1 Tuesday
July 2025
2025 July 1
1447 Mouharrem 5

കുട്ടികളുടെ പൂമരം ഷാര്‍ജ പുസ്തകമേളയ്ക്ക് നവ്യാനുഭവം പകര്‍ന്ന പ്രകാശനം


ഷാര്‍ജ: മലയാളത്തിലെ പത്ത് പ്രശസ്ത ബാലസാഹിത്യ കൃതികളടങ്ങിയ ‘കുട്ടികളുടെ പൂമരം’ ഗ്രന്ഥപരമ്പര ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേര്‍സ് ഫോറത്തില്‍ പ്രകാശനം ചെയ്തു. പൂമരം ബുക്‌സ് ആവിഷ്‌കരിച്ച വ്യത്യസ്തമായ പ്രകാശനരീതി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുതിയ ചരിത്രമെഴുതി. പത്ത് ക്ലാസിക് കൃതികളിലെ കഥാപാത്രങ്ങളായി വേഷമിട്ട കുരുന്നുകള്‍ എഴുത്തുകാരുടെ കുടുംബാംഗത്തിന് പുസ്തകങ്ങള്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
മലയാളത്തിലെ വിഖ്യാത എഴുത്തുകാരായ എന്‍ പി മുഹമ്മദ് രചിച്ച ‘തങ്കവാതില്‍’ റിദ്‌വാന്‍ നബീലിനും സുമംഗല എഴുതിയ ‘കുറിഞ്ഞിയും കൂട്ടുകാരും’ മുയീസ് അമീന്‍, റിഹാന്‍ എന്നിവര്‍ നിബ്‌റാസിനും പുനത്തില്‍ കുഞ്ഞബ്ദുല്ല എഴുതിയ ‘അമ്മയെ കാണാന്‍’ ലയാന ഫറാഹ് ആസാദിനും വി പി മുഹമ്മദ് രചിച്ച ‘നാടുവാഴിയുടെ മൂക്ക്’ ഇയാദ് അമീര്‍, അഹ്‌സന്‍ എന്നിവര്‍ ഷിബിന്‍ ബാബുവിനും ഉറൂബ് രചിച്ച ‘ഇലഞ്ഞിപ്പൂക്കള്‍’ ഇസ്‌വ, അഹ്‌റസ് എന്നിവര്‍ ആദിലക്കും സിപ്പി പള്ളിപ്പുറം എഴുതിയ ‘കുരങ്ങാട്ടിയും കള്ളനോട്ടുകാരും’ അഹ്മദ് അയിശ നമക്കും ഡോ. കെ. ശ്രീകുമാര്‍ എഴുതിയ ‘ഫ്രൈഡെ ഫൈവ്’ ഫെല്ല ഫാത്തിമ, അലൂഫ് എന്നിവര്‍ ഫിദക്കും, എ വിജയന്‍ എഴുതിയ ‘കുരുവി’ ഗോപി അസം, ഹാദി എന്നിവര്‍ അമല്‍ സ്വാലിഹക്കും കെ വി രാമനാഥന്‍ രചിച്ച ‘കണ്ണീര്‍മുത്തുകള്‍’ ഇന്‍ഷ ഫാത്തിമ സുനില്‍ രാജിനും പ്രൊഫ. എസ് ശിവദാസ് എഴുതിയ ‘തന്മാത്രകളുടെ അത്ഭുതലോകം’ അമ്മാര്‍ സിഹാമിനും പുസ്തകങ്ങള്‍ നല്‍കിയാണ് പ്രകാശനം ചെയ്തത്.
പൂമരം ബുക്‌സ് എഡിറ്റര്‍ ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് പത്ത് ക്ലാസിക് കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. യുവത സി ഇ ഒ ഹാറൂന്‍ കക്കാട് സ്വാഗതവും യുവത യു എ ഇ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുനീബ നജീബ് നന്ദിയും പറഞ്ഞു. യുവത ബുക്‌സിന്റെ ഇംപ്രിന്റായ പൂമരം ബുക്‌സാണ് പത്ത് ക്ലാസിക് കൃതികള്‍ ഒന്നിച്ച് പ്രസിദ്ധീകരിച്ചത്.

Back to Top