21 Thursday
November 2024
2024 November 21
1446 Joumada I 19

പൊതുവിദ്യാലയങ്ങള്‍ ലക്ഷ്യം കൈവരിക്കുന്നുവോ?

നകുലന്‍


കേരളത്തില്‍ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുകയാണ്. എസ്എസ്എല്‍സി ഫലത്തിനു ശേഷം പ്ലസ്ടു പ്രവേശനവും പ്ലസ്ടു ഫലത്തോടനുബന്ധിച്ച് കോളജ് പ്രവേശനവും നടപടിക്രമങ്ങളിലേക്കു കടന്നു. ജൂണ്‍ മാസത്തില്‍ തന്നെ പ്ലസ്ടു അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. പ്രീപ്രൈമറി മുതല്‍ പത്താം തരം വരെയുള്ള അഡ്മിഷന്‍ നേരത്തേ തുടങ്ങിക്കഴിഞ്ഞു. അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നതിനുള്ള നെട്ടോട്ടമാണ് എവിടെയും. ഓരോ അധ്യയന വര്‍ഷാരംഭവും ചൂടുപിടിച്ച ചര്‍ച്ചകള്‍ നമ്മുടെ പൊതുവിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്.
പലതും ചര്‍ച്ച മാത്രമായി ഒതുങ്ങാറാണ് പതിവെങ്കിലും വിദ്യാഭ്യാസ മേഖലയെ ഗൗരവപൂര്‍വം വീക്ഷിക്കുന്ന കേരളീയ സമൂഹം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട് എന്നു ചില പ്രവണതകള്‍ സൂചിപ്പിക്കുന്നു. ഇവിടെയാണ് പൊതുവിദ്യാലയങ്ങളും അവിടെയുള്ള പഠനവിടവും വിശകലനത്തിനു വിധേയമാക്കല്‍ അനിവാര്യമാകുന്നത്. കേരളത്തില്‍ നിലവിലുള്ള രീതിയനുസരിച്ച് അഞ്ചു തരം വിദ്യാലയങ്ങളാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍, റെകഗ്‌നൈസ്ഡ് അണ്‍എയ്ഡഡ് സ്‌കൂളുകള്‍, അഫിലിയേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍, നവോദയ സ്‌കൂളുകള്‍, കേന്ദ്രീയ സ്‌കൂളുകള്‍, സൈനിക സ്‌കൂളുകള്‍ എന്നിവയാണവ. ഇതില്‍ ആദ്യത്തെ രണ്ടു വിഭാഗങ്ങളാണ് പൊതുവിദ്യാലയങ്ങള്‍ എന്നറിയപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളെയും മാനേജ്‌മെന്റ്-എയ്ഡഡ് സ്‌കൂളുകളെയും ഒരേ പേരില്‍ ഉള്‍പ്പെടുത്തുമ്പോഴും വിദ്യാര്‍ഥികളുടെ പ്രവേശന കാര്യങ്ങളില്‍ ഇവ തമ്മില്‍ കടുത്ത മത്സരങ്ങള്‍ പലയിടത്തും ദൃശ്യമാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പൊതുവിദ്യാലയങ്ങള്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമെങ്കിലും ശക്തമായി ഇന്നും നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും പ്രവേശനം നേടിപ്പോന്നിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നുവരവോടെ അനാദായകരമായ സ്‌കൂളുകളുടെ എണ്ണം അയല്‍ സംസ്ഥാനങ്ങളില്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം. കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആശങ്ക ജനിപ്പിക്കുന്ന ഒരു കാര്യം സംരക്ഷിത അധ്യാപകരുടെ എണ്ണത്തില്‍ കുറവു വരാത്തതും അനാദായകരമായ സ്‌കൂളുകളുടെ എണ്ണം കൂടുന്നതുമാണ്.
ദേശീയ-സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുഗുണമായി ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, ജനാധിപത്യം, മതേതരത്വം തുടങ്ങിയ തത്വങ്ങളില്‍ അധിഷ്ഠിതമാണ് നമ്മുടെ വിദ്യാഭ്യാസം. ഗാന്ധിയന്‍ ദര്‍ശനങ്ങളും അറിവു നിര്‍മാണവും സാമൂഹിക ജ്ഞാനനിര്‍മിതിയും വിമര്‍ശനാത്മക ബോധനവുമൊക്കെയായി എല്ലാ നിലവാരക്കാരെയും, എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പൊതുവിദ്യാഭ്യാസ ദര്‍ശനം. കെസിഎഫ്-2023 ലക്ഷ്യം വെക്കുന്നതും ഇതാണ്. ശാസ്ത്ര-സാങ്കേതികവിദ്യയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ജ്ഞാന-തൊഴില്‍ മേഖലകളില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പരിഗണിക്കുന്നുണ്ട് നമ്മുടെ വിദ്യാഭ്യാസം. മാനവികതയും സഹവര്‍ത്തിത്വവും ആണിക്കല്ലായി വര്‍ത്തിക്കുന്ന സമൂഹസൃഷ്ടി വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെട്ടുവെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നാളിതുവരെ അനുഭവിക്കാത്ത ചില പരിക്കുകളോടെയാണ് മുന്നോട്ടുപോകുന്നത്. ചരിത്രങ്ങളുടെ വളച്ചൊടിക്കലുകളും തമസ്‌കരണവും മാപ്പര്‍ഹിക്കാത്തതാണ്. ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനപ്പെടുത്തി രൂപം നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ ചട്ടക്കൂടിന് ഒട്ടേറെ മേന്മകളുണ്ട്. താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് അത് രൂപപ്പെടുത്തിയതെങ്കിലും നടപ്പാക്കുന്ന രീതികളിലുള്ള രാഷ്ട്രീയവും പക്ഷപാതപരവുമായ നയവൈകല്യങ്ങള്‍, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത, അക്കാദമിക നിലവാരത്തിലെ ആശങ്ക, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മാനസികവും സാമൂഹികവുമായ അവസ്ഥാമാറ്റങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ ലക്ഷ്യപ്രാപ്തിക്കു വിഘാതമായി നില്‍ക്കുന്നുണ്ട്.
ജനസംഖ്യാ പരിവര്‍ത്തനഫലമായി കുട്ടികളുടെ എണ്ണം കുറയുന്നതും അത് മുതല്‍മുടക്കിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ചില അനുകൂല അവസ്ഥകള്‍ നല്‍കുന്നുണ്ട് എന്നതും പൊതുവേ പൊതുവിദ്യാലയങ്ങളെ ഉപേക്ഷിക്കാന്‍ ഒരു വലിയ വിഭാഗത്തെ പ്രേരിപ്പിക്കുന്നു എന്ന നിരീക്ഷണമുണ്ട്. പഴയ തലമുറയില്‍ നിന്ന് മാറി ഒന്നോ രണ്ടോ കുട്ടികളുള്ള പുതിയ കുടുംബ സംവിധാനം പണം മുടക്കി നേടുന്ന വിദ്യാഭ്യാസത്തിന് പിന്നാലെയാണ്. എനിക്കോ ഏതായാലും കിട്ടിയില്ല, എന്റെ മക്കള്‍ക്കെങ്കിലും ‘നല്ല വിദ്യാഭ്യാസം’ കിട്ടട്ടെ എന്ന സാധാരണക്കാരന്റെ തീരുമാനം ചെന്നെത്തുന്നതും സാമ്പത്തിക പരിമിതികള്‍പ്പുറം പൊതുവിദ്യാലയത്തിനു പുറത്താണ്.
സര്‍ക്കാര്‍
നയനിലപാടുകള്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയനിലപാടുകള്‍ ഒരു പൊതുകാഴ്ചപ്പാടോടെയും അതിലൂടെ നേടിയെടുക്കേണ്ട സദ്ഫലങ്ങളുടെയും അടിസ്ഥാനത്തിലാകേണ്ടതുണ്ട്.
ജനാധിപത്യ-മതേതരത്വ-ബഹുസ്വരതാ താല്‍പര്യങ്ങളും മാനവിക മൂല്യങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയും ഉയര്‍ന്ന പൗരബോധവും വിളയിച്ചെടുക്കേണ്ടതാവണം നമ്മുടെ വിദ്യാഭ്യാസം. എന്നാല്‍ നിക്ഷിപ്ത താല്‍പര്യങ്ങളും പക്ഷപാതപരമായ നിലപാടുകളും വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കുന്നുണ്ട്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ, ഫണ്ട് ലഭ്യമാക്കല്‍, സിലബസുകളിലെ ഇടപെടലുകള്‍ തുടങ്ങി പൊതുവിദ്യാലയങ്ങളെ തളര്‍ത്തുന്ന സമീപനങ്ങള്‍ വര്‍ധിക്കുകയാണ്. ഇതിനിടയില്‍ പരിക്കുകളോ വിമര്‍ശനങ്ങളോ പരിഭവങ്ങളോ ഇല്ലാതെ ഐസിഎസ്ഇ, സിബിഎസ്ഇ എന്നിവ തഴച്ചുവളരുന്നുണ്ടുതാനും. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനും അധികാര രാഷ്ട്രീയ അടിത്തറ ഭദ്രമാക്കാനും മാത്രമാകരുത് വിദ്യാഭ്യാസ ചട്ടക്കൂടുകള്‍.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേരള എജ്യൂക്കേഷന്‍ റൂള്‍ (കെഇആര്‍) അനുസരിച്ചാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാലോചിതമായ മാറ്റം അനിവാര്യമാണ്.
സങ്കുചിത ചിന്താഗതികള്‍ക്ക് അതീതമായി ദേശീയ വികസന കാഴ്ചപ്പാടോടെ അന്താരാഷ്ട്ര നിലവാരം ലക്ഷ്യമാക്കിയുള്ള പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്. വാക്കില്‍ മാത്രം അന്താരാഷ്ട്ര നിലവാരമുണ്ടായിട്ട് കാര്യമില്ല. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍, അത് കാര്യക്ഷമമായി വിതരണം ചെയ്യുന്നതില്‍, അധ്യാപക പരിശീലന പദ്ധതികള്‍ കുറ്റമറ്റതാക്കുന്നതില്‍ എല്ലാം കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്.
എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് സ്വീകരിക്കുന്ന ലക്ഷങ്ങള്‍ അധ്യാപക നിയമനത്തിലെ യോഗ്യതയുടെ മാനദണ്ഡമായി മാറുന്നത് പൊതുവിദ്യാലയങ്ങളുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഇത്തരം സ്‌കൂളുകളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം മുമ്പേ ഉയര്‍ന്നതാണ്. അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും ക്ലാസ് റൂം പ്രവര്‍ത്തനവും സര്‍ക്കാരിന്റെ നിരന്തരമായ മോണിറ്ററിംഗിനു വിധേയമാകേണ്ടതുണ്ട്. സര്‍വീസ് സംഘടനാ പിന്‍ബലത്തില്‍ ഇതെല്ലാം പലപ്പോഴും മുങ്ങിപ്പോവുകയാണ് പതിവ്.

ഭൗതിക
സാഹചര്യങ്ങള്‍

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ ഏറക്കുറേ മെച്ചപ്പെട്ടിട്ടുണ്ട്. കൃത്യതയാര്‍ന്ന ഒരു മാസ്റ്റര്‍പ്ലാനിന്റെ അഭാവം വരുത്തുന്ന ന്യൂനതകള്‍ സ്ഥാപനങ്ങളുടെ ആകര്‍ഷണീയതയെ ബാധിക്കുന്നു. വിവിധ ഏജന്‍സികളില്‍ നിന്ന് പല ഘട്ടങ്ങളിലായി ലഭ്യമാകുന്ന ഫണ്ടുകള്‍ വികസന കാഴ്ചപ്പാടുകളില്ലാതെ വിനിയോഗിക്കപ്പെടുന്നത് സാധാരണമാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെട്ട നിലയില്‍ ഇനിയും ലഭ്യമാകേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒട്ടേറെ മാതൃകാപരമായ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നത് പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണ്.
കോവിഡാനന്തര
സാമൂഹിക മാറ്റവും
പഠന നിലവാരവും

കോവിഡാനന്തരം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മാനസികവും സാമൂഹികവുമായ അവസ്ഥാമാറ്റങ്ങള്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ പിന്നാക്കമാക്കിയിട്ടുണ്ട്. വിവിധ തരം രോഗങ്ങളാലുള്ള പ്രയാസങ്ങള്‍, സ്വഭാവ-പെരുമാറ്റ രീതികളില്‍ വന്ന മാറ്റങ്ങള്‍, മൊബൈല്‍ ഫോണ്‍ അടിമത്തം, ലഹരിവസ്തുക്കളുടെ വ്യാപനം, വായനയില്‍ നിന്നുള്ള പിന്മാറ്റം മുതലായവ പഠനത്തെയും പഠനാന്തരീക്ഷത്തെയും വ്യക്തിബന്ധങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് പഠനനിലവാര തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ പ്രീപ്രൈമറി മുതല്‍ സെക്കന്‍ഡറിതലം വരെ നിര്‍വഹിക്കുന്ന അധികച്ചുമതലകള്‍ മുമ്പെന്നത്തേക്കാളേറെയാണിന്ന്. ക്ലബ്ബുകളും സംഘങ്ങളും അധ്യാപകരുടെ എണ്ണത്തില്‍ കവിയുന്നു എന്നത് അതിശയോക്തിയാവില്ല.
ടെക്‌നോളജിയുടെ കടന്നുവരവ് അധ്യാപകരുടെ ജോലിഭാരം കൂട്ടിയതാണ് എന്നു നിസ്സംശയം പറയാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പില്‍ സ്ഥാനക്കയറ്റം വേണ്ടെന്നുവെച്ച അധ്യാപകരുള്ള സംസ്ഥാനമാണ് നമ്മുടേത്. വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍, സ്‌പെഷ്യല്‍ ഫീസ് പിരിവുകള്‍, പഠനാനുബന്ധ പ്രവര്‍ത്തന ബാഹുല്യം തുടങ്ങിയവ മൂലം തൊഴില്‍ സംതൃപ്തി കുറഞ്ഞ ഒരു വിഭാഗമായി അധ്യാപകര്‍ മാറിയിരിക്കുന്നു. ഇതെല്ലാം ചേര്‍ന്നതാണ് വിദ്യാലയം എന്നു പറയാമെങ്കിലും താരതമ്യത്തില്‍ ഇതര സിസ്റ്റങ്ങളില്‍ നിന്ന് പൊതുവിദ്യാലയങ്ങള്‍ ലക്ഷ്യം കാണാതെ പിന്തള്ളപ്പെട്ടുപോകുന്നു.
സ്മാര്‍ട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടര്‍ ലാബുകളും നമ്മുടെ പൊതുവിദ്യാലയങ്ങളിലെല്ലാമുണ്ട്. ഇതില്‍ പ്രാവീണ്യം നേടിയ അഭ്യസ്തവിദ്യര്‍ നാട്ടില്‍ ധാരാളമുണ്ട്. കൃത്യമായ പരിശീലനം ആ രംഗത്ത് ലഭ്യമായിട്ടില്ലാത്ത അധ്യാപകര്‍ ഇത് കൈകാര്യം ചെയ്യുന്നതില്‍ പല പരിമിതികളുമുണ്ടാവുക സ്വാഭാവികമാണ്. ടെക്‌നോളജിയില്‍ യോഗ്യരായവരെ ഇവിടെയും, ലൈബ്രറികളില്‍ പാര്‍ട്ട്‌ടൈം/ഫുള്‍ടൈം ലൈബ്രേറിയന്‍മാരെ നിയമിച്ചും ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും. ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള പദ്ധതികളും അവയുടെ കാര്യക്ഷമമായ നടത്തിപ്പുമാണ് പൊതുവിദ്യാലയങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യം.
വിദ്യാര്‍ഥികളെ ആധുനിക കമ്പോളത്തിന് അനുയോജ്യമായ ഉല്‍പന്നമാക്കി മാറ്റുക എന്നതാണ് വിദ്യാഭ്യാസം എന്ന തെറ്റായ സങ്കല്‍പം രാഷ്ട്രനന്മയ്ക്ക് അഭിലഷണീയമല്ല. മനുഷ്യര്‍ തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലുമുള്ള പാരസ്പര്യത്തിന് അനുയോജ്യമാം വിധമുള്ള മനോഭാവമാറ്റമാണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടാകേണ്ടത് എന്നത് നാം വിസ്മരിക്കുന്നു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം വിമര്‍ശനവിധേയമാകുമ്പോള്‍ വിവിധ കാരണങ്ങളാലുണ്ടായിട്ടുള്ള പഠനവിടവുകള്‍ നികത്തലും അടിയന്തരപ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.
പഠനവിടവുകളുടെ
പരിഹാരം

ഒരു വിദ്യാര്‍ഥിയുടെ യഥാര്‍ഥ അറിവും അവരുടെ പ്രത്യേക ഗ്രേഡ് തലത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ള അറിവും തമ്മിലുള്ള അന്തരമാണ് പഠനവിടവുകള്‍. നമ്മുടെ വിദ്യാഭ്യാസ രീതി പ്രീപ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെ ബില്‍ഡിങ് ബ്ലോക്ക് സിസ്റ്റത്തിലാണ്. അടിത്തറ ഭദ്രമായാലാണ് മുകളിലേക്കുള്ള പോക്ക് സുരക്ഷിതമാവുക. ഇതില്‍ ഓരോ തലത്തിലും കുട്ടി ആര്‍ജിച്ചിരിക്കേണ്ട പഠനനേട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്.
ഇത് പരിശോധിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള ടേം എന്‍ഡ് പരീക്ഷകളും നിരന്തര മൂല്യനിര്‍ണയവും ഇന്നുണ്ട്. എന്നാല്‍ ഇത് രണ്ടിന്റെയും കാര്യക്ഷമമല്ലാത്ത നിര്‍ണയ രീതി മൂലം ഒരു വിദ്യാര്‍ഥി പ്രാഥമികമായി നേടേണ്ട ശേഷി പോലും ഇല്ലാതെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ നിന്നു പുറത്തുകടക്കേണ്ടി വരുന്നു. പത്താം തരത്തിലെ റിസല്‍ട്ടിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്നത്തെ രീതിക്ക് മാറ്റമുണ്ടാകണം.

പത്താം തരത്തില്‍ ഫുള്‍ എ പ്ലസ് കിട്ടുന്ന കുട്ടിയില്‍ പോലും വേണ്ടത്ര നിലവാരമില്ല എന്ന ഉത്തരവാദപ്പെട്ടവരുടെ തുറന്നുപറച്ചിലുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചതാണ്. 1.18 ലക്ഷം സ്‌കൂളുകളിലെ 34 ലക്ഷം വിദ്യാര്‍ഥികളിലായി നടത്തിയ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 2021 ഒട്ടേറെ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. മൂന്നാം ക്ലാസിലെ ദേശീയ ശരാശരിയില്‍ നിന്ന് പത്തിലെത്തുമ്പോള്‍ ദേശീയ സ്‌കോറില്‍ വലിയ കുറവുകള്‍ വരുന്നതായി സര്‍വേ കണ്ടെത്തുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പഠനഫലങ്ങളും ആരോഗ്യവും വിലയിരുത്തുന്നതിന് രാജ്യവ്യാപകമായി നടന്ന ഈ സര്‍വേ പഠനവിടവുകള്‍ അനാവരണം ചെയ്യാന്‍ ഉപകരിക്കുകയും പരിഹാരബോധനത്തിനുള്ള വിവിധ പദ്ധതികള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്. പഠനവിടവുകള്‍ പലവിധ കാരണങ്ങളാല്‍ മുന്‍കാലങ്ങളിലുമുണ്ടെങ്കിലും കോവിഡ് എന്ന മഹാമാരി വരുത്തിവെച്ച കുറവ് ചെറുതല്ല. ഇത് പൊതുവിദ്യാലയങ്ങളെ കാര്യമായി ബാധിച്ചിട്ടുമുണ്ട്. രക്ഷിതാക്കളുടെ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ ഇതിന് ആക്കം കൂട്ടിയിരിക്കാം. ദീര്‍ഘകാലത്തെ സ്‌കൂള്‍ അടച്ചിടല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാതിരിക്കല്‍ എന്നിവ പ്രധാന കാരണങ്ങളാണ്.
അറിവിന്റെയും നൈപുണി വികസനത്തിന്റെയും പ്രചോദനത്തിന്റെയും പാരിസ്ഥിതിക സാഹചര്യത്തിന്റെയും ആശയവിനിമയത്തിന്റെയും മേഖലയില്‍ വിടവുകള്‍ സംഭവിച്ചിട്ടുണ്ട്. പഠനവിടവുകള്‍ കണ്ടെത്തി അത്തരം കുട്ടികളെ കൂടി മുഖ്യധാരയില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് ഇന്ന് വിദ്യാഭ്യാസ മേഖല നേരിടുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുക.
പരിഹാരം എങ്ങനെ?
വിടവുകള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതിന് ഓരോ കുട്ടിക്കും വ്യക്തിഗതമായ പരിഗണന നല്‍കി അഭിമുഖം, ചര്‍ച്ച, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങള്‍ നല്‍കല്‍, ലളിതമായ ചോദ്യാവലികള്‍ എന്നിവയിലൂടെ നിരന്തര വിലയിരുത്തല്‍ നടത്തണം. കൃത്യമായ രേഖപ്പെടുത്തലുകള്‍ ഓരോ ഘട്ടത്തിലും നടക്കണം. ഓരോ വിദ്യാര്‍ഥിയും വ്യത്യസ്ത തലത്തിലായിരിക്കും. ഇതിന് അനുരൂപമായ വ്യത്യസ്തമായ നിര്‍ദേശങ്ങള്‍ നല്‍കണം. പിയര്‍ ട്യൂട്ടറിങ്, മെന്ററിങ്, കൗണ്‍സലിങ്, തുടര്‍ച്ചയായ നിരീക്ഷണം എന്നിവയിലൂടെയും പരിഹാരബോധനം, സാങ്കേതിക പിന്തുണ സംവിധാനം, അധ്യാപക-രക്ഷാകര്‍തൃ സംയോജനം എന്നിവയിലൂടെയും പഠനവിടവുകള്‍ നികത്തിയെടുക്കാന്‍ സാധിക്കും.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ന് നിലവിലുള്ള അഞ്ച് ഘട്ടങ്ങളിലും കുട്ടി നേടേണ്ട പഠനനേട്ടങ്ങള്‍ വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ നിശ്ചിത ശതമാനമെങ്കിലും ഓരോ വിദ്യാര്‍ഥിയും ആര്‍ജിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തി ക്ലാസ് കയറ്റം നല്‍കുന്ന രീതി മാത്രമാണ് വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക. അതിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അധ്യാപക സമൂഹവും അവര്‍ക്ക് കൃത്യമായി പരിശീലനവും മോണിറ്ററിംഗും സാധ്യമാക്കുന്ന ഭരണകൂടവും അകമഴിഞ്ഞ പിന്തുണ നല്‍കുന്ന രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിക്കേണ്ടതുണ്ട്. എങ്കില്‍ ലോകത്തിന് മാതൃകയാകുന്ന ഒരു വിദ്യാഭ്യാസ മുന്നേറ്റം നമുക്ക്സാധ്യമാകും.

Back to Top