28 Saturday
June 2025
2025 June 28
1447 Mouharrem 2

പ്രകൃതിയെ പുണരൂ!

സി കെ റജീഷ്‌

തിയോസ് ബര്‍ണാഡ് എന്ന അമേരിക്കന്‍ യുവാവിന്റെ അനുഭവമാണ്. പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ് അദ്ദേഹം. ചികിത്സയൊന്നും ഫലിച്ചില്ല. ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. മരണത്തെ മുന്നില്‍ കണ്ടപ്പോഴും അദ്ദേഹം നിരാശനായില്ല. ‘ദീര്‍ഘനാളത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങണം. സൂര്യപ്രഭയില്‍ കുളിച്ച് നില്ക്കുന്ന ഈ പ്രകൃതി ഒന്ന് ആസ്വദിക്കണം’. ബര്‍ണാഡ് തന്റെ ആഗ്രഹം അമ്മയോട് പങ്കുവെച്ചു.
വീട്ടിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതിഭംഗിയും സൂര്യപ്രഭയും ആസ്വദിക്കാന്‍ അമ്മ അവസരമൊരുക്കി. പ്രഭാത സൂര്യന്റെ സ്വര്‍ണപ്രഭയില്‍ മരങ്ങള്‍ ചാഞ്ചാടിയിരുന്നു. കിളികളുടെ കളകൂജനങ്ങള്‍ കേള്‍ക്കാമായിരുന്നു. കുളിര്‍ക്കാറ്റിന്റെ നൈര്‍മല്യംതഴുകി തലോടിക്കൊണ്ടിരുന്നു. പച്ച വിരിച്ച നെല്‍പാടങ്ങളിലേക്ക് അവന്‍ നോക്കിക്കൊണ്ടിരുന്നു. കാറ്റിലാടുന്ന വൃക്ഷത്തലപ്പുകളും കുളിര്‍മയുള്ള കാഴ്ചയായിരുന്നു. എല്ലാം മറന്ന് പ്രകൃതിയോട് ലയിക്കുമ്പോള്‍ പകര്‍ന്നുകിട്ടുന്ന ഹൃദയാനന്ദം ബര്‍ണാഡിനെ ആരോഗ്യവാനാക്കി. ഇത്രമേല്‍ ഹൃദയ ഹാരിയായ പ്രകൃതി ദൃശ്യങ്ങളാണ് ബര്‍ണാഡിന് ഇപ്പോള്‍ ശമനൗഷധം.
മനുഷ്യനും പ്രകൃതിയും തമ്മിലൊരു പാരസ്പര്യമുണ്ട്. അതിന്റെ കണ്ണിയറ്റുപോവാതെ കാത്തുവെക്കേണ്ടവരാണ് നാം. അപ്പോള്‍ ജീവിതത്തിന്റെ സ്വച്ഛത നിലനില്‍ക്കും. നാം പ്രകൃതിയോട് ഇണങ്ങിക്കഴിയുമ്പോഴാണ് പ്രകൃതി നമുക്ക് സുഖാവസ്ഥ നല്കുന്നത്. ആര്‍ത്തി മൂത്ത മനുഷ്യന്‍ പ്രകൃതിയെ ചൂഷണോപാധിയാക്കിയാലോ? മനുഷ്യന്‍ മാത്രമല്ല, ജീവജാലങ്ങളൊക്കെയും കെണിയിലകപ്പെടും.
പ്രകൃതിയെ നാമറിയണം, പ്രകൃതിയാണ് നമ്മുടെ അസ്തിത്വം; പ്രകൃതിയെ നാം കാണണം. അതിലെ കാഴ്ചകളാണ് നമുക്ക് ശാന്തിദായകം. പ്രകൃതിയെ നാം കേള്‍ക്കണം, അതിലെ സംഗീതത്തിന് സാന്ത്വനസ്പര്‍ശമുണ്ട്. പ്രകൃതിയെ നാം മണക്കണം, അതിന്റെ സുഗന്ധത്തിന് ഹൃദ്യതയുടെ ചൂടും ചൂരുമുണ്ട്. പ്രകൃതിയെ നാം രുചിക്കണം, അതിലെ വിഭവങ്ങളാണ് ആരോഗ്യദായകമായത്. പ്രകൃതിക്ക് ഒരു താളാത്മകതയുണ്ട്. അതിന് ഭംഗമേല്‍ക്കാതെ കാവലാളാവേണ്ടവന്‍ മനുഷ്യനാണെന്ന് ഖുര്‍ആന്‍ (55:8) ഉണര്‍ത്തുന്നു.
ഇവിടെ കിളികളും ചീവിടുകളുമുണ്ട്. കാറ്റാടി മരങ്ങളും ഒച്ചവെച്ചൊഴുകുന്ന കൊച്ചരുവികളുമുണ്ട്. കാട്ടാറുകളും കാട്ടിലെ ജന്തുക്കളുമുണ്ട്. അവ കൂടി നമ്മുടെ ഈ വാസഭൂമിയിലെ അവകാശികളാണ്. ഈ പ്രകൃതിയുടെ താളാത്മകതയെ താളപ്പിഴ കൂടാതെ നമുക്ക് കാത്തുവെക്കാം. ഹൃദ്യമായ ആ പാരസ്പര്യത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം പൂത്തുലയുന്നത്. പുഴയും കുന്നും പച്ചപ്പും എല്ലാം ചേര്‍ന്നതാണ് നമ്മുടെ ഈ പരിസ്ഥിതി. അത് ഉണ്ടെങ്കിലേ നമ്മളും ഉള്ളൂ എന്നോര്‍ക്കണം. ‘അടിവെള്ളമുണ്ടായാലേ കുടിവെള്ളമുണ്ടാവൂ’ എന്ന് പഴമക്കാര്‍ പറഞ്ഞത് ആ തിരിച്ചറിവില്‍ നിന്നാവണം.
വര്‍ണ വൈവിധ്യത്തിന്റെ ജൈവ ഉദ്യാനത്തിലാണ് നാം വസിക്കുന്നത്. മഴയും മഞ്ഞും വെയിലും നിലാവും മാറിമറിയുമ്പോഴും നീലാകാശവും പച്ചപ്പടര്‍പ്പും വര്‍ണപ്പുക്കളും മനസ്സിനെ കുളിരണിയിക്കുന്നു. ഒത്തിനേരം ഇവയോടൊപ്പം ചേരാന്‍ നമുക്കായാല്‍ തേജസ്സുള്ളൊരു ജീവിതത്തിലേക്ക് നാം തിരിച്ചു നടക്കും. മണ്ണിനും വിണ്ണിനും കാവലാളാവേണ്ടവര്‍ അതിനെ കുരുതി കൊടുത്താലോ? തലമുറകളുടെ ജന്മാവകാശത്തെ ഹനിച്ചു കളയുന്ന മാപ്പര്‍ഹിക്കാത്ത ക്രൂരത എന്നല്ലാതെ എന്ത് പറയാന്‍? കവി ഒ എന്‍ വിയുടെ വരികളിലുണ്ട് ഈ വിലാപം.
ഇനിയും മരിക്കാത്ത ഭൂമി
ഇത് നിന്റെ ശാന്തി ഗീതം
ഇത് നിന്റെ (എന്റെയും)
ചരമ ശുശ്രൂഷക്ക്
ഹൃദയത്തിലിന്നേ
കുറിച്ച് ഗീതം
(ഭൂമിക്കൊരു ചരമഗീതം)

Back to Top