മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം പ്രഖ്യാപന സമ്മേളനം ഉജ്ജ്വലമായി

കണ്ണൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ സന്ദേശവുമായി ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറത്ത് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന് തുടക്കം കുറിച്ച് സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം ഉജ്ജ്വലമായി. വിവിധ ജില്ലകളില്‍ നിന്നായി വനിതകളടക്കം വന്‍ ജനാവലിയാണ് സമ്മേളന പ്രഖ്യാപനത്തിന് എത്തിയത്. വിദ്വേഷവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ ദുഷ്ടലാക്കിനെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന സംഘപരിവാര്‍- വര്‍ഗീയ ശക്തികള്‍ക്കുള്ള ശക്തമായ താക്കീതാണ് കര്‍ണാടക ജനവിധിയെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. വിദ്വേഷ രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ ഇന്ത്യന്‍ ജനത പ്രബുദ്ധമായിരിക്കുന്നു എന്നത് ആശാവഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക വികാസം ഏറെ പുരോഗതി പ്രാപിച്ചിട്ടും ആത്മീയ ചൂഷണവും തട്ടിപ്പും വര്‍ധിച്ചുവരുന്നു എന്നതിനാല്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരി മാഫിയക്കും നവലിബറല്‍ അരാജകത്വവാദികള്‍ക്കുമെതിരെ സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ ജെ യു ജന. സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യഭാഷണം നടത്തി. സമ്മേളന മെമന്റോ വിതരണോദ്ഘാടനം കെ എല്‍ പി യൂസുഫ് ഹാജി നിര്‍വഹിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മുട്ടി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. മോഹനന്‍, ഡെപ്യൂട്ടി മേയര്‍ ശബീന ശക്കീര്‍, എം വി ജയരാജന്‍ ആശംസകളര്‍പ്പിച്ചു. എം അഹ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, റാഫി പേരാമ്പ്ര, ഡോ. കെ ടി അന്‍വര്‍ സാദത്ത്. സി ടി ആയിഷ, ആദില്‍ നസീഫ്, ടി കെ തഹ്‌ലിയ, എം കെ ശാക്കിര്‍, സി സി ശക്കീര്‍ ഫാറൂഖി, ബദ്‌റുദ്ദീന്‍ പാറന്നൂര്‍, പി സുഹൈല്‍ സാബിര്‍, ഡോ. പി കെ അബ്ദുല്‍ജലീല്‍ പ്രസംഗിച്ചു.

