പ്ലാസ്റ്റിക് മാലിന്യം; പെപ്‌സിക്കും കോളക്കും എതിരെ നിയമനടപടി
പ്ലാസ്റ്റിക് ബോട്ടില്‍ മാലിന്യത്തിന്റെ പേരില്‍ ശീതള പാനീയ കമ്പനികളായ പെപ്‌സിക്കും കൊക്കക്കോളക്കുമെതിരെ നിയമനടപടി സ്വീകരിച്ച് യു എസിലെ ലോസ് ആഞ്ചലസ് കൗണ്ടി. പ്ലാസ്റ്റിക് ബോട്ടിലുകളുടെ പുനരുല്‍പാദനത്തെക്കുറിച്ച് ഉപഭോക്താക്കളെ കമ്പനികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചു. നിയമവിരുദ്ധ ബിസിനസ് രീതികള്‍ തുടരുന്ന പെപ്‌സിയും കൊക്കക്കോളയും പിഴയടക്കണമെന്നും ആവശ്യപ്പെട്ടു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ബോട്ടിലുകള്‍കൊണ്ട് കമ്പനികള്‍ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ പുനരുപയോഗിക്കാവുന്നതാണെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്. കമ്പനികള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൊതുശല്യമാണ്. കൊക്കക്കോളയും പെപ്‌സിയും വഞ്ചന അവസാനിപ്പിക്കുകയും പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും ലോസ് ആഞ്ചലസ് കൗണ്ടി ഭരണകൂടത്തിന്റെ അധ്യക്ഷയായ ലിന്‍ഡ്‌സെ ഹോര്‍വാത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പരാതിയെക്കുറിച്ച് പെപ്‌സിയും കൊക്കക്കോളയും പ്രതികരിച്ചിട്ടില്ല.