പ്രധാന ശത്രു യു എസ് തന്നെയെന്ന് കിം ജോങ് ഉന്‍
പ്രധാന ശത്രു യു എസ് ആണെന്ന് പ്രഖ്യാപിച്ച് വീണ്ടും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. യു എസ് പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതികരണം. തുടക്കത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിമ്മും പരസ്പരം ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നു. വാക്കുകള്‍ കൊണ്ട് പോരടിച്ചും പരസ്പരം ഭീഷണി മുഴക്കിയുമായിരുന്നു ഇരുവരുടെയും മുന്നോട്ടുപോക്ക്. തമ്മിലടി തുടരുമ്പോഴും ട്രംപും ഉന്നും കൂടിക്കാഴ്ച നടത്തിയതും ആദ്യമായി ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന യു എസ് പ്രസിഡന്റായി ട്രംപ് മാറിയതും ചരിത്ര സംഭവമായിരുന്നു. ”നമ്മുടെ വിപ്ലവത്തിലേക്കുള്ള തടസ്സമായ, ഏറ്റവും വലിയ ശത്രുവായ യു എസിനെ അട്ടിമറിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം” -കൊറിയന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കിം പറഞ്ഞതായി കെ സി എന്‍ എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ”ആരാണ് അധികാരത്തിലിരിക്കുന്നത് എന്നതില്‍ കാര്യമില്ല, ഉത്തരകൊറിയക്കെതിരായ യു എസ് നയത്തിന്റെ യഥാര്‍ഥ സ്വഭാവം ഒരിക്കലും മാറില്ല” -ജോ ബൈഡന്റെ പേരെടുത്ത് പറയാതെ കിം പറഞ്ഞു. യു എസിലെ ഭരണമാറ്റം പ്യോങ് യാങ്ങിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ജോ ബൈഡനെ ക്രൂരനായ നായ എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. കിമ്മിനെ കള്ളന്‍ എന്നും കശാപ്പുകാരന്‍ എന്നുമായിരുന്നു ബൈഡന്‍ വിശേഷിപ്പിച്ചത്.