13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

അല്ലാഹുവിനെ വാഴ്ത്തുക

എം ടി അബ്ദുല്‍ഗഫൂര്‍


ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ”പ്രയാസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ നബി(സ) ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: മഹാനും വിവേകശാലിയുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. ആകാശ ഭൂമികളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ അധിപനുമായ അ ല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല.” (ബുഖാരി, മുസ്്‌ലിം)
***************

സുഖ ദുഃഖ സമ്മിശ്രമാണ് ഐഹിക ജീവിതം. സന്തോഷവും സന്താപവും ഇവിടെ സ്വാഭാവികമത്രെ. ഇവ രണ്ടിനെയും തനിക്കുള്ള പരീക്ഷണമായി കണക്കാക്കുകയെന്നതാണ് വിശ്വാസിയുടെ സമീപനം. നന്മയാണെങ്കില്‍ നന്ദിയും തിന്മയാണെങ്കില്‍ സഹനവും കാണിക്കുകയെന്നത് വിശ്വാസിയുടെ ഗുണമാകുന്നു. പ്രയാസങ്ങള്‍ പല നിലക്കും അനുഭവിക്കേണ്ടിവരും. ശാരീരിക രോഗങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, മാനസിക സമ്മര്‍ദങ്ങള്‍, കുടുംബപരമായ പ്രശ്‌നങ്ങള്‍, രാഷ്ട്രവും ലോകവും നേരിടുന്ന വെല്ലുവിളികള്‍ എല്ലാം മനുഷ്യന്‍ നേരിടുന്ന പരീക്ഷണങ്ങളാണ്.
മനുഷ്യര്‍ക്കിടയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ശത്രുക്കളുടെ കടന്നുകയറ്റവും ആക്രമണവും സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്നു. ആള്‍നഷ്ടവും സാമ്പത്തിക തകര്‍ച്ചയും കാര്‍ഷികോല്പാദനത്തിലെ കുറവും പട്ടിണിയും ദാരിദ്ര്യവും വര്‍ധിപ്പിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സു പതറാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുക എന്നതിലാണ് വിജയം. ഈമാന്‍ പരീക്ഷിക്കപ്പെടുന്ന ഇത്തരം വേളകളില്‍ നമ്മുടെ ചിന്തകളെ നന്മയിലേക്ക് വഴിതിരിച്ചുവിടാന്‍ കഴിയേണ്ടതുണ്ട്.
അല്ലാഹുവിനെ വാഴ്ത്തുകയും അവന്റെ അധികാരത്തെ അടുത്തറിയുകയും ആരാധനകള്‍ അവനിലേക്ക് മാത്രം ഏകീകരിക്കുകയും അതിലടിയുറച്ച് മുന്നേറുകയും ചെയ്യുന്നത് പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗമാണെന്ന് ഈ പ്രാര്‍ഥനയിലൂടെ നബി തിരുമേനി പഠിപ്പിക്കുന്നു. ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടത്തിനും വീഴ്ചകളെ വിലയിരുത്തി ഖേദിച്ചുമടങ്ങുകയും സല്‍ക്കര്‍മങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യാനുള്ള അവസരം കൂടിയാണ് പ്രതിസന്ധികള്‍. ആഴക്കടലില്‍ മത്സ്യത്തിന്റെ വയറ്റില്‍ ശക്തമായ ഇരുട്ടിലും ഞെരുക്കത്തിലും അകപ്പെട്ട യൂനുസ് നബി (അ)യുടെ പ്രാര്‍ഥനയും സര്‍വശക്തന്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊണ്ടായിരുന്നു.
സര്‍വശക്തനും സര്‍വലോകങ്ങളുടെയും സര്‍വാധികാരിയും മഹത്വമുള്ളവനും സമ്പൂര്‍ണനും വിവേക ശാലിയുമായ അല്ലാഹുവില്‍ ഭരമേല്പിക്കുവാനും അവനോട് സഹായം ചോദിക്കുവാനും തയ്യാറാവുന്നതിലൂടെ പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള മനക്കരുത്ത് നേടിയെടുക്കുവാന്‍ കഴിയുന്നു. മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെട്ട് അജയ്യനും അന്യൂനനുമായ അല്ലാഹുവിന്റെ കഴിവുകളെയും ശക്തിയെയും അംഗീകരിച്ച് മനസ്സറിഞ്ഞ് അല്ലാഹുവിന്റെ സാമീപ്യം തേടുവാനും ഈ തിരുവചനം താല്പര്യപ്പെടുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x