രാഷ്ട്രീയ വീക്ഷണത്തെ നവീകരിക്കുന്ന ഭാരത് ജോഡോ യാത്ര
യോഗേന്ദ്ര യാദവ് / വിവ. ഡോ. സൗമ്യ പി എന്‍
തെക്കു നിന്ന് മേല്‍പോട്ടൊരു ലോക ഭൂപടം കണ്ടിട്ടുണ്ടോ നിങ്ങള്‍? തെക്കു നിന്ന് വടക്കോട്ടുള്ള ഭൂപടം നിങ്ങളുടെ ലോക വീക്ഷണം തന്നെ അക്ഷരാര്‍ഥത്തില്‍ തല കുത്തനെയാക്കി മാറ്റുന്നു. താഴെയെങ്ങാണ്ട് കിടക്കുന്ന ആസ്‌ത്രേലിയ, മധ്യഭാഗത്താണ് ആഫ്രിക്ക എന്ന കാര്യം, ലാറ്റിനമേരിക്കയുടെ പ്രാധാന്യം എന്നിവയെല്ലാം നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. അത് ഗ്ലോബല്‍ സൗത്തിനെ പ്രമുഖമാക്കുകയും യൂറോപ്പിനെയും നോര്‍ത്ത് അമേരിക്കയെയും അതതിന്റെ സ്ഥാനത്തു നിര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ അല്ലെങ്കില്‍ത്തന്നെ അറിഞ്ഞിരിക്കേണ്ടിയിരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ബോധ്യമാവുന്നു: അതായത് ഭൂമി ഉരുണ്ടിട്ടാണ്, അതിനെ നോക്കിക്കാണാന്‍ ഒരു ശരിയായ വീക്ഷണകോണില്ല, സാമ്രാജ്യത്വ ശക്തികള്‍ നമുക്കു മേല്‍ അടിച്ചേല്‍പിച്ച ഒരു കാഴ്ചപ്പാട് മാത്രമാണ് നമ്മള്‍ ശീലിച്ചുവന്ന വടക്കു മുകളിലായുള്ള ഭൂപടങ്ങള്‍.
തെക്കു നിന്നു മേല്‍പോട്ടുള്ള, തെക്കു ഭാഗം മുകളിലായുള്ള ഇന്ത്യയുടെ ഭൂപടം നമുക്കില്ലാത്തത് എന്താണ്? ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിവസം ഞാന്‍ സ്വയം ചോദിച്ച ചോദ്യം അതായിരുന്നു. കന്യാകുമാരി മുനമ്പില്‍, മുഖ്യ ഇന്ത്യയുടെ തെക്കെയേറ്റത്ത് (ഇന്ത്യയുടെ തെക്കേയറ്റം പിന്നെയും അപ്പുറത്തുള്ള നിക്കോബാര്‍ ദ്വീപുകളാണ്) നില്‍ക്കുകയായിരുന്നു ഞാന്‍. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവ ഒന്നിച്ചുചേരുന്ന ത്രിവേണി സംഗമമാണിത്. വിവേകാനന്ദപ്പാറയുടെയും സ്മാരകത്തിന്റെയും ഗാംഭീര്യമാര്‍ന്ന തിരുവള്ളുവര്‍ പ്രതിമയുടെയും മുമ്പില്‍ നിന്ന് ഞാന്‍ ഈ യാത്രയുടെ ലക്ഷ്യസ്ഥാനമായ കശ്മീരിനു നേര്‍ക്ക് നോക്കിനിന്നു. അപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യമായി: ഇന്ത്യ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെ കന്യാകുമാരിയില്‍ നിന്നു യാത്ര തുടങ്ങുന്നതുവഴി ഇന്ത്യയെപ്പറ്റി ഒരു പുതിയ സങ്കല്‍പനത്തിനുകൂടി ഇടം നല്‍കുകയാണ് ചെയ്തത്.
ഈ സങ്കല്‍പനത്തിന് പ്രൊഫ. ജി എന്‍ ദേവി ഒരു പേര് നല്‍കുന്നുണ്ട്: ദക്ഷിണായന്‍. 2016ല്‍ മറ്റു പല എഴുത്തുകാരോടുമൊപ്പം അദ്ദേഹം ആരംഭിച്ച പ്രസ്ഥാനത്തിന്റെ പേരാണത്. ഭാഗ്യവശാല്‍ അദ്ദേഹം യാത്രയുടെ ഉദ്ഘാടനത്തിനു വരുകയും ഞങ്ങള്‍ക്കൊപ്പം പ്രാതലില്‍ പങ്കുകൊള്ളുകയും ചെയ്തു. ഇഡ്ഡലിയും സാമ്പാറും ഒരു കപ്പ് അസ്സല്‍ ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫിയും കഴിച്ചുകൊണ്ട് അദ്ദേഹം ഞങ്ങള്‍ക്ക് ദക്ഷിണായന്റെ പിന്നിലെ കഥയും ആശയവും വിശദീകരിച്ചുതന്നു. അദ്ദേഹവും പത്‌നി സുരേഖയും ഗുജറാത്തിലെ വഡോദരയില്‍ നിന്ന് കര്‍ണാടകയിലെ ധര്‍വാഡിലേക്ക് വലതുപക്ഷ ശക്തികളാല്‍ കൊല്ലപ്പെട്ട പ്രൊഫ. എം എം കല്‍ബുര്‍ഗിയുടെ പത്‌നിയുടെ ഒപ്പം വന്ന് താമസിച്ച കഥ അദ്ദേഹം പറയുന്നത് കേള്‍ക്കേണ്ടതാണ്. ദക്ഷിണായന്‍ എന്നതിന്റെ രണ്ടു തരത്തിലുമുള്ള പ്രസക്തി പ്രൊഫ. ദേവിയെ ആകര്‍ഷിച്ചിരുന്നു. വടക്കോട്ടു തിരിയുന്ന ഉത്തരായനത്തിനു പകരം തെക്കോട്ടുള്ള തിരിവ്, അതുപോലെത്തന്നെ പകല്‍ കുറവും രാത്രി കൂടുതലുമാവുന്ന കാലത്തിന്റെ രാഷ്ട്രീയമായ രൂപകം എന്നിവ.
അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് ഒരു ദക്ഷിണായന മുഹൂര്‍ത്തമാണ് ഭാരത് ജോഡോ യാത്രയെന്നു പറയാം. രാത്രികള്‍ ദീര്‍ഘവും പകലുകള്‍ ഹ്രസ്വവും. മുന്നോട്ടുള്ള യാത്ര തെക്കു ദിക്കിലേക്കാണ്. നമ്മള്‍ സ്വയം ദക്ഷിണ ഭാഗത്തേക്ക് തിരിയണം. നമ്മുടെ റിപബ്ലിക്കിന് മൗലികമായ വെല്ലുവിളികള്‍ ഉയരുന്ന ഈ സമയത്ത് ദക്ഷിണേന്ത്യ പ്രതീക്ഷയും ദര്‍ശനങ്ങളും നല്‍കുന്നു.
ദക്ഷിണേന്ത്യ പ്രത്യേക പാഠങ്ങള്‍ നല്‍കുന്നത് എന്തുകൊണ്ടാണ്?
രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും പരിവാരങ്ങളുടെയും സാംസ്‌കാരിക അധിനിവേശത്തോട് താരതമ്യേന വിമുഖത കാണിച്ചു എന്നതുകൊണ്ട് മാത്രമല്ല ദക്ഷിണേന്ത്യ വേറിട്ടുനില്‍ക്കുന്നത്. 1991ല്‍ കര്‍ണാടകയില്‍ നേടിയ മുന്നേറ്റവും അടുത്തിടെ തെലങ്കാനയില്‍ ലഭിച്ച ചില നേട്ടങ്ങളും കേരളത്തില്‍ ആഴത്തില്‍ വേരൂന്നിയ ആര്‍ എസ് എസിന്റെ സാന്നിധ്യവും ഒക്കെ ഉണ്ടായിട്ടും ബി ജെ പിയുടെ കാഴ്ചപ്പാടിലെ ദേശീയതയ്ക്ക് വടക്കും പടിഞ്ഞാറുമൊക്കെയുള്ള മേധാവിത്വം ദക്ഷിണേന്ത്യയില്‍ ഇനിയും നേടാനായിട്ടില്ല. അതിന് വലിയൊരളവു വരെ കാരണം കേരളത്തിലും തമിഴ്‌നാട്ടിലും കാണുന്ന മറ്റെങ്ങും അനുകരിക്കാനാവാത്ത പാര്‍ട്ടി ഘടനയാണ്.
പ്രത്യേക പാഠങ്ങള്‍ ഭരണത്തെ സംബന്ധിച്ചു മാത്രമല്ല. രാജ്യമെമ്പാടും സഞ്ചരിക്കുന്ന ഏതൊരാളും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഭരണകൂടങ്ങള്‍ മുതല്‍ ഭക്ഷണശാലകള്‍ വരെ വിന്ധ്യനു തെക്കോട്ടു ചെല്ലുമ്പോള്‍ ഒരല്‍പം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത്. നീലകണ്ഠന്‍ ആര്‍ എസിന്റെ ‘സൗത്ത് വേഴ്‌സസ് നോര്‍ത്ത്: ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്’ എന്ന പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ ഈ വ്യത്യാസം എടുത്തുകാണിക്കുന്നുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളിലെ ഒരു ശരാശരി കുട്ടി ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും ഏകകങ്ങളില്‍ നന്നായിരിക്കും എന്ന ലേഖകന്റെ അഭിപ്രായം ശരിയാണെന്നു മനസ്സിലാക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ അവര്‍ വടക്കേ ഇന്ത്യയിലെ സമാന വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ ജീവിതം നയിക്കാന്‍ സാധ്യതയുണ്ട്. സാക്ഷരതയുടെ കാര്യത്തില്‍ കേരളം മാതൃകയാവുമ്പോള്‍ കര്‍ണാടക സാഹിത്യരംഗത്തു മുന്നിട്ടുനില്‍ക്കുന്നു. സാമൂഹികക്ഷേമ പദ്ധതികള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന് തമിഴ്‌നാട് പഠിപ്പിക്കുന്നു. ആന്ധ്രപ്രദേശ് ജൈവകൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ഭരണസംബന്ധമായി ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്.
ഇന്ത്യക്ക്
ദ്രാവിഡ മുഹൂര്‍ത്തം
ദക്ഷിണേന്ത്യയുടെ ഭരണവിജയങ്ങള്‍ ഉണ്ടെങ്കില്‍ കൂടി അതായിരുന്നില്ല കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍. എന്റെ ദക്ഷിണായനം കൂടുതല്‍ ആശയപരമായിരുന്നു. തമിഴ്‌നാട്ടില്‍ നില്‍ക്കുമ്പോള്‍ അവിടുത്തെ ദ്രാവിഡ പ്രസ്ഥാനവും അതിന്റെ ആശയധാരകളുമായിരുന്നു മനസ്സില്‍. 20ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ മുഖ്യധാര ദേശീയതയ്ക്ക് വെല്ലുവിളിയായാണ് ആ പ്രസ്ഥാനത്തെ കണ്ടിരുന്നത്. ഇന്ന് രാഷ്ട്രീയത്തിലെ ഈ പാര്‍ശ്വധാരയ്ക്ക് ഇന്ത്യന്‍ ദേശീയതയെ പുനര്‍നിര്‍വചിക്കാനും റിപബ്ലിക്കിനെ രക്ഷിക്കാനുമുള്ള കഴിവുണ്ട്. നിലവിലുള്ള ഭൂരിപക്ഷ ദേശീയതയുടെ കടന്നുകയറ്റം ചെറുക്കണമെങ്കില്‍ പ്രാദേശികത, യുക്തിപരത, സാമൂഹിക നീതി എന്നീ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മൂന്ന് ആശയസ്തംഭങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം.
മേല്‍പറഞ്ഞ ആശയങ്ങളെ അവയുടെ മൂലരൂപത്തില്‍ തീര്‍ച്ചയായും നമുക്ക് അനുകരിക്കാനാവില്ല. തമിഴ് ഈഴത്തിന്റെയും സാംസ്‌കാരിക മേല്‍ക്കോയ്മയുടെയും സങ്കല്‍പങ്ങളില്‍ നിന്ന് പ്രാദേശികത എന്ന ആശയത്തെ വേര്‍പെടുത്തേണ്ടതുണ്ട്. തമിഴ് ദേശീയത എന്ന ആശയം അതുകൊണ്ട് ആര്‍ എസ് എസ്, ബി ജെ പി ക്യാമ്പിന്റെ ഏകാത്മ സങ്കല്‍പനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ യൂണിയനെ ഫെഡറലിസത്തിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നിര്‍വചിക്കാനുള്ള ആഹ്വാനമാണ്. എല്ലാ വൈവിധ്യങ്ങളെയും ഏകതാനമാക്കാതെ ആഴ്ന്നുകിടക്കുന്ന സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങളെ തിരിച്ചറിയുന്ന ദേശരാഷ്ട്ര സങ്കല്‍പമായി ഇന്ത്യന്‍ യൂണിയനെ രൂപകല്‍പന ചെയ്യണമെന്ന് ഇത് ആവശ്യപ്പെടുന്നു.
അതുപോലെ സാമൂഹിക നീതിക്കായുള്ള അന്വേഷണം ലളിതമായ ബ്രാഹ്മണവിരുദ്ധ രാഷ്ട്രീയത്തിനും അപ്പുറം കൊണ്ടുപോകണം. ജന്മം കൊണ്ടുള്ള അസമത്വം അവസാനിപ്പിക്കാനുള്ള ആവശ്യം അതിന്റെ പ്രതിബിംബം സൃഷ്ടിക്കുന്നതില്‍ എത്തിനില്‍ക്കരുത്. ജാതിവ്യവസ്ഥയും ലിംഗപരമായതും ഉള്‍പ്പെടെ മറ്റു സാമൂഹിക അനീതികള്‍ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമായിരിക്കണം ഇത്. അവസാനമായി യുക്തിവാദത്തെ മതവിരുദ്ധമായ തത്വമായി കാണേണ്ടതില്ല, മറിച്ച്, മതത്തിന്റെ പേരിലുള്ള എല്ലാ തരം അടിച്ചമര്‍ത്തലിനും അക്രമങ്ങള്‍ക്കുമുള്ള ആശയപരമായ എതിര്‍പ്പായി മനസ്സിലാക്കാം. നമുക്ക് ഏറെ ആവശ്യമുള്ള പുത്തന്‍ മതനിരപേക്ഷതയ്ക്കുള്ള അടിസ്ഥാനങ്ങളായിരിക്കും ഇത്.
ഞാന്‍ അന്വേഷിച്ചിരുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭൂപടത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നു കണ്ടത് ഹിമല്‍ സൗത്ത് എന്ന ആദ്യ സൗത്ത് ഏഷ്യന്‍ മാഗസിന്‍ (ഇന്ന് ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നില്ല) പ്രസിദ്ധീകരിച്ച സൗത്ത് ഏഷ്യന്‍ ഭൂപടമാണ്. സൗത്ത് ഏഷ്യയുടെ ഏറ്റവും മുകളിലായി ശ്രീലങ്കയെ പ്രതിഷ്ഠിച്ച ഇത് ദക്ഷിണേഷ്യയുടെ വലതു മുകളിലായുള്ള ഭൂപടം എന്നു വിളിക്കപ്പെട്ടു. നമുക്കും ഇന്ത്യയുടെ വീക്ഷണത്തെ അതാണ് ചെയ്യാനുള്ളത്. വലതുഭാഗം മേല്‍പോട്ടാക്കിവെക്കുക. ഈയൊരു സാധ്യതയാണ് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയതുവഴി ഭാരത് ജോഡോ യാത്ര മുന്നോട്ടുവെക്കുന്നത്.