22 Sunday
December 2024
2024 December 22
1446 Joumada II 20

ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അബദ്ധ മുക്തമല്ല

പി കെ മൊയ്തീന്‍ സുല്ലമി

ഫൈറൂസാബാദി രചിച്ച തഫ്‌സീറു ഇബ്‌നി അബ്ബാസ് മുതല്‍ സയ്യിദ് ഖുത്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ വരെ ഇരുപതിലധികം തഫ്‌സീറുകള്‍ നിലവിലുണ്ട്. വിവിധ തഫ്‌സീറുകള്‍ വ്യത്യസ്ത രീതി പുലര്‍ത്തുന്നവയാണ്. ചെറുതും വലുതുമായ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. അവയില്‍ പെട്ടതാണ് ഇബ്‌നു തൈമിയ്യയുടെ ദാഖാഇഖു തഫാസീറും മുഹമ്മദ് അലി സ്വാബൂനിയുടെ സ്വഫ്‌വതു തഫാസീറും. അവ വ്യത്യസ്ത രീതി പുലര്‍ത്തുന്നുണ്ട് എന്നു പറഞ്ഞത് അതിന്റെ വ്യാഖാന രീതിയിലും ശൈലിയിലുമാണ്.
ഈ വ്യാഖ്യാതാക്കളില്‍ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും വ്യാഖ്യാനിക്കുന്നതില്‍ മുന്‍ഗണന നല്‍കിയവരും കര്‍മശാസ്ത്രത്തിന് മുന്‍ഗണന കൊടുത്തവരും ഭാഷാനിയമങ്ങള്‍ക്കും ശാസ്ത്രീയസിദ്ധാന്തങ്ങള്‍ക്കും ഊന്നല്‍ നല്‍കിയവരുമുണ്ട്. എന്നാല്‍ ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്കും മനുഷ്യബുദ്ധിക്കും ഇസ്‌ലാമിക വിശ്വാസദര്‍ശനങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളുള്ള തഫ്‌സീറുകളുമുണ്ട്. ഇത്തരം തഫ്‌സീറുകളുടെ വലിയ പോരായ്മ ഇവ മുന്‍കഴിഞ്ഞ തഫ്‌സീറുകളുടെ കോപ്പിയാണ് എന്നതാണ്. അതുകൊണ്ടാണ് ഒരു തഫ്‌സീറില്‍ വന്ന അബദ്ധങ്ങള്‍ പിന്നീട് വന്ന തഫ്‌സീറുകളിലും കടന്നുകൂടിയത്.
അബദ്ധങ്ങള്‍ വരാത്ത തഫ്‌സീറുകളില്ല. കാരണം, തെറ്റുകള്‍ സംഭവിക്കാവുന്ന മനുഷ്യരാണല്ലോ തഫ്‌സീറുകള്‍ രചിച്ചിട്ടുള്ളത്. മികച്ച നിലയില്‍ ക്രോഡീകരിക്കപ്പെട്ട തഫ്‌സീര്‍ ഇബ്‌നുകസീറില്‍ പോലും ഇത്തരം സ്ഖലിതങ്ങളുണ്ട്. അല്ലാഹു അല്ലാത്ത ശക്തികളോട് ഏത് കാലക്കാര്‍ പ്രാര്‍ഥിച്ചാലും അത് ശിര്‍ക്കും കുഫ്‌റുമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇമാം ഇബ്‌നുകസീര്‍ തന്നെ അക്കാര്യം പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചില വചനങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അത് മക്കക്കാരില്‍ മാത്രം (മുശ്‌രിക്കുകളില്‍) പരിമിതപ്പെടുത്തി.
ഉദാഹരണം: അല്ലാഹു പറയുന്നു: ”അല്ലാഹുവിനു പുറമെ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളു വരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്.” (അഹ്ഖാഫ് 5). ലോകാവസാനം വരെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്ന എല്ലാ ജനവിഭാഗങ്ങളും വഴിപിഴച്ചവരില്‍ ഉള്‍പ്പെടും എന്നതാണ് മേല്‍വചനം പഠിപ്പിക്കുന്നത്. എന്നാല്‍ ഇബ്‌നു കസീര്‍(റ) കൊടുത്ത വ്യാഖ്യാനം ശ്രദ്ധിക്കുക: ”അഥവാ വിഗ്രഹങ്ങളോട് പ്രാര്‍ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരുമല്ല.” (4:154)
മറ്റൊരു വചനത്തിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക: ”നബിയേ, പറയുക: അല്ലാഹുവിനു പുറമെ (സഹായികളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കാനോ (നിങ്ങളുടെ അവസ്ഥക്ക്) മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (ഇസ്‌റാഅ് 56). ഈ വചനത്തിന് ഇബ്‌നു കസീറിന്റെ(റ) വ്യാഖ്യാനം ഇപ്രകാരമാണ്: ”നിങ്ങള്‍ വിഗ്രഹങ്ങളെയും ദൈവത്തിന് തുല്യത കല്പിക്കുന്നവരെയും വിളിച്ചുനോക്കുക. നിങ്ങളുടെ ദുരിതം അകറ്റാനോ അതില്‍ മാറ്റം വരുത്താനോ അവയ്‌ക്കൊന്നും സാധ്യമല്ല.” (3:46)
യാഥാസ്ഥിതികര്‍ പലപ്പോഴും തങ്ങളുടെ വാദങ്ങള്‍ക്ക് ഇത്തരം വചനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരം വചനങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും അത് മക്കയിലെ മുശ്‌രിക്കുകള്‍ക്കെതിരില്‍ ഇറങ്ങിയതാണെന്നുമാണ് അവരുടെ വാദം. കാരണം അവരെല്ലാം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാം എന്ന വാദക്കാരാണല്ലോ?
മറ്റൊരു പ്രധാന വ്യാഖ്യാനഗ്രന്ഥമാണ് ഇമാം റാസിയുടെ തഫ്‌സീറുല്‍ കബീര്‍. ഇതില്‍ ശാസ്ത്രീയ തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ചില ന്യൂനതകള്‍ ഉണ്ട്. ഒരു വചനത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്‍കുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. ഇതില്‍ ചിലത് അബദ്ധമായിരിക്കും. ഉദാഹരണം: ”കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം” (നാസിആത്ത് 5) എന്ന വചനത്തിന് ഇമാം റാസി ആദ്യം നല്‍കിയ വ്യാഖ്യാനം ശ്രദ്ധിക്കുക: ”കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മരണപ്പെട്ടവരുടെ റൂഹുകള്‍ എന്നതാണ്.” (തഫ്‌സീറുല്‍ കബീര്‍)
എന്നാല്‍ ഈ വചനത്തിന് ഒട്ടുമിക്ക മുഫസ്സിറുകളും വ്യാഖ്യാനം നല്‍കിയത് ‘മലക്കുകള്‍’ എന്നാണ്. ഇബ്‌നുകസീറിന്റെ വ്യാഖ്യാനം ശ്രദ്ധിക്കുക: ”കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന അല്ലാഹുവിന്റെ വചനത്തിന് അലി, മുജാഹിദ്, അത്വാഅ്, അബൂസ്വാലിഹ്, ഹസന്‍, ഖതാദ, റബീഇബ്‌നു അനസ്, സുദ്ദീ(റ) എന്നിവരെല്ലാം വ്യാഖ്യാനം നല്‍കിയത് മലക്കുകളാണ് എന്നതാണ്.” (4:466) എന്നാല്‍ ഇമാം റാസി പിന്നീട്, ‘അത് മലക്കുകളാണ് എന്ന് ഏകോപനമുണ്ട്’ എന്നും രേഖപ്പെടുത്തുകയുണ്ടായി.
ഇമാം റാസി നസ്സ്വിന് അര്‍ഥം കൊടുത്തതിലും അബദ്ധം പിണഞ്ഞിട്ടുണ്ട്. ”താങ്കളോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുള്ളവനാണെന്ന് (മനസ്സിലാക്കണം). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്” (അല്‍ബഖറ 186). മേല്‍ പറഞ്ഞത് അല്ലാഹുവിന്റെ നേരിട്ടുള്ള കല്പനയാണ്. ഈ വചനത്തില്‍ ”ഞാനവര്‍ക്ക് ഏറ്റവും അടുത്തവനാണെന്ന് താങ്കള്‍ പറയണം” എന്ന നിലയില്‍ ഒരു വചനം ഖുര്‍ആനിലില്ല. പക്ഷെ, ഇമാം റാസി 186-ാം വചനത്തിന്റെ തഫ്‌സീറില്‍ കൊടുത്തത് അപ്രകാരമാണ്. ഇത് വലിയ തെറ്റാണെന്നു പറയുന്നതു ശരിയല്ല. കാരണം ആ വചനത്തിന്റെ തുടക്കം ഇപ്രകാരമാണ്: ”എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍.” ചോദിച്ചാല്‍ ‘പറയണം’ എന്നൊരു ധ്വനി അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
അറിയപ്പെടുന്ന മറ്റൊരു തഫ്‌സീറാണ് ഇബ്‌നു ജരീറുത്ത്വബ്‌രിയുടെ തഫ്‌സീറു ജാമിഉല്‍ബയാന്‍. ഇതിലും ചില ന്യൂനതകള്‍ ഉണ്ട്. ഉദാഹരണം: സൂറത്തുല്‍ ഖലമിലെ ഒന്നാമത്തെ വചനത്തില്‍ പെട്ട ‘നൂന്‍’ എന്ന പദത്തിന് (ഹര്‍ഫിന്) ഇബ്‌നു ജരീറുത്ത്വബ്‌രി കൊടുത്ത വ്യാഖ്യാനം ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ‘നൂന്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു വലിയ മത്സ്യമാണ്. ഏഴ് ഭൂമികളെയും വഹിക്കുന്നത് ആ മത്സ്യമാണ്. അപ്രകാരമാണ് ഇബ്‌നു ജരീറുത്ത്വബ്‌രി(റ) പ്രസ്താവിച്ചിട്ടുള്ളത്.” (ഇബ്‌നുകസീര്‍ 4:400)
ഇങ്ങനെ പറഞ്ഞ വേറെയും മുഫസ്സിറുകളുണ്ട്. അഹ്മദുസ്വാവി(റ) ‘നൂന്‍’ എന്ന ഹര്‍ഫിന് വ്യാഖ്യാനം നല്‍കിയത് ശ്രദ്ധിക്കുക: ‘നൂന്‍’ എന്നാല്‍ തീര്‍ച്ചയായും അത് ഒരു വലിയ മത്സ്യമാകുന്നു. അതിന്റെ മീതെയാകുന്നു ഭൂമി സ്ഥിതി ചെയ്യുന്നത്.” (സ്വാവി 4:231) അന്നത്തെ ബൗദ്ധിക വിജ്ഞാന ലഭ്യത വെച്ചുകൊണ്ടായിരിക്കാം അവര്‍ ഇങ്ങനെപറഞ്ഞത്.
”ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു” (റഅ്ദ് 12) എന്ന വചനത്തിന്റെ വ്യാഖ്യാനവും ഇങ്ങനെത്തന്നെയാണ്. ജലാശയങ്ങളില്‍ നിന്നും ഉയരുന്ന നീരാവിയാണ് മേഘമായി മാറുന്നത്. അതാണ് പിന്നീട് മഴയായി ഭൂമിയില്‍ പതിക്കുന്നത്. വീണ്ടും മേഘമായി ഉയരുകയും മഴയായിത്തീരുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു: ”ആവര്‍ത്തിച്ച് മഴ പെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സത്യം” (ത്വാരിഖ് 11). എന്നാല്‍ സൂറത്തു റഅദിലെ ‘ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു’ എന്ന വചനത്തിന് അഹ്മദ് സ്വാവി കൊടുത്ത വ്യാഖ്യാനം ഇപ്രകാരമാണ്: ”മേഘം എന്നു പറയുന്നത് സ്വര്‍ഗത്തിലെ മരത്തിന്റെ ഒരു പഴമാണ്. അല്ലാഹു ആ പഴത്തില്‍ വെള്ളം ഇറക്കുന്നു” (സ്വാവി 2:268)
ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മനുഷ്യര്‍ തന്നെയാണല്ലോ. വീക്ഷണ നിരീക്ഷണങ്ങളില്‍ അവര്‍ക്ക് അപാകതകള്‍ സംഭവിക്കാം. അത് അവര്‍ മനപ്പൂര്‍വം വരുത്തുന്നതുമല്ല. എന്നാല്‍ ഈ വീക്ഷണങ്ങള്‍ മാത്രമാണ് ശരിയും ആധികാരികവും എന്ന നിലക്ക് അവരുടെ രചനകള്‍ അവലംബ രേഖകളായി കാണേണ്ടതില്ല.

Back to Top