29 Friday
March 2024
2024 March 29
1445 Ramadân 19

യുക്തിരഹിതമായ വ്യാഖ്യാനങ്ങള്‍ക്ക് മതത്തില്‍ പ്രാമാണികതയില്ല

പി കെ മൊയ്തീന്‍ സുല്ലമി

ബുദ്ധിപരമായും ശാരീരികമായും ദൗര്‍ബല്യങ്ങള്‍ ഉള്ളവരാണ് മനുഷ്യര്‍. അല്ലാഹു പറയുന്നു: ”ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്” (നിസാഅ് 28). ”തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം ക്ഷമകേട് കാണിക്കുന്നവനായിക്കൊണ്ടാണ്.” (മആരിജ് 19)
തെറ്റും ശരിയും ചെയ്യുന്നതും തെറ്റു ചെയ്താല്‍ സ്വയം ആക്ഷേപിക്കുന്നതും മനുഷ്യസഹജമാണ്. അല്ലാഹു പറയുന്നു: ”കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു” (ഖിയാമ 2)
മനുഷ്യ മനസ്സ് തിന്മയിലേക്ക് ചായാന്‍ പ്രവണത കാണിക്കുന്നതാണ്. ”ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നതു തന്നെയാകുന്നു.” (യൂസുഫ് 53). ഇത് യൂസുഫ് നബിയാണോ സുലൈമാന്‍ നബിയാണോ പറഞ്ഞതെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
വിജ്ഞാനം നേടുന്നതിലും മനുഷ്യര്‍ സമ്പൂര്‍ണരല്ല. അല്ലാഹു പറയുന്നു: ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല” (ഇസ്‌റാഅ് 85). തെറ്റും ശരിയും നീതിയും അനീതിയും കാരുണ്യവും പാരുഷ്യവും വിലയിരുത്താന്‍ മനുഷ്യമനസ്സ് പര്യാപ്തമല്ല. മനസ്സില്‍ തോന്നുന്ന വിധത്തിലാണ് ഓരോ വ്യക്തികളും തെറ്റും ശരിയും വിലയിരുത്തുന്നത്. അതുകൊണ്ടാണ് അല്ലാഹു തെറ്റും ശരിയും നീതിയും അനീതിയും പഠിപ്പിക്കാന്‍ പ്രവാചകരെ നിയോഗിച്ചത്.
മനുഷ്യബുദ്ധിക്ക് യോജിക്കാത്തതൊന്നും പ്രവാചകന്മാര്‍ മനുഷ്യരെ പഠിപ്പിച്ചിട്ടില്ല. സ്രഷ്ടാവായ ദൈവത്തിന്റെ അസ്തിത്വം പോലും ചിന്തിച്ചും ബുദ്ധിയുപയോഗിച്ചും കണ്ടുപിടിക്കാനാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.” (ആലുഇംറാന്‍ 190)
മനുഷ്യന് അല്ലാഹു ഈ ലോകത്ത് സര്‍വ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ”ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്കുപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തുനിന്ന് അല്ലാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമി അതുമുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാവിധ ജന്തുക്കളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശ ഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച.” (അല്‍ബഖറ 164)
ചിന്തിക്കാത്തവരെക്കുറിച്ചും ബുദ്ധി ഉപയോഗിക്കാത്തവരെ സംബന്ധിച്ചും ശക്തമായ താക്കീതുകളും ആക്ഷേപങ്ങളും ഖുര്‍ആനിലുണ്ട്. ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അവ ഉപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍.” (അഅ്‌റാഫ് 179)
”തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശപ്പെട്ടവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ബധിരന്മാരുമാകുന്നു.” (അന്‍ഫാല്‍ 22)
അനുകരണങ്ങളെ അല്ലാഹു വിലക്കുന്നുണ്ട്. ”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഇസ്‌റാഅ് 36)
മതപരവുമായ പഠനങ്ങളും ഇജ്തിഹാദും നിര്‍ത്തിവെച്ച് അതുവരെ വന്നിരിക്കുന്ന ഏതെങ്കിലും ഇമാമിന്റെ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന നിലപാട് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. നബി(സ) പറയുന്നു: ”ഒരു വിധികര്‍ത്താവ് ഗവേഷണം നടത്തുകയും അത് സുബദ്ധമായിത്തീരുകയും ചെയ്യുന്ന പക്ഷം അയാള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. (മറ്റൊരു) വിധികര്‍ത്താവ് ഗവേഷണം നടത്തുകയും അത് അബദ്ധമായിത്തീരുകയും ചെയ്യുന്നപക്ഷം അയാള്‍ക്ക് ഒരു പ്രതിഫലവും ഉണ്ട്.” (ബുഖാരി, മുസ്‌ലിം )
അന്ധമായ അനുകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ചിന്തക്കും ബുദ്ധിക്കും വിലങ്ങിടുകയും ചെയ്യുന്നതിനെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അല്ലാഹു പറയുന്നു: ”അറിവുള്ളവരല്ലാതെ അവയെപ്പറ്റി (അല്ലാഹുവിന്റെ ഉപമകളെക്കുറിച്ച്) ചിന്തിച്ചു മനസ്സിലാക്കുകയില്ല.” (അന്‍കബൂത്ത് 43)
അല്ലാഹു ഇറക്കിയ ഇസ്്‌ലാമിക നിയമങ്ങള്‍ മുഴുവന്‍ ബുദ്ധിപരമാണ്. മനുഷ്യബുദ്ധിക്ക് വിരുദ്ധമായി യാതൊന്നും അതിലില്ല. നിരീശ്വരന്മാരും ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കാറുള്ളത് കപടന്മാരും യഹൂദികളും ശീഅകളും ഹദീസെന്ന പേരില്‍ നിര്‍മിച്ച വാദഗതികളും തഫ്‌സീറുകളില്‍ വന്ന ചില കഥകളുമാണ്. ഇതിനൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. നബി(സ) പറയുന്നു: ”നിങ്ങളുടെ മനസ്സുകള്‍ക്ക് വെറുപ്പുണ്ടാക്കുന്നതും അപ്രകാരം സംഭവിക്കുകയെന്നത് വിദൂരമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നപക്ഷം ഞാന്‍ അതില്‍നിന്നും വിദൂരമായിരിക്കും.” (അഹ്മദ്, അല്‍ബാനി, സില്‍സിലത്തുസ്സ്വഹീഹ 2:360).
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ) രേഖപ്പെടുത്തുന്നു: ”ഖുര്‍ആനിനും സുന്നത്തിനും സാമാന്യബുദ്ധിക്കും യോജിക്കുന്ന തെളിവുകളാണെങ്കില്‍ അതിന് അറിയപ്പെട്ടത് (അംഗീകരിക്കപ്പെട്ടത്) എന്നും അതിനോട് എതിരായി വരുന്നവയ്ക്ക് അറിയപ്പെടാത്തത് (തള്ളപ്പെട്ടത്) എന്നും പറയും.” (അല്‍ഗുന്‍യ 1:53)
ഇമാം മാവര്‍ദി(റ) പറയുന്നു: ”നബി(സ)യില്‍ നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: എല്ലാ ഓരോ കാര്യങ്ങള്‍ക്കും ഒരു അവലംബമുണ്ട്. ഒരു മനുഷ്യന്റെ കര്‍മത്തിന്റെ (സ്വീകാര്യതയുടെ) അവലംബം അവന്റെ ബുദ്ധിയാകുന്നു. അവന്റെ നാഥന്‍ അവന്റെ ആരാധന സ്വീകരിക്കുന്നത് അവന്റെ ചിന്ത നല്‍കുന്ന ഏകാഗ്രതയുടെ അടിസ്ഥാനത്തിലാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ലേ? ഞങ്ങള്‍ കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഞങ്ങള്‍ നരകാവകാശികളാകുമായിരുന്നില്ല.” (അദബുദ്ദുന്‍യാ വ ദീനി, 11,12)
ഒരു സത്യവിശ്വാസി ഏറ്റവുമധികം ചിന്തിക്കേണ്ടത് ഖുര്‍ആന്‍ വചനങ്ങളെക്കുറിച്ചാണ്. അല്ലാഹു പറയുന്നു: ”അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?” (മുഹമ്മദ് 24).
ഈ വചനം വിശദീകരിച്ച് ഇബ്‌നുല്‍ഖയ്യിം(റ) എഴുതുന്നു: ”ഖുര്‍ആന്‍ പാരായണം എണ്ണം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ മഹത്വവും പ്രതിഫലവും ലഭിക്കുന്നത്, ചിന്തിച്ചുകൊണ്ട് സാവകാശം കുറച്ച് ഭാഗം പാരായണം ചെയ്യുന്നതിനാണ്.” (സാദുല്‍മആദ് 1:339)
സൂറത്ത് യൂസുഫിലെ 108-ാം വചനത്തെ ഇബ്‌നുകസീര്‍(റ) വിശദീകരിക്കുന്നു: ”നബി(സ)യെ പിന്‍പറ്റുന്നവരെല്ലാം നബി(സ) ദീനിലേക്ക് ജനങ്ങളെ ക്ഷണിച്ചതുപോലെ മനസ്സുറപ്പോടെ ബുദ്ധിപരമായും മതപരമായുമുള്ള തെളിവുകളോടെ ക്ഷണിക്കേണ്ടതാണ്.” (2:496)
ഇമാം ബൈഹഖി പറയുന്നു: ”ഒരു മനുഷ്യന്റെ നിലനില്പ് അവന്റെ ബുദ്ധിയാണ്. ബുദ്ധിയില്ലാത്തവന് മതമില്ല.” (ബൈഹഖി, ശഅ്ബുല്‍ഈമാന്‍).
ഇമാം ശാത്വബി(റ) പറയുന്നു: ”മതപരമായ പ്രമാണങ്ങള്‍ യുക്തിചിന്തകള്‍ക്കെതിരല്ല.” (അല്‍മുവാഫഖാത്ത് 3:27). ചുരുക്കത്തില്‍ ഇസ്‌ലാം ബുദ്ധിഹീനമോ യുക്തിരഹിതമോ ആയ ഒരു മതമല്ല.`

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x