8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

പ്രകൃതിസ്‌നേഹിയായ ബഷീര്‍

ജമാല്‍ അത്തോളി


ന്റുപ്പുപ്പായില്‍ നിന്ന് ബാല്യകാല സഖിയിലേക്ക് പ്രവേശിക്കുമ്പോള്‍ ബഷീറിന്റെ നവോത്ഥാന ദര്‍ശനം പുതിയ ഭാവത്തില്‍ പുതിയ തലത്തില്‍ അനാവൃതമാകുന്നു. മജീദിന്റെയും സുഹ്റയുടെയും ശത്രുതയുടെ ബാലകുതൂഹലതകള്‍ വിവരിക്കുന്ന ഒന്നാം അധ്യായത്തില്‍ സാമ്പത്തിക അസമത്വത്തിന്റെ രുചിഭേദങ്ങളും തൊഴില്‍ ഗ്രഹ സ്ഥിതികള്‍ ഔദ്ധത്യ-ഔന്നത്യ നിദാനമാവുന്നില്ല എന്ന പാഠവും വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കുന്നു. വീട് ഓടിട്ടതോ ഓലമേഞ്ഞതോ എന്നതും ബാപ്പ പാവപ്പെട്ട അടയ്്ക്കാ കച്ചവടക്കാരനോ പണക്കാരനായ തടിക്കച്ചവടക്കാരനോ എന്നതും ബാലചാപല്യത്തോടെ ഓര്‍ക്കുന്നത് രംഗമാക്കി ഹൃദ്യമായ് നമ്മുടെ മനസ്സിലേക്കവ പകരുകയാണ്. മജീദും സുഹ്റയും സുഹൃത്തുക്കളായ ഉടനെ നാം കാണുന്നത് അയല്‍പക്കങ്ങളില്‍ നിന്നെല്ലാം പൂച്ചെടിക്കമ്പുകള്‍ ശേഖരിച്ച് തോട്ടം നിര്‍മിക്കുന്നതാണ്.
മരം നടുക, വളര്‍ത്തുക എന്നത് ബഷീര്‍ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു സന്ദേശമാണ്. അദ്ദേഹത്തിന്റെ അനവധി കഥകളില്‍ ഈ ആഹ്വാനമുണ്ട്. അതിന്റെ ചുരുക്കെഴുത്ത് മരം നടുക, വളര്‍ത്തുക എന്നുതന്നെ. ജയില്‍ വളപ്പില്‍ പനിനീര്‍ ചെടികളും തോട്ടവും വെച്ചുപിടിപ്പിക്കുന്നതിന്റെ വിവരണം മതിലുകളില്‍ കാണാം. നശ്വരമെങ്കിലും ഈ ഇഹലോകജീവിതത്തിലും നാം ചില തണലുകളും സുഗന്ധങ്ങളും അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോകേണ്ടതുണ്ടെന്ന് ബശീര്‍ ഓര്‍മിപ്പിക്കുന്നു. നമ്മോട് വിരോധമുള്ളവരും അതനുഭവിച്ചോട്ടെ എന്ന നിസ്വാര്‍ഥതയും അതിലുണ്ട്.
വൃക്ഷങ്ങള്‍ എന്ന തലക്കുറിയില്‍ വിശദമായി മരം നടലിന്റെ പുണ്യവും ശ്രേഷ്ഠതയും ഒന്നൊഴിയാതെ പറഞ്ഞിട്ടുണ്ട്. തേന്മാവ്, കള്ളനോട്ട് തുടങ്ങിയ അനേകം കഥകളും നട്ടുനനയുടെ മഹത്വം ഉദ്ഘോഷിക്കുന്നു. ബഷീര്‍ ചോദിച്ചു. നിങ്ങളെന്തെങ്കിലും സ്വന്തമായി ചെയ്ത് അതിന്റെ സുഖം അനുഭവിച്ചിട്ടുണ്ടോ? കൃഷിചെയ്യുക… ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിച്ച് അതിന്റെ പൂവും കായും കാണുക. എന്തെങ്കിലും ഒരു പുതിയ സാധനം ഉണ്ടാക്കുക, ദാഹിച്ചുവലഞ്ഞ പട്ടിക്കു വെള്ളം കൊടുക്കുക, വിശന്നുവരുന്ന മനുഷ്യന് ആഹാരം കൊടുക്കുക, ഇങ്ങനെ…
‘മനുഷ്യന്‍ വൃക്ഷങ്ങളെയും ആരാധിക്കുന്നു. ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. ഇരുളും വെളിച്ചവും മറ്റെല്ലാം തന്ന് പ്രപഞ്ചങ്ങളെ സജീവമാക്കി തീര്‍ത്തുകൊണ്ടിരിക്കുന്ന അനാദിയായ ദൈവം തമ്പുരാന്റെ പ്രത്യേക അനുഗ്രഹമാകുന്നു വൃക്ഷങ്ങള്‍. ഒരു ചെടി നട്ടുപിടിപ്പിക്കുന്നത് വലിയ സല്‍ക്കര്‍മമാണ്. ഈശ്വരാരാധന എന്നു പറയാം… സ്ത്രീകളും പുരുഷന്മാരും കലപിലാ വര്‍ത്തമാനം അധികം പറയാതെ വല്ലതുമൊക്കെ നട്ടുനനച്ചു പിടിപ്പിച്ചെങ്കില്‍!’ (വൃക്ഷങ്ങള്‍). പേരമരത്തിന്റെ കഥയില്‍ ഒട്ടുകൃഷി പഠിപ്പിക്കാനും സമയം കണ്ടിരിക്കുന്നു, ബഷീര്‍.
ഓരോരുത്തരും അവനവനാല്‍ കഴിയുന്ന ആഹാരസാധനങ്ങള്‍ കൃഷി ചെയ്യുകയും ചുമ്മാ കിളിര്‍ത്തുവരുന്ന തകര ഇലകള്‍ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പ്രകൃതിയിലേക്കു മടങ്ങാനും അദ്ദേഹം നിര്‍ദേശിക്കുന്നു.
ബാല്യകാല സഖിയോട് മജീദ് പട്ടണത്തിലെ ഹൈസ്‌കൂള്‍ വിശേഷം പറഞ്ഞുതുടങ്ങിയതിങ്ങനെ: ‘ഇവിടുത്തെ പള്ളിക്കൂടം പോലെയല്ല, മുമ്പില്‍ വലിയ തോട്ടം. എന്തെല്ലാംതരം ചെടികളുണ്ടെന്നോ? ഞാന്‍ അതിന്റെയെല്ലാം അരി കൊണ്ടുവരും’ നട്ടുനനയ്ക്കലിന്റെ നയപ്രഖ്യാപനം ഇവ്വിധം അന്യത്ര!
പ്രകൃതിസ്നേഹം
പാത്തുമ്മയുടെ ആട് പ്രസവിക്കാന്‍ പോകുമ്പോഴും പ്രസവിച്ചുകഴിഞ്ഞപ്പോഴും ബഷീറില്‍ കാണുന്ന വിഷമവും വെപ്രാളവും അദ്ദേഹത്തിന്റെ ജന്തുസ്നേഹത്തിനുദാഹരണമാണ്. തന്റെ എല്ലാമായ പുസ്തകങ്ങള്‍ തിന്നിട്ടും ആടിനെ കൂടുതല്‍ സ്നേഹിക്കുകയാണ് ബഷീര്‍.
ഒരിടത്ത് ബഷീര്‍ എണ്ണിപ്പറയുകയാണ്… ‘ഇതുകൂടാതെ 22 കോഴികള്‍, ഒരു പശു, ഒമ്പത് പൂച്ചകള്‍ എല്ലാവരും പുല്ലിനെ ആശ്രയിച്ചു ജീവിക്കുന്നു. പുല്ല് പശുവിനാണ്. പശുവിന്റെ പാല്‍ വിറ്റിട്ടുവേണം എല്ലാവര്‍ക്കും ആഹാരം നേടാന്‍… ഒരു പ്രകാരത്തില്‍ എനിക്കും പുല്ലിനോട് കടപ്പാടുണ്ട്. പുല്ലിന് വില കൂടിയതെന്താ’
‘യുദ്ധം മൂലം’
‘യുദ്ധത്തിനെന്തിനാ പുല്ല്?”
‘കുഞ്ഞമ്മക്ക് പൊളിറ്റിക്സ് മനസ്സിലാവുകയില്ല’ പക്ഷെ ബഷീര്‍ അങ്ങനെയുള്ള പൊളിറ്റിക്സും ജീവിതചക്ര പാരസ്പര്യവും യഥാവിധി ഉള്‍ക്കൊണ്ടിരുന്നു.
ക്ഷീണിതനായി വഴിവക്കില്‍ കിടക്കുന്ന വൃദ്ധന്‍ വെള്ളത്തിനായി യാചിക്കുന്നു. കിട്ടിയതില്‍ പകുതിവെള്ളം വഴിയരികില്‍ വാടിത്തളര്‍ന്ന മാവിന്‍ തൈക്ക് – ആരോ വലിച്ചെറിഞ്ഞ അണ്ടി മുളച്ച – ഒഴിച്ച് ബാക്കിവെള്ളം കുടിച്ച്, അല്‍ഹംദുലില്ലാഹ് എന്ന് ദൈവത്തെ സ്തുതിച്ചു. അധികം താമസിയാതെ വൃദ്ധന്‍ മരിക്കുന്നു. അത്ഭുതകരമായ ആ പ്രവൃത്തിക്ക് സാക്ഷികളായ യുവതിയും യുവാവും വിവാഹിതരായി, മകന് ആ വൃദ്ധന്റെ പേരിടുന്നു. യുസുഫ് സിദ്ദീഖ്. അനശ്വര ആസ്വാദനത്തിന്റെ തട്ടകത്തിലേക്ക് ഒരു സല്‍കൃത്യത്തെ ഉയര്‍ത്തി ബഷീര്‍ സല്‍സ്വഭാവത്തിന്റെ ഹൃദയതാളം കേള്‍പ്പിക്കുന്ന ഈ കഥയാണ് തേന്മാവ്.
ചായകുടിച്ച് ക്ലാസ് കമഴ്ത്തിവെക്കുന്നതാണ് ബഷീറിന്റെ പതിവ്. ബാക്കിയുള്ള ച്ചിരിപ്പൊടിയോളം ചായയില്‍ ഉറുമ്പുകള്‍ വന്നുവീണ് ചാവാതിരിക്കാനാണത്. റോസാചെടി നമുക്ക് കണ്ടാനന്ദിക്കാനുള്ളതുപോലെ പുഴുവിന് തിന്നാനും ഉള്ളതാണ് എന്നതാണദ്ദേഹത്തിന്റെ തത്വശാസ്ത്രം. ഭൂമിയില്‍ ചെരുപ്പിട്ട് നടക്കാന്‍ പോലും പ്രയാസം തോന്നുന്ന മനുഷ്യന്‍! കുടിനീരിനെ മാഖുല്‍ഹയാത്തെന്ന് വിശേഷിപ്പിച്ചു. ശിങ്കിടിമുങ്കന്‍ എന്ന തമാശക്കഥയിലും പ്രകൃതിയും പരിസ്ഥിതി മലിനീകരണവും ഉപന്യസിച്ചു.

പറമ്പില്‍ തെങ്ങെത്രയുണ്ട്? അടുത്തവരോട് ബഷീര്‍ അന്വേഷിച്ചു. ‘പറമ്പില്‍ വേറെയും മരങ്ങള്‍ വെക്കണം, മുറ്റത്തൊരു പൂങ്കാവനവും’ അവരെ ഉപദേശിച്ചു.
ഭൂമിക്ക് ചരമഗീതമെഴുതിയ ഒ എന്‍ വിയുടെ സദൃശനിലയില്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂഗോളത്തെപ്പറ്റി ബഷീറും സങ്കടപ്പെട്ടു. ഭൂമി, ജലാശയങ്ങള്‍, വായു, ബഹിരാകാശം, സസ്യങ്ങള്‍, ധാന്യങ്ങള്‍, പൂക്കള്‍, പഴങ്ങള്‍ മുതല്‍ മുലപ്പാലില്‍ വെര കലരുന്ന വിഷവും കുറയുന്ന പ്രാണവായുവും വേവലാതിയോടെ നെഞ്ചിലേറ്റാന്‍ അധികം സാഹിത്യകാരന്മാര്‍ ഉണ്ടായിട്ടില്ല.
(ജോലിക്കുവന്ന ആശാരി സഞ്ചികൊളുത്താന്‍) തൈതെങ്ങില്‍ ആണി അടിച്ചു കയറ്റുന്നു. വൃക്ഷങ്ങളെ സ്നേഹിക്കുന്ന ഈ ‘പിന്തിരിപ്പ’ന്റെ ഹൃദയത്തില്‍ നിന്നു ചോര ഒലിക്കുന്നു. ബഷീറിന്റെ പ്രകൃതി സ്നേഹവും ചിന്തയും ഉല്‍പതിഷ്ണുത്വത്തിന്റെ ഉപോല്‍പന്നമായി ചേര്‍ത്തുവായിക്കാനാവും-തെളിവുകളോടെത്തന്നെ. കാലുകളില്‍ ഉരസിയ പൂച്ചയെ തൊട്ടുതഴുകാത്തതിനെപ്പറ്റി വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഗതം. ‘ചില പുരുഷ ഹൃദയങ്ങളില്‍ നിന്ന് സമസൃഷ്ടിസ്നേഹം കുറഞ്ഞുവരികയാണോ? അവര്‍ കരിങ്കല്‍ പ്രതിമകളെപ്പോലെ ഇരിക്കുന്നതെന്ത്’എന്ന്!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x