പാലക്കാട് ഉപതിരഞ്ഞെടുപ്പ് മതേതര വോട്ടുകള്‍ ഭിന്നിക്കരുത്
ടി റിയാസ് മോന്‍
2015 മുതല്‍ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മലബാറിലെ സംഘ്പരിവാറിന്റെ ആദ്യത്തെ രാഷ്ട്രീയ വിജയം. കോണ്‍ഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയിരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 2016ലും 2021ലും മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലായി. ഇടതുപക്ഷം മൂന്നാം സ്ഥാനത്തായി. മൂന്നു തവണ പാലക്കാട് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഷാഫി പറമ്പില്‍ ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. സംഘ്പരിവാര്‍ ഫാസിസത്തിന്റെ മലബാറിലെ പരീക്ഷണശാലയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പാരവം. 2015ലെ പാലക്കാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഒന്നാം കക്ഷിയായ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമായിരുന്നു സിപിഎമ്മിന്. എന്നാല്‍ അങ്ങനെ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റണമെന്ന് സിപിഎമ്മിന് മോഹമുണ്ടായിരുന്നില്ല. 2020ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ 52ല്‍ 28 സീറ്റ് നേടി ബിജെപി ഒറ്റയ്ക്ക് അധികാരം പിടിച്ചു.
പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ പകുതിയിലേറെ ഭാഗവും പാലക്കാട് നഗരസഭയാണ്. ആകെയുള്ള 180 ബൂത്തില്‍ 104 എണ്ണവും നഗരസഭയിലാണ്. നഗരസഭയ്ക്കു പുറമെ പിരായിരി, മാത്തൂര്‍, കണ്ണാടി ഗ്രാമപഞ്ചായത്തുകളും മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. പിരായിരി, മാത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫും, കണ്ണാടി എല്‍ഡിഎഫും ഭരിക്കുന്നു. പഞ്ചായത്തുകളില്‍ ബിജെപി മൂന്നാം സ്ഥാനത്താണ്. പിരായിരിയില്‍ മൂന്ന് അംഗങ്ങളും മാത്തൂരില്‍ ഒരു അംഗവുമാണ് ബിജെപിക്കുള്ളത്. നഗരത്തില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ പൊരുതുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ മത്സരം നടക്കുന്നു എന്നതാണ് പാലക്കാടിന്റെ സവിശേഷത. നഗരസഭയില്‍ ഭൂരിപക്ഷം നേടിയാലും പഞ്ചായത്തുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിനാലാണ് നിയമസഭാ മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടുന്നത്.
ജാതി, മതം തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പ്രാഥമികമായി നഗരസഭയിലെ പ്രാതിനിധ്യം ഇങ്ങനെ വിലയിരുത്താം. 70%ലേറെ ഹിന്ദു വിഭാഗങ്ങളും 25% മുസ്‌ലിംകളും 5% ക്രിസ്ത്യാനികളും. മൂത്താന്‍ സമുദായം ബിജെപിക്കൊപ്പവും തമിഴ് ബ്രാഹ്മണര്‍ കോണ്‍ഗ്രസിനൊപ്പവുമായിരുന്നു. എന്നാല്‍ തമിഴ് ബ്രാഹ്മണര്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് ബിജെപിക്കൊപ്പം നിന്നതോടെയാണ് പാലക്കാട്ട് ബിജെപിയുടെ ശക്തി വര്‍ധിച്ചത്. 64 അഗ്രഹാരങ്ങള്‍ പാലക്കാട്ട് ഉണ്ടെന്ന് അഡ്വ. തുഷാര്‍ നിര്‍മല്‍ സ്വാമി പറയുന്നു (ഏഷ്യന്‍ സ്പീക്‌സ്). പ്രധാനപ്പെട്ട 20ഓളം അഗ്രഹാരങ്ങള്‍ പാലക്കാട് നഗരത്തിലുണ്ട്. എങ്കിലും പാലക്കാട്ടെ ഭൂരിപക്ഷം ഹിന്ദുക്കളും ഈഴവ-പട്ടികജാതി വിഭാഗങ്ങളാണ്. ഇവര്‍ മുന്‍കാലങ്ങളില്‍ സിപിഎമ്മിനോട് ചേര്‍ന്നാണ് നിന്നിരുന്നത്. എല്ലാ ജാതി വിഭാഗങ്ങളിലും പിന്തുണ വര്‍ധിപ്പിക്കാന്‍ ബിജെപി കാലങ്ങളായി ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ ജനകീയാടിത്തറ തകര്‍ത്താണ് പാലക്കാട്ട് ബിജെപി അധീശത്വം സ്ഥാപിക്കുന്നത്. വിവിധ ജാതിവിഭാഗങ്ങളുടെ അമ്പലങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ നിയന്ത്രണവും നേതൃത്വവും ഏറ്റെടുത്തുകൊണ്ടാണ് സംഘ്പരിവാര്‍ അതിന്റെ സോഷ്യല്‍ എന്‍ജിനീയറിങ് നിര്‍വഹിച്ചത്.
മുസ്‌ലിം വിരുദ്ധ
പോലീസ്
2024 ഫെബ്രുവരിയില്‍ നടന്ന 20ാമത് ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്ടെ മുസ്‌ലിം കേന്ദ്രമായ മേപ്പറമ്പില്‍ ബിഎംഎസ് കൊടി കെട്ടി. യുവാക്കള്‍ കൊടി പറിച്ചെറിഞ്ഞു. അതേത്തുടര്‍ന്ന് ഒരു മാസത്തോളമാണ് പോലീസ് മേപ്പറമ്പില്‍ ക്യാമ്പ് ചെയ്തത്. പാലക്കാട് ഒരു മെട്രോപൊളിറ്റന്‍ നഗരമാണ്. എന്നാല്‍ അതിനകത്ത് ഓരോ മതവിഭാഗവും താമസിക്കുന്ന നിരവധി തെരുവുകളും കോളനികളുമുണ്ട്. പട്ടാണിത്തെരുവ്, പുതുപ്പള്ളിത്തെരുവ്, കല്‍മണ്ഡപം, മേപ്പറമ്പ്, വലിയങ്ങാടി, പറക്കുന്നം തുടങ്ങിയവ മുസ്‌ലിം കേന്ദ്രങ്ങളാണ്. മൂത്താന്തറ, വടക്കുംതറ, പട്ടിക്കര, മേലാമുറി എന്നിവ ഹിന്ദു ഭൂരിപക്ഷ മേഖലകളാണ്. അതിനാല്‍ തന്നെ പാലക്കാട് നഗരത്തിന്റെ അകത്ത് ഓരോ റോഡിനും ഇടവേളകളില്‍ സാമുദായിക നിറം വന്നുപോകുന്നുണ്ട്. മുസ്‌ലിംകളെ അപരവത്കരിച്ച് ഒരു ഹിന്ദു ധ്രുവീകരണത്തിലൂടെ തങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താനുള്ള തന്ത്രങ്ങളാണ് നഗരത്തില്‍ ബിജെപി പയറ്റുന്നത്.
കല്‍പാത്തിയിലെ ബ്രാഹ്മണ അഗ്രഹാരങ്ങള്‍ക്കു മുന്നില്‍ മുസ്‌ലിം ലീഗിന്റെ കൊടി ഉയര്‍ത്താതിരിക്കുന്നതുപോലെയാണ് പുതുപ്പള്ളിത്തെരുവിലും മേപ്പറമ്പിലും ബിജെപി കൊടികെട്ടാതിരിക്കുന്നതും. പുറമെ നിന്നുള്ളവര്‍ കൊടി കെട്ടരുതെന്നത് സംഘര്‍ഷസാധ്യതയുള്ള ഒരിടത്തെ മര്യാദയാണ്. ബിജെപിയുടെ തൊഴിലാളി വിഭാഗമായ ബിഎംഎസ് ഒരു മുസ്‌ലിം കേന്ദ്രത്തില്‍ കൊടി കെട്ടുന്നത് പ്രകോപനം സൃഷ്ടിക്കാനാണ്. എന്നാല്‍ കേരള പോലീസ് അക്കാരണത്താല്‍ ഒരു മാസം മേപ്പറമ്പില്‍ ക്യാമ്പ് ചെയ്യുന്നത് ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാനാണ്. മുസ്‌ലിം യുവാക്കള്‍ പ്രശ്‌നക്കാരാണ് എന്ന പ്രതീതി സൃഷ്ടിച്ച് മറുവിഭാഗത്തെ വര്‍ഗീയമായി സംഘടിപ്പിക്കാനുള്ള തന്ത്രമാണത്. പാലക്കാട്ടെ പോലീസിന്റെ മുസ്‌ലിം വിരുദ്ധതയെ മൂകമായി പിന്തുണയ്ക്കുകയാണ് പാലക്കാട്ടെ സിപിഎം നേതൃത്വം ചെയ്തത്. പൊതുവില്‍ ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ഈ വിമര്‍ശനത്തില്‍ സാംഗത്യമുണ്ട്.
പുതുപ്പള്ളിത്തെരുവും പട്ടാണിത്തെരുവും പ്രശ്‌നബാധിത പ്രദേശങ്ങളാണ് എന്നത് സംഘ്പരിവാറിന്റെ ഭാഷ്യമാണ്. അത് ഏറ്റുപാടുകയല്ല പോലീസ് ചെയ്യേണ്ടത്. പാലക്കാട് അനേകം ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ്. ആ ഗ്രാമങ്ങളിലെല്ലാം ഒന്നാം കക്ഷി സിപിഎമ്മാണ്. സാമ്പത്തികമായി ദുര്‍ബലരായ മുസ്‌ലിംകളില്‍ വലിയൊരു പങ്ക് ആ പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ വോട്ട്ബാങ്ക് ആണ്. അതേ മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള സംഘ്പരിവാറിന്റെ അജണ്ടയ്ക്കാണ് പാലക്കാട്ടെ പോലീസ് പണിയെടുക്കുന്നത് എന്ന ആരോപണം ഗൗരവതരമാണ്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം വര്‍ഗീയ അസ്വാരസ്യങ്ങള്‍ പാലക്കാട്ടുണ്ടായി. 1991ല്‍ രഥയാത്രയോടനുബന്ധിച്ച് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നിസയെന്ന പെണ്‍കുട്ടിയെ പോലീസ് വെടിവെച്ചു കൊന്നു. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസിലെ സി എം സുന്ദരം പരാജയപ്പെടുകയും സിപിഎമ്മിലെ ടി കെ നൗഷാദ് വിജയിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ എംഎല്‍എയായിരുന്ന സി എം സുന്ദരം തങ്ങളെ സഹായിച്ചില്ലെന്ന വികാരം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. ഇതിനെ ടി കെ നൗഷാദിനെ സ്ഥാനാര്‍ഥിയാക്കി സിപിഎം വോട്ടാക്കി മാറ്റി.
സി എം സുന്ദരം പരാജയപ്പെട്ടതോടെ ബ്രാഹ്മണര്‍ക്കും മറ്റു സവര്‍ണര്‍ക്കുമിടയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവ് ഇല്ലാതായി. ഇതോടെ കോണ്‍ഗ്രസില്‍ നിന്നു പട്ടന്‍മാരുടെ ബിജെപി കൂടുമാറ്റം ശക്തമായി. 1996ല്‍ ജയിച്ച സിപിഎമ്മിന് പിന്നീട് 2006ല്‍ ഒരിക്കല്‍ കൂടി ജയിക്കാനായി. ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്തായ എ വി ഗോപിനാഥാണ് അന്ന് പരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്നായിരുന്നു എ വി ഗോപിനാഥിന്റെ പരാജയം.
വെറുപ്പിന്റെ രാഷ്ട്രീയം
അധികാരം കൊയ്യരുത്
ഇക്കഴിഞ്ഞ ലോക്‌സഭാ മണ്ഡലത്തില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് 9500 വോട്ടിന്റെ ലീഡുണ്ട്. മുസ്‌ലിംലീഗ് ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ 6500 വോട്ടിന്റെ ലീഡുണ്ട്. പാലക്കാട് നഗരസഭയില്‍ 500 വോട്ടിന്റെ ലീഡുണ്ട്. മുസ്‌ലിംലീഗിന് സംഘടനാ സംവിധാനമുള്ള 50 ബൂത്തുകളിലും യുഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സി പി പ്രമോദിനു വേണ്ടി ഇടതു അഭിഭാഷക സംഘടനയുടെ പ്രചാരണ കാമ്പയിന്‍ മുസ്‌ലിം കേന്ദ്രങ്ങളില്‍ മാത്രമാണ് നടന്നത്. ബിജെപിക്കെതിരെ മതേതര വോട്ടുകള്‍ ഒരുമിക്കേണ്ട സാഹചര്യം പാലക്കാട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം എളുപ്പമാക്കാനുള്ള ശ്രമം അനുവദിക്കരുത്. ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് ഇടതുപക്ഷം വോട്ട് നല്‍കി സഹായിക്കുകയാണ് ചെയ്യുന്നത് എന്ന പ്രചാരണം ഉണ്ടെങ്കിലും അതില്‍ യാഥാര്‍ഥ്യമില്ലെന്നാണ് അടിത്തട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യസഭയിലേക്ക് ഹാരിസ് ബീരാനും സിപിഐയുടെ പി പി സുനീറും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചായിരുന്നു. ഈഴവ-തിയ്യ സമൂഹത്തെ ബിജെപിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനുള്ള അജണ്ട ഒരു പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യരൂപമായിരുന്നു ബിഡിജെഎസ്. മുസ്‌ലിംകള്‍ വളരുകയും അനര്‍ഹമായി പലതും നേടുകയും ചെയ്യുന്നു എന്നതാണ് പ്രചാരണങ്ങളുടെ ഹൈലൈറ്റ്.
സംസ്ഥാനത്തെ ഉദ്യോഗ പ്രാതിനിധ്യത്തില്‍ മുസ്‌ലിംകള്‍ ഏറ്റവും പിന്നാക്കമാണെന്ന കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം പുറത്തുവിട്ടുകഴിഞ്ഞു. ഉദ്യോഗരംഗത്ത് പിന്നാക്കാവസ്ഥയുണ്ടെങ്കിലും ചെറുകിട കച്ചവടങ്ങളിലൂടെയും പഴം-പച്ചക്കറി-മത്സ്യ-മാംസ വില്‍പനയിലൂടെയുമാണ് മുസ്‌ലിംകള്‍ അതിജീവിക്കുന്നത്. അഥവാ തെരുവുകളിലും പട്ടണങ്ങളിലും മുസ്ലിംകള്‍ക്ക് കേരളത്തില്‍ ദൃശ്യത ലഭിക്കുന്നുണ്ട്. ഇതിനെ ചൂണ്ടിക്കാണിച്ചാണ് ബിജെപി വര്‍ഗീയത വളര്‍ത്തുന്നത്. ഈ വര്‍ഗീയ പ്രചാരണം പാലക്കാട്ടും നടക്കുന്നുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിജയിക്കാതിരിക്കാന്‍ മതേതര രാഷ്ട്രീയത്തെ വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
അവിശുദ്ധ
രാഷ്ട്രീയത്തിന്റെ
കോട്ട മൈതാനം
2015ല്‍ യുഡിഎഫും ഇടതുപക്ഷവും ചേര്‍ന്നുനിന്നിരുന്നുവെങ്കില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയാമായിരുന്നു. എന്നാല്‍ ബിജെപി നഗരസഭ ഭരിക്കുന്നതാണ് തങ്ങളുടെ റിയല്‍ എസ്റ്റേറ്റ്-സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഗുണകരമെന്ന് കരുതിയ ഒരു വിഭാഗം ഇടത്-ഐക്യമുന്നണികളില്‍ ഉണ്ടായിരുന്നു. അവരാണ് പാലക്കാട്ടെ ബിജെപിയുടെ വളര്‍ച്ച എളുപ്പമാക്കിയത്. പാലക്കാട് നഗരസഭയിലെ അമൃത് പദ്ധതി ഉള്‍പ്പെടെയുള്ളവയിലെ ക്രമക്കേടുകള്‍, അഴിമതി എന്നിവക്കെതിരെ പ്രതിപക്ഷം പുലര്‍ത്തുന്ന മൗനമാണ് 2025ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ള ധൈര്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും തങ്ങളുടെ വിശ്വസ്തര്‍ വഴി വിവരങ്ങള്‍ ശേഖരിച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞിട്ടുള്ളത്.
52 സീറ്റുള്ള പാലക്കാട് നഗരസഭയില്‍ ബിജെപി 28 സീറ്റില്‍ വിജയിച്ചത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്ത്രവും ഇതര പാര്‍ട്ടികളിലെ തങ്ങളുടെ കൂട്ടുകച്ചവടക്കാരെയും ഉപയോഗിച്ചാണ്. ഉദാഹരണമായി മുസ്‌ലിം ഭൂരിപക്ഷ വാര്‍ഡായ മേപ്പറമ്പില്‍ (48) ബിജെപി വിജയിച്ചു. ഒന്നിലധികം മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടാകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഒലവക്കോട് വാര്‍ഡില്‍ കോണ്‍ഗ്രസിനകത്ത് വിള്ളലുണ്ടാക്കിയാണ് ബിജെപി ജയിച്ചത്. ബിജെപിയുടെ ഇത്തരം തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചാല്‍ പാലക്കാട് നഗരസഭയില്‍ 20ല്‍ താഴെ സീറ്റുകളിലേക്ക് അവരുടെ എണ്ണം പരിമിതപ്പെടുത്താനാകും. കച്ചവട താല്‍പര്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടികള്‍ക്കതീതമായി സ്ഥാപിതതാല്‍പര്യക്കാര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന കൂറുമുന്നണിയുടെ നേതൃത്വം പാലക്കാട്ട് ബിജെപിക്കാണ്. വിജിലന്‍സ് അന്വേഷണം നടക്കുന്ന മാധവരാജ ക്ലബ്ബിന്റെ നികുതി കുടിശ്ശിക കേസിലടക്കം ഇതര പാര്‍ട്ടികളില്‍ പെട്ടവരും ബിജെപിയും ഒരേ സ്വരത്തില്‍ സംസാരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പിലും അനുകൂലമായി പ്രതിഫലിക്കുമെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം.
ബിജെപിയുടെ രാഷ്ട്രീയത്തെ ജാഗ്രതയോടെ പ്രതിരോധിക്കുകയും, നഗരസഭയിലെ ഭരണപരാജയത്തെ നിര്‍ഭയം തുറന്നുകാട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസിനെയാണ് മതേതര കേരളത്തിന് ആവശ്യം. പാലക്കാട്ടെ പ്രാദേശിക നേതൃത്വം അക്കാര്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പാലക്കാട്ട് ഇടപെടുകയാണ് വേണ്ടത്. ബിജെപി വിരുദ്ധ വോട്ടുകള്‍ താനേ പെട്ടിയിലായാല്‍ മതിയെന്ന ധാരണ കോണ്‍ഗ്രസ് തിരുത്തണം. നഗരസഭയിലെ ബിജെപി ഭരണവുമായി കോംപ്രമൈസ് ചെയ്യുന്ന കോണ്‍ഗ്രസിനെ കേരളത്തിന് ആവശ്യമില്ല. പൊരുതാന്‍ ശേഷിയുള്ള കോണ്‍ഗ്രസിനെയാണ് മതേതര സമൂഹം പ്രതീക്ഷിക്കുന്നത്.