9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

പോരാട്ടങ്ങള്‍, പ്രതികാരങ്ങള്‍, സന്ധികള്‍

എം എസ് ഷൈജു


യുദ്ധാനന്തരം പിന്നെയുമൊരു കൂട്ടപ്പാലായനം സംഭവിച്ചുവെന്നതല്ലാതെ ഫലസ്തീനികളുടെ ജീവിതത്തില്‍ വേറെ യാതൊരു മാറ്റവും സംഭവിച്ചില്ല. ഇത്തവണ മൂന്നര ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്കാണ് സ്വന്തം നാടുപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്നത്. യുദ്ധാനന്തരം അവരുടെ നാട് പൂര്‍ണമായും ഇസ്രായേലിന്റെ കൈയ്യിലായി. അറബികളുടെ ശക്തിയെ സംബന്ധിച്ച് ലോകത്തിനും വിശിഷ്യാ അറബ് നാടുകള്‍ക്ക് സ്വയവുമുണ്ടായിരുന്ന ധാരണകള്‍ തിരുത്തപ്പെടാന്‍ യുദ്ധം ഇട വരുത്തി. ഇസ്രായേലിന് അറബികളെ സംബന്ധിച്ചുണ്ടായിരുന്ന ഭയം പൂര്‍ണമായും മാറിക്കിട്ടി. ഇസ്രായേലിന്റെ വംശീയ കാളകൂടം നിരാര്‍ദ്രം ഫലസ്തീനികള്‍ക്ക് മേല്‍ വമിക്കപ്പെട്ടു. പാലായനം ചെയ്ത അറബികളുടെ വീടും മറ്റ് ജംഗമ വസ്തുക്കളും ഇസ്രായേല്‍ ഭരണകൂടം ജൂതന്മാര്‍ക്ക് വീതിച്ച് നല്‍കി. ഈജിപ്ത്, ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളുടെ വലിയൊരു ഭൂമേഖല ഇസ്രായേലിന്റേതായി മാറി. കിഴക്കന്‍ ജറുസലേം കൂടി കൂട്ടിച്ചേര്‍ത്ത് അഖണ്ഡ ജറുസലേം എന്നൊരു പ്രവിശ്യയെ അവര്‍ രൂപീകരിക്കുകയും അതിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊക്കെയാണ് ഗോചരമായ യുദ്ധാനന്തര ഫലങ്ങളെങ്കിലും ഫലസ്തീന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം അതിനേക്കാള്‍ ഭീകരമായ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ടായിരുന്നു. അവരുടെ അജണ്ടകളുടെയും ആവശ്യങ്ങളുടെയും മുന്‍ഗണനകള്‍ക്ക് അവര്‍ പോലുമറിയാതെ മാറ്റം വന്നുവെന്നതായിരുന്നു അത്. 1948ലെ യുദ്ധപൂര്‍വാവസ്ഥയിലേക്ക് ഇസ്രായേല്‍ മടങ്ങിപ്പോകണമെന്ന ആവശ്യമായിരുന്നു അവരും ബാഹ്യ സമൂഹവും ഇതു വരെ ഉയര്‍ത്തിയിരുന്നതെങ്കില്‍ യുദ്ധാനന്തരം അതില്‍ വലിയൊരു മാറ്റം സംഭവിച്ചു. 67 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കൈക്കലാക്കിയ ഫലസ്തീന്‍ സ്ഥലങ്ങള്‍ അടിയന്തരമായി തിരികെ നല്‍കണമെന്നായി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും മുന്‍ഗണനയും. അറബ് രാഷ്ട്രങ്ങള്‍ക്കും ഈ സമ്മര്‍ദ്ദത്തിനൊപ്പം നില്‍ക്കേണ്ടി വന്നു. പക്ഷെ ഈ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും ഇസ്രായേല്‍ വഴങ്ങിയതേയില്ല.
അറബ് രാഷ്ട്രങ്ങള്‍ ഉച്ചകോടി ചേര്‍ന്നു. സുഡാനില്‍ വെച്ച് വിളിച്ച് ചേര്‍ക്കപ്പെട്ട അറബ് ഉച്ചകോടിക്ക്, കൂടുതല്‍ തീവ്രമായ ചെറുത്ത് നില്പുകള്‍ക്കായി തയാറാകാന്‍ ഫലസ്തീനികളോട് ആഹ്വാനം ചെയ്യാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. യുദ്ധത്തോടെ മുഴുവന്‍ അറബ് രാജ്യങ്ങളും അത്ര മാത്രം നിസഹായതയിലായിപ്പോയിരുന്നു. ആത്മഹത്യാ സ്‌ക്വാഡുകള്‍ എന്ന ആശയത്തിലാണ് ഒടുവില്‍ അതെത്തിപ്പെട്ടത്. ആത്മസംഘര്‍ഷങ്ങളുടെയും അഭിമാന ക്ഷതത്തിന്റെയും പാരമ്യതയിലെത്തിയ ആ ജനത, വിജയത്തെക്കാള്‍ പ്രധാനം പോരാട്ടം തന്നെയെന്ന ഒരു നിശ്ചയ ദാര്‍ഢ്യത്തിലേക്ക് എത്തിച്ചേര്‍ന്നു. പോരാട്ടം അവര്‍ക്കൊരു ജീവിത കാമനയായി മാറി. ഫലസ്തീന് വേണ്ടി ജീവന്‍ കളയാന്‍ സന്നദ്ധരായ അനേകം ചെറുപ്പക്കാര്‍ മുന്നോട്ട് വന്ന് കൊണ്ടിരുന്നു. ജനകീയ വിമോചന യുദ്ധം എന്ന് പേര് വിളിക്കപ്പെട്ട വിവിധ ഒറ്റയാന്‍ പോരാട്ട മുറകള്‍ ഇസ്രായേലിനെതിരെ നടത്താന്‍ തീരുമാനിക്കപ്പെട്ടു. പോരാളികള്‍ ഇസ്രായേലിന്റെ വിമാനങ്ങള്‍ റാഞ്ചാനും ഇസ്രായേല്‍ നഗരങ്ങളില്‍ നിരന്തരമായ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താനും തുടങ്ങി. എല്ലാ ആശയുമറ്റ ഒരു ജനത അവരുടെ നാടിനും നീതിക്കും വേണ്ടി ഏറ്റവും അടിസ്ഥാനപരമായ പോരാട്ട മുഖങ്ങള്‍ തുറക്കുകയായിരുന്നു.
1967 ല്‍ ഐക്യരാഷ്ട്ര സഭ ഫലസ്തീന്‍ വിഷയത്തില്‍ ഏതാനും പ്രമേയങ്ങള്‍ പാസാക്കി. കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്നതായിരുന്നു അതിന്റെ ആകെത്തുക. എന്നാല്‍ ഒരുതരം ഒഴുക്കന്‍ പ്രമേയങ്ങള്‍ മാത്രമായിരുന്നു അവ. കയ്യേറ്റ ഭൂമി ഏതാണെന്ന് നിര്‍വചിക്കാതെ ഇങ്ങനെയൊരു പ്രമേയം പാസാക്കുന്നത് ഇസ്രായേലിനുള്ള സൗകര്യം ചെയ്ത് കൊടുക്കലാണെന്ന ആക്ഷേപമുയര്‍ന്നു. കയ്യേറിയ ഭൂമിയുടെ ഏതെങ്കിലും ഭാഗത്ത് നിന്ന് അല്പം പിന്മാറിയാല്‍ പോലും ഇസ്രായേല്‍, നിര്‍ദേശത്തെ മാനിച്ചവരാകുന്ന നിലയിലാണ് പ്രമേയങ്ങളുടെ ഘടന രൂപപ്പെടുത്തിയിരുന്നത്. അതോടെ തര്‍ക്കത്തിന്റെ മര്‍മം ഏതാണ് കയ്യേറ്റ പ്രദേശങ്ങളെന്ന് നിര്‍വചിക്കണമെന്നതായി മാറി. അറബ് ജനതയുടെ അജണ്ടകളും ആവശ്യങ്ങളും അവര്‍ പോലുമറിയാതെ മാറ്റപ്പെട്ട് കൊണ്ടിരുന്നതിന്റെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇത്. ഇതിനിടയില്‍ ഒരു കൂട്ടം ജൂത തീവ്രവാദികള്‍ മസ്ജിദുല്‍ അഖ്സയില്‍ തള്ളിക്കയറി ആക്രമണങ്ങള്‍ നടത്തി. പള്ളിക്ക് തീയിട്ട് കൊണ്ട് അവര്‍ തങ്ങളുടെ വിജയം ആഘോഷിച്ചു. ഖൈബറില്‍ മുഹമ്മദ് നബി തങ്ങളുടെ പൂര്‍വികരോട് ചെയ്തതിന്റെ പ്രതികാരമാണ് ഈ വീട്ടുന്നതെന്ന മുദ്രാവാക്യങ്ങളും മുഴക്കിയാണ് അവര്‍ ആക്രമണങ്ങള്‍ നടത്തിയത്. നൂറുദ്ദീന്‍ സങ്കി പണികഴിപ്പിച്ച്, സ്വലാഹുദ്ദീന്‍ അയൂബിയാല്‍ സ്ഥാപിതമായ അതേ വിഖ്യാതമായ മിമ്പറായിരുന്നു മസ്ജിദുല്‍ അഖ്സയില്‍ അപ്പോഴുമുണ്ടായിരുന്നത്. ആ മിമ്പറിന്റെ പാതിയോളം ഭാഗങ്ങളെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങി. ഈ വാര്‍ത്തയറിഞ്ഞ ഫലസ്തീനികള്‍ അമര്‍ഷവും ദുഖവും കൊണ്ട് കൂടുതല്‍ കൂടുതല്‍ രാണോത്സുകരായി മാറി. അവര്‍ നടത്തുന്ന ഓരോ അക്രമ സംഭവങ്ങള്‍ക്കും ഇസ്രായേല്‍ അപ്പപ്പോള്‍ പ്രതികാരം നടത്തുന്നുണ്ടായിരുന്നു. അറബ് ഗ്രാമങ്ങളിലും നഗരങ്ങളിലും ഇസ്രായേല്‍ തിരിച്ചടി തുടര്‍ന്ന് കൊണ്ടിരുന്നു. എന്നാല്‍ ഫലസ്തീനികള്‍ക്ക് വേദനയും മരണവും അപ്രധാന കാര്യങ്ങളായിരുന്നു. കാരണം, മരിക്കാന്‍ തയാറായ ഒരു ജനതയായി അവര്‍ സ്വയം മാറിയിരുന്നു. ഇസ്രായേലാകട്ടെ ജീവിക്കാന്‍ കൊതിക്കുന്ന ജനതയും. ഇന്നും ഈ രണ്ട് ജനതയും തമ്മിലുള്ള പ്രകടമായ വ്യത്യാസമിതാണ്. മാതൃരാജ്യത്തിനും തങ്ങളുടെ ജനതയുടെ ആത്മാഭിമാനത്തിനുമായി ജീവന്‍ കൊടുക്കാന്‍ ബാധ്യതയുള്ള തലമുറയാണ് തങ്ങള്‍ എന്ന് ഓരോ ഫലസ്തീനിയും വിശ്വസിച്ചു. ഈ വിശ്വാസമാണ് ഇത്രമാത്രം നിസഹായരും നിസാരന്മാരുമായിരുന്നിട്ടും ഇസ്രായേല്‍ എന്ന കൊടി കെട്ടിയ രാഷ്ട്രത്തിന്റെ ആയുധ ബലത്തിനും ആക്രമണോത്സുകതക്കും മുമ്പില്‍ അചഞ്ചലരാക്കി ഇന്നും അവരെ നിര്‍ത്തുന്നത്.
പോപുലര്‍ ഫ്രണ്ട് ഇസ്രായേലിന്റെ വിമാനങ്ങള്‍ തട്ടിയെടുത്ത് നശിപ്പിച്ച് കൊണ്ടിരുന്നു. അതില്‍ അവര്‍ അഗ്രഗണ്യരായി. ജനകീയ വിമോചനപ്പോരാട്ടത്തിന്റെ രൂക്ഷ ഭാവങ്ങളില്‍ ഇസ്രായേല്‍ ആടിത്തുടങ്ങിയിരുന്നു. തങ്ങളുടെ രാഷ്ട്രത്തിലെ ജനതക്ക് സുരക്ഷിതത്വം കൊടുക്കാന്‍ കഴിയാത്ത ഭരണാധികാരികളെന്ന വിമര്‍ശനങ്ങള്‍ ഇസ്രായേല്‍ ഭരണാധികാരികള്‍ക്ക് കേള്‍ക്കേണ്ടി വന്നു. ഭരണാധികാരികള്‍ക്കെതിരില്‍ ഇസ്രായേല്‍ ജനതയില്‍ നിന്ന് തന്നെ പരസ്യമായ വിമര്‍ശനങ്ങളുണ്ടായി. രമ്യമായ പരിഹാരത്തിന് മുതിരാന്‍ അവര്‍ ഭരണകൂടത്തെ സമ്മര്‍ദ്ദപ്പെടുത്തി.
ജമാല്‍ അബ്ദുന്നാസറിന്റെ നിര്യാണത്തെതുടര്‍ന്ന് അന്‍വര്‍ സാദത്ത് ഈജിപ്തിന്റെ പ്രസിഡന്റായി. അറബ് ദേശീയതയുടെ പ്രബല പ്രതീകമായിരുന്ന ഈജിപ്ത് ആത്മനിന്ദയുടെ പാരമ്യതയിലെത്തിയ കാലം കൂടിയായിരുന്നു അത്. ആത്മനിന്ദയോട് അനുരഞ്ജനം നടത്താതെ സീനായ് പ്രദേശം വീണ്ടെടുക്കുക തന്നെ വേണമെന്ന രാഷ്ട്രീയ കാമന ഈജിപ്തിനെക്കൊണ്ട് വീണ്ടുമൊരു യുദ്ധം ചെയ്യിപ്പിച്ചു. ഫലസ്തീന്‍ ആത്മഹത്യാ സ്‌ക്വാഡുകളുടെ ചാവേര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ഇസ്രായേലിനെതിരേ യുദ്ധം ചെയ്യാന്‍ പറ്റിയ സാഹചര്യമാണിപ്പോഴത്തേതെന്ന് അന്‍വര്‍ സാദത്തിന്റെ രാഷ്ട്രീയോപദേശകര്‍ അദ്ദേഹത്തിന് ഓതിക്കൊടുത്തു. കഴിഞ്ഞ യുദ്ധം കൊണ്ട് കഠിനമായ നഷ്ടം സംഭവിച്ച സിറിയയെയും ചേര്‍ത്ത് അന്‍വര്‍ സാദത്ത് ദീര്‍ഘമായ ആലോചനകള്‍ നടത്തി. ജോര്‍ദാനെയും ലബനാനേയും ഒഴിവാക്കിയാണ് ഇത്തവണ യുദ്ധാലോചനകള്‍ പുരോഗമിച്ചത്.
ഫലസ്തീനോ ഖുദ്സോ ഒന്നുമായിരുന്നില്ല ഇത്തവണത്തെ അജണ്ട. നഷ്ടപ്പെട്ട സ്വന്തം ഭൂപ്രദേശങ്ങളും അന്തസും വീണ്ടെടുക്കുക എന്നതായിരുന്നു യുദ്ധലക്ഷ്യം. 67ലെ യുദ്ധ ശേഷം ഇസ്രായേല്‍ ജനതക്ക് ഈജിപ്തിന്റെ ഭീഷണിയേല്‍ക്കാതിരിക്കാന്‍ അത്യാധുനികമായ നിരവധി പ്രതിരോധ മാര്‍ഗങ്ങള്‍ ഇസ്രായേല്‍ ആവിഷ്‌കരിച്ചിരുന്നു. അതിലൊന്നായിരുന്നു ബാര്‍ ലേഫ് ലൈന്‍. സൂയസിന്റെ കിഴക്കേ കരയില്‍ 200 മീറ്റര്‍ വീതിയില്‍ നിര്‍മിച്ച ഒരു ഭീമന്‍ കിടങ്ങാണിത്. ഒരു കരയില്‍ മുറിച്ച് കടക്കാന്‍ കഴിയാത്ത വിധമുള്ള ഒരു വന്‍ ഭിത്തിയും അതിന് കീഴില്‍ വിമാന, ടാങ്ക് വേധ മിസൈല്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മുകളില്‍ സ്ഥിരമായി അഗ്‌നി കവചങ്ങളുമുണ്ടാകും. ഈ തടസം മറികടന്ന് ഈജിപ്തിന് ഇസ്രായേല്‍ മണ്ണില്‍ കാല് കുത്താന്‍ കഴിയില്ലെന്നാണ് അവര്‍ ലോകത്തെ വിശ്വസിപ്പിച്ചിരുന്നത്. സൗദി അറേബ്യയുടെ പിന്തുണ കൂടി ഇത്തവണ ഈജിപ്തിനുണ്ടായിരുന്നു. എണ്ണ ഒരു ആയുധമാണെന്നായിരുന്നു ഫൈസല്‍ രാജാവിന്റെ കാഴ്ചപ്പാട്. അതുപയോഗിക്കാന്‍ എണ്ണ രാജ്യങ്ങളോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
1973 ഒക്ടോബര്‍ 6ന് യുദ്ധം ആരംഭിച്ചു. ഇസ്രായേലിനെ രണ്ട് ഭാഗത്ത് നിന്നും ആക്രമിക്കുക എന്ന പദ്ധതിയായിരുന്നു സിറിയയും ഈജിപ്തും നടപ്പിലാക്കിയത്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈജിപ്ത് ഏറെ മുന്നേറി. വിചാരിച്ചതിലും വളരെ നേരത്തെ ബാര്‍ ലേഫ് ലൈന്‍ തകര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചത് അവരെ ആഹ്ലാദോന്‍മുഖരാക്കി. എന്നാല്‍ ദുര്‍ബലമായ ഒരു വ്യോമ സംവിധാനവുമായി ഇസ്രായേല്‍ അധീനതയിലുള്ള ഒരു ഭൂപ്രദേശത്ത് കൂടി മുന്നോട്ട് നീങ്ങുന്നതിന്റെ അപകടത്തെക്കുറിച്ച് സേനാ നേതൃത്വം നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ച് യുദ്ധം തുടരാന്‍ തന്നെ അന്‍വര്‍ സാദത്ത് തീരുമാനിച്ചു. ഇസ്രായേല്‍ സേന പിന്നിലേക്ക് മാറിക്കൊടുത്തതിലെ തന്ത്രം വിജയപ്രമത്തത തലക്ക് പിടിച്ച ഭരണകൂടം മനസ്സിലാക്കിയില്ല. ഈജിപ്ത് സൈന്യത്തെ സീനാ മരുഭൂമിയില്‍ തളച്ചിട്ട ശേഷം ഇസ്രായേല്‍ സേനയുടെ യുദ്ധ വിമാനങ്ങള്‍ ഈജിപ്തിന്റെ തലക്ക് മീതെ തലങ്ങും വിലങ്ങും പറന്നു. ജനങ്ങള്‍ ഭീതിയോടെ വീടുകളിലേക്ക് ഉള്‍വലിഞ്ഞു. ഈജിപ്ത് മുഴുവന്‍ ഇസ്രായേല്‍ സേന നിറഞ്ഞാടി. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങള്‍ ആയുധങ്ങളുമായി ഇസ്രായേല്‍ എയര്‍പോര്‍ട്ടുകളില്‍ പറന്നിറങ്ങിക്കൊണ്ടിരുന്നു. മൂന്ന് ഭാഗത്ത് നിന്നും ബന്ധിക്കപ്പെട്ടത് പോലെ ഈജിപ്ത് സേന മരുഭൂമിയില്‍ തറഞ്ഞ് പോയി. പിന്തിരിഞ്ഞോടുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നു. ഈജിപ്ത് പരാജയപ്പെട്ട് പിന്‍വാങ്ങിയ വാര്‍ത്ത കേട്ട സിറിയന്‍ സൈന്യം ഗോലാന്‍ കുന്നുകളും വിട്ട് ദമസ്‌കസിലേക്ക് പിന്മാറി. യുദ്ധത്തിനിറങ്ങിയ രണ്ട് രാജ്യങ്ങള്‍ക്കും കൂടുതല്‍ ഭൂമി നഷ്ടപ്പെട്ടു എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. തങ്ങള്‍ക്ക് ആയുധ ബലം കൊണ്ട് പരാജയപ്പെടുത്താന്‍ കഴിയുന്നതിനും വളരെ മുകളില്‍ ഇസ്രായേല്‍ വളര്‍ന്ന് കഴിഞ്ഞുവെന്ന് അറബ് രാഷ്ട്രങ്ങള്‍ മനസിലാക്കി. ഇസ്രായേലുമായി പിന്നീടൊരു യുദ്ധത്തിന് ഒരറബ് രാജ്യവും തയാറായില്ലെന്ന് മാത്രമല്ല, അനുരജ്ഞനത്തിന്റെ പാതയിലേക്ക് വരാന്‍ അവരൊക്കെ സ്വമനസ്സാലെ തയാറാകുകയും ചെയ്തു. ബാര്‍ ലേഫ് ലൈനിന്റെ തകര്‍ച്ച ഇസ്രായേലിന്റെ അവകാശവാദങ്ങള്‍ക്കും വലിയ പരിക്കേല്‍പിച്ചു.
പശ്ചിമേഷ്യയിലെ എണ്ണ കൊണ്ട് പാശ്ചാത്യര്‍ക്ക് മറുപടി നല്‍കുക എന്ന ഫൈസല്‍ രാജാവിന്റെ തന്ത്രം ഇരുതല മൂര്‍ച്ചയുള്ള ഒരു വാളായിരുന്നു. ഫലസ്തീന്‍ രാഷ്ട്രീയത്തില്‍ സവിശേഷാവഗാഹം പുലര്‍ത്തിയ ഒരു ഭരണാധികാരിയായിരുന്നു സൗദി രാജാവായിരുന്ന ഫൈസല്‍ ബിന്‍ ആലു സഊദ്. എണ്ണയുല്‍പാദനം വെറും 5 ശതമാനമാക്കി കുറക്കാനും, അറബ് മണ്ണില്‍ നിന്നുള്ള അധിനിവേശത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയാലല്ലാതെ ക്രൂഡോയില്‍ ഇനി വില്‍ക്കേണ്ടതില്ലെന്നും അറബ് രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാര്‍ ഫൈസല്‍ രാജാവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പെട്രോളിയം ക്ഷാമവും വിലപ്പെരുപ്പവും കൊണ്ട് വീര്‍പ്പ് മുട്ടി. പത്തി താഴ്ത്താതെയും അനുരജ്ഞനം നടത്താതെയും ഇസ്രായേലിന് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. പക്ഷേ ദുരൂഹവും ദാരുണവുമായ കൊട്ടാര വിപ്ലവത്തിലൂടെ ഫൈസല്‍ രാജാവ് വധിക്കപ്പെട്ടതായിരുന്നു ഇതിന്റെ അനന്തര ഫലം. ഫലസ്തീന്‍ വിഷയത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ ബോധത്തിന്റെ ദൃഢ ഭൂമി അവിടെത്തന്നെ തകര്‍ന്ന് വീണു.
അമേരിക്കയുടെ നേതൃത്വത്തില്‍ ചില മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി അന്‍വര്‍ സാദത്ത് ലോകത്തെ ഞെട്ടിച്ച് കൊണ്ട് 1977ല്‍ ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി. ഇസ്രായേല്‍ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇസ്രായേല്‍ സെനറ്റില്‍ അന്‍വര്‍ സാദത്ത് പ്രസംഗിക്കുകയും ചെയ്തതോടെ ഇതര അറബ് രാഷ്ട്രങ്ങള്‍ ക്രോധാകുലരായി. അറബ് രാഷ്ട്രങ്ങള്‍ അന്‍വര്‍ സാദത്തിനെ ഒറ്റപ്പെടുത്തി. ഈജിപ്തിനെ നേതൃസ്ഥാനത്ത് നിന്ന് അവര്‍ ഒഴിവാക്കി. യഥാര്‍ഥത്തില്‍ അറബികളെ ഭിന്നിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചത്. അത് നടപ്പിലാക്കുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണം ഫതഹ് അവരുടെ ഒളിപ്പോരാളികളെ ഇസ്രായേല്‍ തീരത്തെത്തിച്ച് വ്യാപകമായ കൊലകള്‍ നടത്തി. അനേകം ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നവര്‍ മഹാഭൂരിപക്ഷവും സാധാരണ ജൂതന്മാരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇസ്രായേല്‍ എന്ന വാഗ്ദത്ത ഭൂമി തേടി വന്ന ജൂതര്‍ ഈ അരക്ഷിതമായ രാഷ്ട്രീയാവസ്ഥകളില്‍ ഭീതി പൂണ്ടാണ് അവിടെ ജീവിച്ചിരുന്നത്.
ഈജിപ്തും ഇസ്രായേലും അനുരഞ്ജന ഭാഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. 1978ല്‍ അമേരിക്കയിലെ ക്യാമ്പ് ഡേവിഡ് കൊട്ടാരത്തില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ മധ്യസ്ഥതയില്‍ ഈജിപ്തും ഇസ്രായേലും തമ്മില്‍ ഒരു സമാധാന കരാര്‍ ഒപ്പിടുന്നതിലേക്ക് ഇത് എത്തിപ്പെട്ടു. അതോടെ ഈജിപ്തിനും ഇസ്രായേലിനുമിടയില്‍ സമാധാനം പുലര്‍ന്നു. ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളില്‍ നിന്ന് ഈജിപ്ത് പൂര്‍ണമായും പിന്‍വാങ്ങി. അവര്‍ക്ക് നഷ്ടപ്പെട്ട സീനായ് പ്രവിശ്യ ഇസ്രായേല്‍ പൂര്‍ണമായും മടക്കിക്കൊടുത്തു. ഗാസയുടെ മേല്‍ യാതൊരു അവകാശ വാദവും ഈജിപ്ത് ഉയര്‍ത്തിയില്ല. അത് ഇസ്രായേലിന്റെ അധീനതയില്‍ തന്നെ തുടര്‍ന്നു. അറബ് മേഖലയില്‍ നിന്ന് ഇസ്രായേലുമായി നയതന്ത്ര ബന്ധമുണ്ടാക്കുന്ന ആദ്യ രാജ്യമായി ഈജിപ്ത് മാറി. അതായിരുന്നു ഈ ഇടപാടില്‍ ഇസ്രായേലിന് ലഭിച്ച ഏറ്റവും വലിയ നേട്ടം. ഒരറബ് രാഷ്ട്രം അവരെ അംഗീകരിച്ചത് അവരുടെ ഏറ്റവും വലിയ വിജയമായിരുന്നു. അതോടെ അറബ് ലീഗില്‍ നിന്ന് ഈജിപ്ത് പുറത്തേക്ക് തെറിച്ചു. അറബ് ലീഗ് തങ്ങളുടെ ആസ്ഥാനം ഈജിപ്തില്‍ നിന്ന് മാറ്റുകയും ചെയ്തു. അറബ് ജനത വ്യക്തമായ ഒരു രാഷ്ട്രീയ ഭിന്നിപ്പിന്റെ ഇരയായി മാറി. .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x