പൗനാമ
മുര്‍ശിദ് പാലത്ത്
പാലത്ത്: പരേതനായ പുനത്തില്‍ അഹമ്മദിന്റ ഭാര്യ പൗനാമ (63) നിര്യാതയായി. അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും പരിമിതികളില്‍ നിന്ന് തികഞ്ഞ ഭക്തിയും ആദര്‍ശ ബോധവുമായി വളര്‍ന്നുവന്ന അവര്‍ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ ആവേശകരമായ സാന്നിധ്യമായിരുന്നു. പാലത്തും പരിസരപ്രദേശങ്ങളിലും ഇസ്‌ലാഹി പ്രസ്ഥാനം സംഘടിപ്പിക്കുന്ന പഠന ക്ലാസുകളിലും സംരംഭങ്ങളിലും അവര്‍ നിത്യ സാന്നിധ്യമായിരുന്നു. പള്ളിയുടെയും പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തന കേന്ദ്രമായ പാത്‌വേ സെന്ററിന്റെയും അയല്‍വാസിയായ അവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലും ശുചീകരണത്തിലും പരിപാലനത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ക്യു എല്‍ എസ് അടക്കമുള്ള ഖുര്‍ആന്‍ ക്ലാസുകളിലും സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന മറ്റെല്ലാ സംഘടനാ പരിപാടികളിലും ചോദിച്ചറിഞ്ഞ് നേരത്തെ തന്നെ എത്തിച്ചേരാനുള്ള അവരുടെ താല്‍പര്യം ശ്രദ്ധേയമായിരുന്നു. മുജാഹിദ് സമ്മേളനത്തിന് നാല് ദിവസത്തേക്ക് വളണ്ടിയര്‍ ആകണമെന്ന് തീരുമാനിച്ചു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് അവര്‍ ഹൃദയാഘാതത്തിലൂടെ അബോധാവസ്ഥയിലേക്ക് നീങ്ങുന്നത്. മക്കളെയെല്ലാം ഇസ്ലാഹി മാര്‍ഗത്തില്‍ ഉറപ്പിച്ചു വളര്‍ത്താന്‍ ആ ഉമ്മക്ക് സാധിച്ചു. മക്കള്‍: റഫീഖ്, റിഷാദ്, റഊഫ്. അല്ലാഹു അവരുടെ നന്മകള്‍ക്ക് പൂര്‍ണ പ്രതിഫലം നല്‍കുകയും വീഴ്ചകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യട്ടെ (ആമീന്‍).