ഉദ്‌ഹിയ്യത്ത് നിര്‍ബന്ധ കര്‍മമാണോ
പി കെ മൊയ്‌തീന്‍ സുല്ലമി
ബലികര്‍മങ്ങള്‍ നിര്‍വഹിക്കാറുള്ളത് രണ്ട് നിലയിലാണ്. ഭക്ഷിക്കാന്‍ വേണ്ടിയും ആരാധനകളുടെ ഭാഗമായും. നമസ്‌കാരം പോലെ ഒരു ആരാധനാ കര്‍മമാണ് ബലികര്‍മവും. അതുകൊണ്ടാണ് അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി ബലികര്‍മം നിര്‍വഹിക്കല്‍ ഇസ്‌ലാം ശിര്‍ക്കായി (ബഹുദൈവരാധന) പ്രഖ്യാപിച്ചത്. അല്ലാഹു പറയുന്നു: “അതിനാല്‍ നീ നിന്റെ രക്ഷിതാവിനുവേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.” (കൗഥര്‍ 2)
അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത് ഭക്ഷിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: “ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്… എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.” (മാഇദ 3)
ഒരു വ്യക്തി ഉദ്‌ഹിയ്യത്ത് നിര്‍വഹിക്കുന്നത് ഇബ്‌റാഹീം നബി(അ)യുടെയും ഇസ്‌മാഈല്‍ നബി(അ)യുടെയും പൊരുത്തവും തൃപ്‌തിയും കാംക്ഷിച്ചാണെങ്കില്‍ അത്തരം ബലികര്‍മങ്ങളും ശിര്‍ക്കില്‍ ഉള്‍പ്പെടുന്നതാണ്. ഉദ്‌ഹിയ്യത്ത് എന്ന സല്‍ക്കര്‍മത്തിന്റെ പിന്നിലുള്ളത് ത്യാഗവും ദൈവഭക്തിയുമാണ്. അല്ലാഹു പറയുന്നു: “അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ഭക്തിയാണ് അവങ്കല്‍ എത്തുന്നത്.” (ഹജ്ജ് 37)
ഉദ്‌ഹിയ്യത്തിന്റെ ചരിത്രം ഇബ്‌റാഹീം നബി(അ)യുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റേതാണ്. അല്ലാഹുവിന്റെ തൃപ്‌തിക്കുവേണ്ടി പുത്രന്‍ ഇസ്‌മാഈലിനെ ബലികൊടുക്കാന്‍ ഇബ്‌റാഹീം(അ) സന്നദ്ധനാണോ എന്ന പരീക്ഷണമാണ് അല്ലാഹു നടത്തിയത്. രണ്ടു പേരും അതിന് സന്നദ്ധരായി എന്നതിന്റെ അടിസ്ഥാനത്തില്‍ അല്ലാഹു മകനെ അറുക്കുന്നതിന് പകരം ഒരു ബലിമൃഗത്തെ അറുത്താല്‍ മതി എന്ന് കല്‌പിക്കുകയാണുണ്ടായത്. ഇക്കാര്യം സൂറത്ത് സ്വാഫ്‌ഫാത്ത് 102 മുതല്‍ 107-ാം വചനം വരെ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഹിയ്യത്തിന് നബി(സ) തന്റെ ചര്യയിലൂടെ മാതൃക കാണിച്ചിട്ടുണ്ട്. അനസ്(റ) പറയുന്നു: നബി(സ) കറുപ്പും വെളുപ്പും നിറമുള്ളതും കൊമ്പുള്ളതുമായ രണ്ട് ആടുകളെയാണ് ബലിയറുത്തത്” (ബുഖാരി, മുസ്‌ലിം). നബി(സ) രണ്ട് ആടുകളെ അറുത്തത് ഒന്ന് തനിക്കുവേണ്ടിയും മറ്റൊന്ന് വീട്ടുകാര്‍ക്കുവേണ്ടിയുമായിരുന്നു. അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഒരാള്‍ തന്നെ തനിക്കും കുടുംബത്തിനും ഒരാട് വീതം അറുക്കാറുണ്ടായിരുന്നു. (ഇബ്‌നുമാജ, തിര്‍മിദി)
തനിക്കും കുടുംബത്തിനും ഒരു ആടിനെ മാത്രം അറുത്താലും സുന്നത്ത് ലഭിക്കുന്നതാണ്. സയ്യിദ് സാബിഖ്(റ) പറയുന്നു: “ഒരു വ്യക്തിക്കും കുടുംബത്തിനും വേണ്ടി ഒരു ആടിനെ അറുത്താല്‍ മതിയാകുന്നതാണ്. സ്വഹാബിമാരില്‍ ചിലര്‍ ഇപ്രകാരം ചെയ്‌തിരുന്നു.” (ഫിഖ്‌ഹുസ്സുന്ന 1:323)
മാട് വര്‍ഗത്തില്‍ പെട്ട മൃഗങ്ങളാണെങ്കില്‍ ഏഴുപേര്‍ക്ക് പങ്കാളികളായി ബലി നടത്താവുന്നതാണ്. ഇമാം മാലിക്(റ) ജാബിറില്‍(റ) നിന്നു ഉദ്ധരിക്കുന്നു: ഹുദയ്‌ബിയ വര്‍ഷത്തില്‍ ഞങ്ങള്‍ നബി(സ)യോടൊപ്പം ഏഴു പേര്‍ വീതം ഓഹരിയെടുത്ത് ഒട്ടകത്തെയും അപ്രകാരം പശു (വിഭാഗത്തില്‍) വിനെയും ബലി നടത്തുകയുണ്ടായി. (മുവത്വ 2:486 മുസ്‌ലിം 350)
നല്ല ആരോഗ്യമുള്ളതും ന്യൂനതകളില്ലാത്തതുമായ മൃഗങ്ങളെ മാത്രമേ ബലിയറുക്കാവൂ എന്ന് നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. നാലു വിഭാഗം മൃഗങ്ങളെ ഉദ്‌ഹിയ്യത്തിന് പരിഗണിക്കില്ല. വ്യക്തമായ രോഗമുള്ളത്, മുടന്തുള്ളത്, കാഴ്‌ച നഷ്ടപ്പെട്ടത്, മെലിഞ്ഞൊട്ടി മജ്ജ നഷ്ടപ്പെട്ടത് എന്നിവയാണവ. (തിര്‍മിദി)
ബലികര്‍മം നടത്തേണ്ടത് പെരുന്നാള്‍ നമസ്‌കാര ശേഷമാണ്. അതിന് മുമ്പ് നടത്തുന്നവയ്‌ക്ക് ഉളുഹിയ്യത്തിന്റെ സുന്നത്ത് ലഭിക്കുന്നതല്ല. നബി(സ) പറയുന്നു: “വല്ലവനും പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ബലി നടത്തുന്നപക്ഷം അവന്‍ അവനു വേണ്ടി മാത്രമാണ് ബലികര്‍മം നടത്തുന്നത്. നമസ്‌കാരത്തിനും രണ്ട് ഖുതുബകള്‍ക്കും (രണ്ടാമത്തെ ഖുത്‌ബ എന്നതു കൊണ്ടുള്ള ഉദ്ദേശ്യം സ്‌ത്രീകള്‍ക്ക് പ്രത്യേകമായുള്ള ഉപദേശമാണ്) ശേഷവുമാണ് വല്ലവനും ബലികര്‍മം പൂര്‍ത്തിയാക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സുന്നത്ത് അവന് ലഭിക്കുകയും ചെയ്യും.” (ബുഖാരി, മുസ്‌ലിം)
ഉദ്‌ഹിയ്യത്ത് മുസ്‌ലിംകള്‍ക്ക് പ്രബലമായ സുന്നത്താകുന്നു. കാരണം അത് ഖുര്‍ആനും സുന്നത്തും പ്രോത്സാഹിപ്പിച്ച കാര്യമാണ്. എന്നാല്‍ ചിലര്‍ താഴെ വരുന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ അത് സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് നിര്‍ബന്ധമാണെന്ന് പറയാറുണ്ട്. ഇത് ശരിയല്ല. പ്രസ്‌തുത ഹദീസ് ഇപ്രകാരമാണ്: “നബി(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: വല്ലവനും സാമ്പത്തിക ശേഷിയുണ്ടായിട്ടും അവന്‍ ഉദ്‌ഹിയ്യത്ത് നിര്‍വഹിക്കാത്ത പക്ഷം അത്തരക്കാര്‍ പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് ഒരിക്കലും അടുത്ത് പോകരുത്” (ഇബ്‌നുമാജ).
ഈ റിപ്പോര്‍ട്ട് സ്വഹീഹല്ല. കാരണം, ഒന്ന്: “ഈ ഹദീസ് മൗഖൂഫ് (സ്വഹാബിയില്‍ നിന്നുള്ളത്) ആണെന്ന് ഇമാം തിര്‍മിദി(റ) പറഞ്ഞിരിക്കുന്നു” (ബൈഹഖി). രണ്ട്: “ഈ ഹദീസിന്റെ പരമ്പരയില്‍ അബ്ദുല്ലാഹിബ്‌നു ഇയാശ്‌് എന്നയാളുണ്ട്.” (ശറഹു ഇബ്‌നുമാജ). മൂന്ന്: “ഈ ഹദീസ് ദുര്‍ബലമാണെന്ന് ഇമാം നവവി(റ) പ്രസ്‌താവിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 8:387)
ഇമാം ബുഖാരി ഈ വിഷയത്തില്‍ ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. “ഉദ്‌ഹിയ്യത്ത് സുന്നത്താകുന്ന അധ്യായം. ഇബ്‌നു ഉമര്‍(റ) പറയുന്നു: ഉദ്‌ഹിയ്യത്ത് മുസ്‌ലിംകള്‍ക്കിടയില്‍ അറിയപ്പെട്ട ചര്യയും സുന്നത്തുമാകുന്നു.” (ബുഖാരി: ഫത്‌ഹുല്‍ബാരി 12:509)
മറ്റൊരിടത്ത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: “വല്ലവനും അത് പെരുന്നാള്‍ നമസ്‌കാരശേഷം നിര്‍വഹിക്കുന്നപക്ഷം അവന്‍ തന്റെ ബലികര്‍മം പൂര്‍ത്തീകരിക്കുകയും മുസ്‌ലികള്‍ക്ക് ലഭിക്കേണ്ട സുന്നത്ത് കരസ്ഥമാക്കുകയും ചെയ്‌തിരിക്കുന്നു” (ബുഖാരി: ഫത്‌ഹുല്‍ബാരി 12:510)
ഈ കാര്യം നിര്‍ബന്ധമാണെന്ന വാദം ഇമാം അബൂഹനീഫക്ക്(റ) മാത്രമേയുള്ളൂ. ഇബ്‌നുഹജറിന്റെ(റ) ദീര്‍ഘമായ പ്രസ്‌താവന ശ്രദ്ധിക്കുക: “മേല്‍ പറഞ്ഞ ഹദീസ് ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമാണ് എന്ന് പറഞ്ഞവരുടെ വാദത്തിന് എതിരാണ്. സ്വഹാബികളില്‍ ഒരാളില്‍ നിന്നു അപ്രകാരം സ്വഹീഹായി ഉദ്ധരിക്കപ്പെട്ടില്ലായെന്ന് ഇബ്‌നുഹസം(റ) പ്രസ്‌താവിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷവും അത് നിര്‍ബന്ധമില്ല എന്നാണ് പ്രസ്‌താവിച്ചിട്ടുള്ളത്. പക്ഷേ, അത് ദീനിന്റെ കാര്യമാകുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇമാം ശാഫിഈയും(റ) ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അത് പ്രബലമായ സുന്നത്തും സാമൂഹ്യ ബാധ്യതയുമാണെന്ന് പ്രസ്‌താവിച്ചിരിക്കുന്നു. എന്നാല്‍ ഇമാം അബൂഹനീഫ(റ) അത് നിര്‍ബന്ധമാണെന്ന് പ്രസ്‌താവിക്കുന്നു. അത് കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമായിത്തീരും എന്നാണ് അദ്ദേഹം പ്രസ്‌താവിച്ചത്. കഴിവുള്ളവന്‍ അതുപേക്ഷിക്കല്‍ ഉത്തമമില്ല എന്നാണ് ഇമാം അഹ്‌മദിന്റെ(റ) പക്ഷം. ഹദീസുകളില്‍ അത് നിര്‍ബന്ധമാണെന്ന് തെളിയിക്കുന്ന യാതൊരു രേഖയുമില്ലെന്ന് ഇമാം ത്വഹാവി പ്രസ്‌താവിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമില്ല എന്ന അഭിപ്രായക്കാരാണെന്ന് ഇമാം തിര്‍മിദി(റ) പ്രസ്‌താവിച്ചിരിക്കുന്നു.” (ഫത്‌ഹുല്‍ ബാരി 12:510)
ഒരു വിഷയത്തില്‍ നബി(സ)യുടെ ചര്യ വ്യക്തമായിക്കഴിഞ്ഞാല്‍ പിന്നെ പണ്ഡിതന്മാരുടെയും ഇമാമുമാരുടെയും അഭിപ്രായങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലായെന്നതാണ് വസ്‌തുത. ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമാണോ എന്ന ശങ്ക ചില സ്വഹാബിമാര്‍ക്കു പോലുമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രമുഖരായ ചില സ്വഹാബിമാര്‍ ആദ്യഘട്ടങ്ങളില്‍ അതില്‍ നിന്നും ഒഴിഞ്ഞുനിന്നത്. അത് ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമാണ് എന്ന് ശങ്കിക്കുന്നവരെ തിരുത്താനും കൂടിയായിരുന്നു. അബൂശാമ(റ) പറയുന്നു: “ജനങ്ങള്‍ ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമാണ് എന്ന് ധരിക്കുമോ എന്ന് ഭയപ്പെട്ടതിനാല്‍ അബൂബക്കര്‍(റ), ഉമര്‍(റ) എന്നീ സ്വഹാബിമാര്‍ ഉദ്‌ഹിയ്യത്ത് നിര്‍വഹിക്കാറുണ്ടായിരുന്നില്ല.” (ബൈഹഖി: കിതാബുല്‍ ബാഇസ്, പേജ് 181)
ഇബ്‌നു മസ്‌ഊദ്(റ) പറയുന്നു: “ഞാന്‍ നിങ്ങളെക്കാള്‍ ഉദ്‌ഹിയ്യത്ത് കര്‍മം നിര്‍വഹിക്കാന്‍ കഴിവുള്ളവനാണ്. പക്ഷെ, എന്റെ ചില അയല്‍വാസികള്‍ അത് നിര്‍ബന്ധമാണെന്ന് തെറ്റുദ്ധരിച്ചതിനാല്‍ ഞാനത് ഒഴിവാക്കുന്നു.” (ശാത്വബി: അല്‍ഇഅ്‌തിസ്വാം 1:510)
ഇമാം മാലിക്(റ) പറയുന്നു: “ഉദ്‌ഹിയ്യത്ത് സുന്നത്താണ്. അത് നിര്‍ബന്ധമില്ല.” (മുവത്വ 2:487). ഇമാം നവവി(റ) പറയുന്നു: “ഉദ്‌ഹിയ്യത്ത് സുന്നത്താകുന്ന അധ്യായം” (സ്വഹീഹു മുസ്‌ലിം 7:133). ശേഷം അദ്ദേഹം രേഖപ്പെടുത്തുന്നു: “കഴിവുള്ളവര്‍ ഉദ്‌ഹിയ്യത്ത് നിര്‍വഹിക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ബരുഭൂരിപക്ഷവും അത് സുന്നത്താണ്. അറുക്കാത്തവന്‍ പാപിയായിത്തീരുന്നതല്ല എന്നാണ് പ്രസ്‌താവിച്ചിട്ടുള്ളത്.” (ശറഹുമുസ്‌ലിം 7:127)
ഇമാം ശൗക്കാനി പറയുന്നു: “ഉദ്‌ഹിയ്യത്ത് നിര്‍ബന്ധമില്ല. സുന്നത്ത് മാത്രമേയുള്ളൂ. (നൈലുല്‍ ഔത്വാര്‍ 1:198). ഉദ്‌ഹിയത്ത് മൃഗത്തിന്റെ തോല്‍ വിലയായി ലഭിക്കുന്ന തുക ദാനം ചെയ്യുകയാണ് വേണ്ടത്