1 Friday
March 2024
2024 March 1
1445 Chabân 20

പൊന്‍കുന്നം സെയ്ദ് മുഹമ്മദ് സാഹിത്യലോകത്തെ ധിഷണാശാലി

ഹാറൂന്‍ കക്കാട്‌


മലയാള സാഹിത്യലോകത്ത് നിരവധി കനപ്പെട്ട കാവ്യങ്ങള്‍ സമ്മാനിച്ച മഹാകവിയായിരുന്നു പൊന്‍കുന്നം സെയ്ദ് മുഹമ്മദ്. കേരളത്തില്‍ ആദ്യമായി മുഹമ്മദ് നബിയുടെ ജീവചരിത്രം കാവ്യപ്രമേയമാക്കിയ പ്രതിഭയാണ് അദ്ദേഹം. ‘മാഹമ്മദം’ എന്ന മഹാകാവ്യത്തിലൂടെ സാഹിത്യലോകത്ത് അനുപമമായ ഇടം കണ്ടെത്തിയ ധിഷണാശാലി! മഹാകവി ചങ്ങമ്പുഴയോടും ഇടപ്പള്ളി രാഘവന്‍ പിള്ളയോടും ഒന്നിച്ച് സര്‍ഗാത്മക രചനയില്‍ ഇടപെട്ട മഹാകവി.
1909 ഡിസംബര്‍ 23-ന് ചങ്ങനാശ്ശേരിയിലെ പൊന്‍കുന്നം പുതുപ്പറമ്പില്‍ തറവാട്ടില്‍ നാഗൂര്‍ മീരാന്‍ റാവുത്തറുടെയും ഹസ്‌നമ്മയുടെയും മകനായാണ് പൊന്‍കുന്നം സെയ്ദ് മുഹമ്മദിന്റെ ജനനം. പ്രാഥമിക സ്‌കൂള്‍ പഠനം പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലുമായിരുന്നു. അക്കാലത്തെ പാഠപുസ്തകങ്ങളില്‍ പദ്യഗ്രന്ഥങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിലെ കവിയെ പരിപോഷിപ്പിച്ചത് അത്തരം പദ്യ ഗ്രന്ഥാവലികളാണ്. മലയാളം, അറബി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം നേടിയ അദ്ദേഹം വിവിധ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ആലുവയിലായിരുന്നു ഏറെക്കാലം ജീവിതം.
മണിമല കരിക്കാട്ടൂര്‍ സ്‌കൂളിലെ അദ്ദേഹത്തിന്റെ സഹാധ്യാപകനായിരുന്ന എം എം ഫിലിപ്പ് ഭാഷാസാഹിത്യങ്ങളിലെ അസാമാന്യ പണ്ഡിതനായിരുന്നു. ദിനേന ഒരു സംസ്‌കൃത ശ്ലോകം പരിഭാഷ ചെയ്യിപ്പിച്ച് സെയ്ദ് മുഹമ്മദിന്റെ കാവ്യരചനാപാടവത്തെ പരിപോഷിപ്പിച്ചത് അദ്ദേഹമാണ്. മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍, മഹാകവി കെ വി സൈമണ്‍, എം എല്‍ എ ആയിരുന്ന എ സി കുര്യാക്കോസ് എന്നിവരോടൊപ്പം സെയ്ദ് മുഹമ്മദ് തിരുവനന്തപുരം സാഹിത്യ പരിഷത്തില്‍ സജീവമായി. പരിഷത്തിന്റെ മുഖ്യ കാര്യദര്‍ശി മഹാകവി ഉള്ളൂരുമായി ബന്ധം സ്ഥാപിക്കാനായത് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിന് വലിയ മുതല്‍ക്കൂട്ടായി. പൊന്‍കുന്നം അക്ഷരശ്ലോക സമിതിയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു.
രാമായണം, മഹാഭാരതം, ഭാഗവതം, കൃഷ്ണഗാഥ, തുള്ളല്‍ക്കഥകള്‍, ചമ്പൂക്കള്‍ എന്നിവയെല്ലാം പൊന്‍കുന്നം സെയ്ദ് മുഹമ്മദ് ഹൃദിസ്ഥമാക്കുകയും വൃത്തശാസ്ത്രാലങ്കാരാദികള്‍ അഭ്യസിക്കുകയും ചെയ്തു. പഴയ തിരുവിതാംകൂറില്‍ കൊല്ലത്തിനടുത്ത ഇടവായില്‍ നിന്നു പുറത്തിറങ്ങിയിരുന്ന ‘ഇസ്‌ലാം ദൂതന്‍’ മാസികയിലാണ് അദ്ദേഹത്തിന്റെ കവിത ആദ്യമായി അച്ചടിച്ചത്. ഇ വി കൃഷ്ണപിള്ള പത്രാധിപരായ മലയാള മനോരമ, സി വി കുഞ്ഞിരാമന്റെ നവജീവന്‍, കൊച്ചിയില്‍ നിന്നു മുഹമ്മദ് ഷാഫിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ സാരസന്‍ ആഴ്ചപ്പതിപ്പ്, എ പി മറിയാമ്മ പത്രാധിപയായ ജയഭേരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു പൊന്‍കുന്നം സെയ്ദ് മുഹമ്മദിന്റെ കാവ്യങ്ങള്‍ ഏറെയും പ്രസിദ്ധീകൃതമായത്.
1937-ല്‍ കോട്ടയത്ത് മലയാള മനോരമയുടെ മേല്‍നോട്ടത്തില്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളിച്ചപ്പോള്‍ പൊന്‍കുന്നം വര്‍ക്കിക്കും പൊന്‍കുന്നം സെയ്ദ് മുഹമ്മദിനും ക്ഷണം കിട്ടി. പേരിനോടൊപ്പം സ്ഥലനാമം ചേര്‍ത്ത് അറിയപ്പെടുന്ന പൊന്‍കുന്നത്തുകാരനായ ആദ്യത്തെ എഴുത്തുകാരന്‍ സെയ്ദ് മുഹമ്മദാണ്. മഹാകവി ഉള്ളൂര്‍, മഹാകവി പള്ളത്ത്, മഹാകവി ജി ശങ്കരക്കുറുപ്പ്, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്നിവരോടൊപ്പമായിരുന്നു സാഹിത്യ പരിഷത്തില്‍ സംബന്ധിച്ചത്.
ആലുവ സുനി പബ്ലിക്കേഷന്‍സ് 1970-ല്‍ പ്രസിദ്ധീകരിച്ച സെയ്ദ് മുഹമ്മദിന്റെ ‘മാഹമ്മദം’ പ്രവാചകനെക്കുറിച്ച് മലയാള ഭാഷയില്‍ എഴുതപ്പെട്ട ഒരേയൊരു മഹാകാവ്യമാണ്. മുഹമ്മദിനെ സംബന്ധിച്ചത് എന്നാണ് മാഹമ്മദത്തിന്റെ അര്‍ഥം. ‘ആദര്‍ശസുന്ദരമായ ഒരാശയത്തിന്റെ പ്രകാശനം മലയാളത്തില്‍ പ്രതിഫലിപ്പിക്കാമെന്ന ഏക ലക്ഷ്യത്തോടെയാണ് മഹാകാവ്യ രചനയില്‍ ഏര്‍പ്പെട്ടത്’ എന്ന് അദ്ദേഹം ഗ്രന്ഥത്തിന്റെ മുഖവുരയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘മാഹമ്മദ’ത്തിലെ ചില വരികള്‍: ”അക്ഷരജ്ഞാനമില്ലാത്ത/ നബിക്കു വെളിപാടിനാല്‍/ അപ്പപ്പോള്‍ ദത്തമായ് വന്ന/ സത്യമേ വിജയിപ്പു നീ/ ചരാചരങ്ങളെസ്സര്‍വം/ സൃഷ്ടിച്ചുള്ള ജഗല്‍പതേ/ അല്ലാഹുവൊരുവന്‍ മാത്രം/ നീ പഠിപ്പിച്ചു ഞങ്ങളെ.”
ഇസ്‌ലാമിക ദര്‍ശനവും ചരിത്രവും മാനവജീവിതത്തിന്റെ ഭൗതിക പുരോഗതികള്‍ കൂടി ലക്ഷ്യമാക്കുന്നതാണെന്നും ഇസ്‌ലാമില്‍ വര്‍ണ-ലിംഗ-നീച ബോധങ്ങളേ ഇല്ലെന്നും അദ്ദേഹം എഴുതി: ”ഇസ്‌ലാമൊരു വര്‍ഗത്തിനോ/ വ്യക്തിക്കോ വേണ്ടിയല്ല താന്‍/ നിലകൊള്ളുന്നു മണ്ണിന്റെ/ മക്കള്‍ക്കൊക്കെയും പ്രിയങ്കരം.”
മൂന്നു സര്‍ഗങ്ങളായാണ് ‘മാഹമ്മദം’ രചിച്ചത്. ഒന്നാം സര്‍ഗത്തില്‍ അല്ലാഹുവിനെയും മുഹമ്മദ് നബിയെയും വിശുദ്ധ ഖുര്‍ആനെയും സംബന്ധിച്ച പൊതുനിരീക്ഷണങ്ങള്‍ക്കു പുറമേ ആദം, ഹവ്വ എന്നിവരുടെ സൃഷ്ടിപ്പിനെയും മനുഷ്യകുലത്തിന്റെ ഉദയത്തെയും വ്യാപനത്തെയും കുറിച്ചും ഇദ്‌രീസ്, നൂഹ് പ്രവാചകന്മാരെയും നൂഹിന്റെ കാലത്തെ പ്രളയത്തെയും ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം സര്‍ഗത്തില്‍ ഇബ്‌റാഹീം നബിയുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നു. മൂന്നു സര്‍ഗങ്ങളിലായി 1269 ശ്ലോകങ്ങളുണ്ട്. ഒന്നും രണ്ടും സര്‍ഗങ്ങളില്‍ അനുഷ്ടുപ്പും മൂന്നില്‍ കല്യാണിയുമാണ് വൃത്തങ്ങള്‍. കേരള സാഹിത്യ അക്കാദമിയാണ് ‘മാഹമ്മദം’ 2015 ല്‍ പുനഃപ്രസിദ്ധീകരിച്ചത്.
‘മാഹമ്മദം’ മൂന്നു വാല്യങ്ങളായി പൂര്‍ത്തീകരിക്കേണ്ട മഹാകാവ്യമായിട്ടാണ് കവി ആസൂത്രണം ചെയ്തിരുന്നത്. രണ്ടാം വാല്യത്തില്‍ മൂസാ നബി മുതല്‍ ഈസാ നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതകഥയും മൂന്നാം വാല്യത്തില്‍ മുഹമ്മദ് നബിയുടെ ചരിത്രവുമായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍, ഒന്നാം വാല്യത്തിനു വേണ്ടി അനുഭവിച്ച മാനസിക-ശാരീരിക-സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ഈ ഉദ്യമം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
പല നിലകളിലും പിന്നാക്കം നിന്നിരുന്ന മുസ്‌ലിം സമുദായത്തിലെ അംഗമായിരുന്നിട്ടും മലയാള കാവ്യകല ശാസ്ത്രീയമായി അഭ്യസിക്കാനും പ്രയോഗിക്കാനും അദ്ദേഹം കാണിച്ച തന്റേടം അദ്ദേഹത്തെ ഇതര മലയാള കവികളില്‍ നിന്ന് വ്യത്യസ്തനാക്കി. 1983-84 കാലത്ത് ‘മാഹമ്മദം’ മഹാകാവ്യത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരള സര്‍വകലാശാല ബി എ മലയാളം പാഠപുസ്തകമായി അംഗീകരിച്ചിരുന്നു. കോഴിക്കോട് സര്‍വകലാശാലയും മലയാളം വിദ്യാര്‍ഥികള്‍ക്കായി ഇത് പാഠപുസ്തകമാക്കിയിരുന്നു.
സത്യത്തിന്റെ സൗന്ദര്യാത്മക ദര്‍ശനം സമ്മാനിക്കുന്നവയാണ് പൊന്‍കുന്നം സെയ്ദ് മുഹമ്മദിന്റെ ഒട്ടുമിക്ക കവിതകളും. ലവണകിരണങ്ങള്‍, സാറയുടെ സിദ്ധി, കരളിന്റെ ഗാനങ്ങള്‍, ഭര്‍തൃ പരിത്യക്തയായ ശകുന്തള, സ്‌നേഹോപഹാരം, ഹൃദയപൂജ, ഗായിക, ശുഭോദയം, ഭാഗ്യാങ്കുരം, മധുരിക്കുന്ന കവിതകള്‍, വിജയപതാക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ കൃതികളാണ്. ‘പൊന്നിന്‍കുടത്തിന് പൊട്ടു വേണ്ട, ആനയ്ക്കു മണി കെട്ടേണ്ട, പുലരിക്കു പൂ ചൂടേണ്ട, പൊന്‍കുന്നം പരത്തുന്ന പരിമളത്തിനു പരസ്യവും വേണ്ട’ എന്നു തുടങ്ങുന്ന ഡോ. ചേലനാട്ട് അച്യുതമേനോന്റെ പ്രസിദ്ധമായ അവതാരികയോടു കൂടിയാണ് ‘ശുഭോദയം’ പുറത്തിറങ്ങിയത്. ‘ഗായിക’ എന്ന കൃതിയിലെ ‘ബാപ്പുജി’ എന്ന കവിത 1948ല്‍ മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ച ദാരുണസംഭവത്തില്‍ നൊന്തെഴുതിയതാണ്.
കാവ്യവൃത്തങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലും അതീവ ശ്രദ്ധാലുവും അപൂര്‍വ വൃത്തങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത കവിയാണ് പൊന്‍കുന്നം സെയ്ദ് മുഹമ്മദ്. നാടന്‍ പദങ്ങളും സംസാരശൈലിയും കവിതകളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം കാവ്യോപാസനയില്‍ മുഴുകിയ ഈ മഹാകവി പക്ഷേ അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും ലഭിക്കാതെയാണ് യാത്രയായത്. 23 വര്‍ഷത്തെ സര്‍ക്കാര്‍ അധ്യാപന ജോലിക്കിടയില്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെയും അവകാശസമരങ്ങള്‍ ചെയ്തതിന്റെയും പേരില്‍ പല തവണ ഡിപാര്‍ട്ടുമെന്റില്‍ നിന്ന് അദ്ദേഹത്തെ പുറത്തു നിര്‍ത്തിയിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന് സര്‍വീസ് പെന്‍ഷന്‍ നിഷേധിക്കുകയും ചെയ്തു. അവസാനം സി അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ ടി ജോര്‍ജാണ് അദ്ദേഹത്തിന് പെന്‍ഷന്‍ അനുവദിച്ചത്. 1995ല്‍ 87ാം വയസ്സില്‍ മഹാകവി പൊന്‍കുന്നം സെയ്ദ് മുഹമ്മദ് നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x