രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ അതിജയിക്കാന്‍ ‘ഇന്‍ഡ്യ’ക്കാവുമോ?
ഖാദര്‍ പാലാഴി
തെരഞ്ഞെടുപ്പു ഗോദയില്‍ പോരാട്ടം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ മൂന്നു ഗോളിന് മുന്നിട്ടുനില്‍ക്കുകയാണ് ‘ഇന്‍ഡ്യ’ സഖ്യം. ഒന്നാമത്തെ ഗോള്‍ കചഉകഅ എന്ന പേര് തന്നെ. മാത്രമല്ല അതിന് കിറശമി ചമശേീിമഹ ഉല്‌ലഹീുാലിമേഹ കിരഹൗശെ്‌ല അഹഹശമിരല എന്ന എക്‌സ്പാന്‍ഷന്‍ സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തത് രാജ്യനിവാസികളില്‍ ചിലരെ അകറ്റിനിര്‍ത്തുന്ന ഋഃരഹൗറശിഴ അഹഹശമിരല ക്യാമ്പില്‍ കടുത്ത അമ്പരപ്പാണുണ്ടാക്കിയത്. തുടര്‍ന്ന് അവര്‍ പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി കൊടുക്കുന്നു. ഈ സഖ്യം ഇലക്ഷനില്‍ തോറ്റാല്‍ ‘ഇന്ത്യ തോറ്റു’ എന്ന് പറയേണ്ടിവരുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് അവര്‍ വിലപിക്കുന്നു. ഇങ്ങനെ പല മുരള്‍ച്ചകളുമുണ്ടായി.
മണിപ്പൂര്‍ സംഭവങ്ങളുടെ പേരിലും മുസ്‌ലിം വേട്ടയുടെ പേരിലും ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ മുഖം കെടുത്തിയ ടീംസാണ് നാണക്കേടിന്റെ കാര്യം പറയുന്നത് എന്നോര്‍ക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാവട്ടെ മറ്റൊരു ഉഡായിപ്പുമായാണ് രംഗത്തുവന്നത്. ഇന്ത്യയിലെ അധിനിവേശക്കാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ‘ഇന്ത്യ’യാണ് ‘ഇന്‍ഡ്യ’യിലെ ഇന്ത്യയെന്നായിരുന്നു ആ ഉഡായിപ്പ്. ഇതിനെതിരെ ഐഎസ്ആര്‍ഒ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വരെ രാജ്യം മഹാവിജയം വരിച്ച നൂറുകണക്കിന് ഉദാഹരണങ്ങളുമായി സോഷ്യല്‍ മീഡിയ പ്രധാനമന്ത്രിയെ ട്രോളിക്കൊന്നു. ഏതായാലും ‘ഇന്‍ഡ്യ’യും ബിജെപിയും തമ്മിലുളള പോരാട്ടം മതനിരപേക്ഷ ഇന്ത്യയും മതരാഷ്ട്ര ഇന്ത്യയും തമ്മിലും, ബഹുസ്വര ഇന്ത്യയും ഏകസ്വര ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.
‘ഇന്‍ഡ്യ’ സഖ്യം നേടിയ രണ്ടാമത്തെ നേട്ടം വിജയിച്ചാല്‍ രാജ്യത്തൊന്നാകെ ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനമാണ്. ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷങ്ങളും വളരെ കാലമായി ഉയര്‍ത്തുന്ന ഒരാവശ്യമാണിത്. രാജ്യത്ത് ഓരോ സമുദായവും എത്ര ശതമാനമുണ്ട്, അവരുടെ സാമ്പത്തികാവസ്ഥ എത്രയാണ്, ഭൂവുടമസ്ഥത എത്ര, ഏതൊക്കെ തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്, സര്‍ക്കാര്‍ സര്‍വീസില്‍ അവരുടെ പ്രാതിനിധ്യമെത്ര തുടങ്ങിയ കാര്യങ്ങളാണ് ഈ സര്‍വേയിലൂടെ കണ്ടെത്തുക. ഈ വര്‍ഷം ജനുവരി മുതല്‍ ബീഹാറില്‍ കാസ്റ്റ് സര്‍വേ നടന്നിരുന്നുവെങ്കിലും പട്‌ന ഹൈക്കോടതി സര്‍വേ തടയുകയായിരുന്നു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. സെന്‍സസ് നടത്താനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനാണെന്നു പറഞ്ഞാണ് പട്‌ന ഹൈക്കോടതി ഇത് തടഞ്ഞത്. ബീഹാര്‍ സര്‍ക്കാരാവട്ടെ സെന്‍സസ് അല്ല സര്‍വേ ആണ് തങ്ങള്‍ നടത്തിയതെന്നാണ് വാദിച്ചത്.
ആര്‍എസ്എസും ബിജെപിയും എക്കാലത്തും എതിര്‍ത്തുപോരുന്ന കാര്യമാണ് ഈ ജാതി സെന്‍സസ് എന്നത്. അവര്‍ പറയുന്ന കാരണം വ്യക്തമാണ്. ഹിന്ദുക്കളിലെ ജാതികളെ പ്രത്യേകം പ്രത്യേകം വേര്‍തിരിച്ച് കണക്കെടുക്കുന്നത് ഹിന്ദു ഏകീകരണത്തിനു വലിയ ഭീഷണിയാണ്. ഓരോരുത്തരും ജാതീയമായി തിരിഞ്ഞ് അവകാശങ്ങളെക്കുറിച്ചു ചോദിക്കാന്‍ തുടങ്ങിയാല്‍ ഹിന്ദുത്വ അജണ്ടകളാകെ പൊളിഞ്ഞു പാളീസാവും. വിവാഹിതരാവുമ്പോള്‍ മാത്രം സ്വന്തം ജാതി നോക്കിയാല്‍ മതി, മറ്റ് അവസരങ്ങളിലൊക്കെ ഹിന്ദുവായി അറിയപ്പെട്ടാല്‍ മതി എന്നാണ് അവരുടെ മനസ്സിലിരിപ്പ്. ഇതേ കാരണം കൊണ്ടുതന്നെ ആര്‍എസ്എസും ബിജെപിയും അടിസ്ഥാനപരമായി സംവരണത്തിനും എതിരാണ്. അതുകൊണ്ടാണ് അവര്‍ തൊഴിലിലോ വിദ്യാഭ്യാസത്തിലോ സംവരണമില്ലാത്ത ഒരു കാലം സ്വപ്‌നം കാണുന്നത്. ആ സ്വപ്‌നസാക്ഷാത്കാരത്തിന്റെ ആദ്യപടിയായാണ് അവര്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് 10% സാമ്പത്തിക സംവരണം കൊണ്ടുവന്നത്.
ജാതി സെന്‍സസ് പ്രഖ്യാപിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ രണ്ടാക്കാനുള്ള ആര്‍എസ്എസ് തന്ത്രത്തിനാണ് ‘ഇന്‍ഡ്യ’ സഖ്യം തടയിട്ടത്. രാജ്യത്തുടനീളം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സ്വത്വരാഷ്ട്രീയ കക്ഷികള്‍ക്ക് ജാതി സെന്‍സസ് വിരുദ്ധ ബിജെപിയോടൊപ്പം നില്‍ക്കാന്‍ കഴിയില്ല. ബിജെപിക്കാകട്ടെ ജാതി സെന്‍സസിനെ തുറന്ന് എതിര്‍ക്കാനും കഴിയാത്ത നിസ്സഹായാവസ്ഥയുണ്ട്.
‘ഇന്‍ഡ്യ’ സഖ്യം രൂപീകരിച്ച ശേഷമുണ്ടായ മൂന്നാമത്തെ നേട്ടം മണിപ്പൂര്‍ വിഷയത്തില്‍ ഈ സഖ്യത്തിന് പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ്. പ്രധാനമന്ത്രിയെക്കൊണ്ട് പ്രസ്താവന ചെയ്യിക്കാനായി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിലും അവര്‍ വിജയിച്ചു.
ഇതൊക്കെയാണെങ്കിലും കുറേ പ്രതിസന്ധികള്‍ ‘ഇന്‍ഡ്യ’ സഖ്യത്തെ കാത്തിരിക്കുന്നുണ്ട്. ഒന്നാമത്തെ പ്രതിസന്ധി ‘ഇന്‍ഡ്യ’ സഖ്യത്തില്‍ ബിജെപിയോട് പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഒത്തിരി കക്ഷികള്‍ ഉണ്ടെന്നതാണ്. അതില്ലാത്ത കക്ഷികള്‍ സിപിഎം, സിപിഐ, ഡിഎംകെ, ലാലുപ്രസാദ് യാദവിന്റെ ജനതാദള്‍ തുടങ്ങിയ കുറച്ചു പാര്‍ട്ടികള്‍ മാത്രമാണ്. നിലവിലെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പോകില്ലെന്ന് പ്രതീക്ഷിക്കാം. മറ്റ് പ്രധാന പാര്‍ട്ടികളായ എഎപി, എന്‍സിപി, ശിവസേന, മഹ്ബൂബ മുഫ്തിയുടെ പിഡിപി തുടങ്ങിയ കക്ഷികളൊക്കെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. ഒരു കാലത്ത് ബിജെപിക്കൊപ്പം അന്തിയുറങ്ങിയവരാണ്. ഒരു ഇഡി റെയ്‌ഡോ അഴിമതി അന്വേഷണമോ കോടികളുടെ വാഗ്ദാനമോ വന്നാല്‍ മറുകണ്ടം ചാടാന്‍ മടിക്കാത്തവരാണ്. എണ്ണം 26 ഉണ്ടെങ്കിലും ‘ഇന്‍ഡ്യ’ സഖ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന മറ്റ് പാര്‍ട്ടികളൊക്കെ ചെറു പാര്‍ട്ടികളാണ്. ഉദാഹരണത്തിന് മുസ്ലിം ലീഗ്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് മാണി, കേരള കോണ്‍ഗ്രസ് ജോസഫ്, എംഡിഎംകെ എന്നിവരൊക്കെ.
ഇനി ഉറച്ചുനിന്നാലും 2024ലെ ഇലക്ഷന്‍ പ്രഖ്യാപനത്തോടെ സീറ്റ് വിഭജനത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചളമാക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ആദ്യതര്‍ക്കം പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാവണമെന്നതിനെ കുറിച്ചായിരിക്കും. മമതയും കെജ്‌രിവാളുമൊക്കെ പ്രധാനമന്ത്രിയാകാന്‍ മോഹം കൊണ്ടുനടക്കുന്നവരാണ്. ഇത്തവണ പക്ഷേ കോണ്‍ഗ്രസ് നല്ലൊരു നിലപാട് എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി പദവിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വലുപ്പക്കുറവ് അവര്‍ക്കു തന്നെ ബോധ്യമായ ആദ്യ തെരഞ്ഞെടുപ്പാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നതെന്നു ചുരുക്കം.
വേറെയുമുണ്ട് കുഴപ്പം. നിങ്ങളുടെ നേതാവ് ആരാണെന്ന് പറയൂ എന്ന് ബിജെപിക്കാര്‍ പ്രചാരണക്കാലത്ത് ചോദിച്ചുകൊണ്ടേയിരിക്കും. അവര്‍ ഇത്തവണയും മോദിയെത്തന്നെയാണ് ഉയര്‍ത്തിക്കാട്ടുക എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രശ്‌നമൊക്കെ പരിഹരിച്ചാലും കീറാമുട്ടികള്‍ വേറെയും മുന്നില്‍ കിടക്കുന്നുണ്ട്. ബംഗളൂരുവില്‍ പരസ്പരം കൈകൊടുത്ത് പിരിഞ്ഞവര്‍ പശ്ചിമ ബംഗാളില്‍ എത്തിയാല്‍ കീരിയും പാമ്പുമാണ്. മമത ബാനര്‍ജി എന്ന പൊതുശത്രുവിനെതിരെ അവിടെ സിപിഎമ്മും കോണ്‍ഗ്രസും ധാരണയിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒതുക്കാന്‍ സിപിഎമ്മിന് ബിജെപിയുമായി പോലും അണിയറയില്‍ ചില കൊടുക്കല്‍വാങ്ങലുകളുണ്ട്. ഇങ്ങനെയൊക്കെയായിട്ടും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടുകയുണ്ടായി. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 18 സീറ്റുകള്‍ അവിടെ നേടിയിട്ടുണ്ട്. ‘ഇന്‍ഡ്യ’ സഖ്യം യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ 42 സീറ്റും നേടാനായേക്കും. എന്നാല്‍ അത്തരമൊരു അവിശുദ്ധ സഖ്യമുണ്ടായാല്‍ ബിജെപിക്ക് നേട്ടമുണ്ടായെന്നും വരും.
കേരളത്തിലും ‘ഇന്‍ഡ്യ’ സഖ്യം നടക്കാന്‍ പോകുന്നില്ല. നടന്നാല്‍ ഭരണവിരുദ്ധവികാര വോട്ടുകളും വൈകാരിക ഹൈന്ദവ വോട്ടുകളും കുമിഞ്ഞുകൂടി ബിജെപിക്ക് അനുകൂലമായെന്നും വരും. എന്നാല്‍ ഒരു കാര്യം നടക്കും: ബിജെപി കണ്ണുവെച്ചിരിക്കുന്ന തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും വോട്ടെടുപ്പിന്റെ തലേന്ന് മാത്രം പാര്‍ട്ടി കീഴ്ഘടകങ്ങളിലേക്ക് എത്തിക്കുന്ന രഹസ്യ ധാരണയുണ്ടാക്കുക. മഞ്ചേശ്വരം മോഡല്‍ നീക്കങ്ങളും നടത്താവുന്നതാണ്.
പഞ്ചാബും ഡല്‍ഹിയുമാണ് ‘ഇന്‍ഡ്യ’ സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റു രണ്ടു സംസ്ഥാനങ്ങള്‍. രണ്ടിടത്തും എഎപിയാണ് ഭരണകക്ഷി. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് ബജ്‌വ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. ബംഗളൂരുവില്‍ എന്ത് സഖ്യമുണ്ടാക്കിയാലും പഞ്ചാബില്‍ എഎപിയുമായി യാതൊരു ലോഹ്യവുമില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെയും മുഖ്യശത്രു ബിജെപിയല്ല. കെജ്‌രിവാളും എഎപിയുമാണ്. അവിടെയും സഖ്യസാധ്യതയില്ല എന്നര്‍ഥം.
80 എംപിമാരുള്ള യുപിയില്‍ ഒരു കുന്തവും നടക്കാന്‍ പോകുന്നില്ല. മായാവതിയുടെ ബിഎസ്പി ബിജെപിയെ ജയിപ്പിക്കാനുള്ള തന്ത്രങ്ങളാണ് നീക്കുന്നത്. മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ മൈന്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഏറ്റവും നിര്‍ണായകമായിരുന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും അവര്‍ ത്രികോണ-ചതുഷ്‌കോണ മത്സരങ്ങളിലൂടെ ബിജെപിക്ക് നേട്ടമുണ്ടാക്കിയവരാണ്. അന്നത്തെ വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ യുപിയില്‍ നിന്ന് എന്തെങ്കിലും നല്ല വാര്‍ത്ത പ്രതീക്ഷിക്കേണ്ടതുള്ളൂ.
യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള, അതായത് 48 സീറ്റുള്ള മഹാരാഷ്ട്രയിലാണ് ‘ഇന്‍ഡ്യ’ സഖ്യം ഒരുമയോടെ നില്‍ക്കാന്‍ സാധ്യത. അതിനു കാരണക്കാര്‍ ബിജെപിയുമാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന ശിവസേനയെയും എന്‍സിപിയെയും ബിജെപി പിളര്‍ത്തി തുണ്ടംതുണ്ടമാക്കിക്കളഞ്ഞു. അതിനാല്‍ അവശിഷ്ട ശിവസേനക്കും എന്‍സിപിക്കും ഇപ്പോള്‍ പഴയ തലക്കനമില്ല. അതിനാല്‍ തന്നെ സീറ്റ് ഷെയറിങിലൊക്കെ വിട്ടുവീഴ്ച ചെയ്യാനിടയുണ്ട്.
മറ്റു സംസ്ഥാനങ്ങളിലും സമാനമായ സാഹചര്യങ്ങളുണ്ട്. പ്രതീക്ഷിക്കുംപോലെ എളുപ്പമല്ല കാര്യങ്ങള്‍. മാത്രമല്ല, നേരിയ ഭൂരിപക്ഷത്തിനൊക്കെ ‘ഇന്‍ഡ്യ’ അധികാരത്തിലേറിയാല്‍ ‘എംപി പിടുത്ത’ക്കാരായ വ്യവസായ ലോബികളോട് എതിരിട്ട് എത്ര ദിവസം സര്‍ക്കാരിന് നിലനില്‍ക്കാനാവും എന്ന വലിയൊരു ചോദ്യമുണ്ട്. സാമാന്യം തരക്കേടില്ലാത്ത ഭൂരിപക്ഷത്തില്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അധികാരത്തില്‍ വന്ന കര്‍ണാടകയില്‍ നിന്നുപോലും ചില സ്‌തോഭജനകമായ വാര്‍ത്തകള്‍ വരുന്നുണ്ട്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പണി തുടങ്ങിയിട്ടുണ്ടത്രേ. മന്ത്രിമാര്‍ തങ്ങളെ കേള്‍ക്കുന്നില്ല എന്ന പരാതിയുമായി 40ഓളം എംഎല്‍എമാര്‍ എന്തോ ചിലത് ആലോചിക്കുന്നുണ്ട് എന്നാണ് കിട്ടുന്ന വാര്‍ത്തകള്‍.
പറഞ്ഞുവരുന്നത് ഇതാണ്: ബംഗളൂരുവില്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഉയര്‍ത്തിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണുമ്പോഴുള്ള ചേതോഹാരിത പിരിഞ്ഞുപോവുമ്പോള്‍ ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗളൂരുവില്‍ കണ്ട 26 പാര്‍ട്ടികളുടെ എണ്ണം കുറയാനൊക്കെ സാധ്യതയുണ്ട്. ബിജെപി സഖ്യം വിട്ടും പാര്‍ട്ടികള്‍ ഇങ്ങോട്ട് വന്നേക്കാം. ഇതൊക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍. പ്രത്യയശാസ്ത്ര അടിത്തറയില്ലാതെയും വ്യക്ത്യാധിഷ്ഠിതമായും സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ജനാധിപത്യമോ മതേതരത്വമോ രാജ്യമോ അല്ല വലുത്, അവനവന്‍ തന്നെയാണ്. അതുകൊണ്ട് ‘ഇന്‍ഡ്യ’യില്‍ വല്ലാതെ പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല.