9 Monday
December 2024
2024 December 9
1446 Joumada II 7

പൂര്‍ണ സത്യത്തില്‍ ഉറച്ചുനില്‍ക്കലാണ് സത്യനിഷ്ഠ

ഡോ. പി എം മുസ്തഫ കൊച്ചിന്‍


പരമവും പൂര്‍ണവുമായ സത്യാന്വേഷണത്തിന് ഉപയുക്തമായ ഋജുവായ ചിന്താസരണിയാണ് ഇസ് ലാമിന്റേത്. ചിന്തയുടെ താളപ്പിഴവില്‍ ജീവിതതാളം തെറ്റുകയും സന്മാര്‍ഗം അപ്രാപ്യമാവുകയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്. നന്മയിലേക്ക് നമ്മെ നയിക്കാനും അതുവഴി സ്വര്‍ഗപ്രാപ്തി കൈവരിക്കാനും ഉതകുന്ന വളരെ പ്രധാനപ്പെട്ട പെരുമാറ്റമാണ് സത്യനിഷ്ഠ (സ്വിദ്ഖ്). സത്യനിഷ്ഠ മുഖമുദ്രയാക്കുന്നവര്‍ക്ക് സാക്ഷാല്‍ വിജയം വൈകരിക്കാനാവുമെന്നും കളവും സത്യവും ജീവിത ശൈലിയായി സ്വീകരിക്കുന്നവര്‍ക്ക് പരാജയവുമാണെന്ന് സൂചന നല്‍കുന്ന ഒരു നബിവചനം ശ്രദ്ധിക്കൂ.
”സത്യനിഷ്ഠ നിങ്ങള്‍ അവലംബിക്കുക, സത്യനിഷ്ഠ നന്മയിലേക്ക് നയിക്കുന്നു, നന്മ സ്വര്‍ഗത്തിലേക്ക് നയിക്കുന്നു. ഒരാള്‍ നിരന്തരം സത്യനിഷ്ഠ പുലര്‍ത്തുന്നു. സത്യനിഷ്ഠ മുഖമുദ്രയാക്കുകയും ചെയ്യുന്നു. അല്ലാഹുവിങ്കല്‍ അവനെ ‘സത്യവാന്‍’ എന്ന് രേഖപ്പെടുത്തുന്നു. അസത്യത്തെ നിങ്ങള്‍ കരുതിയിരിക്കുക, അസത്യം അധര്‍മത്തിലേക്ക് നയിക്കുന്നു. അധര്‍മം നരകത്തിലേക്ക് നയിക്കുന്നു. ഒരാള്‍ നിരന്തരം അസത്യം പറയുകയും അസത്യം മുഖമുദ്രയാക്കുയും ചെയ്താല്‍ അല്ലാഹുവിങ്കല്‍ അവനെ ‘മഹാനുണയന്‍’ എന്ന് രേഖപ്പെടുത്തും.” (മുസ്‌ലിം 2607) (ഇതിന് സമാനമായ നബിവചനം ബുഖാരി 6094ല്‍ കാണാം)
സത്യനിഷ്ഠ എന്നത് മൂല്യവത്തായ ഒരു സ്വഭാവമാണ്. ഒരു വ്യക്തി സത്യനിഷ്ഠ പുലര്‍ത്തുമ്പോള്‍ ദൈവം അയാളെ സ്‌നേഹിക്കുന്നു. അതോടൊപ്പം തന്നെ അയാള്‍ ഇടപെടുന്ന സമൂഹവും ആ വ്യക്തിയെ ഇഷ്ടപ്പെടുന്നു. അങ്ങനെ സത്യനിഷ്ഠയ്ക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്നു. സമൂഹത്തില്‍ മുഴുവന്‍ ആളുകളും സത്യനിഷ്ഠ പാലിക്കുയാണെങ്കില്‍ അസത്യം, അര്‍ധസത്യം, ചതി, വഞ്ചന, കളവ്, കബളിപ്പിക്കല്‍, നുണ…. എന്നീ സാമൂഹിക ദൂഷ്യ സ്വഭാവങ്ങള്‍ ഇല്ലാതാകുന്നു.
സത്യനിഷ്ഠയുള്ളവനായിരിക്കുക എന്നതിന് ഇസ്‌ലാം വളരെയേറെ പരിഗണന കൊടുത്തിട്ടുണ്ട്. ഖുര്‍ആനിലും തിരുനബി വചനങ്ങളിലും സത്യനിഷ്ഠയക്കുറിച്ച് ഒരുപിടി നിര്‍ദേശങ്ങള്‍ കാണാന്‍ കഴിയും. മുഹമ്മദ് നബി(സ)യുടെ അനുചരന്മാരല്ലാത്തവര്‍ പോലും സത്യനിഷ്ഠയെ പ്രാധാന്യപൂര്‍വം നിര്‍ദേശിക്കുന്നതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബൈസാന്തിയന്‍ (റോം) ചക്രവര്‍ത്തിയായ ഹിറഖലുമായി നടന്ന സംഭാഷണം വിവരിക്കുന്ന സുദീര്‍ഘമായ നബിവചനത്തില്‍ ഹിറഖല്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: എന്തൊക്കെയാണ് പ്രവാചകന്‍ നിങ്ങളോട് കല്പിക്കുന്നത്? അബൂസുഫ്‌യാന്‍ മറുപടി മൊഴിഞ്ഞു: ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക, അവനില്‍ ഒരു വസ്തുവെയും പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങളുടെ പ്രപിതാക്കള്‍ പറഞ്ഞുണ്ടാക്കിയവ വെടിയുക, അതോടൊപ്പം നമസ്‌കരിക്കാനും സത്യനിഷ്ഠ പുലര്‍ത്താനും സദാചാരം പാലിക്കാനും കുടുംബ ബന്ധം പുലര്‍ത്താനും ഞങ്ങളോട് അദ്ദേഹം ആവശ്യപ്പെടുന്നു. (ബുഖാരി, മുസ്‌ലിം)
പരമസത്യം, പാതിസത്യം, അസത്യം എന്നിങ്ങനെ മൂന്ന് പദങ്ങള്‍, സത്യ-അസത്യങ്ങളെ തിരിച്ചറിയാന്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. സത്യനിഷ്ഠ പുലര്‍ത്താന്‍ അത് സഹായകമാവും.
സമ്പൂര്‍ണ സത്യം
അറബിയില്‍ ഹഖ്ഖ് എന്നും ഇംഗ്ലീഷില്‍ ണവീഹല ഠൃൗവേ, എൗഹഹ ഠൃൗവേ എന്നും സൂചിപ്പിക്കുന്നത് ഈ പൂര്‍ണ സത്യത്തെയാണ്. മലയാളത്തില്‍ നഗ്നസത്യം, മുഴുസത്യം, പരമസത്യം, യഥാര്‍ഥ വസ്തുത, യഥാര്‍ഥ സംഗതി, സത്യാവസ്ഥ, പരംപൊരുള്‍, വാസ്തവം, നേര്, പച്ചപരമാര്‍ഥം എന്നൊക്കെ സൂചിപ്പിക്കുന്നത് ഈ സമ്പൂര്‍ണസത്യമാണ്.
ഒരു വസ്തുത യഥാവിധി (മുറപ്രകാരം) അവതരിപ്പിക്കുന്നതാണ് സമ്പൂര്‍ണസത്യം. ഇതുപോലെ ഭദ്രതയുള്ള മറ്റൊരു ഗുണവിശേഷവുമില്ല. മുഴുസത്യനിഷ്ഠ എന്ന ഗുണമില്ലെങ്കില്‍ അവിടെ അര്‍ധസത്യവും, അസത്യവും നിലയുറപ്പിക്കും. ഒരു തിരുനബി വചനമിതാ: ‘സംശയമുളവാക്കുന്നത് വെടിഞ്ഞ് സംശയരഹിതമായത് സ്വീകരിക്കുക. സത്യനിഷ്ഠ സ്വസ്ഥതയും അസത്യം അസ്വസ്ഥതയുമാണ്’ (തിര്‍മിദി 2518, അഹ്മദ് 1723)
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സമ്പൂര്‍ണ സത്യം അസത്യവുമായി നിങ്ങള്‍ കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും അരുത്’ (വി.ഖു 2:42) ഏതവസരത്തിലും സമ്പൂര്‍ണസത്യം പറയുക എന്നത് വാക്കുകളിലെ സത്യനിഷ്ഠയാണ്. ഒരു വ്യക്തി തന്റെ സംസാരത്തില്‍ സത്യനിഷ്ഠ പുലര്‍ത്തുന്നതിലൂടെ അയാളുടെ വ്യക്തിത്വം വളരുകയും ചെയ്യുന്നു. ‘സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നിങ്ങള്‍ക്ക് മെച്ചപ്പെടുത്തിത്തരികയും നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കവന്‍ പൊറുത്തു തരികയും ചെയ്യും’ (വി.ഖു 33:70,71)
സമ്പൂര്‍ണ സത്യം പറയലിന്റെ പ്രാധാന്യവും അതിന് ഒന്നും തന്നെ തടസ്സമാവരുതെന്നും താഴെ കൊടുക്കുന്ന തിരുവചനങ്ങളില്‍ നിന്ന് വ്യക്തമാകും.
‘നിങ്ങള്‍ അറിഞ്ഞ ഒരു സമ്പൂര്‍ണ സത്യം ഉരിയാടുന്നതിന് ജനങ്ങളെക്കുറിച്ച പേടി ഒരു വ്യക്തിക്ക് തടസ്സമാവരുത്’ (തിര്‍മിദി) ‘അതിക്രമിയായ ഒരു അധികാരിയുടെ അടുക്കല്‍ മുഴുസത്യപ്രസ്താവന നടത്തുന്നത് ഏറ്റവും മഹത്തായ ത്യാഗപരിശ്രമം(മുജാഹിദ്)ആണ്’ (തിര്‍മിദി, അബൂദാവൂദ്)
ഒരു മുഴുസത്യം വിളിച്ചുപറയുന്നതിനേക്കാള്‍ ആള്‍ക്കൂട്ടം മിടുക്ക് കാണിക്കുന്നത്, പല അസത്യവും അര്‍ധസത്യവും കൂട്ടിയിണക്കി മുഴുസത്യമാണെന്ന് ധ്വനിപ്പിച്ച് പറയുന്നതിലാണ്. തിരക്കൊഴിഞ്ഞ് നേര്‍വഴി മാത്രമാണ് സമ്പൂര്‍ണ സത്യത്തിന്റെ സഞ്ചാരപഥം. അതിന് എല്ലായിടങ്ങളിലൂടെയും സഞ്ചരിക്കാനാവില്ല എന്ന് നാം അറിയേണ്ടതുണ്ട്.
അര്‍ധസത്യം
സത്യനിഷ്ഠ പാലിക്കുന്നവര്‍ അര്‍ധസത്യത്തിന്റെ കെണിയില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുവനെ തെറ്റിദ്ധരിപ്പിക്കാനായി ഭാഗികമായി മാത്രം സത്യപ്രസ്താവന നടത്തുന്നതാണ് അര്‍ധസത്യം. ഇതില്‍ സത്യത്തിന്റെ അംശമുണ്ടായേക്കാം. പൂര്‍ണസത്യമാണെന്ന വ്യാജേന പ്രചരിപ്പിക്കുന്നതില്‍ പലതും പാതി സത്യമാണ്. സത്യത്തിന്റെ പരിവേഷത്തിലായിരിക്കും ഭാഗികസത്യം പ്രത്യക്ഷപ്പെടുക. അതിനെ തിരിച്ചറിയുക ദുഷ്‌കരമാണ്. പാതിസത്യത്തോടൊപ്പം മറ്റു പല ഘടകങ്ങളും കൂടി ചേര്‍ന്നാല്‍ മാത്രമേ അത് മുഴുസത്യത്തിന്റെ ആശയം പ്രദാനം ചെയ്യുകയുള്ളൂ.
നബി(സ) പറയുന്നു: നിന്റെ സഹോദരനോട് ഒരു സംഭവം നീ എടുത്തുദ്ധരിക്കുകയും, അങ്ങനെ അത് അവന്‍ സത്യമായി അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ നീ പറഞ്ഞത്, അസത്യമാണു താനും. ഇതാണ് ഏറ്റവും വലിയ വഞ്ചന’ (അബൂദാവൂദ് 4322)
അസത്യം
വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അസത്യം. മുഴുവന്‍ സത്യങ്ങളും പറയാതിരിക്കുന്നതും അസത്യമായി മാറും. എല്ലാം എടുത്തുദ്ധരിക്കുന്നതും അസത്യമായി മാറാന്‍ സാധ്യതുണ്ട്. നബി(സ) പറയുന്നു: ‘ഒരു മനുഷ്യന് നുണയനാകാന്‍ കേട്ടതെല്ലാം എടുത്ത് ഉദ്ധരിക്കുക എന്നത് മതി’ (മുസ്‌ലിം)
‘ഇരു നയനങ്ങളും കണ്ടിട്ടില്ലാത്തത് കണ്ടുവെന്ന് ഒരു വ്യക്തി പറയുന്നതാണ് ഏറ്റവും വലിയ നുണ’ (ബുഖാരി 1545). ‘ഒരു സംഭവം എടുത്തുദ്ധരിക്കുക വഴി ജനതയെ ചിരിപ്പിക്കാനായി കളവ് പറയുന്നവന് നാശം. അവന് നാശം, അവന് നാശം’ (അബൂദാവൂദ് 4990, തിര്‍മിദി 2315)
പൂര്‍ണസത്യവും പാതി സത്യവും അസത്യവും വഴക്കടിക്കുന്ന ഈ ലോകത്ത് പരമസത്യം എവിടെയോ പോയി മറയുമ്പോഴാണ് സത്യനിഷ്ഠയുടെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. സത്യം പറയുന്നവരാകണം നാം. എന്തെങ്കിലും പറയാന്‍വേണ്ടി കളവ് പറയുന്നവരാകരുത്.
‘ദൈവത്തിലും അന്ത്യദിനത്തിലും സമ്പൂര്‍ണമായി വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ, മൗനമവലംബിക്കുകയോ ചെയ്യട്ടെ’ (ബുഖാരി, മുസ് ലിം)
പറയുന്ന വാക്കുകള്‍ പൂര്‍ണ ശരിയിലേക്ക് നയിക്കുന്നില്ലെങ്കില്‍ ഒന്നും പറയാതിരിക്കുന്നതല്ലേ നല്ലത് എന്ന ആശയമാണ് നബി(സ) ഇതിലൂടെ പ്രകടിപ്പിക്കുന്നത്. ഒടുവില്‍, സത്യനിഷ്ഠ എന്നത് ഒരു സ്വഭാവ വിശേഷമല്ല. പൂര്‍ണ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് അതിനായി പരിശ്രമിക്കുന്നതാണ് സത്യനിഷ്ഠ.. പൂര്‍ണസത്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പാതി സത്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുകയും മുഴുസത്യം തിരിച്ചറിയുകയും വേണം, ഖുര്‍ആനിന്റെ വക്താക്കളായ നാം.

Back to Top