16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

രാഷ്ട്രീയ വിശുദ്ധി സംരക്ഷിക്കാന്‍ നിയമങ്ങളാവഷ്‌ക്കരിക്കണം

അധികാരം മുന്നില്‍ കണ്ടുള്ള മറുകണ്ടം ചാടല്‍ ഇന്ന് രാഷ്ട്രീയത്തില്‍ സര്‍വസാധാരണമായിരിക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സുരക്ഷിത താവളം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പല നേതാക്കളും. പതിറ്റാണ്ടുകളോളം ഒരു പാര്‍ട്ടിക്കൊപ്പം ഉറച്ചു നില്‍ക്കുകയും ആ പാര്‍ട്ടിയുടെ തണലില്‍ ലഭിക്കാവുന്ന സര്‍വ അംഗീകാരങ്ങളും പദവികളും കൈവശപ്പെടുത്തുകയും ചെയ്ത ശേഷം ന്യായമായ കാരണങ്ങളാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവര്‍ പോലും ഇത്തരത്തില്‍ കൂടുമാറുന്നവരില്‍ ഉണ്ട് എന്നത് ഖേദകരമാണ്. ഒരാള്‍ ഒരേ പാര്‍ട്ടിയില്‍ തന്നെ എല്ലാ കാലത്തും പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ഥമില്ല. മനുഷ്യന്റെ ജീവിതം തന്നെ നിരന്തരം തിരുത്തലുകള്‍ക്ക് വിധേയമാണ്.
രാഷ്ട്രീയവും അങ്ങനെ തന്നെയാണ്. കുറേകാലം അടിയുറച്ചുനിന്ന ഒരു ആശയം തെറ്റാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റൊരു രാഷ്ട്രീയത്തിലേക്കോ ആശയാദര്‍ശത്തിലേക്കോ ചുവടുമാറുന്നതിനെ കുറ്റം പറയാനാവില്ല. അതുമല്ലെങ്കില്‍ അത്രയും കാലം കാലുറപ്പിച്ചു നിന്ന പ്രസ്ഥാനം അടിസ്ഥാനപരമായ മൂല്യങ്ങളില്‍ നിന്നോ കാഴ്ചപ്പാടുകളില്‍ നിന്നോ വ്യതിചലിക്കുന്നുവെന്ന് തോന്നിയാലും ഒരാള്‍ക്ക് തനിക്ക് യുക്തമെന്ന് തോന്നുന്ന പ്രസ്ഥാനത്തിനൊപ്പം ചേരാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശമുണ്ട്. ഇഷ്ടമുള്ള ആശയത്തില്‍ അടിയുറച്ചു നില്‍ക്കാനും പ്രവര്‍ത്തിക്കാനുമുള്ള പൗരന്റെ മൗലികമായ അവകാശം കൂടിയാണിത്.
എന്നാല്‍ ഇത്തരം കൂടുമാറ്റങ്ങള്‍ അധികാരമോഹം കൊണ്ടു മാത്രമാണെങ്കില്‍ എന്തു ചെയ്യും. അത്തരം നേതാക്കള്‍ പുതിയ പ്രസ്ഥാനത്തിന്റെ ഭാഗമായി വിജയിച്ച് എം പിയോ എം എല്‍ എയോ മന്ത്രിയോ ആകുന്നുവെന്ന് വന്നാല്‍ ദുഷിച്ച രാഷ്ട്രീയം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ കൂറുമാറുന്നത് തടയാന്‍ നിലവില്‍ കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ട്. ഇത്തരത്തില്‍ കൂറുമാറുന്നവര്‍ക്ക് മത്സര വിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പേയുള്ള മറുകണ്ടം ചാടല്‍ തടയുന്നതിന് യാതൊരു നിയമവുമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഴത്തില്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.
പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന കൂടുമാറ്റങ്ങള്‍ ഇതിന് ഉദാഹരണമാണ്. നിലവിലെ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാക്കള്‍ വരെ ഇത്തവണ ബി ജെ പിയിലുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് വഴിയൊരുങ്ങിയ മുകുള്‍ റോയിയെ കൂടെയെത്തിച്ചാണ് ബംഗാളിലെ പ്രീ പോള്‍ കുതിരക്കച്ചവടത്തിന് ബി ജെ പി അടിത്തറ പാകിയത്. നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കുരുക്ക് മുറുക്കിയാണ് മുകുള്‍ റോയിയെ ബി ജെ പി പുറത്തു ചാടിച്ചത്.
ബി ജെ പിയിലെത്തിയതോടെ കേസും അന്വേഷണവും റെയ്ഡുമെല്ലാം കെട്ടടങ്ങി. മുകുള്‍ റോയ് ഇന്ന് തൃണമൂല്‍ നേതാക്കളിലേക്ക് ബി ജെ പി സ്ഥാപിച്ച പാലമാണ്. മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെ ഡസന്‍ കണക്കിന് നേതാക്കളാണ് ബംഗാളില്‍ മമതയെ തള്ളിപ്പറഞ്ഞ് ബി ജെ പിയിലെത്തിയത്. മമതയുടെ ഏകാധിപത്യ നിലപാടുകളെയാണ് എല്ലാ നേതാക്കളും തള്ളിപ്പറയുന്നത്. ആ പാര്‍ട്ടിയില്‍ നിന്ന് അധികാരത്തിന്റെ സുഖശീതളിമ ആസ്വദിച്ചപ്പോഴൊന്നും ഈ ഏകാധിപത്യത്തില്‍ അവര്‍ക്ക് അസ്വസ്ഥത തോന്നാതിരുന്നത് എന്തുകൊണ്ടാണ്. ഇടതുപക്ഷത്തുനിന്നും കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് നേതാക്കള്‍ ഒഴുകുന്നുണ്ട്. അധികാരവും പണവും കാണിച്ചുള്ള പ്രലോഭനങ്ങളോ കേന്ദ്ര ഏജന്‍സികളെ അടക്കം മുന്നില്‍ നിര്‍ത്തിയുള്ള ഭീഷണിയോ ആണ് ഇത്തരം കൂടുമാറ്റങ്ങള്‍ക്കു പിന്നില്‍ ഏറെയും. ബംഗാളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇത്.
മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ള നേതാക്കളെ വരെ ബി ജെ പി വിലക്കെടുത്തിട്ടുണ്ട്. പ്രബുദ്ധ വോട്ടര്‍മാരുണ്ടെന്ന് മേനി നടിക്കുന്ന കേരളത്തില്‍ വരെ ഇത്തരം മറുകണ്ടം ചാടലുകള്‍ യഥേഷ്ടം നടക്കുന്നുണ്ട്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയാകുന്നയാള്‍ എത്ര പാര്‍ട്ടിയില്‍ കയറിയിറങ്ങിയ ശേഷമാണ് ഇപ്പോഴത്തെ പ്രസ്ഥാനത്തില്‍ എത്തിയതെന്ന് ആലോചിക്കേണ്ടതാണ്. കോണ്‍ഗ്രസിന്റെ തണലില്‍ എല്ലാ അധികാരങ്ങളും പറ്റിയ ശേഷം ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ പി സി ചാക്കോയെപ്പോലുള്ളവരേയും പേരെടുത്തു പറയാതെ രക്ഷയില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണത്രെ കോണ്‍ഗ്രസില്‍. തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാതെ വരുമ്പോള്‍ മാത്രം അടിവയറില്‍ നിന്ന് തികട്ടി വരുന്ന ഈ അതിപ്രസരമാണ് രാഷ്ട്രീയത്തില്‍ ഏറെ മലീമസം. ഇത്തരം കൂടുമാറ്റങ്ങളെ ഗൗരവത്തോടെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവേണ്ടതുണ്ട്. കൂറുമാറുന്ന ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നതു പോലെ, തെരഞ്ഞെടുപ്പിനു മുന്നെ അധികാരക്കൊതി കൊണ്ടുള്ള ഇത്തരം ചാഞ്ചാട്ടങ്ങളേയും നിയന്ത്രിക്കേണ്ടതുണ്ട്.
ഒരാളുടെ രാഷ്ട്രീയ പാര്‍ട്ടി മാറ്റത്തെ കമ്മീഷന് തടയാനാവില്ല. അതേസമയം കൂടുമാറി ആറു മാസമെന്നോ ഒരു കൊല്ലമെന്നോ കാലാവധി നിശ്ചയിച്ച്, ഈ കാലാവധിയില്‍ തെരഞ്ഞെടുപ്പില്‍ മത്സര വിലക്ക് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള സാധ്യതകള്‍ കമ്മീഷന്‍ പരിശോധിക്കേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x