19 Saturday
April 2025
2025 April 19
1446 Chawwâl 20

പൊതുമധ്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന മുസ്‌ലിംകള്‍

അഷ്‌കര്‍ മുഹമ്മദ്‌

മുസ്‌ലിം സമൂഹത്തെ പൊതുധാരയില്‍ നിന്നും തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ മുസ്‌ലിംകളെ വോട്ടു ചെയ്യാന്‍ പോലും അനുവദിക്കാത്ത സ്ഥിതിവിശേഷമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
നിവാസികളില്‍ മൂന്നിലൊന്നു പേരും മുസ്‌ലിംകളായ അസമില്‍ ഡീലിമിറ്റേഷന്‍ എന്ന പ്രക്രിയയിലൂടെ പല പാര്‍ലമെന്റ്-നിയോജകമണ്ഡലങ്ങളുടെയും ജനസംഖ്യാപരമായ പ്രൊഫൈലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജനസംഖ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചില സീറ്റുകളുടെ അതിരുകള്‍ തിരഞ്ഞെടുപ്പ് അധികാരികള്‍ പുനര്‍നിര്‍ണയിക്കുന്ന പ്രക്രിയയും നടന്നു. ഇങ്ങനെ ബാര്‍പേട്ട നിയോജകമണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടറായിരുന്ന ഒരു മുസ്‌ലിം വോട്ടര്‍ക്ക് പേര് ചേര്‍ത്തത് വീട്ടില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ധുബ്രിയിലെ വോട്ടര്‍പട്ടികയിലാണ്.
ഗുജറാത്തില്‍ സ്ഥിതി മറ്റൊന്നാണ്. മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കൂടി ബ്യൂറോക്രാറ്റുകളും ബിജെപി പ്രവര്‍ത്തകരും അനുവദിക്കുന്നില്ല.
മതദേശീയത ഏറ്റവും ഒടുവിലായി ശക്തി പ്രാപിച്ച രാജ്യങ്ങളിലൊന്നായി മാത്രമേ ഇന്ത്യയെ കരുതാന്‍ സാധിക്കൂ. ജനാധിപത്യ രാഷ്ട്രീയത്തെ മതപരമായ ആശയധാരയില്‍ കുരുക്കിയിട്ടു കൊണ്ടുപോകുന്ന ചില മിഡില്‍ഈസ്റ്റ്, ലാറ്റിനമേരിക്കന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളെപ്പോലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയും കടന്നുപോകുന്നത് ഭയം ജനിപ്പിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന മതത്തിനും അധികാരത്തിനുമിടയില്‍ സ്ഥാപിച്ചിട്ടുള്ള അകലം പല തവണ ലംഘിച്ചുകൊണ്ട് മുന്നോട്ടുപോയ മോദി 2.0 കാലഘട്ടം കഴിഞ്ഞിരിക്കുകയാണ്.
മൂന്നാം ഊഴത്തില്‍ കാര്യമായി കരുത്തു തെളിയിക്കാന്‍ കഴിയാതെപോയ അവസ്ഥയില്‍ ‘ജനകീയ വിചാരണ’ വിലയിരുത്തിയാല്‍ ഭരണഘടനാ തത്വങ്ങള്‍ ആര്‍ക്കും അടിമപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ അവരുടെ സാന്നിധ്യം തെളിയിച്ചുവെന്നുകൂടി മനസ്സിലാക്കാം. വിഭജനകാലം മുതല്‍ ഇന്ത്യയെന്ന രാജ്യത്തെ അലട്ടുന്ന ഹിന്ദു-മുസ്‌ലിം ഐക്യമെന്ന നിലപാടിനെ ശരിയായ തലത്തില്‍ ചൂഷണം ചെയ്തുകൊണ്ട് ഹിന്ദുത്വത്തിന്റെ വിചാരധാരയാണ് ഇന്ത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പത്തു വര്‍ഷം കൊണ്ട് മോദി ഭരണത്തിനു സാധിച്ചതിന്റെ തെളിവുകളാണ് ഇവിടെ സൂചിപ്പിച്ചത്. ഇതാകട്ടെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്നുപോലും ഒരു ജനവിഭാഗത്തെ എങ്ങനെ മാറ്റിനിര്‍ത്താം എന്നതിന്റെ സൂചന കൂടിയാണ്.
അനുനയത്തിന്റെ രാഷ്ട്രീയം കൊണ്ട് ഇനിയൊന്നും നേടാനാവില്ല. കൃത്യമായും പ്രതിരോധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതുണ്ട്. അങ്ങനെ മാത്രമേ മുസ്‌ലിം സമൂഹത്തിന് അവകാശങ്ങളോടെ നിലനില്‍ക്കാന്‍ സാധിക്കൂ.

Back to Top