കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണ്
അര്‍ശദ് കാരക്കാട്
2021 ഒക്ടോബര്‍ 30,31ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടന്ന ജി-20 ഉച്ചകോടിയില്‍, കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, ചരിത്രപരമായ നികുതി കരാര്‍, ആഗോള സാമ്പത്തിക പ്രതിസന്ധി എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ആഗോളതാപനം വ്യവസായികത്തിന് മുമ്പുള്ളതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തുന്ന പ്രധാന പാരിസ് ഉടമ്പടിയുടെ ലക്ഷ്യം പ്രായോഗികമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രനേതാക്കള്‍ ഉച്ചകോടിയില്‍ തീരുമാനിച്ചിട്ടുണ്ട്. 2050ല്‍ കൃത്യമായ തീയതി നിശ്ചയിക്കുന്നതിന് പകരം നൂറ്റാണ്ടിന്റെ മധ്യത്തിലായി കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമെന്ന നിലയിലെത്തിക്കുമെന്നത് ആ തീരുമാനങ്ങളില്‍ പ്രധാനമാണ്. കൊറോണ മഹാമാരിക്ക് ശേഷം ആദ്യമായാണ് ലോക നേതാക്കള്‍ മുഖാമുഖ ചര്‍ച്ചയില്‍ സംബന്ധിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ആഗോളതലത്തില്‍ വലിയരീതിയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത് തീര്‍ത്തും ആശാവഹമായ കാര്യമാണ്.
കണക്കാക്കപ്പെടുന്ന 80 ശതമാനം ആഗോള ഹരിതഗൃഹ വാതകം പുറന്തള്ളുന്ന ജി-20 രാഷ്ട്രങ്ങള്‍ കാലാവസ്ഥ ദുരന്തം ഒഴിവാക്കുന്നതിന് ഹരിതഗൃഹ വാതകം വലിയതോതില്‍ നിയന്ത്രിക്കണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഈ വാരാന്ത്യത്തില്‍, ഇതുമായി ബന്ധപ്പെട്ട് കൂടിച്ചേരുന്നത് യു എന്‍ സി ഒ പി-26 കാലാവസ്ഥ ഉച്ചകോടിയുടെ സുപ്രധാനമായ കാല്‍വെപ്പായിട്ടാണ് കാണുന്നത്. സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നൂറിലധികം രാഷ്ട്രങ്ങളാണ് സംബന്ധിക്കുന്നത്. റോമിലെ ജി-20 ഉച്ചകോടിയില്‍ നിന്ന് നേരിട്ട് മിക്ക നേതാക്കളും ഗ്ലാസ്‌ഗോയിലെത്തുകയാണ്. 80 ശതമാനം ആഗോള കാര്‍ബണ്‍ നിര്‍ഗമനത്തിന് കാരണക്കാരായ രാഷ്ട്രങ്ങളില്‍ നിന്ന് നിര്‍ണായകമായ ഉത്തരവാദിത്തം ജി-20 ഉറപ്പുവരുത്തുമെന്ന് ഇറ്റലി പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ചൈന 2060ഓടെ പൂജ്യത്തിലെത്താനാണ് ലക്ഷ്യമിടുന്നത്.
2030 അവസാനത്തോടെ വന, ഭൂമി നശീകരണം തടയുമെന്ന് നൂറിലധികം രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. വനം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി 19 ബില്യണ്‍ പൊതു-സ്വകാര്യ ധനം നിക്ഷേപിക്കുമെന്നും രാഷ്ട്രങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ലോകത്തിലെ 85 ശതമാനം വനങ്ങളും ഉള്‍കൊള്ളുന്ന ബ്രസീല്‍, റഷ്യ, ഇന്തോനേഷ്യ, ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ തിങ്കളാഴ്ച ഗ്ലാസ്‌ഗോയിലെ സി ഒ പി-26 കാലാവസ്ഥ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയെ പിന്തുണച്ചു. ലോക രാഷ്ട്രങ്ങള്‍ ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയില്‍ നിന്നാണ് ഈ വിഷയം ഇവ്വിധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ 30 ശതമാനം ആഗിരണം ചെയ്യുന്നത് വനമാണെന്ന് വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു.
വിനാശകരമായ കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതില്‍ ദ്വീപസമൂഹങ്ങളിലെ മഴക്കാടുകളും, കണ്ടല്‍ക്കാടുകളും, കടലുകളും, തണ്ണീര്‍തടങ്ങളും പ്രധാനമാണെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡും വ്യക്തമാക്കിയിരുന്നു. പ്രകൃതി സമ്പത്ത് സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ ബോധം കാലാവസ്ഥ വ്യതിയാനം നല്‍കുന്ന ദുസ്സൂചനയുടെ പ്രതികരണമാണ്; അദ്ദേഹത്തിന്റെ മാത്രമല്ല ലോക രാഷ്ട്രങ്ങളുടെയും. ആഗോളതാപനം വ്യാവസായികത്തിന് മുമ്പുള്ളതിനെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കുറക്കാനാണ് സി.ഒ.പി-26 ലക്ഷ്യമിടുന്നത്. ഇത് ആഗോളതാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ തടയുന്നതിന് ആവശ്യമാണ്. ഇതിന് പ്രകൃതിപരമായ പരിഹാരങ്ങളാണ് ഏറ്റവും ഉചിതമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. വരള്‍ച്ചയും വെള്ളപ്പൊക്കവും ഉഷ്ണതരംഗങ്ങളും ആലിപ്പഴവര്‍ഷവും വരെയുള്ള ഇന്ത്യയിലെ അതിരൂക്ഷമായ കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാലാവസ്ഥ കുടിയേറ്റത്തിന് ആക്കം കൂട്ടുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.