പൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍
എം കെ ശാക്കിര്‍ ആലുവ
ഏറെക്കുറെ എല്ലാ മതങ്ങളിലും പൗരോഹിത്യത്തിന്റെ ഇടപെടല്‍ മൂലം അതിന്റെ അനുയായികള്‍ വലിയ ഭയപ്പാടിലാണ്. മനുഷ്യരുടെ അസ്വസ്ഥതകളും ആശങ്കകളും രോഗവും ജനനവും മരണവുമെല്ലാം പൗരോഹിത്യത്തിനുള്ള ചൂഷണോപാധികളാണ്. മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനാണ് ലക്ഷത്തില്‍പരം പ്രവാചകന്മാര്‍ നിയോഗിതരായത്, മനുഷ്യരുടെ ആശങ്കകളും അസ്വസ്ഥതകളും അകറ്റി സ്വസ്ഥതയും സമാധാനവുമാണ് പ്രവാചക അധ്യാപനങ്ങളിലൂടെ സമൂഹത്തിന് കൈവന്നത്. ചില മതങ്ങളില്‍ വേദം കേള്‍ക്കാനോ പഠിക്കാനോ കഴിയാത്ത മനുഷ്യര്‍, ജന്മം കൊണ്ട് തന്നെ അധമത്വത്തിന്റെ ചാപ്പകുത്തപ്പെട്ടവര്‍. ചില മതങ്ങളില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവരോധിക്കപ്പെടുന്നവര്‍ ചിലരെ വാഴ്ത്തുകയും വിശുദ്ധരാക്കുകയുമൊക്കെ ചെയ്ത് വരുന്നു.
മുസ്ലിം സമൂഹത്തില്‍ ഉച്ഛനീചത്വങ്ങളില്ല എന്ന് പറയുമെങ്കിലും ചില കുടുംബങ്ങള്‍ അഹ്‌ലു ബൈത്തിലേക്ക് ചേര്‍ക്കപ്പെട്ടവരായി കരുതി ഭക്തിയുടെ മറവിലെ ചൂഷണങ്ങള്‍ അവിരാമം തുടരുന്നു. പൗരോഹിത്യം അവര്‍ സ്വയം പടച്ചുണ്ടാക്കിയതാണെന്ന് ഖുര്‍ആന്‍ (57:27) പറയുന്നു. ‘പണ്ഡിതന്മാരിലും പുരോഹിതന്മാരിലും അധികപേരും ജനങ്ങളുടെ മുതലുകള്‍ അന്യായമായി തിന്നുന്നവരാണ് (9:34). ‘മുന്‍ കഴിഞ്ഞ സമൂഹങ്ങളുടെ അപചയങ്ങളുടെ കാരണം അവര്‍ അവരിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ദൈവത്തിന് പുറമെ രക്ഷാധികാരികളാക്കിയതാണെന്ന് ഖുര്‍ആന്‍ (9:31) മുന്നറിയിപ്പു നല്‍കുന്നു. വിശ്വാസവും അന്ധവിശ്വാസവും പലപ്പോഴും കുഴമറിക്കുകയാണ് പൗരോഹിത്യം ചെയ്യുക. ഈ ചൂഷക വര്‍ഗത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
വിശ്വാസമാകട്ടെ, ദൈവപ്രീതിയാണ് അതിന്റെ പരമലക്ഷ്യം. അക്രമമോ ആര്‍ത്തിയോ അതൊരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. പ്രകൃതി വിരുദ്ധമായത് കല്പിക്കുകയുമില്ല. ഈ യഥാര്‍ഥ വിശ്വാസം കൈമോശം വന്നവന്‍ ആകാശത്തു നിന്ന് വീണവനെപ്പോലെയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പ്രളയവും പകര്‍ച്ചവ്യാധികളും വന്നപ്പോള്‍ ഒളിവില്‍ പോയ സിദ്ധന്മാരും ആത്മീയ തട്ടിപ്പുകാരും സാമൂഹികാന്തരീക്ഷം സുരക്ഷിതമായപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നു. ഇപ്പോള്‍ പിടിക്കപ്പെടുന്നത് കേവലം നത്തോലികള്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും വിളിപ്പാടകലെ സുഖമായി ആര്‍മാദിച്ചു കഴിയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ചൂഷണമായിരിക്കുകയാണ് ആത്മീയ രംഗത്തെ ചൂഷണം.