പ്രാദേശിക സമിതികള്‍ ജാഗ്രത പുലര്‍ത്തണം
അബു ഗൂഡലായ് കല്‍പ്പറ്റ
സ്ത്രീധനം എത്രയെത്ര കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തുന്നത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് പറയാറുണ്ടെങ്കിലും നിയമത്തിന്റെ പഴുതിലൂടെ എല്ലാം ഭംഗിയായി നടക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. സ്ത്രീധനം ചോദിക്കുന്നവനോട് ‘പോടോ’ എന്ന് പറഞ്ഞാല്‍ അവസാനിക്കുന്ന ഒരു വിഷയമല്ലല്ലോ ഇത്. പഴുതുകളടച്ചുള്ള നിയമനിര്‍മാണം ആവശ്യമാണ്. വിദ്യാസമ്പന്നരായവരുടെ ഇടയിലും ഈ മഹാമാരി നിലനില്‍ക്കുന്നുവെന്നത് വിചിത്രമാണ്.
സ്ത്രീധനം ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം വിഷയമല്ല. എല്ലാ മതങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ ഇത് നിലനില്‍ക്കുന്നുണ്ട്. ചിലര്‍ ഇതിനെ പോക്കറ്റ് മണിയെന്നോ പാരിതോഷികമെന്നോ വിളിക്കുന്നു. ഗാര്‍ഹിക പീഡന കേസ്സുകളില്‍ അധികവും സ്ത്രീധനത്തിന്റെ പേരിലാണ്. നിസ്സാര കാരണത്താല്‍ ഉണ്ടാവുന്ന കുടുംബ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് ഗാര്‍ഹിക പീഡന കേസ്സായി മാറുമ്പോള്‍ അതിലെ വില്ലന്‍ പലപ്പോഴും സ്ത്രീധനമായിരിക്കും. ഒരു പക്ഷെ അഞ്ച് പവനോ പത്ത് പവനോ കൊടുത്തിരിക്കാം. എന്നാല്‍ കേസിന്റെ വക്കില്‍ എത്തുമ്പോള്‍ ഇത് ഇരുപത്തഞ്ചും അമ്പതും പവനായി മാറാം. ഇത്രയും വാങ്ങിയിട്ടില്ലാ എന്നോ കൊണ്ടുവന്നിട്ടില്ലാ എന്നോ തെളിയിക്കപ്പെടാന്‍ പ്രയാസവുമായിരിക്കും.
അമ്പല കമ്മിറ്റികളും ചര്‍ച്ചുകളിലെ കമ്മിറ്റികളും മഹല്ല് കമ്മിറ്റികളും ജാഗ്രതയോടെ മുന്നോട്ടു വന്നാല്‍ ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണം പകുതിയായിട്ടെങ്കിലും കുറയ്ക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. പൂര്‍ണമായും ഈ വില്ലനെ ഇല്ലായ്മ ചെയ്യാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഈ കമ്മിറ്റികള്‍ ആലോചിക്കണം. മഹല്ല് കമ്മിറ്റികള്‍ക്ക് ഇതില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. വിവാഹങ്ങളെല്ലാം പള്ളികളിലും അമ്പലങ്ങളിലും ചര്‍ച്ചുകളിലും റജിസ്റ്റര്‍ ചെയ്യുന്നുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. വരന്റേയും വധുവിന്റെയും വീട്ടുകാര്‍ കല്യാണാവശ്യാര്‍ഥം സമീപിക്കുമ്പോള്‍ വധുവിന് നല്‍കുന്ന ആഭരണത്തിന്റെ തൂക്കവും തരംതിരിച്ചുള്ള എണ്ണവും ലഭിക്കുന്ന പാരിതോഷികവും വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ചെയ്യണം. വിവാഹത്തിന് നല്‍കുന്ന ആഭരണങ്ങള്‍ക്കും പാരിതോഷികം വാങ്ങുന്നതിനും പരിധി നിശ്ചയിക്കണം. വിവാഹ രജിസ്റ്ററില്‍ ഒപ്പിടുന്ന സാക്ഷികള്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. കമ്മിറ്റിക്കാര്‍ വിവാഹ രജിസ്റ്ററിലും സര്‍ട്ടിഫിക്കറ്റിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവണമെന്ന് മാത്രം. ആര്‍ഭാട വിവാഹത്തിനും നിയന്ത്രണം ആവശ്യമാണ്. വിവാഹത്തിന് ചെലവഴിക്കേണ്ട തുകയ്ക്കും പരിധി നിശ്ചയിക്കണം. ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സാധിക്കും.