷം നിര്‍മിച്ചുണ്ടാക്കുന്നത്. അവയിലധികവും മരണത്തോടു ബന്ധപ്പെട്ടു കിടക്കുന്ന പുതിയ പ്രാര്‍ഥനകളും ദിക്‌റുകളുമാണ്. നബി(സ) പറയുന്നു: ”നമ്മുടെ ഈ ദീനില്‍ അതിലില്ലാത്തത് വല്ലവനും പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം അത് തള്ളിക്കളയേണ്ടതാണ്.” (ബുഖാരി). ”നമ്മുടെ കല്പനയില്ലാതെ വല്ല കര്‍മവും വല്ലവനും ചെയ്യുന്ന പക്ഷം അത് തള്ളിക്കളയേണ്ടതാണ്.” (മുസ്‌ലിം)

Back to Top