ദാരിദ്ര്യം പേറുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍
സയ്യിദ് സിനാന്‍ പരുത്തിക്കോട്
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സ്ഥിതി വളരെയധികം മോശമാണെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്. 340 ദശലക്ഷം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. ഡിജിറ്റല്‍ ഇന്ത്യയെന്ന് മേനിനടിക്കുന്ന രാജ്യത്തിന്റെ ദുരവസ്ഥയാണ് ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94ാം സ്ഥാനത്തായിരുന്നു. 2010ല്‍ 67 ആയിരുന്നിടത്തു നിന്ന് ക്രമാനുഗതമായി നില മെച്ചപ്പെടുത്തി 2014ല്‍ 55ാം സ്ഥാനത്തെത്തിയിരുന്നു. 2017ല്‍ ഇത് 100ലേക്ക് കുതിച്ചു. ബി ജെ പി സര്‍ക്കാര്‍ 2014 മെയില്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇന്ത്യ റാങ്കിങില്‍ ഇത്രയധികം താഴേക്ക് വരാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് ഭരണപക്ഷം ഉയര്‍ത്തുന്ന കാരണങ്ങള്‍ എന്താണെന്ന് പൊതുജനങ്ങളെ അറിയിച്ചാല്‍ നന്നായിരുന്നു. ജനാധിപത്യ രാജ്യമായതുകൊണ്ട് ജനങ്ങള്‍ക്ക് അതറിയാനുള്ള അവകാശവുമുണ്ട്. ഭരണത്തിന്റെ ഗുണമാണോ രാജ്യത്തെ താഴേത്തട്ടില്‍ എത്തിച്ചതെന്നതിനെക്കുറിച്ച് പഠനം നടത്തുകയും മുന്നോട്ടെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം.