5 Thursday
September 2024
2024 September 5
1446 Rabie Al-Awwal 1

രാഷ്ട്രീയ ബ്രാഹ്മണിസം ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് തന്ത്രം

പി എന്‍ ഗോപീകൃഷ്ണന്‍ / മുഖ്താര്‍ ഉദരംപൊയില്‍

സി എ എ, ലോകസഭ തെരഞ്ഞെടുപ്പ്, ഇന്ത്യയുടെ ഭാവി,
ഫാസിസ്റ്റ് പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള
അഭിമുഖ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

പൗരത്വ ഭേദഗതി നിയമം ഏതൊക്കെ തരത്തിലാണ് ഇന്ത്യയിലെ മതേതര ജീവിതത്തെ ബാധിക്കുക? അതിന്റെ പ്രത്യാഘാതങ്ങള്‍ മുസ്‌ലിംകള്‍ മാത്രമാണോ അനുഭവിക്കേണ്ടിവരുക?
പൗരത്വ ഭേദഗതി നിയമം യഥാര്‍ഥത്തില്‍ പൗരത്വവുമായി ബന്ധപ്പെട്ട സവര്‍ക്കറുടെ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണമാണ്. ഇന്ത്യ ഒരു പിതൃരാജ്യമായിരിക്കണം, അതുപോലെ പുണ്യഭൂമിയായിരിക്കണം എന്നാണ് 1923ല്‍ എഴുതിയ ‘എസ്സന്‍ഷ്യല്‍ ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ പറയുന്നത്. ഒറ്റ വായനയില്‍ അതിലൊരു പ്രശ്‌നവും തോന്നില്ല. സൂക്ഷ്മമായി വായിക്കുമ്പോഴാണ് അതിലെ ഭീകരത വ്യക്തമാവുക. ഫാസിസ്റ്റ് ഐഡിയോളജികളൊക്കെ അങ്ങനെയാണ്. സാമാന്യ ജനങ്ങള്‍ മുഴുവന്‍ നിരുപദ്രവമെന്നു കരുതും. എന്നാല്‍ സൂക്ഷ്മാര്‍ഥത്തിലേ അതിലെ ഫാസിസ്റ്റ് ആശയം തിരിച്ചറിയൂ.
ഇന്ത്യ പിതൃഭൂമിയായിരിക്കണം എന്നു പറഞ്ഞാല്‍ നമ്മുടെ അച്ഛനമ്മമാര്‍ ഇന്ത്യയില്‍ ജനിച്ചവരായിരിക്കണം എന്നാണ്. ഇക്കാലത്ത് അതുപോലും പ്രശ്‌നവത്കരിക്കേണ്ടതാണ്. രണ്ടാമത്തെ സിദ്ധാന്തം പുണ്യഭൂമിയായി ഇന്ത്യയെ കാണണം എന്നതാണ്. ഇവിടെ തലമുറ തലമുറയായി ജീവിക്കുന്ന മുസ്‌ലിം കുടുംബത്തിലെ ഒരംഗത്തോട് നിന്റെ പുണ്യഭൂമി ഏതാണെന്നു ചോദിച്ചാല്‍, മക്കയാണ് മദീനയാണ് എന്നൊക്കെയാണ് പറയുന്നതെങ്കില്‍ അവന് പൗരത്വമില്ല. വളരെ കാലമായി തലമുറ തലമുറകളായി ഇന്ത്യയിലുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരു അംഗത്തോട് നിന്റെ പുണ്യഭൂമി ഏതാണെന്ന് ചോദിച്ചാല്‍, വത്തിക്കാന്‍ എന്നോ ജറുസലേം എന്നോ ബെത്‌ലഹേം എന്നോ പറഞ്ഞാല്‍ അവര്‍ക്ക് പൗരത്വമില്ല. ആ അര്‍ഥത്തില്‍ സൂക്ഷ്മായി ഫാസിസം കുരുക്കിവെച്ചിട്ടുള്ള ഒരു സിദ്ധാന്തമാണ് സവര്‍ക്കറുടേത്. ഇതാണ് യഥാര്‍ഥത്തില്‍ സിഎഎയിലൂടെയും വരാന്‍ പോകുന്ന എന്‍ആര്‍സിയിലൂടെയും നടപ്പാക്കാന്‍ പോകുന്നത്. കാരണം, അത് ഫാസിസ്റ്റ് നിയമമാണ്. ഫാസിസ്റ്റ് നിയമങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല. എല്ലാവരെയും ഫാസിസത്തിന്റെ അണിയിലേക്ക് ചേര്‍ക്കാനുള്ള കെണിയാണ്. ലോകത്ത് എവിടെയും പ്രയോഗവത്കരിക്കാന്‍ സാധിക്കാത്ത നിയമമാണിത്.
ആധുനിക കാലത്ത് പൗരത്വം ഇങ്ങനെയാണോ നിര്‍വചിക്കേണ്ടത്?
ഇന്ന് ഏതൊരു ആധുനിക രാഷ്ട്രത്തിന്റെയും പൗരത്വ നിയമത്തിന്റെ അടിസ്ഥാനം പിതൃഭൂമിയോ പുണ്യഭൂമിയോ ഒന്നുമല്ല, മറിച്ച് കര്‍മഭൂമി എന്നു പറയുന്ന ആശയമാണ്. നമ്മള്‍ എവിടെയാണോ പ്രവര്‍ത്തിക്കുന്നത് അവിടെയാണ് പൗരത്വം കിട്ടേണ്ടത്. ആ അര്‍ഥത്തിലാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പത്തോ പതിനഞ്ചോ വര്‍ഷം അവിടെ പ്രവര്‍ത്തിച്ചവര്‍ക്ക് അവിടെ താമസിക്കാനുള്ള പെര്‍മിറ്റ് നല്‍കുന്നത്. ലോകത്ത് എല്ലായിടത്തും പൗരത്വത്തിന്റെ മാനദണ്ഡം കര്‍മമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇവിടെ വര്‍ഷങ്ങളായി താമസിച്ച മനുഷ്യരെ ഒരു ദിവസം ഒരു പൗരത്വ ബില്ല് കൊണ്ടുവന്ന് പുറത്താക്കുന്നത്.
സിഎഎ ആരെയും എടുക്കാനല്ലല്ലോ, പുറത്താക്കാനുള്ളതല്ലേ? തലമുറകളായി ജീവിച്ചുവന്ന മനുഷ്യരെ ഒരു കാര്‍ഡില്ലാത്തതിന്റെ, തെളിവ് നല്‍കാന്‍ സാധിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കുക എന്നു പറഞ്ഞാല്‍ അതില്‍പരം മനുഷ്യാവകാശനിഷേധം വേറെ എന്താണ്? മുസ്‌ലിമായിക്കോട്ടെ, ക്രിസ്ത്യനായിക്കോട്ടെ, ആദിവാസി ആയിക്കോട്ടെ, ആരായാലും മനുഷ്യാവകാശം വളരെ പ്രധാനപ്പെട്ട ഒരു പരികല്‍പനയാണ്. യുഎന്നിന്റെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ആദ്യം ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് നാം മറക്കരുത്. എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ജീവശ്വാസമാണ് മനുഷ്യാവകാശം. അതിക്രൂരവും അതിവിചിത്രവുമായ, അസംബന്ധം എന്നു വിളിക്കാവുന്ന നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് മനുഷ്യാവകാശം ഇല്ലാതാക്കുകയാണ്. ഇത് നാളെ ആര്‍ക്കു മേലും പ്രയോഗിക്കാം.
ഇവിടെ ന്യൂനപക്ഷമില്ല എന്നാണ് ആര്‍എസ്എസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷം ഇല്ല എന്ന് ഏതെങ്കിലും ആര്‍എസ്എസ് നേതാവ് പ്രസംഗിച്ചാല്‍ ന്യൂനപക്ഷം ഇല്ലാതാവുമോ? പല തരത്തിലുള്ള ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ടല്ലോ. ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരാളാണെങ്കില്‍ പോലും മറ്റു തരത്തില്‍ കണക്കിലെടുക്കുമ്പോള്‍ അയാള്‍ ചിലപ്പോള്‍ ന്യൂനപക്ഷത്തിന്റെ ഭാഗമായേക്കാം. ശാരീരികമായ ഏതെങ്കിലും തരത്തിലുള്ള പരിമിതിയുണ്ടെങ്കില്‍ അയാള്‍ അത്തരം ന്യൂനപക്ഷത്തിലല്ലേ? ന്യൂനപക്ഷമെന്ന പരികല്‍പന ജനാധിപത്യത്തില്‍ നിന്ന് എടുത്തുകളയാന്‍ സാധിക്കില്ല.
സിഎഎ ആത്യന്തികമായി മനുഷ്യാവകാശത്തിന്റെ നിഷേധമാണ്. അങ്ങനെത്തന്നെയാണ് അതിനെ കാണേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമായല്ല. സ്വന്തം ജനതയെ ഭരണകൂടം എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണത്. ചിലരെ പരിരക്ഷിക്കുകയും ചിലരെ പുറത്താക്കുകയും ചെയ്യുക. ചിലര്‍ എന്നു പറയുന്നത് എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സിഎഎക്കെതിരെയുള്ള സമരം മുസ്‌ലിംകള്‍ നയിക്കുകയും മറ്റുള്ളവര്‍ പിന്തുണയ്ക്കുകയും ചെയ്യുക എന്നതല്ല. എല്ലാവരും ഒന്നിച്ച് നയിക്കേണ്ട സമരമാണത്.

ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണിക്കല്‍ ആശയത്തിന് മേല്‍ക്കോയ്മയുള്ള ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെയാണ് പരീക്ഷിക്കപ്പെടുന്നത്?
രാഷ്ട്രീയ ബ്രാഹ്മണിസമാണ് ഹിന്ദുത്വയുടെ രൂപത്തില്‍ വരുന്നത്. അതേസമയം അത് പഴയ ബ്രാഹ്മണിസമല്ല. അവിടെയാണ് നമുക്ക് ആശയക്കുഴപ്പമുണ്ടാവുന്നത്. പലപ്പോഴും ഇത് മനുവാദവുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ ഹിന്ദുത്വ ഫാസിസം അത്തരത്തിലുള്ളതല്ല. പഴയ ബ്രാഹ്മണിസത്തില്‍ അവര്‍ക്ക് സാമൂഹിക മേല്‍ക്കോയ്മ ലഭിക്കണമെന്നാണ് ഉണ്ടായിരുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാന തത്വം വെച്ച് ബ്രാഹ്മണര്‍ക്കും സവര്‍ണര്‍ക്കും എല്ലായിടത്തും മേല്‍ക്കോയ്മ കിട്ടണം, എല്ലാ മണ്ഡലങ്ങളിലും അവര്‍ക്ക് പ്രിവിലേജ് കിട്ടണം എന്നാണത്.
എന്നാല്‍ രാഷ്ട്രീയ ബ്രാഹ്മണിസം രാഷ്ട്രീയ മേല്‍ക്കോയ്മയാണ് ആഗ്രഹിക്കുന്നത്. ഭരണം കൂടി അവരുടെ ലക്ഷ്യമാണ്. സവര്‍ക്കര്‍ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തോട് പലപ്പോഴും കലഹിക്കുന്നതുപോലും ഈ വീക്ഷണത്തിലാണ്. അന്ന് 22 കോടി ഹിന്ദുക്കളാണുള്ളത്. അതില്‍ 7 കോടി ദലിതരാണ്. പിന്നാക്ക വിഭാഗങ്ങള്‍ കൂടി ചേര്‍ന്നാല്‍ 15 കോടിയാവും. അങ്ങനെ നോക്കിയാല്‍ ബ്രാഹ്മണര്‍ ന്യൂനപക്ഷമാവും. അതുകൊണ്ട് ബ്രാഹ്മണിസത്തിന്റെ തത്വത്തെ ഇവര്‍ക്കുള്ളിലേക്കുകൂടി വ്യാപിപ്പിക്കുക എന്ന ആശയമാണ് സവര്‍ക്കര്‍ തുടങ്ങിവെച്ചത്. രത്‌നഗിരി ജില്ലയിലെ പരീക്ഷണങ്ങള്‍ മുഴുവന്‍ അങ്ങനെയായിരുന്നു.
ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഹിന്ദു സമൂഹത്തെ ഒരു റേസിസ്റ്റ് സമൂഹമായി പരിണമിപ്പിക്കുക എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം ചെയ്യുന്നത്. ദലിതരെയും പിന്നാക്കക്കാരെയുമൊക്കെ ബ്രാഹ്മണിസത്തിന് ജയ് വിളിക്കുന്ന ആള്‍ക്കാരാക്കി മാറ്റത്തക്കവിധം മതത്തെത്തന്നെ ഒരു ജാതിയാക്കി മാറ്റുക എന്ന തരത്തിലുള്ള പരീക്ഷണമാണത്. അതു കുറച്ചുകൂടി സങ്കീര്‍ണമാണ്. അതിനെ ഒരുതരം ഹൈപ്പര്‍ മാര്‍ക്കറ്റ് പൊളിറ്റിക്‌സ് എന്നു വിളിക്കാവുന്നതാണ്. ഒരു വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നാട്ടില്‍ വന്നാല്‍ നമുക്ക് അവിടെ പോകേണ്ട ആവശ്യമില്ലെങ്കിലും നമ്മള്‍ കയറും. അത് ചുറ്റുവട്ടത്തുള്ള ചെറിയ കടകളെ മുഴുവന്‍ ഇല്ലാതാക്കും. അവര്‍ ആദ്യം വില കുറച്ച് വിറ്റ് അടുത്തുള്ള ചെറിയ കടകള്‍ പൂട്ടും. വെളിച്ചെണ്ണയ്ക്ക് വില കുറച്ചാല്‍ വെളിച്ചെണ്ണ മാത്രം വിറ്റിരുന്ന കടക്കാര്‍ ഇല്ലാതാവും. ഇതുപോലെയാണ് ഹിന്ദുത്വ രാഷ്ട്രീയം ദലിതരെയും ന്യൂനപക്ഷങ്ങളെയുമെല്ലാം പിടികൂടുന്നത്.
ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനെ തന്നെ നോക്കിയാല്‍ അത് വ്യക്തമാണ്. ആദിവാസിയായ ദ്രൗപതി മുര്‍മുവാണ് രാഷ്ട്രപതി. പ്രധാനമന്ത്രി മോദി സ്വയം പറയുന്നത് താനൊരു പിന്നാക്കക്കാരനാണെന്നാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരു സ്ത്രീയാണ്. എന്നു പറഞ്ഞാല്‍, ആദിവാസിക്കും പിന്നാക്കക്കാരനും സ്ത്രീക്കുമെല്ലാമാണ് ഏറ്റവും പ്രധാനപ്പെട്ട റോള്‍ നല്‍കിയത്. പുറത്തു നിന്ന് അങ്ങനെ നിരീക്ഷിക്കുമ്പോള്‍ നല്ല പ്രവണതയായി തോന്നും. യഥാര്‍ഥത്തില്‍ ദ്രൗപതി മുര്‍മു ബ്രാഹ്മണിസത്തിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് പൊളിറ്റിക്‌സിന്റെ ഭാഗമാവുന്നതോടെ അവരുടെ അതിജീവന ചരിത്രം മുഴുവന്‍ നഷ്ടപ്പെടുകയാണ്. അവരും ബ്രാഹ്മണ ചരിത്രത്തിന്റെ ഭാഗമാവും. പിന്നാക്കക്കാരന്റെയും കഴിഞ്ഞകാല ചരിത്രം മുഴുവന്‍ മായ്ക്കപ്പെടും. അയാള്‍ ബ്രാഹ്മണിസത്തിന്റെ ടോക്കണ്‍ ആയി മാറും. സ്ത്രീവിമോചനത്തിന്റെയും സ്ത്രീപ്രസ്ഥാനത്തിന്റെയുമൊക്കെയുള്ള വലിയ ചരിത്രം മുഴുവന്‍ ഇല്ലാതാവുകയും അത് ബ്രാഹ്മണിസത്തിന്റെ ഭാഗമാവുകയും ചെയ്യും.
പഴയ ബ്രാഹ്മണിസത്തേക്കാള്‍ കുറേക്കൂടി ക്രൂരവും തീവ്രവുമാണ് ഇപ്പോഴത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ബ്രാഹ്മണിസം. ബ്രാഹ്മണിസത്തിന്റെ പ്രയോക്താക്കളാക്കി ദലിതരെയും മറ്റു പിന്നാക്കക്കാരെയും മാറ്റുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയമാണത്. കേരളത്തില്‍ ബ്രാഹ്മണരല്ലല്ലോ ഈ പ്രസ്ഥാനത്തെ നയിക്കുന്നതും അവര്‍ക്ക് വോട്ട് ചെയ്യുന്നതും. അവര്‍ക്ക് വോട്ട് ചെയ്യുന്ന ദലിതരും പിന്നാക്കക്കാരുമെല്ലാം അടങ്ങുന്ന ഒരു സമൂഹമാണത്. അവര്‍ അവരുടെ യഥാര്‍ഥ സ്വത്വത്തിന്റെ സമരവും മുഴുവന്‍ ചരിത്രവും മറക്കുകയും ബ്രാഹ്മണിസത്തിന്റെ ആശയം ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത് പഴയ ബ്രാഹ്മണിസത്തിനു പറ്റാത്ത കാര്യമാണ്. ഇതാണ് ഹിന്ദുത്വ ബ്രാഹ്മണിസത്തിന്റെ പ്രവര്‍ത്തനരീതി.

ഹിന്ദുത്വ ഫാസിസത്തെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നാണ് കരുതുന്നത്?
പല തരത്തില്‍ പ്രതിരോധിക്കണം. പ്രതിരോധം എന്നത് പ്രയാസകരമല്ല. ഇത് മുഴുവന്‍ നുണയില്‍ കെട്ടിപ്പടുത്തിട്ടുള്ള ആശയമാണ്. പ്രൊപ്പഗാണ്ടയിലും സത്യാനന്തരതയിലും പച്ചനുണയിലും കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ഈ ഫാസിസ്റ്റ് പൊളിറ്റിക്‌സ്. അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള വര്‍ഗീയ സംഭവങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കേണ്ടിവരും. ഒരു തിരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ ചിലപ്പോള്‍ ഒരു പള്ളി അടിച്ചുപൊളിച്ചിട്ട് അവിടെ അമ്പലം പണിയേണ്ടിവരും. അല്ലെങ്കില്‍ ദേശീയത അപകടത്തില്‍ എന്ന മുദ്രാവാക്യം ഉണ്ടാക്കേണ്ടിവരും. പല തരത്തിലുള്ള കൗശലങ്ങള്‍ എപ്പോഴും പ്രയോഗിക്കേണ്ടിവരും. കൗശലങ്ങളൊക്കെ പെട്ടെന്ന് വികാരം ആളിക്കത്തിക്കുന്നതാണെങ്കിലും ഈ കൗശലങ്ങള്‍ക്ക് അധികകാലം നിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് പ്രതിരോധം അത്ര പ്രയാസകരമല്ല.
അതേസമയം ഇതൊരു ഭ്രാന്തായി വ്യാപിക്കുമ്പോള്‍ ആ സമയത്ത് നമുക്ക് പ്രയാസകരമാണെന്ന് തോന്നുമെങ്കിലും അത് അതിനുള്ളില്‍ തന്നെ ദുര്‍ബലമാണ്. മനുഷ്യരെ തമ്മില്‍ കൂട്ടിനിര്‍ത്തുന്ന അതിന്റെ തലം ദുര്‍ബലമാണ്. സ്വാഭാവികമായും അതിനുള്ളിലുള്ള വലിയ തകര്‍ച്ച അതിനു തന്നെ നേരിടേണ്ടിവരും. അധികം പിടിച്ചുനില്‍ക്കാന്‍ ഫാസിസത്തിനു സാധിക്കില്ല. പുതിയ ഗ്ലോബലൈസേഷന്റെ ഭാഗമായി വരുന്ന നവലിബറലിസം അതിനെ സഹായിക്കുന്നതുകൊണ്ടാണ് അതിന് നിലനില്‍ക്കാന്‍ കഴിയുന്നത്. ഒരുതരം പുതിയ സാമ്പത്തിക വ്യവസ്ഥ അതിനെ സഹായിക്കുന്നതുകൊണ്ടാണത്. ലോക സാമ്പത്തിക ക്രമം നോക്കിക്കഴിഞ്ഞാല്‍ അതിനുള്ളിലും പലതരം വിള്ളലുകള്‍ വീണുകൊണ്ടിരിക്കുന്നുണ്ട്. അതു രാഷ്ട്രീയമായി പ്രത്യേക സന്ദര്‍ഭത്തില്‍ ഭ്രാന്തു പോലെ, പകര്‍ച്ചവ്യാധി പോലെയാണ്. കോവിഡിന്റെ കാലത്ത് രണ്ടു കൊല്ലം സ്തംഭിച്ചുനിന്നപോലെ ഒരു സ്തംഭനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനുഭവപ്പെടുന്നത്. അതേസമയം, അതിനെ ഒരു പോയിന്റില്‍ വെച്ച് മറികടക്കാന്‍ കഴിഞ്ഞാല്‍ അതിവേഗം ഇല്ലാതാവും.
ഫാസിസത്തിന് നമുക്ക് ഒന്നും തരാനില്ല. ജനതയ്ക്ക് എന്താണ് ഫാസിസത്തിനു തരാനുള്ളത്? നിത്യോപയോഗ സാധനങ്ങളുടെ മുഴുവന്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ രാജ്യത്ത് കൂടുകയാണ്. ഒരു ഗുണവും സമൂഹത്തിന് ഉണ്ടായിട്ടില്ല. കുറേ ഭ്രാന്തുകള്‍ മാത്രമാണ് ആകെയുള്ള ഫലം. നിന്റെ ശത്രു നിന്റെ അയല്‍ക്കാരനാണ് എന്നു പറയുന്നപോലെ, നിന്റെ ജീവിതത്തിന്റെ കുഴപ്പത്തിന്റെ കാരണം നിന്റെ പ്രശ്‌നമല്ല ഈ അയല്‍ക്കാരന്‍ മൂലമാണെന്നു പറയുന്ന തരത്തില്‍ ഒരു വ്യാജമായ പൊളിറ്റിക്‌സ് ഉണ്ടാക്കുകയാണ്.
ഇതു തുറന്നുകാണിക്കാന്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഇതിന് ആ തരത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതിനുണ്ടാവുന്ന വലിയ തരത്തിലുള്ള വ്യാപനം എക്കാലത്തെയും ശാശ്വത സത്യമാണെന്നു വിചാരിക്കേണ്ട കാര്യമില്ല. മറിച്ച് ഇതിനെതിരെയുള്ള ഒരു കോമണ്‍സെന്‍സ് ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ് വേണ്ടത്. യഥാര്‍ഥ വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുക എന്നതാണ് പരിഹാരം. അത് നിരന്തരം ചെയ്തുകൊണ്ടിരിക്കുക എന്നതാണ് പ്രതിരോധത്തിന്റെ പ്രധാനപ്പെട്ട ഒരു വഴി. ആശയപരമായ ശൂന്യത തിരിച്ചറിയുന്നതുകൊണ്ടാണ് സിഎഎ കൊണ്ടുവരുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. അവരുടെ ഉള്ളില്‍ ഒരുതരത്തിലുള്ള ഭീതി ഉണ്ടെന്നുകൂടിയാണ് ഇതു കാണിക്കുന്നത്. ഗിമ്മിക്കുകള്‍ കാട്ടി മാത്രമേ തിരഞ്ഞെടുപ്പുകള്‍ ജയിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന ഭീതി അവര്‍ക്കുള്ളില്‍ തന്നെയുണ്ട് എന്നുള്ളതിന് തെളിവാണ് ഇതെല്ലാം.

കലയിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ വ്യാപനം. പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ സംസ്‌കാരിക രാഷ്ട്രീയം കൂടുതല്‍ സൂക്ഷ്മതയോടെ വിലയിരുത്തേണ്ടതും പ്രതിരോധിക്കേണ്ടതുമല്ലേ?
സാംസ്‌കാരിക രാഷ്ട്രീയമാണ് പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. സിനിമ അടക്കമുള്ള എല്ലാ കലാസൃഷ്ടികളെയും അവര്‍ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നു. മറ്റൊരു ഭാഗത്ത് സ്‌കൂള്‍ പഠനവും സിലബസുമെല്ലാം ഉപയോഗപ്പെടുത്തുന്നു. സംഘ്പരിവാര്‍ ആശയമുള്ള ഒരു പൗരനെ ഉണ്ടാക്കിയെടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. തീര്‍ച്ചയായും സംസ്‌കാരത്തെയാണ് അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിയുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാംസ്‌കാരിക രാഷ്ട്രീയമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ നിലനിര്‍ത്തുന്നത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും നിരന്തരമായി ഇടപെടേണ്ട ഒരു മേഖലയാണിത്. ഇവരുടെ സാംസ്‌കാരിക രാഷ്ട്രീയരീതികളെ നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്. ഹിന്ദുത്വത്തിന്റേതായ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. നിരന്തരമായി അത് തുറന്നുകാണിക്കുക എന്ന പണിയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. അതിന്റെ ആദ്യപടി അത് സാംസ്‌കാരിക രാഷ്ട്രീയമാണെന്നു തിരിച്ചറിയുക എന്നതാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അടക്കം സംഭവിക്കുന്നത്, ഇതിനെ നേരിടുന്നത് എങ്ങനെയെന്ന കാര്യത്തില്‍ പലരും പലതായി തിരിയുകയും പല വിധത്തില്‍ വാദിക്കുകയും പിന്നീട് ആ വാദം പ്രധാനമായി മാറുകയുമാണ്. ഭീമാകാരമായ, മനുഷ്യത്വത്തെ നശിപ്പിക്കുന്ന വലിയ രോഗമാണ് ഫാസിസം. കുറച്ചുകൂടി ഗൗരവത്തില്‍ അതിനെ സമീപിക്കേണ്ടതുണ്ട്. നിരന്തരം പല തരത്തില്‍ തുറന്നുകാണിച്ചുകൊണ്ടിരിക്കണം.

ഇന്ത്യന്‍ ദൈനംദിനത്വം തന്നെയും ഈ ബ്രാഹ്മണിക ഹിന്ദുത്വയുടെ സാംസ്‌കാരിക അധീശത്വത്തിലായിരിക്കെ ഇന്ത്യന്‍ മതേതര ജീവിതത്തിന്റെ മറുസാധ്യതകളെന്ത്?
മതേതര ജീവിതം എന്നു പറഞ്ഞാല്‍ ഒരു യുക്തിവാദ ജീവിതമല്ല എന്നു തിരിച്ചറിയുക എന്നതാണ് പ്രധാനം. ഒരു കാലത്ത് പുരോഗമനമെന്നു പറയുന്നത് എല്ലാ മതങ്ങളെയും വെറുക്കുകയും എല്ലാ മതങ്ങളെയും ചെറുക്കുകയും മതങ്ങളെല്ലാം പ്രതിലോമകരമാണ് എന്നു പറയുന്ന രീതിയില്‍ മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു. മതം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് സമുദായം. ഒരു സമുദായബോധത്തില്‍ നിന്ന് ആര്‍ക്കും വിട്ടുപോരാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സമുദായത്തില്‍ ജനിച്ചുവളര്‍ന്നാല്‍ അയാള്‍ ആ സമുദായത്തില്‍ പെട്ട ആളാണ്. എസ്എസ്എല്‍സി ബുക്കില്‍ എന്റെ മതവും ജാതിയും എഴുതിവെച്ചാല്‍ സര്‍ക്കാര്‍രേഖയില്‍ ഞാനാ മതമോ ജാതിയോ ഉള്ള ആളാണ്. വ്യക്തിപരമായി ഞാനത് എത്രമാത്രം പാലിക്കുന്നുണ്ട് എന്നതു പ്രശ്‌നമല്ല. പക്ഷേ, രേഖയില്‍ അങ്ങനെയാണ്.
ആ അര്‍ഥത്തില്‍ സമുദായം എന്നു പറയുന്ന ആശയത്തെ നമ്മള്‍ കുറച്ചുകൂടി യുക്തിവാദപരമല്ലാത്ത രീതിയില്‍ മനസ്സിലാക്കണം. വ്യത്യസ്ത സമുദായങ്ങളുടെ വ്യത്യസ്തതകള്‍ ഒന്നിച്ചു കഴിയുക എന്നതിനെ അംഗീകരിക്കലാണത്. ഗാന്ധിജി വലിയൊരു പരീക്ഷണം നടത്തുന്നുണ്ട്, 1948ല്‍. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം കല്‍ക്കത്തയില്‍ വര്‍ഗീയ കലാപം ഉണ്ടാവുമ്പോള്‍ ഗാന്ധിയും സുഹ്‌റവര്‍ദിയും ഒരു വീട്ടില്‍ താമസിക്കുന്നുണ്ട്. സുഹ്‌റവര്‍ദി ജിന്നയുടെ മുസ്‌ലിംലീഗുകാരനായിരുന്നു. പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയായിരുന്നു. പൂര്‍ണാര്‍ഥത്തിലുള്ള മുസല്‍മാനാണ്. ഗാന്ധി പറയുന്നത് താന്‍ പൂര്‍ണാര്‍ഥത്തിലുള്ള ഹിന്ദുവാണ് എന്നാണ്. ഇരുവരുടെയും മതം വ്യത്യസ്തമാണ്്, ഭാഷ വ്യത്യസ്തമാണ്, ഭക്ഷണം വ്യത്യസ്തമാണ്, വസ്ത്രധാരണരീതി വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഇതൊക്കെ വളരെ നിസ്സാരമായ കാര്യമാണ്. വ്യത്യസ്തതകളെയൊക്കെ ആനന്ദമായിട്ടാണ് അവര്‍ കാണുന്നത്. അതുകൊണ്ട് രണ്ടു പേര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. കുറേ നാളുകള്‍ ഒന്നിച്ചു ജീവിച്ചു. ആ ജീവിതം കണ്ടിട്ടാണ് കല്‍ക്കത്തയില്‍ തമ്മില്‍ തല്ലിയിരുന്ന ഹിന്ദുക്കളും മുസ്‌ലിംകളും ശാന്തരാവുന്നത്. ഇത് ഇന്ത്യയില്‍ പലവട്ടം തെളിയിച്ചതാണ്.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റല്‍ മുറിയില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നിച്ചു താമസിക്കുന്നു. ഇതിലൊന്നും ഒരു പ്രശ്‌നവുമില്ല. അവര്‍ക്ക് അവരുടേതായ മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കാം. അതിനൊന്നും യാതൊരു തടസ്സവുമില്ല. ഇത് വളരെ സ്വാഭാവികമായ കാര്യമാണ്. മനുഷ്യന്‍ ജീവിച്ച് ഉണ്ടാക്കിയ പരസ്പര ഐക്യത്തിന്റേതായ ബോധം കൂടുതല്‍ സംസ്‌കാരത്തിലേക്ക് കൊണ്ടുവരണം. വെറുപ്പിന്റെ രാഷ്ട്രീയത്തിനു പകരം സ്‌നേഹത്തിന്റെ രാഷ്ട്രീയം പ്രാവര്‍ത്തികമാക്കണം. സ്‌നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാന്‍ നമുക്ക് സാധിക്കുക എഴുത്തിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ഇന്ത്യ ആവശ്യപ്പെടുന്നതും നമ്മള്‍ ചെയ്തുകൊണ്ടിരിക്കേണ്ടതും. പരസ്പര സ്‌നേഹത്തെ ഉദ്ദീപിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമൊരു പ്രവൃത്തി എവിടെ നിന്നെങ്കിലും ഉണ്ടായാല്‍ അത് ഫാസിസത്തിന് എതിരാണ്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇതിനെ മറികടക്കാനാവുക. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം കൊടുക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. വിഭാഗീയമായ കാര്യങ്ങള്‍ക്കു വേണ്ടിയല്ല സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കേണ്ടത്, കൂടുതല്‍ ഐക്യത്തിനാണ്. മനുഷ്യരെ തമ്മില്‍ അടുപ്പിക്കാനാണ്. പരസ്പര ഐക്യത്തിന്റേതായ ഒരു ബലമാണ് ഉണ്ടാക്കേണ്ടത്. സ്‌നേഹത്തിന്റെ രാഷ്ട്രീയത്തില്‍, സ്‌നേഹത്തിന്റെ സംസ്‌കാരത്തില്‍ പുതിയ തലങ്ങള്‍ ആവിഷ്‌കരിക്കേണ്ടിവരും. ആ വെല്ലുവിളിയാണ് നമ്മള്‍ ഏറ്റെടുക്കേണ്ടത്.
ഫാസിസം എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു സാധാരണ കാര്യമായി തോന്നാം. അതിന്റെ ഗൗരവം നഷ്ടപ്പെട്ടേക്കാം. ഇതിന്റെ മാരകമായ ഒരു വശം എങ്ങനെ പ്രകടമാക്കാം എന്ന തരത്തിലുള്ള പുതിയ കാര്യങ്ങളിലേക്ക് നമ്മള്‍ പോകേണ്ടിവരും. മാരകമായ രാഷ്ട്രീയമാണത്. വെറുപ്പിന്റെ രാഷ്ട്രീയമാണെന്നു പറയുന്നതുപോലെ, മനുഷ്യത്വത്തിനു തന്നെ വിരുദ്ധമായിട്ടുള്ള മാരക രാഷ്ട്രീയമാണെന്നു പറയണം. പനിയെന്നു പറയുന്നതുപോലെയല്ലല്ലോ കാന്‍സര്‍ എന്നു പറയുമ്പോള്‍.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഫലം ഇന്ത്യയുടെ ജനാധിപത്യ ഭാവിയെ ഏതു തരത്തിലാവും സ്വാധീനിക്കുക? പ്രതീക്ഷയുണ്ടോ?
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നാനൂറോ അതില്‍ കൂടുതലോ സീറ്റ് കിട്ടുക എന്നതാണ് ഏറ്റവും മോശപ്പെട്ട അവസ്ഥ. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനിലയില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് കുറഞ്ഞാല്‍ പോലും ഞാന്‍ അതിനെ ശുഭോദര്‍ക്കമായി കാണും. ഒരു നല്ല മുന്നേറ്റമായി വിലയിരുത്തും. കേരളത്തില്‍ ഇതുവരെ ബിജെപിക്ക് കാര്യമായ രാഷ്ട്രീയശക്തിയാകാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള മത്സരം എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേരളത്തില്‍ യഥാര്‍ഥത്തില്‍ ഉയര്‍ത്തേണ്ട മുദ്രാവാക്യം ബിജെപിക്ക് വോട്ട് കുറയ്ക്കുക എന്നതാണ്. ബിജെപിക്ക് വോട്ട് വര്‍ധിക്കാതെ പിടിച്ചുനിര്‍ത്തുക എന്നത് പ്രധാനമാണ്. ഇന്ത്യയിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വോട്ട് കൂടാതെ നോക്കുക എന്നതാണ് ഫലപ്രദമായ പ്രവര്‍ത്തനം. ഒരു സ്ഥലത്തുവെച്ച് അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയണം. അവിടെ നിന്ന് മതേതര വിശ്വാസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. ഇത് പലപ്പോഴും മറന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ബിജെപിക്ക് ഒരു സീറ്റ് കുറഞ്ഞാല്‍ പോലും വലിയ പ്രത്യാശയായി ഞാന്‍ കാണുമെന്ന് പറയുന്നത്.
ബിജെപി വലിയ വിജയം കിട്ടി അധികാരത്തിലേറിയാല്‍ അവരെ അത് കൂടുതല്‍ ഫാസിസ്റ്റുകളാക്കാന്‍ സഹായിക്കും. തിരിച്ചടി കിട്ടി അധികാരത്തില്‍ വന്നാലും അവര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടിവരും. രണ്ടായാലും ചിലപ്പോള്‍ കൂടുതല്‍ ഫാസിസ്റ്റ് നടപടികളിലേക്ക് നീങ്ങിയേക്കാം. ഹിന്ദു രാഷ്ട്രം പോലുള്ള ലക്ഷ്യങ്ങളിലേക്ക് ബലം പ്രയോഗിച്ച് നീങ്ങിയേക്കാം. തിരഞ്ഞെടുപ്പ് പോലും നീട്ടിവെച്ചേക്കാം. അപ്പോള്‍ കുറച്ചുകൂടി ഊര്‍ജവും കുറച്ചുകൂടി പ്രത്യാശയും സംഭരിച്ച് ഫാസിസ്റ്റ് വിരുദ്ധ സമരം തുടരേണ്ടിവരും. നമുക്ക് വലിയ സമരങ്ങളൊന്നും ജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടില്ല. നമ്മള്‍ സ്വതന്ത്ര ഇന്ത്യയിലാണ് ജനിച്ചത്. ജനാധിപത്യത്തിന്റെ ഭാഗമായാണ് ജീവിച്ചത്. വളരെ കുറച്ചു കാലം മാത്രമേ അതിന് ഭീഷണികള്‍ നേരിട്ടിട്ടുള്ളൂ.
ആ അര്‍ഥത്തില്‍ ഏതു തലമുറയെ എടുത്തുനോക്കിയാലും അവര്‍ക്ക് പോരാട്ടത്തിന്റേതായ കഥ പറയാനുണ്ട്. നമ്മളെ സംബന്ധിച്ച് ഒരു പോരാട്ടത്തിന്റ അനുഭവമില്ല. ആ സ്ട്രഗ്ള്‍ ചിലപ്പോള്‍ ഇപ്പോഴായിരിക്കും നമ്മള്‍ നേരിടേണ്ടിവരിക. എന്തൊക്കെ പറഞ്ഞാലും, പോരാട്ടമാണ് ജനാധിപത്യത്തിന് ജീവവായു നല്‍കുന്നത്. ജനാധിപത്യത്തിന് ഓക്‌സിജന്‍ കൊടുക്കണമെങ്കില്‍ സ്ട്രഗ്ള്‍ വേണമല്ലോ. അത്തരമൊരു പോരാട്ടകാലമായിരിക്കാം ഒരുപക്ഷേ വരാനിരിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x