പ്രാര്‍ഥനയുടെ വേരറ്റം
ഫാത്തിമ ഫസീല
മൗന വേഗങ്ങളാണ്
പിന്‍വാങ്ങലുകളുടെ
തോത് കുറിച്ചുവെക്കുന്നത്.
ഹൃദയത്തിന്റെ ഉള്ളടരുകളില്‍ നിന്ന്
നിര്‍വികാരതയുടെ ചില്ല
പടര്‍ന്നു പൂക്കുമ്പോള്‍
നീയോ ഞാനോ ഇല്ലാതാകുന്നിടം
ഒരു മഞ്ഞുപുക മറയിടും എന്നാണ്
നെരിപ്പോടിന്റെ ചിന്താ ധമനികള്‍
എന്നോട് ആണയിടുന്നത്.
തേടിക്കൊണ്ടേ ഇരിക്കുന്ന
വെളിച്ചത്തിനും ഇരുട്ടിനും ഇടയില്‍
വിറളി പിടിച്ച് തെളിഞ്ഞുവരുന്ന
നേര്‍ത്ത വഴിയടയാളങ്ങളില്‍
തണലു കാണുമ്പോള്‍
മനസ്സില്‍ നൂറു തവണ
പറഞ്ഞും തിരുത്തിയും
ചുരുട്ടിക്കളഞ്ഞും
വീണ്ടും നിവര്‍ത്തിയെടുത്തും
കീറിക്കളഞ്ഞും
അന്തിച്ചിരിക്കാറുണ്ട്,
ഒരു കവിത പോലുമാക്കി മാറ്റാനാവാത്ത
നീ എന്ന മിഥ്യയെ.
കരുതലിന്റെ കാറ്റില്‍
ചില്ലകളിലൂടെ
ഒരു കഥ പടരും.
അണ്ണാന്‍കുഞ്ഞിന്റെ
ചീവീടിന്റെ
ഉറുമ്പുകൂട്ടങ്ങളുടെ
മരംകൊത്തിയുടെ
ദൈന്യതയില്‍
മല നിരകള്‍ക്കും കടലാഴങ്ങള്‍ക്കും
ഓര്‍ത്തുവെക്കാന്‍
വിരിച്ചിട്ട ആകാശത്തിന്റെ
പടത്തിലിരുന്ന് ഞാന്‍
മൗനിയാകും…
നീട്ടിയ കരങ്ങളും
കണ്ണുനീരും മനസ്സും
ഒരേ രേഖയിലേക്ക് ചേര്‍ത്തുവെച്ച്
എന്നെയൊരു കവിതയാക്കും.
ഉരുവിട്ട് ഉരുകുന്ന
എന്റെ പ്രാര്‍ഥനകള്‍ മുഴുവന്‍
നിനക്കു നല്‍കും.