8 Sunday
December 2024
2024 December 8
1446 Joumada II 6

പൂക്കുമ്പോള്‍

നൗഫല്‍ പനങ്ങാട്‌


ചേല് തുന്നിയ ഖിസ്സകളില്‍
അത്തറു മണക്കുന്ന പാട്ടുകള്‍

ആത്മ നോവിന്റെ അമൃത് കടഞ്ഞെടുത്ത്
പാടിത്തീര്‍ക്കുന്ന തേനിശലുകള്‍

നോമ്പേ, ഉള്ളാല്‍ നനച്ചു
നീ പറന്നുപോയല്ലോ
ഞാന്‍ തനിച്ചായല്ലോ

കൊടുത്തിട്ടും തീരാത്ത കൊടുക്കലുകളായി
കഴുകിത്തീര്‍ത്ത പാപക്കറകളില്‍
പാതിരാവിന്റെ ഏതോ നേര്‍ത്ത നിമിഷത്തില്‍
ആലം പൊരുളായവനെ നിന്നെ മണത്തിരുന്നു

ഉപേക്ഷിക്കപ്പെടലിന്റെ മൂര്‍ധന്യത്തിലും
ഉള്ളാല്‍ പൊതിഞ്ഞുകിട്ടിയത്
സൃഷ്ടിപ്പിനുടയവന്റെ കാരുണ്യ വായ്പ്പാണ്

ആനന്ദമായ് പിറവികൊടുക്കുന്നൊരു
പെരുന്നാളിന് ചേലുതുന്നിയ
കസവുകളുടെ തിളക്കം
പാടിയാലൊതുങ്ങാത്ത
ആത്മനിര്‍വൃതിയുടെ തസ്ബീഹ് മാലകളില്‍
കൂട്ടിക്കെട്ടിയ പെരും നാളിത്

സഹനമേകിയ വഴികളില്‍ നിന്ന്
വെളിച്ചമരുളിയ വാക്കുമായി
നീ നടന്നുകൊള്‍ക
മനുഷ്യരെ കാണുക
കേള്‍ക്കുക
അറിയുക
അപ്പോള്‍ പെരുംനാള്‍ ചന്ദ്രിക ചിരി തൂകി
മാനത്തുണ്ടാവും.

Back to Top