5 Wednesday
February 2025
2025 February 5
1446 Chabân 6

പ്രകാശം ചൊരിയുന്ന ഹൃദയങ്ങളുടെ ഉടമകളാകുക

മുസ്തഫ നിലമ്പൂര്‍


മനുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ സങ്കീര്‍ണമായ ധര്‍മത്തെ സംബന്ധിച്ച് പഠിക്കുന്നതിനനുസരിച്ച് അജയ്യനായ സ്രഷ്ടാവിനു മുമ്പില്‍ നാം വിനയാന്വിതരായി നമ്രശിരസ്‌കരാകും. മനുഷ്യരുടെ നന്മതിന്മകളുടെ ആവാസകേന്ദ്രം ഹൃദയമാണ്. അവന്റെ വികാരവിചാരങ്ങളുടെ പ്രഭവകേന്ദ്രവും അതാണ്. അതനുസരിച്ചാണ് സംസ്‌കാരവും നികൃഷ്ടതയും ഉയിര്‍കൊള്ളുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു” (91:7-10). ശരീരത്തിനും മനസ്സിനും ആത്മാവിനും ക്ലിപ്തമായ സംവിധാനങ്ങള്‍ നിര്‍ണയിച്ചവന്‍ തന്നെ ധര്‍മാധര്‍മത്തിന്റെ ബോധനവും നല്‍കിയിട്ടുണ്ട്. തദനുസൃതമായി സംസ്‌കരണത്തിന്റെ പാത പുല്‍കിയവന്‍ വിജയിച്ചു. അല്ലാത്തവര്‍ക്ക് പരാജയമാണ് ഉണ്ടാവുക. അതിനാല്‍ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉയരുന്ന ധര്‍മപ്രചോദനം ഉള്‍ക്കൊണ്ട് ദൈവിക പ്രകൃതിയെ പുല്‍കി സ്വര്‍ഗാവകാശിയാവുകയാണ് നമ്മുടെ ബാധ്യത. മനഃസാന്നിധ്യത്തോടും ആത്മാര്‍ഥതയോടെയും ചെയ്യുന്ന കാര്യങ്ങളെയാണ് അല്ലാഹു പരിഗണിക്കുക.
നബി(സ) പറഞ്ഞു: ”അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത്, ഹൃദയത്തിലേക്കാണ്” (മുസ്‌ലിം). ”അറിയുക: നിങ്ങളുടെ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവനും ചീത്തയായി. അറിയുക: അതാണ് ഹൃദയം” (ബുഖാരി, മുസ്ലിം).
വിവിധ ഹൃദയങ്ങള്‍
വിശുദ്ധ ഖുര്‍ആനില്‍ ഇരുപതു തരം ഹൃദയങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതിന്റെ ഉപസ്വഭാവങ്ങളായി വേറെയും പരാമര്‍ശങ്ങളുണ്ട്. ഫുആദ്, സ്വദ്ര്‍ എന്നു പരാമര്‍ശിച്ചത് വേറെയും കാണാം. ഏതു നിമിഷവും അങ്ങോട്ടോ ഇങ്ങോട്ടോ ചായാനും ചെരിയാനും സാധ്യതയുള്ളതുകൊണ്ടാണല്ലോ ഹൃദയത്തെ ഖല്‍ബ് എന്ന് ഖുര്‍ആന്‍ വിളിക്കുന്നത്. നിയതമായും നിഷേധാത്മകമായും ഖല്‍ബെന്ന പ്രയോഗം ഖുര്‍ആനില്‍ കാണാം:
(1). മുഖ്ബിത് (വിനയാന്വിതമായ ഹൃദയം): അല്ലാഹുവില്‍ ലയിച്ച് കീഴടങ്ങുന്ന വിനയമുള്ള ഹൃദയമാണത്. ”അങ്ങനെ അവരുടെ ഹൃദയങ്ങള്‍ അവനു വേണ്ടി വിനയപ്പെടും.” (22:54).
(2). സലീം (സുരക്ഷിതമായ ഹൃദയം): സര്‍വശക്തനായ റബ്ബിന്റെ ദൃഢമനസ്‌കനായ വിശ്വാസിയുടെ ശിര്‍ക്കില്‍ നിന്നും കാപട്യത്തില്‍ നിന്നും അധര്‍മത്തില്‍ നിന്നും മറ്റു ഹൃദയരോഗങ്ങളില്‍ നിന്നും മുക്തമായ ഹൃദയം. ”കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ.” (26:89)
(3). മുനീബ് (താഴ്മയുള്ള ഹൃദയം): അവന്‍ എപ്പോഴും സര്‍വശക്തനിലേക്ക് ഖേദിച്ചു മടങ്ങുകയും അനുതപിക്കുകയും സദാ അനുസരിക്കാന്‍ തയ്യാറായവനുമായിരിക്കും. ”അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടുകൂടി വരുകയും ചെയ്തവന്.”
(4). വജില്‍ (പേടിയുള്ള ഹൃദയം): ഭയത്തോടും തന്റെ രക്ഷിതാവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ചും ഭീതിയോടെ മുന്നോട്ടുപോകുന്ന ഹൃദയം. ”രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും.” (23:60)
(5). തഖിയ്യ് (ഭക്തിയുള്ള ഹൃദയം): ശക്തവും ഉദാത്തവുമായ അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുന്ന ഹൃദയം. ”അത് (നിങ്ങള്‍ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രേ” (22:32).
(6). മഹ്ദി (സന്മാര്‍ഗം സിദ്ധിച്ച ഹൃദയം): അല്ലാഹുവിന്റെ കാരുണ്യത്തിലും നീതിയിലും സംതൃപ്തമായി മാര്‍ഗദര്‍ശനം സിദ്ധിച്ച ഹൃദയം. ”വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്നപക്ഷം അവന്റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (64:11).
(7). മുത്വ്മഇന്‍ (ആശ്വാസം കൊള്ളുന്ന ഹൃദയം): സര്‍വശക്തനായ റബ്ബിന്റെ സ്മരണയില്‍ സമാധാനത്തോടെ ജീവിക്കുന്ന ഹൃദയം. ”വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക, അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രേ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (13:28).
(8). ഹയ്യ് (ജീവനുള്ള ഹൃദയം): അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഹൃദയസാന്നിധ്യത്തോടെ പഠിക്കാന്‍ തയ്യാറുള്ള ഹൃദയം. ”ഹൃദയമുള്ളവനായിരിക്കുകയോ മനസ്സാന്നിധ്യത്തോടെ ചെവി കൊടുത്ത് കേള്‍ക്കുകയോ ചെയ്തവന് തീര്‍ച്ചയായും അതില്‍ ഒരു ഉദ്‌ബോധനമുണ്ട്” (50:37).
മേല്‍പറഞ്ഞ വിധമുള്ള ഹൃദയം ലഭിക്കാന്‍ നാം ബോധപൂര്‍വം പ്രാര്‍ഥിക്കുകയും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുകയും വേണം. താഴെ വിവരിക്കുന്ന ഹൃദയങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ റബ്ബിനോട് രക്ഷ തേടേണ്ടതാണ്.
(1). മരീള് (രോഗമുള്ള ഹൃദയം): സംശയം, കാപട്യം മുതലായ രോഗങ്ങള്‍ നിറഞ്ഞ ഹൃദയം. ”അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്ക് ഉണ്ടായിരിക്കുക” (2:10).
(2). അഅ്മാ (അന്ധമായ ഹൃദയം): ചരിത്ര യാഥാര്‍ഥ്യങ്ങള്‍ കാണാത്ത, കണ്ടാലും ഗ്രഹിക്കാത്ത ഹൃദയം. ”തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്” (22:46).
(3). ലാഹിയത് (അശ്രദ്ധമായ ഹൃദയം): ഖുര്‍ആനിനെയും അല്ലാഹുവിന്റെ സ്മരണയെയും അവഗണിച്ച് വിനോദങ്ങളിലും ഭൗതിക ആഗ്രഹങ്ങളിലും മാത്രം വ്യാപൃതമായ ഹൃദയം. ”ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട് (അവരിലെ) അക്രമികള്‍ അന്യോന്യം രഹസ്യമായി ഇപ്രകാരം മന്ത്രിച്ചു: നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമല്ലേ ഇത്? എന്നിട്ട് നിങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടുതന്നെ ഈ ജാലവിദ്യയുടെ അടുത്തേക്ക് ചെല്ലുകയാണോ?” (21:3).
(4). ആഥിം (പാപിയായ ഹൃദയം): യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ച് വഞ്ചന കാട്ടുന്ന ഹൃദയം. ”ആരത് മറച്ചുവെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു” (2:283).
(5). മുതകബ്ബിര്‍ (അഹങ്കാരമുള്ള ഹൃദയം): ദൈവിക ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് യാതൊരു വിവരമോ പ്രമാണമോ ഇല്ലാതെ അഹന്തയോടെ തര്‍ക്കം നടത്തുന്ന ഹൃദയം. ”അപ്രകാരം അഹങ്കാരികളും ഗര്‍വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു” (40:35).
(6). ഗ്വലീള് (പരുക്കന്‍): കാരുണ്യവും വിട്ടുവീഴ്ചയും ഇല്ലാത്ത പരുക്കന്‍ സ്വഭാവമുള്ള ഹൃദയം. ”നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പു കൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക” (3:159).
(7). മഖ്തൂം (മുദ്രയിട്ട ഹൃദയം): സന്മാര്‍ഗം കേള്‍ക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത വിധം കേള്‍വിക്കും ഹൃദയത്തിനും മുദ്ര വെക്കപ്പെടുന്ന അവസ്ഥ. ”അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്” (2:7).
(8). ഖാസീ (കഠിനഹൃദയം): ഉദ്‌ബോധനങ്ങളെ വിസ്മരിക്കുകയും ദൈവിക വചനങ്ങളെ മാറ്റിമറിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്യുന്ന ഹൃദയം. ”അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു” (5:13).
(9). ഗാഫില്‍ (അശ്രദ്ധ ഹൃദയം): നാഥനെ വിസ്മരിക്കുകയും അവനെ അനുസരിക്കാതിരിക്കുകയും ഭൗതിക ജീവിതത്തില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന ഹൃദയം. ”ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചുപോകരുത്” (18:28).
(10). ഗുല്‍ഫ് (മൂടിയുള്ള ഹൃദയം): സത്യത്തിന്റെ പ്രകാശം എത്താത്ത രീതിയില്‍ പൊതിഞ്ഞ ഹൃദയമാണത്. ഖുര്‍ആനിന്റെയോ റസൂലി(സ)ന്റെയോ വാക്കുകള്‍ എത്താതിരിക്കാന്‍ പറ്റാത്തവിധം മൂടിക്കളഞ്ഞ ഹൃദയം. ”അവര്‍ പറഞ്ഞു: ഞങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ (അതല്ല ശരി) അവരുടെ നിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ കുറച്ചേ അവര്‍ വിശ്വസിക്കുന്നുള്ളൂ” (2:88).
(11). സയ്ഗ് (വക്രീകരിക്കപ്പെട്ട ഹൃദയം): ”നബിയേ, നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രേ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്. അവയത്രേ വേദഗ്രന്ഥത്തിന്റെ മൗലിക ഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു” (3:7).
(12). മുരീബ് (സംശയാസ്പദമായ ഹൃദയം): എന്തിലും സംശയമുള്ള, തൃപ്തിവരാത്ത മനസ്സിന്റെ വാഹകനായ ഹൃദയം. ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ചുകൊണ്ടിരിക്കുകയാണ്” (9:45).
ഇവ കൂടാതെ ഹൃദയാന്തരങ്ങളുടെ അവസ്ഥയനുസരിച്ച് വേറെയും ചില നാമങ്ങളില്‍ ഖുര്‍ആന്‍ ഹൃദയത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. 24:35 വ്യാഖ്യാനത്തില്‍ ഇബ്‌നു കസീര്‍ (റ) ജയ്യിദായ സനദോടെ അബൂസഈദി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. റസൂല്‍(സ) പറഞ്ഞു: ”ഹൃദയങ്ങള്‍ നാലു വിധമാണ്. വിളക്കുപോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം. ഉറയില്‍ ബന്ധിച്ചുവെച്ച ഹൃദയം, തലകീഴായതും കമഴ്ത്തിവെക്കപ്പെട്ടതുമായ ഹൃദയം, ചേര്‍ന്നൊട്ടിയ കവചിത ഹൃദയം എന്നിങ്ങനെ.
പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം വിശ്വാസിയുടെ ഹൃദയമാണ്. ഉറയില്‍ ബന്ധിതമായ ഹൃദയം സത്യനിഷേധിയുടേതാണ്. തലകീഴായി കമഴ്ത്തി വെക്കപ്പെട്ട ഹൃദയം സത്യം ഗ്രഹിച്ചിട്ടും നിരാകരിച്ച കപടവിശ്വാസിയുടേതാണ്. ചേര്‍ന്നൊട്ടിയ കവചിത ഹൃദയമാവട്ടെ വിശ്വാസവും കാപട്യവും ചേര്‍ന്നുനില്‍ക്കുന്ന ഹൃദയങ്ങളാണ്. ഇതിലെ വിശ്വാസത്തിന്റെ ഉപമ ശുദ്ധജലത്തില്‍ പരിപോഷിപ്പിക്കപ്പെട്ട സസ്യം പോലെയാണ്. ഇതിലെ കാപട്യമാവട്ടെ, രക്തവും ചലവും ഒലിക്കുന്ന വ്രണം പോലെയും. ഈ രണ്ടിലേതാണ് (ഈമാനോ കാപട്യമോ) മികച്ചുനില്‍ക്കുന്നത്, അതിന്റെ ഗുണം ഉയര്‍ന്നുനില്‍ക്കും” (അഹ്മദ്).
ഉപരിസൂചിത ഹദീസില്‍ പരാമര്‍ശിച്ച വിളക്കുപോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം, കൂരിരുട്ടിലെ വിളക്കുപോലെ ചുറ്റുപാടുമുള്ളവര്‍ക്ക് പ്രകാശം നല്‍കിക്കൊണ്ടിരിക്കുന്ന, അല്ലാഹുവിലും പ്രവാചകനിലും ദൃഢമായി വിശ്വസിക്കുകയും തദനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്ത സത്യവിശ്വാസിയുടേതാണ്. പകയോ വിദ്വേഷമോ ഇല്ലാത്ത വിശാലമായ മനസ്സിന്റെ ഉടമകളാണവര്‍.
ഉറയില്‍ ബന്ധിതമായ ഹൃദയം സത്യനിഷേധിയുടേതാണ്. സന്മാര്‍ഗത്തിനു നേരെ അവരുടെ മനസ്സുകള്‍ ഒരിക്കലും തുറക്കപ്പെടുകയില്ല. തുറക്കപ്പെടാത്ത ജാലകം പോലെ, പ്രകാശം എത്ര സമീപസ്ഥമാണെങ്കിലും അതിന്റെ ധവളിമ അവനിലേക്ക് എത്തുകയില്ല.
തലകീഴായി കമഴ്ത്തിവെക്കപ്പെട്ട ഹൃദയം, നിലപാടോ ആദര്‍ശമോ ഇല്ലാത്ത, കാര്യലാഭം മാത്രം ലക്ഷ്യമാക്കി വിശ്വാസികളുടെ കൂടെയും അവിശ്വാസികളുടെ കൂടെയും ആടിയുലഞ്ഞ് നേട്ടങ്ങള്‍ മാത്രം കൊയ്‌തെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന കപടവിശ്വാസികളുടേതാണ്. അവര്‍ മുസ്‌ലിം വേഷമണിയുകയും ഹൃദയാന്തരങ്ങളില്‍ അവിശ്വാസത്തെ താലോലിക്കുകയും ഇസ്‌ലാമിനെതിരില്‍ ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവരുടെ ഹൃദയം മരത്തടി ചാരിവെച്ച പോലെയാണ്.
നിലപാടോ ധീരതയോ ഇല്ലാത്ത, ഉച്ചത്തിലൊരു ശബ്ദം കേട്ടാല്‍ പോലും വിറളിപിടിക്കുന്ന ആദര്‍ശശൂന്യരാണവര്‍. കുസൃതിയിലും വഞ്ചനയിലും അതിസമര്‍ഥരുമാണവര്‍. ഹൃദയങ്ങള്‍ ദുഷിക്കുകയും, നന്മയും സത്യവും ഒരിക്കലും പ്രവേശിക്കാത്തവിധം ഭദ്രമായി അടച്ചുപൂട്ടി മുദ്രവെക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ചേര്‍ന്നൊട്ടിയ കവചിത ഹൃദയമെന്ന ഹദീസിലെ അവസാന ഉപമ, വിശ്വാസവും അവിശ്വാസവും കൂടിക്കലര്‍ന്ന ഹൃദയത്തിന്റെ ഉടമകളെ സംബന്ധിച്ചാണ്. വിശ്വാസം തെളിഞ്ഞ നീരുറവപോലെ കൂടുതല്‍ കരുത്തോടെ സമൃദ്ധമായ കായ്ഫലങ്ങള്‍ ലഭ്യമാക്കി തേജസ്സുറ്റതായിത്തീരുന്നു. കാപട്യമാകട്ടെ, ചോരയും ചലവും നിറഞ്ഞ വ്രണങ്ങള്‍ പോലെയാണ്. ഹൃദയങ്ങളെ അത് ദുഷിപ്പിക്കുകയും വികൃതമാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുക മാത്രമല്ല, മറ്റുള്ളവര്‍ക്കും ഉപദ്രവങ്ങള്‍ ചെയ്‌തേക്കും.
മനുഷ്യ മനസ്സുകളില്‍ വിശ്വാസ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. വിശ്വാസ ദൗര്‍ബല്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുകയും വേണം. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞുകൊള്ളുക” (8:24).
അനസ് (റ) പറയുകയാണ്: ”നബി(സ) ധാരാളമായി ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ‘ഹൃദയങ്ങളില്‍ മാറ്റം വരുത്തുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചുനിറുത്തേണമേ!’ അങ്ങനെ ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഞങ്ങളെക്കുറിച്ചും താങ്കള്‍ (ഹൃദയമാറ്റം സംഭവിക്കുന്നതിനെ) ഭയപ്പെടുന്നുണ്ടോ?” നബി(സ) പറഞ്ഞു: ‘അതെ, ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ടു വിരലുകള്‍ക്കിടയിലാണ്. അവന്‍ അവയെ തിരിച്ചുമറിക്കുന്നു” (അബൂദാവൂദ്, തിര്‍മിദി).
യഥാര്‍ഥ ജ്ഞാനികളുടെ പ്രാര്‍ഥന ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: ”(അവര്‍ പ്രാര്‍ഥിക്കും:) ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു” (3:8). ഹൃദയത്തെ സംസ്‌കരിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസന്‍മാരായിത്തീരാന്‍ നാം പ്രാര്‍ഥിക്കുകയും യത്‌നിക്കുകയും ചെയ്യുക.

Back to Top