9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പൊട്ടക്കിണര്‍

യൂസുഫ് നടുവണ്ണൂര്‍


മഴക്കാലത്ത് മാത്രം നിറയുന്നു
ചില കിണറുകള്‍
ആഴം വിഴുങ്ങി
ആടുംചോടും മുങ്ങുന്ന മഴയില്‍
ജലസമാധി ചെയ്യുന്നവ!
ഒഴുകിയെത്തുന്ന ഓരോ തുള്ളിയും
ആര്‍ത്തിയോടെ കുടിച്ച്
വരാനിരിക്കുന്ന കടുത്ത വേനലിനെ
ദൂരനോട്ടംകൊണ്ടുള്‍ഭയത്താല്‍
അളന്നെടുക്കുന്നവ,
വേലിയോ ആള്‍മറയോ ഇല്ലാതെ
കാലപ്പഴക്കം തിന്ന്
വക്കുകളിടിഞ്ഞ്
അനാഥമായിക്കിടക്കുന്നു,
ആര്‍ക്കും വേണ്ടാതെ
ചില കിണറുകള്‍!

മഴയെ മാത്രം ധ്യാനിക്കുന്ന
നിലയില്ലാത്ത ആഴങ്ങള്‍!

ഒരു കല്ലെടുത്തിട്ടു നോക്കൂ
കേള്‍ക്കുന്നില്ലേ
ഒരു മുഴക്കം?
ദാഹിച്ചു വരണ്ട ഒരു നിലവിളി?
ഒരു മൂളലോടെ എന്തൊക്കെയോ
പൊങ്ങിപ്പറന്നു പോകുന്നത് ?
മാറ്റൊലിക്കൊള്ളുന്നില്ലേ
അടഞ്ഞുപോയ ചില ഒച്ചകള്‍!

കുഴിച്ചു കുഴിച്ചു താഴ്ന്നുപോയ
സ്വപ്‌നങ്ങളെ
കിണറെന്നു തന്നെ വിളിക്കണം.

Back to Top