പൊലീസ് ഭരണവും ഔട്ട്‌സോഴ്‌സ് ചെയ്തുവോ?
എന്‍ പി ചെക്കുട്ടി
മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ മാധ്യമമായ ദി ഹിന്ദുവിന്റെ രാഷ്ട്രീയ ലേഖികയുമായി ദല്‍ഹിയില്‍ ഒരു അഭിമുഖം ഏര്‍പ്പാടാക്കിയത് പ്രമുഖ പി ആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് എന്ന് പ്രസ്തുത പത്രത്തിന്റെ പത്രാധിപര്‍ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചത്. അഭിമുഖത്തില്‍ പറയാത്ത ചില കാര്യങ്ങള്‍ വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ത്തത് സംബന്ധിച്ച വിവാദം കത്തിപ്പടര്‍ന്നപ്പോഴാണ് തങ്ങള്‍ക്കു അതില്‍ ചില പിഴവുകള്‍ പറ്റിയെന്നും ഏജന്‍സി എത്തിച്ചുതന്ന വിഷയങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നു എന്നും അദ്ദേഹം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തനത്തില്‍ അതൊരു മാന്യമായ രീതിയാണ്. തെറ്റുപറ്റിയാല്‍ അത് അംഗീകരിച്ചു തിരുത്തുക. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഖേദപ്രകടനം നടത്തുക. വിശ്വാസ്യത നിലനിര്‍ത്താന്‍ അത്തരം തുറന്ന സമീപനങ്ങള്‍ അനിവാര്യമാണ് എന്ന് നിലവാരമുള്ള മാധ്യമങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ അവ പൊതുസമൂഹത്തില്‍ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എന്തുകൊണ്ട് ഒരു അഭിമുഖം നടത്താനായി മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയുടെ സഹായം തേടി എന്ന ചോദ്യം നിലനില്‍ക്കുന്നു. അതൊരു ഗുരുതരമായ വിഷയമാണ്. അദ്ദേഹത്തിനു മാധ്യമ ഉപദേശകര്‍ തന്നെയുണ്ട് രണ്ടു പേര്‍. പിന്നെ മാധ്യമ സെക്രട്ടറിയും നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന ഒരു സെക്രട്ടറിയറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പൊരു കാലത്തും ഇത്രയും വിപുലമായ ഒരു മാധ്യമ സാമ്രാജ്യം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മാധ്യമബന്ധങ്ങള്‍ വെറും ഒന്നോ രണ്ടോ പേരെ മാത്രം വെച്ചാണ് നടത്തിവന്നിരുന്നത്. വി എസ് അച്യുതാന്ദന്റെ കാലത്തും കാര്യങ്ങള്‍ അപ്രകാരം തന്നെ. അവര്‍ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചില്ല. അതിനാല്‍ അതിന്റെ പേരില്‍ ആപത്തുകള്‍ നേരിടുകയും ചെയ്തില്ല.
എന്നാല്‍ ഇത്രയും വലിയൊരു മാധ്യമപ്പട ഉണ്ടായിട്ടും ഇന്നത്തെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഒരു പിആര്‍ ഏജന്‍സിയുടെ സഹായം വേണ്ടിവന്നു എന്ന ചോദ്യം പ്രസക്തമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഈ മാധ്യമപ്പട പണിയൊന്നും ചെയ്യാതെ വെറുതെ സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കുകയാണ്. അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് ഇന്ന് അനിവാര്യമായി മാറിയ ചില തരം സേവനങ്ങള്‍ നല്‍കാനുള്ള കെല്‍പ് അവര്‍ക്കില്ല. അതിനാല്‍ അത്തരം കാര്യങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നു.
ഇതില്‍ രണ്ടാമത് പറഞ്ഞ കാര്യമാണ് ശരിയാകാന്‍ ഇടയുള്ളത്. ദല്‍ഹിയില്‍ ദേശീയ മാധ്യമങ്ങളുമായി സംസാരിക്കാനും മുഖ്യമന്ത്രിയും പരിവാരവും ആഗ്രഹിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുത്താനും അദ്ദേഹത്തിന്റെ മാധ്യമപ്പട വിചാരിച്ചാല്‍ സാധിക്കുകയില്ല. അതിനാല്‍ പിആര്‍ ഏജന്‍സിക്കു കരാര്‍ കൊടുത്തു. എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍ അതില്‍ അത്യാവശ്യം വരേണ്ട ചില കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി വിട്ടുപോയി. അതിനാല്‍ അതൊരു കുറിപ്പായി ബന്ധപ്പെട്ട ലേഖികയ്ക്കു എത്തിച്ചു കൊടുത്തു. അവര്‍ അക്കാര്യം വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ത്തു. അത് പൊല്ലാപ്പാകുകയും ചെയ്തു.
എന്താണ് ഇങ്ങനെ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍? അത് ഇപ്രകാരമാണ്: ‘മുസ്ലിം തീവ്രവാദി വിഭാഗങ്ങള്‍ക്ക് എതിരെ ഞങ്ങളുടെ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍, ഞങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ നടപടിയെടുക്കുന്നു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയില്‍ നിന്നും 150 കിലോഗ്രാം സ്വര്‍ണവും 123 കോടി ഹവാലപ്പണവും സംസ്ഥാന പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. ഈ പണം കേരളത്തിലേക്കു വരുന്നത് ‘സംസ്ഥാന വിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കും ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ്.’
ഇത് സ്വാഭാവികമായും വലിയ വിവാദം ഉയര്‍ത്തി. കൊണ്ടോട്ടിക്കടുത്തു കരിപ്പൂരിലെ വിമാനത്താവളം മലബാറിലെ മുഴുവന്‍ ജനങ്ങളും കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ്. കള്ളക്കടത്തും ഹവാലക്കടത്തും അവിടെ മാത്രമുള്ള പ്രതിഭാസവുമല്ല. അതിനെതിരെ നടപടിയെടുക്കാന്‍ ശക്തമായ കസ്റ്റംസ് സംവിധാനവും നിലവിലുണ്ട്. അതിനു പുറമെയാണ് കേരളാ പൊലീസിന്റെ നടപടികള്‍. അത് കരിപ്പൂരിലെ മാത്രം കാര്യവുമല്ല. കേരളത്തില്‍ നാലു പ്രധാന വിമാനത്താവളങ്ങളുണ്ട്. അവയിലെല്ലാം ഇത്തരം കടത്തുകള്‍ നടക്കുന്നുമുണ്ട്; അവയില്‍ പലതും പിടിക്കപ്പെടുന്നുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് കരിപ്പൂര്‍ മാത്രം മുഖ്യമന്ത്രിയുടെ സവിശേഷ പരാമര്‍ശത്തിന് അര്‍ഹമാകുന്നത്? കരിപ്പൂരിലെ യാത്രക്കാര്‍ മുസ്ലിംകള്‍ മാത്രമാണ് എന്നാണോ അദ്ദേഹം മനസ്സിലാക്കുന്നത്? അദ്ദേഹത്തിന്റെ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോകേണ്ടിവന്നത് തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി എന്ന കേസിലാണ്. എന്തേ അതേക്കുറിച്ചു അദ്ദേഹം ഓര്‍ക്കാതെ പോയത്? കടത്തു കരിപ്പൂരിലാണെങ്കില്‍ ദേശവിരുദ്ധം, തലസ്ഥാനത്താണെങ്കില്‍ ദേശസ്‌നേഹപരം എന്നാവുമോ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍?
എന്തിനാണ് ഇതൊക്കെ ദല്‍ഹിയില്‍ പോയി ഇംഗ്ലീഷ് പത്രത്തിനോടു പറഞ്ഞത് എന്ന ചോദ്യത്തിന് ഒറ്റ മറുപടി മാത്രം. മോദിയും അമിത്ഷായും അത് വായിക്കണം. അതിലൂടെ ഒരു സന്ദേശം കേന്ദ്രസര്‍ക്കാറിനും അതിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് – ബി ജെ പി നേതൃത്വത്തിനും നല്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. കാലങ്ങളായി മലപ്പുറം ജില്ലയേയും അവിടെയുള്ള മുസ്ലിം ജനങ്ങളെയും കിരാതവത്കരിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണയുണ്ട് എന്നാണ് അദ്ദേഹം അവരെ അറിയിക്കുന്നത്. അതിനാല്‍ തങ്ങളുടെ സര്‍ക്കാരിനും പാര്‍ട്ടിക്കും അവരുടെ അകൈതവമായ പിന്തുണയും അനുഗ്രഹവും സഹായവും വേണം.
ഈ നിഗമനത്തെ സാധൂകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിരവധി കാര്യങ്ങള്‍ ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ പ്രധാനം കേരളാ പൊലീസില്‍ ആര്‍ എസ് എസ് നടത്തുന്ന നേരിട്ടുള്ള കൈകടത്തലാണ്. പൊലിസില്‍ ആര്‍ എസ് എസ് സ്വാധീനം പുതിയ കാര്യമല്ല. കേരളത്തില്‍ മാത്രമല്ല അതു സംഭവിക്കുന്നതും. ഗുജറാത്ത്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊലീസ് സംവിധാനം പതിറ്റാണ്ടുകളായി സംഘപരിവാര നിയന്ത്രണത്തിലാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്കും അവിടെ പൊലിസില്‍ നിന്നു നീതി കിട്ടാതെയായിട്ടു കാലം കുറെയായി. ബി ജെ പി അധികാരത്തില്‍ നിന്നു പോയാലും പലപ്പോഴും പൊലീസിലും ഭരണകൂടത്തിലും അവരുടെ സ്വാധീനം നിലനില്‍ക്കുന്നു. അതൊരു ദേശീയ ദുരന്തമാണ്.
പക്ഷേ ഇത്തരം ആപത്തുകളെപ്പറ്റി പൊതുവില്‍ ജാഗ്രതയോടെ നിന്ന പ്രതിപക്ഷ സര്‍ക്കാരുകളുടെ കൂട്ടത്തില്‍ മുന്‍കാലങ്ങളില്‍ സി പി എം നിയന്ത്രിക്കുന്ന സര്‍ക്കാരുകളും ഉണ്ടായിരുന്നു. പരസ്യമായ സംഘപരിവാര്‍ അനുഭാവം പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനം പോലുള്ള സുപ്രധാന മേഖലകളില്‍ നിന്നു മാറ്റിനിര്‍ത്തി പകരം പൊതുവില്‍ സത്യസന്ധരും നീതിബോധം പുലര്‍ത്തുന്നവരുമായ ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതിയും മുമ്പൊക്കെ ഉണ്ടായിരുന്നു. പിണറായി പോലും ആദ്യകാലങ്ങളില്‍ അത്തരമൊരു കര്‍ക്കശ സമീപനം പുലര്‍ത്തിയിരുന്നു. ടി പി സെന്‍കുമാറിനെ സംഘപരിവാര്‍ അനുഭാവി എന്നു കണ്ടെത്തി ഡി ജി പി പദവിയില്‍ നിന്നു മാറ്റിനിര്‍ത്തിയ കാര്യം ഓര്‍മിക്കുക. പിന്നീട് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സെന്‍കുമാറിന് പ്രസ്തുത പദവിയില്‍ തിരിച്ചെത്തി മാന്യമായി പെന്‍ഷന്‍ പറ്റാന്‍ സാധിച്ചത്.
എന്നാല്‍ പിണറായി വിജയന്റെ രണ്ടാം ഭരണത്തില്‍ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. സംഘപരിവാരവുമായി ഒരു ഏറ്റുമുട്ടലിനും അദ്ദേഹം ഇന്ന് തയ്യാറല്ല. ആര്‍ എസ് എസ് – ബി ജെ പി നേതൃത്വവുമായും കേന്ദ്ര സര്‍ക്കാരിലെ പ്രമുഖരുമായും അടുപ്പം സൂക്ഷിക്കാനും അവരുമായി രമ്യതയില്‍ പോകാനുമുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങളില്‍ കുറ്റം പറയേണ്ടതില്ല. നമ്മുടെ ജനാധിപത്യ ഭരണത്തില്‍ നാട്ടിലെ എല്ലാ കൂട്ടരുമായും നല്ല ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ ബാധ്യസ്ഥരാണ്. പിണറായിയും മുന്‍കാലങ്ങളില്‍ അത് നടപ്പിലാക്കിയിട്ടുമുണ്ട്. കണ്ണൂരില്‍ പതിറ്റാണ്ടുകളായി ആര്‍ എസ് എസ്- സി പി ഐ (എം) സംഘര്‍ഷങ്ങള്‍ നടന്നുവന്നിരുന്നു. അത് അവസാനിപ്പിക്കാന്‍ അദ്ദേഹം ആര്‍ എസ് എസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. അതിന്റെ നേട്ടങ്ങള്‍ കണ്ണൂരിനു മാത്രമല്ല, കേരളത്തിന് മുഴുക്കെ അനുഭവവേദ്യവുമായിരുന്നു.
പക്ഷേ അന്നൊക്കെ പൊതുതാല്പര്യങ്ങള്‍ക്കു വേണ്ടി പരസ്യമായാണ് ഇത്തരം ചര്‍ച്ചകള്‍ നടന്നതും നടപടികള്‍ സ്വീകരിച്ചതുമെല്ലാം. ശബരിമലയിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ കയറാനായി സ്ത്രീകള്‍ പുറപ്പെട്ടു വന്നപ്പോള്‍ അതു വലിയ സംഘര്‍ഷത്തിന് കാരണമായി. ആര്‍ എസ് എസ് നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങള്‍ പലതും നടന്നത്. ഒരവസരത്തില്‍ ക്ഷേത്രാങ്കണത്തില്‍ സംഘര്‍ഷം അനിയന്ത്രിതമായപ്പോള്‍ സംഘപരിവാര അണികളെ നിയന്ത്രിക്കാന്‍ സന്നിധാനത്തു വെച്ച് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ സഹായം പൊലീസ് തേടി. പൊലീസ് നല്‍കിയ മൈക്കിലാണ് അദ്ദേഹം അനുയായികളോടു സംസാരിച്ചത്.
എന്നാല്‍ അതില്‍ നിന്നൊക്കെ എത്രയോ മാറിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. കേരളാ പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത്കുമാര്‍ ആര്‍ എസ് എസ് നേതാക്കളായ ദത്താത്രേയ ഹൊസബളെ, റാം മാധവ് എന്നിവരുമായി കഴിഞ്ഞ വര്‍ഷം രഹസ്യ ചര്‍ച്ച നടത്തി എന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. സ്വര്‍ണപ്പിടുത്തത്തില്‍ കയ്യിട്ടു അദ്ദേഹം വന്‍തുക തട്ടിയെടുക്കുന്നു എന്ന ആരോപണം ഉന്നയിച്ചത് എല്‍ ഡി എഫ് എം എല്‍ എ ആയിരുന്ന പി വി അന്‍വറാണ്. ഏറ്റവും അവസാനം ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി നാലു മണിക്കൂര്‍ അദ്ദേഹം രഹസ്യ ചര്‍ച്ച നടത്തി എന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു. വേറെ ആരൊക്കെയായാണ് അദ്ദേഹത്തിന്റെ രഹസ്യ സഹവാസം എന്ന വിവരങ്ങള്‍ ഇനിയും കൂടുതല്‍ പുറത്തുവന്നേക്കാനും ഇടയുണ്ട്.
വളരെ അസാധാരണമായ ഒരു സാഹചര്യമാണ് ഇതിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നത്. ആര്‍ എസ് എസ് കടുത്ത വര്‍ഗീയ നിലപാടുകള്‍ എടുക്കുന്ന ഒരു പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നേരെ അവര്‍ സ്വീകരിക്കുന്ന വിനാശകരമായ നയങ്ങള്‍ ലോകത്തെല്ലാവര്‍ക്കും അറിയാം. കടുത്ത വംശഹത്യാ സമീപനത്തോടെയാണ് ഗുജറാത്തിലും യുപിയിലും ഒറീസ്സയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും അവര്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും വേട്ടയാടിയത്. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തിയ നിരവധി ജുഡീഷ്യല്‍ കമ്മീഷനുകള്‍ തന്നെ അത്തരം വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആര്‍ എസ് എസ് നമ്മുടെ രാജ്യത്തു സാമൂഹിക സമാധാനത്തിനു വലിയ ഭീഷണി ഉയര്‍ത്തുന്ന പ്രസ്ഥാനം തന്നെയാണ്. പൊലീസിലെ ഉന്നതര്‍ അവരുമായി രഹസ്യബന്ധങ്ങള്‍ സ്ഥാപിക്കുന്നത് ഒരു നാടിനും ഗുണം ചെയ്യുകയില്ല. അത് ആപത്തിന്റെ സൂചനയാണ്.
പൊതുസമൂഹത്തില്‍ അധികം പേരും ഈ വസ്തുതകള്‍ തിരിച്ചറിയുന്നുണ്ട്. സി പി എമ്മിലെ പല നേതാക്കളും ഇത്തരം ബന്ധങ്ങളുടെ ആപത്തിനെക്കുറിച്ചു ബോധവാന്മാരാണ്. സി പി ഐ, ആര്‍ ജെ ഡി അടക്കമുള്ള ഇടതുപക്ഷ മുന്നണിയിലെ പല പാര്‍ട്ടികളും പരസ്യമായി അതിലുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ നേരിട്ട എ ഡി ജി പിയെ ക്രമസമാധാന ചുമതലയില്‍ നിന്നു അടിയന്തിരമായി മാറ്റിനിര്‍ത്തണം എന്നും അവരൊക്കെ പല തവണ പരസ്യമായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ കുറിപ്പ് എഴുതുന്ന ദിവസം വരേയും അതില്‍ ഒരു നടപടിയും എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഡി ജി പിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ടു നോക്കാം എന്നതാണ് അദ്ദേഹം പരസ്യമായി എടുത്ത നിലപാട്. പക്ഷേ ഒരു മാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.
ഇത് വളരെ അസ്വാഭാവികമായ ഒരു കാര്യമാണ്. നേരത്തെ സെന്‍കുമാറിനെ മാറ്റുന്ന അവസരത്തില്‍ ഇത്തരമൊരു ഔദ്യോഗിക അന്വേഷണവും റിപ്പോര്‍ട്ടും ഒന്നും ആവശ്യമായി അദ്ദേഹത്തിന് തോന്നിയിരുന്നില്ല. ഒറ്റയടിക്ക് ഡി ജി പി പദവിയില്‍ നിന്നു സീനിയര്‍ ഉദ്യോഗസ്ഥനെ തെറിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. അതായതു ഇപ്പോള്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്തി ജനങ്ങളുടെ ഉത്കണ്ഠയ്ക്കു പരിഹാരം കാണുന്നതിന് അദ്ദേഹത്തിന്റെ മുന്നില്‍ ഭരണപരമായി ഒരു തടസ്സവുമില്ല.
എന്നാല്‍ തിരശീലയ്ക്കു അപ്പുറത്തു അദ്ദേഹം പല പ്രതിബന്ധങ്ങളും നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എട്ടുവര്‍ഷം മുമ്പ് അധികാരത്തില്‍ ചുമതലയേറ്റ കാലത്തെ അവസ്ഥയിലല്ല ഇന്ന് നമ്മുടെ മുഖ്യമന്ത്രി. പല തരത്തിലുള്ള കേസുകളും ആരോപണങ്ങളും അദ്ദേഹം നേരിടുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അനുഭവിച്ച തീ്രവവേദന ഓര്‍മിക്കുക. കുടുംബമാണ് അദ്ദേഹത്തിന്റെ ദുരിതങ്ങള്‍ക്കു പ്രധാന കാരണക്കാരായത്. അതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇന്ന് പിണറായി വിജയനും നേരിടുന്നുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ സത്യമുണ്ടാകാം; ഇല്ലെന്നുമിരിക്കാം. പക്ഷേ അത്തരം വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ ബന്ധനസ്ഥനാക്കിയിരിക്കുന്നു. അദ്ദേഹത്തിനു സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. അത് നാടിന്റെ ക്ഷേമത്തിനും സാമൂഹിക ഐക്യത്തിനും തന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യവും വന്നുകഴിഞ്ഞു.
അതിന്റെ ഫലമായി, കേരളത്തിലിന്നു ഭരണം ഒരു അനിശ്ചിതാവസ്ഥയിലേക്കു എത്തിയിരിക്കുന്നു. ആരാണ് യഥാര്‍ഥത്തില്‍ ഈ നാട് ഭരിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. ഭരണത്തകര്‍ച്ചയുടെ ഏറ്റവും പ്രധാന ലക്ഷണം, പ്രധാനപ്പെട്ട ഭരണ ചുമതലകള്‍ പലതും പുറമെയുള്ള കൂട്ടര്‍ക്കു ഔട്ട്‌സോഴ്‌സ് ചെയ്തു കൊടുക്കേണ്ട നിര്‍ഭാഗ്യകരുമായ അവസ്ഥയാണ്. മരണാസന്നമായ ഒരു ഭരണകൂടം, സ്വയമേവയുള്ള ചലനശേഷി നഷ്ടപ്പെട്ടു പോയ ഒരു സര്‍ക്കാര്‍ സംവിധാനവും പാര്‍ട്ടിയും. ഇന്നത്തെ കേരളത്തിലെ സര്‍ക്കാരും മുഖ്യ ഭരണകക്ഷി സി പി എമ്മും അത്തരമൊരു വേദനാജനകമായ ചിത്രമാണ് ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നത്. മുമ്പൊരു ഇടതുപക്ഷ സര്‍ക്കാരിനും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായിട്ടില്ല.
ഇന്നത്തെ സര്‍ക്കാരിന് അത്തരമൊരു പ്രതിസന്ധി ഉണ്ടാക്കിയത് പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകള്‍ തന്നെയാണ് എന്നും പറയേണ്ടി വരും. പാര്‍ട്ടിയും സര്‍ക്കാരും ഭരണവും എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ മാത്രമായി ചുരുങ്ങി. പാര്‍ട്ടിയും നേതാക്കളും വെറും നിഴലുകളായി മാറി. ഭരണമെന്നതു നിഴല്‍ക്കൂത്തായി; പിന്നിലിരുന്നു ചരടുവലിക്കുന്നത് ഏതോ ഇരുണ്ട ശക്തികളും. ആസന്നമായ അന്ത്യത്തെ പ്രതീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ ദയനീയ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നില്‍ അവതീര്‍ണമാകുന്നത്.