22 Sunday
December 2024
2024 December 22
1446 Joumada II 20

പോരാട്ടത്തിലെ ഇടര്‍ച്ചകളും പരിണാമങ്ങളും

എം എസ് ഷൈജു


ഫലസ്തീന്‍ രാഷ്ട്രീയത്തിന്റെ ചരിത്രഗതികളെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നവര്‍ക്ക് അതില്‍ സംഭവിച്ച ദിശാപരിണാമങ്ങളും ഇടര്‍ച്ചകളും വേഗത്തില്‍ ബോധ്യപ്പെടും. മതപരമായി പറഞ്ഞാല്‍ മുസ്ലിംകളാണ് ഫലസ്തീനിലെ ഭൂരിപക്ഷ ജനത. രാഷ്ട്രീയമായി അനേകം അധികാരപ്പോരാട്ടങ്ങള്‍ക്ക് വേദിയായ സ്ഥലമാണ് ഫലസ്തീനെങ്കിലും അവിടുത്തെ ജനത മതഭേദമെന്യേ സഹകരണത്തിലും സഹവര്‍ത്തനത്തിലും ജീവിച്ചവരായിരുന്നു. കുരിശ് യുദ്ധങ്ങളുടെ ഭൂതകാലാവേശമുയര്‍ത്തിയാണ് ആദ്യ കാലങ്ങളില്‍ ജൂത വിരുദ്ധ പോരാട്ടങ്ങള്‍ നടന്നത്. അന്ന് ഇസ്‌റാഈല്‍ എന്ന രാഷ്ട്രം രൂപപ്പെട്ടിരുന്നില്ല. ആധുനികമായ ദേശരാഷ്ട്ര സംവിധാനങ്ങള്‍ രൂപപ്പെട്ട് വരുന്ന കാലത്താണ് അത്തരം പോരാട്ടങ്ങള്‍ നടന്നത്.
പോരാട്ടങ്ങളെ മതകീയമാക്കുന്നതില്‍ പങ്ക് വഹിച്ച കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. ഒന്നാമത്തേത്, മുസ്ലിം ഭരണകൂടത്തെ തകര്‍ത്ത് ഭൂപ്രദേശം കൈക്കലാക്കിയ പുതിയ ഭരണാധികാരികള്‍ ക്രിസ്ത്യാനികളായിരുന്നുവെന്നതാണ്. രണ്ടാമത്തേത് ജൂത ജനത ചരിത്രപരമായിത്തന്നെ ഇസ്ലാമുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരായിരുന്നുവെന്നതായിരുന്നു. എന്നാല്‍ ഫലസ്തീനികള്‍ ആരംഭിച്ച പോരാട്ടങ്ങള്‍ വിജയം കണ്ടില്ല എന്ന് മാത്രമല്ല, അതവരെ വലിയ നിലയില്‍ അരക്ഷിതരാക്കി മാറ്റുകയാണുണ്ടായത്.
അരക്ഷിതരാക്കപ്പെടുന്ന ഏത് ജനതയിലും സംഭവിക്കുന്ന സ്വത്വപരമായ ഉണര്‍ച്ചകള്‍ ഫലസ്തീനികളിലും സംഭവിച്ചു. അവരിലുണ്ടായ വിദ്യാഭ്യാസപരമായ വളര്‍ച്ചയും സാമൂഹിക വികാസവും ഈ ഉണര്‍ച്ചകളുടെ അനന്തര ഫലങ്ങളാണ്. അവര്‍ക്ക് വേണ്ടി പോരാടാന്‍ വന്നവരെല്ലാം അവരെ തെരുവില്‍ ഉപേക്ഷിച്ച് കടന്ന് പോകുകയാണുണ്ടായത്. അതുകൊണ്ട് സ്വാതന്ത്രരാകുക എന്നതിനോടൊപ്പം പരാശ്രയത്വം ഉപേക്ഷിക്കുക എന്നൊരു കാഴ്ചപ്പാട് കൂടി അവര്‍ക്കുണ്ടായിരുന്നു. താരതമ്യേന സുരക്ഷിതരായി ജീവിച്ച അറബ് ജനതയിലൊന്നും കാണാത്ത വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചകള്‍ കൈവരിക്കാന്‍ ഫലസ്തീനികള്‍ക്ക് സാധിച്ചത് അവരുടെ നിരാശ്രയ ബോധത്തിന്റെ ധാര്‍ഢ്യങ്ങള്‍ കൊണ്ട് മാത്രമായിരുന്നു.
അനേകം സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ബുദ്ധി ജീവികളും എഴുത്തുകാരും നയതന്ത്ര വിദഗ്ധരും ധൈഷണിക പ്രതിഭകളും അവര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്നു. ഇവരെല്ലാം അധിനിവേശ വിരുദ്ധ പോരാളികള്‍ കൂടിയായിരുന്നു. ഫലസ്തീനി എന്ന സ്വത്വമുയര്‍ത്തിപ്പിടിച്ചാണ് അവര്‍ പോരാട്ടമുഖങ്ങളില്‍ കൈ മെയ് മറന്ന് പോരാടിയത്. ആധുനികമായ സാമൂഹ്യ കാഴ്ചപ്പാടുകളും ജനാധിപത്യ മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നവരായിരുന്നു അവരെല്ലാം. ഇസ്‌റാഈല്‍ രാഷ്ട്ര രൂപീകരണ ശേഷം പോരാട്ട രംഗത്ത് ഫലസ്തീനികള്‍ തനിച്ചായപ്പോള്‍ വിമോചനപ്പോരാട്ടങ്ങള്‍ ഒരു സെക്കുലര്‍ പാതയിലേക്ക് നീങ്ങാന്‍ ഇതൊക്കെ വലിയൊരു കാരണമായിരുന്നു.
ദര്‍വേശ് പോലെയുള്ള ഫലസ്തീന്‍ കവികളുടെ വരികളിലൂടെയും എഡ്വേര്‍ഡ് സെയ്ദിനെപ്പോലുള്ള ധൈഷണിക പ്രതിഭകളുടെ രചനകളിലൂടെയുമാണ് ലോകം ഫലസ്തീനിലേക്ക് കണ്ണുകള്‍ തിരിക്കുന്നത്. ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥകള്‍ക്കുള്ളില്‍ ഉള്‍പ്പെടുന്ന ഒരു മതേതര രാജ്യമാക്കി ഫലസ്തീനെ മാറ്റാനാണ് ഇവരൊക്കെ ശ്രമിച്ചത്. എന്നാല്‍ ഫലസ്തീനെ ഒരിക്കലും ഒരു മതേതര രാഷ്ട്രമാക്കാന്‍ അനുവദിക്കരുതെന്ന വീക്ഷണ നിഷ്ഠയിലായിരുന്നു പശ്ചിമേഷ്യയിലെ ഇസ്ലാമിസ്റ്റ് കക്ഷികള്‍. മതവും മതവിശ്വാസവുമാണ് പോരാട്ടങ്ങളുടെ ആത്മാവാകേണ്ടത് എന്നായിരുന്നു അവരുടെ നിലപാട്. എങ്കിലേ പോരാട്ടം ദൈവ പ്രീതിക്കുള്ളതാകൂ എന്നും അവര്‍ വാദിച്ചു. സെക്കുലറിസവും മതകീയധാരയും തമ്മിലുള്ള ഒരാഭ്യന്തര പോരാട്ടത്തിന് കൂടി ഫലസ്തീന്‍ സാക്ഷ്യം വഹിച്ചു. പക്ഷെ അതൊരിക്കലും ഹിംസാത്മകമായതായിരുന്നില്ല.
പത്തിലധികം ഫലസ്തീന്‍ സംഘടനകളെ ഉള്‍ക്കൊള്ളുന്ന ബഹുജന വേദിയായിരുന്നു ഫലസ്തീന്‍ ലിബറേഷന്‍ ഒര്‍ഗനൈസേഷന്‍ എന്ന പി എല്‍ ഒ. യഥാര്‍ഥത്തില്‍ അവര്‍ക്ക് സംഭവിച്ച ഇടര്‍ച്ചയും തളര്‍ച്ചയുമാണ് ഹമാസ് പോലെയൊരു പോരാട്ട സംഘടനക്ക് പ്രസക്തിയുണ്ടാക്കിക്കൊടുത്തത്. ഓസ്ലോ കരാര്‍ മുതല്‍ പി എല്‍ ഒ ദുര്‍ബലപ്പെട്ട് തുടങ്ങി. ഇസ്‌റാഈലുമായി നടത്തിയ ഒരു ഡസനിലധികം വരുന്ന രഹസ്യ ചര്‍ച്ചകളുടെ അജണ്ടകളും സ്വഭാവങ്ങളും യാസിര്‍ അറഫാത്ത് പൂര്‍ണമായും പുറത്ത് പറഞ്ഞിരുന്നില്ല. ഓസ്ലോ ചര്‍ച്ചകളെ തുടര്‍ന്നാണ് എഡ്വേര്‍ഡ് സെയ്ദും അറഫാത്തും തമ്മില്‍ അകലുന്നത്. കരാറിന്റെ പേരില്‍ എഡ്വേര്‍ഡ് സെയ്ദ് യാസിര്‍ അറഫാത്തിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ഫലസ്തീന്‍ നാഷണല്‍ അസംബ്ലിയില്‍ നിന്ന് രാജി വെക്കുകയും ചെയ്തു.
വീക്ഷണ സമ്പന്നത കൊണ്ടും നിലപാടുകളിലെ വ്യക്തത കൊണ്ടും യാസിര്‍ അറഫാത്തിന് എഡ്വേര്‍ഡ് സെയ്ദ് എന്ന പ്രതിഭ നല്‍കിയ പിന്‍ബലം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ ശക്തിയായിരുന്നു. സെയ്ദിന്റെ രചനകളിലൂടെയാണ് ലോകം ഫലസ്തീന്‍ രാഷ്ട്രീയത്തെ വായിക്കുന്നതും അവര്‍ക്ക് പിന്തുണ നല്‍കുന്നതും. സെയ്ദും അറഫാത്തും തമ്മിലുണ്ടായ ശത്രുത അദ്ദേഹത്തിന്റെ രചനകളെ ഫലസ്തീനില്‍ നിരോധിക്കാനുള്ള ഒരു രാഷ്ട്രീയാവിവേകം പ്രവര്‍ത്തിക്കുന്നതിലേക്ക് വരെ അറഫാത്തിനെ എത്തിച്ചു.
ഓസ്ലോ കരാറിനോട് വിയോജിച്ച് പി എല്‍ ഒ യില്‍ നിന്ന് മാറി നിന്ന പോപുലര്‍ ഫ്രണ്ട് 1999-ല്‍ മാത്രമാണ് പി എല്‍ ഒയുമായി വീണ്ടും സഹകരിക്കുന്നത്. ഒരു മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനമായാണ് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്റ്റീന്‍ എന്ന സംഘടന ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ നിലകൊണ്ടത്. പി എല്‍ ഒയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായിരുന്നു അവര്‍. ഫലസ്തീനിയന്‍ ദേശീയാഭിലാഷങ്ങളെ രാഷ്ട്രീയമായും സായുധമായും നേടിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്. ഇസ്‌റാഈലിനെതിരെ ഫലസ്തീന്‍ നടത്തുന്ന വിമോചന സമരത്തെ സാമ്രാജ്യത്വത്തിനെതിരായ ഫലസ്തീന്‍ ജനതയുടെ ദേശീയാഭിലാഷമായും പിന്തിരിപ്പന്‍ അറബ് ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടുമായുമാണ് പോപുലര്‍ ഫ്രണ്ട് കണ്ടത്. വിപുലമായ ഒരു മതേതര അടിത്തറയും ജനകീയ പിന്തുണയുമുള്ള ഒരു സംഘടനയായിരുന്നു ഇവര്‍. പക്ഷെ പോരാട്ട രംഗത്തെ മതകീയ ധ്രുവീകരണത്തില്‍ അവര്‍ ദുര്‍ബലപ്പെട്ട് പോകുകയായിരുന്നു. ഒരു അംഗസംഘടനയായി അവരിന്നും പി എല്‍ ഒയില്‍ തുടരുന്നുണ്ട്.
ഫലസ്തീന്‍ അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടന്നെന്ന ഓഡിറ്റ് കമ്മിറ്റിയുടെ അഭിപ്രായം യാസിര്‍ അറഫാത്ത് എന്ന രാഷ്ട്രീയ വന്മരത്തിന്റെ പ്രതിഛായക്ക് വലിയ കോട്ടങ്ങളുണ്ടാക്കി. സമാധാന നീക്കങ്ങളുടെ പേരില്‍ ഫലസ്തീനികളെ ഇല്ലായ്മ ചെയ്യാനും പോരാട്ടങ്ങളെ അടിച്ചമര്‍ത്താനും അറഫാത്ത് ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ കൂടി നിലനിന്ന സാഹചര്യത്തില്‍ അറഫാത്ത് വിരുദ്ധ തരംഗത്തിന് വലിയ പിന്തുണ കിട്ടി. അറഫാത്തിനെതിരിലുള്ള പ്രചാരണങ്ങളില്‍ ഹമാസും വലിയ പങ്ക് വഹിച്ചു. ഉജ്വലനായ ഒരു വിമോചനപ്പോരാളിയുടെ അവസാന കാല ഇടര്‍ച്ചകളായാണ് അദ്ദേഹത്തിന്റെ സഹചാരികള്‍ പോലും അറഫാത്തിന്റെ ഓസ്ലോ അനന്തര രാഷ്ട്രീയത്തെ വിലയിരുത്തിയത്.
ഇസ്‌റാഈലിനെ പൂര്‍ണമായി പിന്തുണക്കാത്തതിന്റെ പേരില്‍ അറഫാത്ത് ഇസ്‌റാഈലിന്റെയും ശത്രുവായി മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങളോളം വീട്ട് തടങ്കലില്‍ ഉപരോധിച്ച് നിര്‍ത്തിയതിന് ശേഷമാണ് ചികിത്സക്കായി പാരീസില്‍ പോകാന്‍ ഇസ്‌റാഈല്‍ അറഫാത്തിന് അനുവാദം നല്‍കുന്നത്. ഒരേ സമയം ഇസ്‌റാഈലിന്റെയും സ്വന്തം ജനതയുടെയും അനിഷ്ടങ്ങള്‍ക്ക് പാത്രമാകേണ്ടി വന്ന യാസിര്‍ അറഫാത്ത് എന്ന പോരാട്ട ഇതിഹാസം 2004 നവംബര്‍ 11-ന് അസ്തമിച്ചു.
1929-ല്‍ ഈജിപ്തിലെ കെയ്‌റോയില്‍ ഒരു ഫലസ്തീന്‍ കുടുംബത്തിലാണ് യാസിര്‍ അറഫാത്ത് ജനിക്കുന്നത്. ബാല്യവും കൗമാരവും ജറൂസലമിലായിരുന്നു. ജൂതര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരില്‍ ഫലസ്തീനികള്‍ നടത്തുന്ന സായുധ പോരാട്ടങ്ങള്‍ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. കോളജ് പഠനകാലത്താണ് അദ്ദേഹം പൊതുരംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ ഇഖ്‌വാനുല്‍ മുസ്ലിമൂനൊപ്പം ഫലസ്തീന് വേണ്ടി ആയുധമെടുത്ത് പോരാടി. യുദ്ധാനന്തരം ഈജിപ്തിലേക്ക് മടങ്ങി എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി. ജനറല്‍ യൂണിയന്‍ ഓഫ് ഫലസ്തീന്‍ സ്റ്റുഡന്റ്‌സിന്റെ സാരഥിയായി ഫലസ്തീന്‍ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് ആയി ജോലിയില്‍ പ്രവേശിച്ചു. സൂയസ് കനാലുമായി ബന്ധപ്പെട്ട് ഈജിപ്തിനും ഇസ്‌റാഈലിനിമിടയില്‍ നടന്ന യുദ്ധത്തോടെയാണ് അദ്ദേഹം ഇസ്‌റാഈല്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായി മാറുന്നത്.
കുവൈത്തില്‍ വെച്ച് ഫതഹ് എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി. അതാണ് പിന്നീട് ഫലസ്തീനികളുടെ ഏറ്റവും വലിയ സംഘടനയായി വളര്‍ന്നത്. എത്രയൊക്കെ വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും ഫലസ്തീന്റെ ശബ്ദമായിരുന്നു അറഫാത്ത്. ലോകത്തോട് സംസാരിക്കാനുള്ള ഭാഷ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. ലോക നേതാക്കള്‍ ഫലസ്തീന് വേണ്ടി ശബ്ദമുയര്‍ത്തിയത് അറഫാത്തിനൊടുള്ള സൗഹൃദം കൊണ്ട് കൂടിയായിരുന്നു. പാരീസിലെ ആശുപത്രിയില്‍ വെച്ച് ഇസ്‌റാഈല്‍ വിഷപ്രയോഗത്തിലൂടെ യാസര്‍ അറഫാത്തിനെ വധിക്കുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്.
യാസിര്‍ അറഫാത്തിന്റെ മരണത്തോടെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നി. യാസിര്‍ അറഫാത്തിന് ശേഷം ഫലസ്തീന്‍ രാഷ്ട്രീയം ഒരു വട വൃക്ഷം വീണ ശൂന്യതയിലും വിജനതയിലുമായിരുന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റും പി എല്‍ ഒയുടെ ചെയര്‍മാനും ഫതഹിന്റെ അധ്യക്ഷനും യാസിര്‍ അറഫാത്ത് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ അതോറിറ്റിയുടെ പ്രസിഡന്റായി റൗഹി ഫാതൂഹിനെയും പി എല്‍ ഒ ചെയര്‍മാനായി മുന്‍ പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ്സിനെയും ഫതഹ് അധ്യക്ഷനായി ഫാറൂഖ് ഖദ്ദൂമിയെയും തെരഞ്ഞെടുത്തു.
ശൈഖ് അഹ്മദ് യാസീന്റെയും ഡോ. റന്‍തീസിയുടെയും മരണത്തോടെ ഹമാസും ആടിയുലഞ്ഞു. ഖാലിദ് മിശേലായിരുന്നു റന്‍തീസിയുടെ പിന്‍ഗാമിയായി ഹമാസിന്റെ തലപ്പത്തേക്ക് വന്നത്. ദമസ്‌കസിലും ദോഹയിലുമിരുന്നാണ് മിഷേല്‍ ഹമാസിനെ നയിച്ചത്. നയപരമായ വലിയ ചുവട് മാറ്റം ഹമാസിന് സംഭവിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഹമാസ് തീരുമാനിക്കുന്നത് ഈ നയം മാറ്റത്തോടെയാണ്. അറഫാത്തിന്റെ മരണശേഷം തലയെടുപ്പും ജനസമ്മിതിയുമുള്ള നേതാക്കള്‍ ഫതഹ് പാര്‍ട്ടിക്കില്ലാതെ പോയത് ഹമാസിന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് കാരണമായി. 2004- ല്‍ ഫലസ്തീന്‍ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു. ഗസ്സ മുനമ്പില്‍ ഏറ്റവും ജനസ്വാധീനമുള്ള കക്ഷിയായി ഹമാസ് മാറി.
2006 ജനുവരിയില്‍ ഫലസ്തീന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഫതഹ് പാര്‍ട്ടിയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് ഹമാസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത് ഇസ്‌റാഈലിനും അമേരിക്കക്കും വലിയൊരു തിരിച്ചടിയായിരുന്നു. അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തിയ ഒരു സംഘടന ജനാധിപത്യത്തിലൂടെ വന്‍ വിജയം നേടിയത് അവരെ ആവസ്ഥരാക്കി. ഇസ്‌റാഈലിനും ആശങ്കയുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ പി എല്‍ ഒയെ തളര്‍ത്താന്‍ ആദ്യകാലങ്ങളില്‍ ഇസ്‌റാഈല്‍ ഹമാസിനെ പിന്തുണച്ചിരുന്നു. ഫലസ്തീനിലെ മതേതര ചേരിയെ ഹമാസിനെക്കൊണ്ട് ദുര്‍ബലപ്പെടുത്താനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ ഒരു വലിയ ശക്തിയായി ഹമാസ് അധികാരത്തില്‍ വരുന്നതിനെ അവര്‍ ഇഷ്ടപ്പെട്ടില്ല. തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടാണ് ഇസ്‌റാഈലും അമേരിക്കയും ഈ പ്രതിസന്ധിയെ നേരിട്ടത്. ഫലസ്തീന്‍ സ്വയം ഭരണ പ്രദേശത്ത് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നത് ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ വഴിതിരിച്ചു വിടുമെന്ന ന്യായമുയര്‍ത്തിയാണ് അവരതിന് തുനിഞ്ഞത്.

Back to Top