പൂര്‍ണ രാഷ്ട്രപദവിക്കായി വീണ്ടും ഫലസ്തീന്‍
ഫലസ്തീന് പൂര്‍ണ രാഷ്ട്രപദവി നല്‍കണമെന്ന ആവശ്യം വീണ്ടും യുഎന്നില്‍ അവതരിപ്പിക്കാനൊരുങ്ങി അനുകൂലിക്കുന്ന രാജ്യങ്ങള്‍. 2011ല്‍ ആദ്യമായി സമര്‍പ്പിച്ച അപേക്ഷയാണ് വീണ്ടും സജീവമാക്കുന്നത്. എന്നാല്‍, ഇസ്രായേലിന്റെ നിലപാടുകള്‍ക്കായി യുഎന്നിനെ ഉപയോഗപ്പെടുത്തുന്ന യുഎസ്, നീക്കത്തെ എതിര്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച 140 രാഷ്ട്രങ്ങളുടെ പേരടങ്ങുന്ന കത്താണ് യുഎന്‍ രക്ഷാസമിതിക്കു മുന്നില്‍ എത്തുന്നത്. 22 അംഗ അറബ് രാഷ്ട്ര സഖ്യം, 57 അംഗ ഇസ്‌ലാമിക സഹകരണ സംഘടന, 120 അംഗ ചേരിചേരാ കൂട്ടായ്മ എന്നിവയിലെ അംഗങ്ങളും പിന്തുണക്കുന്നവരാണ്. ഗസ്സയിലെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ ലോകം ഒറ്റക്കെട്ടായി രംഗത്തുള്ള സാഹചര്യത്തിലാണ് വീണ്ടും പൂര്‍ണ അംഗത്വപദവിക്കായി ശ്രമം നടത്തുന്നത്.
യുഎന്‍ 194ാം അംഗമായി അംഗീകരിക്കാന്‍ 2011 സെപ്തംബര്‍ 23ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അന്നത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്ത് നല്‍കിയിരുന്നു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ ഒമ്പതു പേരുടെ പിന്തുണ ആര്‍ജിക്കാനാവാതെ നീക്കം പരാജയപ്പെട്ടു. അന്ന്, എല്ലാവരും പിന്തുണച്ചാലും നീക്കം പരാജയപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ് ഉപ അംബാസഡര്‍ റോബര്‍ട്ട് വുഡ് വ്യക്തമാക്കി.