വംശീയതയുടെ രാഷ്ട്രീയം
കെ ടി കുഞ്ഞിക്കണ്ണന്‍
ആധുനിക ഇന്ത്യയുടെ ചരിത്രബോധത്തില്‍ ഹിന്ദുത്വം എന്ന വംശീയ പ്രത്യയശാസ്ത്രം പ്രകടമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പുതിയ മുഖചട്ടയില്‍ വന്ന രാഷ്ട്രത്തിന്റെ നാമമാറ്റത്തിന് ചരിത്രവും രാഷ്ട്രീയവുമുണ്ട്. ഇന്ത്യ എന്ന പേര് ഭാരതം എന്നതിലേക്ക് മാറ്റി എഴുതുന്നതിലൂടെ ആര്യ വംശത്തിനെ അതിന്റെ പൂര്‍ണതയിലേക്ക് നയിക്കുന്നു എന്നും, ഇന്ത്യ എന്നത് മ്ലേഛവും ശത്രു നാമവുമാണ് എന്നും വിശ്വസിപ്പിക്കുന്ന വംശീയതയുടെ രാഷ്ട്രീയമാണ് ഹിന്ദുത്വം ഇന്ന് ജനങ്ങളോട് പറയുന്നത്.
ഹിന്ദുത്വം ഒരിക്കലും ഹിന്ദു മതത്തിന്റെ പ്രത്യയശാസ്ത്രമല്ല. ഹിന്ദു മതം വൈവിധ്യങ്ങളുടെ മതമാണ്. എന്നാല്‍ ഹിന്ദുത്വം അതിനെ ബ്രാഹ്മണരുടേത് മാത്രമാക്കിക്കൊണ്ട് വര്‍ഗീയവല്‍ക്കരിക്കുന്നു. ഹിന്ദുത്വത്തിന്റെ വിഷം വ്യക്തമാക്കിയ മറ്റൊരു വിഷയമാണ് ഗാന്ധി വധത്തിന്റെ ന്യായീകരണം. ആരായിരുന്നു ഗാന്ധിയും ഗോഡ്‌സെയുമെന്ന് വീണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന സമൂഹം ഹിന്ദുത്വ വാദത്തിന്റെ ബാക്കിപത്രമായി വളര്‍ന്നു വരുന്നു.
ഇന്ന് ലോകത്തിന്റെ രാഷ്ട്രീയാവസ്ഥ വിലയിരുത്തുമ്പോഴും വംശീയതയുടെ രാഷ്ട്രീയം കാണാം. ഫലസ്തീന്‍ ഏറ്റവും വലിയ ഉദാഹരണമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ മണിപ്പൂര്‍ കലാപവും ഇതുതന്നെയാണ് തുറന്നുകാണിക്കുന്നത്. എന്തിനാണ് മണിപ്പൂരിലെ ഗോത്ര വര്‍ഗക്കാരെ ദ്രോഹിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് എന്നത് സ്പഷ്ടമാണ്.
ഹിന്ദുത്വം കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം അജണ്ടയായി കാണാന്‍ കഴിയില്ല. ആര്‍ സി മുജുന്താര്‍ രചിച്ച ചരിത്ര ഗ്രന്ഥത്തില്‍ ചരിത്രത്തിലെ ചില വസ്തുനിഷ്ഠകള്‍ എന്ന ഭാഗത്ത് ഹിന്ദുക്കള്‍ക്ക് നഷ്ടപ്പെട്ട ക്ഷേത്രങ്ങള്‍ മുസ്ലിം ഭരണാധികാരികള്‍ പിടിച്ചെടുത്ത് പള്ളി പണിതു എന്ന് പറയുന്നുണ്ട്. പച്ചയായ ഹിന്ദുത്വം പറയുന്ന ഈ ഗ്രന്ഥം ഇന്നും ഗവേഷണത്തിനുപയോഗിക്കുന്നു എന്നത് വളരെ ഭയാനകരമായ കാര്യമാണ്. ചരിത്രഗ്രന്ഥങ്ങളെയും ചരിത്രത്തെയും ശരിയായി മനസ്സിലാക്കി സംസ്‌കാരമായി ഇതിനെ പ്രതിരോധിക്കാന്‍ കഴിയണം. ഇന്ത്യയില്‍ ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയുന്ന സ്വതന്ത്ര പൗരന്മാരായി ജീവിക്കാന്‍ വളരെ ത്യാഗപൂര്‍ണമായ പ്രതിരോധത്തിന്റെ, സമരത്തിന്റെ വഴിയില്‍ നാം നടക്കേണ്ടതുണ്ട്. നമ്മള്‍ ജീവിക്കും എന്ന ഉറപ്പ് നമ്മുടെ പ്രതിരോധ മാര്‍ഗംതന്നെയാണ്.