21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

പി എന്‍ ആസ്യ മദനിയ്യ

ഉബൈദുല്ല പുത്തൂര്‍പള്ളിക്കല്‍


പുത്തൂര്‍പള്ളിക്കല്‍: ഐ എസ് എം വനിതാ വിംഗിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയും പ്രഭാഷകയും എഴുത്തുകാരിയുമായിരുന്ന പി എന്‍ ആസ്യ മദനിയ്യ (77) നിര്യാതയായി. പൗരപ്രമുഖനും അധ്യാപകനും ആയിരുന്ന പരേതനായ പുളിക്കല്‍ പി എന്‍ മമ്മദ് കുട്ടി മൗലവിയുടെ മകളും പറവന്നൂര്‍ ടി കെ അബ്ദുല്‍മജീദ് മാസ്റ്ററുടെ ഭാര്യയുമായിരുന്നു. ഇസ്‌ലാഹി പ്രബോധന രംഗത്ത് ത്യാഗപൂര്‍ണമായ സേവനങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ട്. പഠനകാലത്ത് തന്നെ എഴുത്തിലും പ്രസംഗത്തിലും കഴിവ് തെളിയിച്ചു. 1960കള്‍ മുതല്‍ 80കള്‍ വരെയുള്ള കാലത്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളിലും കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും മുജാഹിദ് വേദികളില്‍ നിറസാന്നിധ്യമായിരുന്നു. ഇസ്‌ലാമിക വിഷയങ്ങളില്‍ റേഡിയോ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കേരള ഇസ്‌ലാമിക് സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അല്‍ മുര്‍ശിദ്, അല്‍മനാര്‍, എം ഇ എസ് ജേണല്‍, ശബാബ്, വിവിധ സുവനീറുകള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖികയായിരുന്നു.
ഐ എസ് എം വനിതാവിംഗ് സാരഥിയായ കാലഘട്ടങ്ങളില്‍ ഗൃഹ സന്ദര്‍ശനത്തിലൂടെയും മറ്റും സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവരെ പള്ളിയുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടി നേതൃപരമായ പങ്ക് നിര്‍വഹിക്കുകയുണ്ടായി. ആന്തിയൂര്‍കുന്ന് പ്രദേശത്തെ ഇസ്‌ലാഹി ചലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ച ഇസ്‌ലാമിക് പ്രൊപ്പഗേഷന്‍ സൊസൈറ്റിയുടെ രൂപീകരണത്തിന് നേതൃപരമായ പങ്കുവഹിച്ചു. 1966ല്‍ ബിരുദം നേടിയശേഷം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് ഗേള്‍സ്, പേട്ട, കരുവന്‍തുരുത്തി, മീഞ്ചന്ത ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. പി എന്‍ ഫാത്തിമകുട്ടി മദനിയ്യ, പി എന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സഹോദരങ്ങളാണ്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി പരലോക ജീവിതം ധന്യമാക്കട്ടെ.

Back to Top